Novel

നിനക്കായ്: ഭാഗം 35

[ad_1]

രചന: നിലാവ്

ശ്രാവണിനെ അവന്റെ ബോഡിങ് സ്കൂളിൽ ഇറക്കിയ ലക്ഷ് അന്ന് ഒരു ഹോട്ടലിൽ റൂം എടുത്ത് അവിടെ തങ്ങി രാവിലെ തിരിച്ചു പോവാനുള്ള പ്ലാനിലാണ്.. മുറിയിൽ എത്തിയപോഴേക്കും രാത്രി പത്തുമണി കഴിഞ്ഞിരുന്നു… അന്നേരമാണ് അവൻ തന്റെ ഫോൺ സ്വിച്ച്ഡ് ഓഫ്‌ ആയ കാര്യം ശ്രദ്ധിക്കുന്നത്…ഫോൺ ചാർജിൽ വെച്ച് ശേഷം ഫ്രഷായി വന്നു ശ്രാവൺ രാവിലെ ഏല്പിച്ച കവർ കയ്യിലെടുത്തു തുറന്നു നോക്കി….

അതിൽ ഉണ്ടായിരുന്ന ആൽബവും മാലയും കുഞ്ഞുടുപ്പും ഒക്കെയും  ഒന്ന് കണ്ണോടിച്ച ശേഷം ഒന്നും വ്യക്തമാവാതെ ലക്ഷ് അതിൽ ഉണ്ടായിരുന്ന ഒരു ലെറ്റർ കയ്യിൽ എടുത്തു തുറന്നു നോക്കി…

പ്രിയ പെട്ട ലക്ഷ് മോന്… മോനെന്ന് വിളിക്കണോ സാറെന്ന് വിളിക്കണോ എന്ന് സംശയം ഉണ്ടായിരുന്നു… പക്ഷെ അവസാനം മോനെ എന്ന് വിളിക്കുവാൻ തീരുമാനിച്ചു… കാരണം ഒരു ദിവസമെങ്കിൽ ഒരു ദിവസം മോനെന്നെ സ്വന്തം അച്ഛനെപോലെയാണ് കണ്ടിട്ടുള്ളത് എന്നതിൽ എനിക്കൊരു സംശയവും ഇല്ലായിരുന്നു.. എന്റെ മോളോട് മോൻ കാണിക്കുന്നത് കളങ്കമില്ലാത്ത സ്നേഹമാണെന്ന് ഈ അച്ഛന് തിരിച്ചറിയാൻ വെറും നിമിഷങ്ങൾ മതിയായിരുന്നു… എന്റെ കൈ പിടിച്ചു അവളെ എനിക്ക് തരുമോ എന്ന് ചോദിച്ചത് ഉള്ളിൽ തട്ടിയാണെന്ന് ഇപ്പഴും തോന്നുന്നത് കൊണ്ടാണ് ഇങ്ങനെ ഒരെഴുത്ത് … ഇന്ന് മോന്റെ അച്ഛനും അപ്പച്ചിയും ഇവിടെ വന്നിരുന്നു.. ഒരച്ഛന്റെ മുൻപിൽ വെച്ച് സ്വന്തം മകളെ കുറിച്ചു പറയാൻ പാടില്ലാത്ത പലതും അവര് എന്നോട് പറഞ്ഞു.. എന്റെ മകളെ വളരെ മോശമായിട്ടാണ് അവര് ഇവിടെ വന്നു ചിത്രീകരിച്ചത്.. അതിന് പിന്നിലെ സത്യങ്ങൾ ഒന്നും എനിക്കറിയില്ല… ഒന്ന് മാത്രമേ എനിക്കറിയാവൂ എന്റെ മോള് പാവമാ…. അവൾ മോന്റെ കൂടെ അങ്ങനെ വന്നിട്ടുണ്ടെങ്കിൽ അതവളുടെ ഗതികേട് കൊണ്ടായിരിക്കാം..
ഞാനോ എന്റെ മക്കളോ ഇതുവരെ അന്തസ് പണയം വെച്ച് ജീവിച്ചിട്ടില്ല.. ഇനി ജീവിക്കുകയും ഇല്ല.. മോന്റെ അച്ഛൻ പറഞ്ഞൊരു വാക്കുണ്ട് അവളെപോലൊരു ദാരിദ്രവാസി പെണ്ണിനെ എന്റെ മോന് വേണ്ടെന്ന്… ഒരുപക്ഷെ അത് മോന്റെ അച്ഛന്റെ കാഴ്ചപാട് ആയിരിക്കാം…  പക്ഷെ അതെന്റെ  ഹൃദയത്തെ ഒരുപാട് വേദനിപ്പിച്ചു..എന്റെ സ്വാർത്ഥതകൊണ്ടാവാം എന്റെ മോൾക്ക് ദാരിദ്രവാസി എന്നൊരു പേര് കേൾക്കേണ്ടി വന്നത്… ഞാൻ ഒരു ദാരിദ്രവാസി ആയിരിക്കാം.. പക്ഷെ എന്റെ മോള് അവൾ ഒരു ദാരിദ്രവാസി അല്ല എന്ന് എന്റെ മനസ്സ് പറയുന്നു..സമ്പന്നതയുടെ നടുവിൽ വളരേണ്ട അവളെ ഞാനും എന്റെ ഭാര്യയും മനപ്പൂർവം ഈ ദാരിദ്ര്യത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്നതാണ് .. ഏകദേശം 20 വർഷങ്ങൾക്ക് മുൻപ് ഞങൾ കോഴിക്കോട് ആയിരുന്നു താമസം…അന്ന് ഞാൻ ബാങ്കിൽ കാഷ്യർ ആയി ജോലി ചെയ്യുന്നു..രാത്രി സമയത്ത് ജോലി കഴിഞ്ഞു തിരിച്ചു വാരാൻ നേരം റോഡരികിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ആ പെട്ടിയിൽ നിന്നാണ് എനിക്ക് രണ്ട് വയസ് പ്രായമുള്ള ഒരു പെൺ കുഞ്ഞിനെ കിട്ടുന്നത്…. അന്നേരം ആ കുട്ടി അബോധാവസ്ഥയിൽ ആയിരുന്നു.. സമീപപ്രദേശങ്ങളിൽ ആൾതാമസം ഇല്ലായിരുന്നു.. ആരോ ഉപേക്ഷിച്ചു പോയതാണെന്ന് എനിക്ക് തോന്നി.. ഞാൻ ആ കുട്ടിയേയും എടുത്ത് നേരെ ഹോസ്പിറ്റലിൽ പോയി … പ്രാഥമിക ചികിത്സ നൽകി.. ആ കുട്ടിയുടെ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ ഞാൻ ഒരു നിമിഷം എല്ലാം മറന്നു പോയിരുന്നു ..കുഞ്ഞുങ്ങളില്ലാത്ത എന്റെ മനസിലേക്ക് എന്തൊക്കെയോ ചിന്തകൾ ഓടി വന്നു… ഞാൻ എന്റെ കുഞ് എന്ന രീതിയിൽ കുഞ്ഞിനെ ഹോസ്പിറ്റലിൽ കാണിച്ചു പെട്ടെന്ന് വീട്ടിലേക്ക് കൊണ്ട് പോയി.. ആ കുഞ്ഞിനെ കണ്ടപ്പോൾ ഭാര്യയ്ക്കും ഒരുപാട് സന്തോഷം തോന്നി കാരണം അഞ്ചു വർഷമായി കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നവരായിരുന്നു ഞങൾ… അവൾ ഒരു ദിവസം കൊണ്ട് ആ കുഞ്ഞിന് അമ്മയായി..ഞങൾ പിറ്റേന്ന് രാവിലെ ന്യൂസ്‌പേപ്പർ അരിച്ചു പെറുക്കി സമീപപ്രദേശങ്ങളിലും പോലിസ് സ്റ്റേഷനിലും അന്വേഷിച്ചു അന്നെവിടെയും മിസ്സിംഗ്‌ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലായിരുന്നു… ആരും ഈ കുട്ടിയെ അന്വേഷിച്ചു വന്നതും ഇല്ല…ഞങ്ങളായിട്ട് അങ്ങോട്ട് അന്വേഷിച്ചതും ഇല്ല.. ഏതൊ ഒരമ്മയും അച്ഛൻ അവൾക്ക് വേണ്ടി കണ്ണ്നീർ പൊഴിക്കുന്നുണ്ടാവും എന്നത് ഞങൾ മനഃപൂർവം മറന്നു കളഞ്ഞു..ഞങളുടെ സ്വാർത്ഥതകൊണ്ടു ഞങൾ അന്ന് രാത്രി തന്നെ എന്റെ ഒരു സുഹൃത്ത് മുഖേന അവിടുന്ന്  സ്ഥലം വിടുകയും ചെയ്തു…മറ്റൊരു നാട്ടിൽ അവൾ ഞങ്ങളുടെ മകളായി വളർന്നു… കുട്ടികളില്ലാത്ത ഞങ്ങൾക്ക് ദൈവം അറിഞ്ഞു തന്ന പൊന്നുമോളാണ് അവളെന്നു കരുതി… ശിവാനി എന്ന് ഞങൾ അവൾക്ക് പേരിട്ടു..പിന്നീട് ഞങ്ങളുടെ ജീവിതത്തിനു അർത്ഥം വെച്ചു തുടങ്ങി…. അവിടുന്ന് ആറു വർഷങ്ങൾക്ക് ശേഷമാണ് ശ്രാവൺ ജനിക്കുന്നത്….ഒരുപക്ഷെ ഞങൾ അന്ന് ചെയ്ത തെറ്റിന്റെ ഫലമായിരിക്കാം പ്രസവത്തോടെ എന്റെ ഭാര്യ മരണപ്പെട്ടുപോയത്…. പിന്നീട് അങ്ങോട്ട് ശിവാനി അവളുടെ കുഞ്ഞനുജന് അമ്മയായി.. രണ്ടു മക്കളുമായി ഞാൻ ജീവിതം മുന്നോട്ട് കൊണ്ട്‌ പോയി അതിനിടയിൽ ആണ് എനിക്ക് അസുഖം വരുന്നത്… കുറച്ചുകൂടി നല്ല ചികിത്സയ്ക്ക് വേണ്ടി ആയിരുന്നു പിന്നീട് ഞങൾ ഈ നാട്ടിലേക്ക് വന്നത്… അതിന് ശേഷം എന്റെ കുട്ടി സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല.. സ്വന്തം ചോര അല്ലെങ്കിലും അവളെന്നും എന്റെ പൊന്നു മോള് തന്നെയാ… എന്റെ ചോരയിൽ ജനിച്ച മകനേക്കാൾ എനിക്ക് പ്രിയം എന്റെ പൊന്നുവിനെയാ..അവള് കഴിഞ്ഞേ എനിക്ക് മറ്റാരും ഉണ്ടായിരുന്നുള്ളു.. ഇന്ന് ഇതൊക്കെ ഞാൻ മോനോട് പറയുന്നത് എന്തിനാണെന്ന് വെച്ചാൽ അന്ന് പോലീസിനോട്‌ കുട്ടിയെ കളഞ്ഞു കിട്ടിയ കാര്യം പറഞ്ഞിരുന്നേൽ അവൾക്ക് അവളുടെ യഥാർത്ഥ അച്ഛനും അമ്മയെയും കിട്ടിയേനെ.. അവളുടെ കഴുത്തിൽ കിടക്കുന്ന മാലയിൽ അവളുടെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോ ഉണ്ടായിരുന്നു.. എന്നിട്ടും ഞങൾ അവരെ കണ്ടെത്താൻ ശ്രമിച്ചിട്ടില്ല.. അവൾ ഏതൊ വലിയ വീട്ടിലെ കുട്ടി ആയിരിക്കാം.. എന്റെ കുട്ടി ഇല്ലായ്മയുടെ പേരിൽ ആരുടെ മുന്നിലും അപമാനപെടാൻ പാടില്ല… ഈ ദാരിദ്രവാസിയുടെ മകളാണെന്ന കാരണത്താൽ മോൻ എന്റെ മോളെ വേണ്ടെന്ന് വെക്കരുത്.. മോന് പറ്റുവാണേൽ അവളുടെ യഥാർത്ഥ അച്ഛനും അമ്മയും ആരാണെന്ന് കണ്ടെത്തി അവരുടെ കൈകളിൽ അവളെ ഏൽപ്പിക്കണം… എല്ലാം അറിയുമ്പോൾ ഒരുപക്ഷെ എന്റെ കുട്ടി അവളുടെ ഈ അച്ഛനെ വെറുക്കുമായിരിക്കും…സാരമില്ല.. അവൾ എന്നും സന്തോഷത്തോടെ ജീവിക്കണം… അവളോട് ഈ അച്ഛൻ മാപ്പ് ചോദിച്ചു എന്ന് പറയണം…എന്ത്‌ വന്നാലും അവളുടെ അനിയനെ അവൾ കൈവിടില്ല എന്നെനിക്ക് ഉറപ്പുണ്ട്.. ആ ഒരു വിശ്വാസം മതി എനിക്ക് സമാധാനത്തോടെ കണ്ണടയ്ക്കാൻ… അത്രയും ആയിരുന്നു അതിൽ എഴുതിയിട്ടുണ്ടായിരുന്നത്.. ഇത് വായിച്ചതും ലക്ഷ് ഒന്ന് ദീർഘമായി നിശ്വസിച്ചു… എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് എന്ന് ലക്ഷ് ചിന്തിച്ചു പോയി..എന്നിട്ട് ആൽബം  മറിച്ചു നോക്കാൻ തുടങ്ങി… തന്റെ പ്രിയപ്പെട്ടവൾ ഓരോ വർഷവും പിന്നിലോട്ട് പോയപ്പോഴും എങ്ങനെ ഇരിക്കും എന്നറിയാൻ വേണ്ടി ലക്ഷ് പിന്നിൽ നിന്നു മറിച്ചു നോക്കി തുടങ്ങി… അവളുടെ ഇപ്പോഴുള്ളതും കൗമാരത്തിലെയിലും ഒക്കെ ഫോട്ടോയിലേക്ക് അവൻ കണ്ണെടുക്കാതെ നോക്കി നിന്നു.. പിന്നീട് സ്കൂൾ കാലഘട്ടത്തിലെ ഫോട്ടോ നോക്കിയതും അവന്റെ മുഖത്ത് ഒരു ചിരി മിന്നി മാഞ്ഞു.. അവസാനം രണ്ടു മൂന്ന് വയസ് ഉള്ള ഫോട്ടോയിലേക്ക് എത്തിയതും ആ ആൽബത്തിലെ ആദ്യ ഫോട്ടോ നോക്കിയതും ലക്ഷ്‌ന്റെ ശ്വാസം ഇപ്പൊ നിലച്ചുപോവും എന്നു തോന്നി.. തന്റെ ഫോൺ എടുത്ത് അതിലെ രണ്ടു വയസ് പ്രായമുള്ള പെൺകുട്ടിയുടെയും ആൽബത്തിലെ രണ്ടു വയസുകാരിയുടെയും ഫോട്ടോ ഒന്ന് തന്നെയാണെന്ന് അവൻ ഉറപ്പ് വരുത്തി.. ശേഷം എഴുത്തിൽ പറഞ്ഞിട്ടുള്ള സ്വർണമാല കയ്യിലെടുത്തു അതിലെ ലോക്കറ്റ് തുറന്നു നോക്കിയതും അവളുടെ യഥാർത്ഥ അച്ഛന്റെയും അമ്മയുടെയും ഫോട്ടോ കണ്ടതും ഈ നിമിഷം ഭൂമി പിളർന്നു പോയിരുന്നെങ്കിൽ എന്നവൻ ആശിച്ചു പോയി … വർഷങ്ങൾക്ക് മുൻപ് സ്വന്തം വീട്ടുമുറ്റത്തു എട്ടുവയസ്സ്കാരനായ തന്റെ കൂടെ കളിച്ചോണ്ടിരുന്ന തന്റെ കുഞ്ഞനുജത്തിയെ തന്റെ ഒരു നിമിഷത്തെ അശ്രദ്ധമൂലം നഷ്ടപെട്ടത് ലക്ഷിന്റെ ഓർമയിൽ വന്നു നിറഞ്ഞു…തങ്ങൾ കളിക്കുമ്പോൾ ഒരു ഭിക്ഷക്കാരൻ വരുന്നതും അയാൾ വെള്ളം ചോദിക്കുന്നതും അനിയത്തിയെ പുറത്ത് നിർത്തി അവൻ വെള്ളം എടുക്കാൻ പോയപ്പോൾ കുട്ടിയെ കാണാതായായതും അതിനു ശേഷം തന്റെ അച്ഛന് തന്നോട് തോന്നിയ ദേഷ്യവും.. അത്രയും നാൾ വരെ തന്നെ സ്നേഹംകൊണ്ട് പൊതിഞ്ഞിരുന്ന അച്ഛൻ പിന്നീട് സ്നേഹത്തിൽ പിശുക്ക് കാട്ടിതുടങ്ങി…എല്ലാത്തിലും നിബന്ധനകൾ വെച്ച് തുടങ്ങി.. അതോടെ അച്ഛനും താനും തമ്മിലുള്ള അകലം കൂടി തുടങ്ങി… സ്വന്തം മകളെ കാണാതായ അവര് ഒരുപാട് അന്വേഷിച്ചു എങ്കിലും ഒരു വിവരവും ഇല്ലായിരുന്നു.. അവസാനം അവർ എല്ലാം മനപ്പൂർവം മറന്നു കളഞ്ഞു… ഇപ്പൊ ലോക്കറ്റിൽ കണ്ട ഫോട്ടോ തന്റെ അച്ഛന്റെയും അമ്മയുടെയും ആണെന്ന് അറിഞ്ഞതും ലക്ഷ് തളർച്ചയോടെ ബെഡിലേക്ക് വീണുപോയിരുന്നു…

ശിവാനി.. അവളപ്പൊ തന്റെ.. ലക്ഷിന് ചിന്തിക്കാൻ പോലും പറ്റിയില്ല… എന്തിനാ ദൈവമേ ഇത്രയും വൈകി തനിക്ക് സത്യങ്ങൾ അറിയിച്ചു തന്നത്..സ്വന്തം അനിയത്തിയെ ആണോ താൻ താലി കെട്ടിയത്… അവളെയാണോ താൻ എല്ലാ അർത്ഥത്തിലും.. ഛെ…ഇതറിഞ്ഞു വെച്ചു താനെങ്ങനെ ഇനി മുന്നോട്ട് ജീവിക്കും..അവളെ തനിക്ക് ഇനി പഴയ പോലെ സ്നേഹിക്കാൻ പറ്റുമോ.. എന്തർത്ഥത്തിലാ താനിനി അവളൊപ്പം ജീവിക്കുന്നത്..ലക്ഷിന് ആകെ ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി.. ഇതൊരു സ്വപ്നമായിരുന്നെങ്കിൽ എന്ന് ലക്ഷ് അന്നേരം ആഗ്രഹിച്ചു പോയി… അവൻ സ്വയം മുടിയിൽ കൊരുത്തു വലിച്ചു ഭ്രാന്തനെപോലെ അലറി..ഇന്നത്തോടെ തന്റെ ജീവിതം ഒന്നവസാനിച്ചിരുന്നേൽ എന്നവൻ മനമുരുകി പ്രാർത്ഥിച്ചു… ജീവിതം സ്വയം അവസാനിപ്പിച്ചാലോ എന്നുവരെ തോന്നിപോയി…ശിവാനിയോ അച്ഛനോ അമ്മയോ ആരും ഒന്നും അറിയാതെ അവൾ അവരുടെ കൂടെ ജീവിച്ചോളും…അവളെ വിഷമിപ്പിക്കാൻ തനിക്ക് പറ്റില്ല…. ഇങ്ങനെ പോയാൽ മുൻപോട്ടുള്ള ജീവിതത്തിൽ അവളെ തനിക്ക് വിഷമിപ്പിക്കേണ്ടി വരും.. അതിനേക്കാൾ ബേധം മരണമാണ്.. അതിന് മുന്നേ അവളെയൊന്നു കാണണം എന്നവനു തോന്നി…ശിവാനിയെ ഇന്ന് വിളിച്ചിട്ടേ ഇല്ലായിരുന്നു… അവൾ തന്റെ വിളിയും കാത്തു നില്കുന്നുണ്ടാവും എന്നറിയാമായിട്ടും ലക്ഷ് മനപ്പൂർവം അത് വേണ്ടെന്ന് വെച്ചു..ഓരോന്ന് മനസ്സിൽ ഉറപ്പിച്ചു ലക്ഷ് എങ്ങനെയൊക്കെയോ നിദ്രയെ പുൽകി..

രാവിലെ നിർത്താതെ അടിക്കുന്ന തന്റെ ഫോണിന്റെ റിങ് കേട്ടാണ് ലക്ഷ് ഉറക്കത്തിൽ നിന്നുണരുന്നത്…എടുക്കാൻ ഒരുങ്ങുമ്പോഴേക്കും കാൾ കട്ട് ആയിരിക്കുന്നു.. ഗൗതമിന്റെ ഒരുപാട് മിസ്സ്ഡ് കാൾ വന്നു കിടക്കുന്നു.. എന്തെങ്കിലും കാര്യം ഇല്ലാതെ അവൻ ഇങ്ങനെ വിളിക്കില്ല എന്ന് ലക്ഷിന് അറിയാമായിരുന്നു..ലക്ഷിനു തലപൊട്ടിപൊളിയുംപോലെ തോന്നി…എങ്കിലും കാര്യം അറിയാൻ ഗൗതമിന് തിരിച്ചു വിളിച്ചു..

📞ഹെലോ..

📞ഹെലോ.. നീ..ജീവിച്ചിരിപ്പുണ്ടോ..സമാധാനം..അല്ല നീ എവിടെയാ ഉള്ളത്..

📞ഞാൻ ഇവിടെ ഊട്ടിയിൽ തന്നെയാ..

📞എന്നാൽ അവിടെ തന്നെ അങ്ങ് നിൽക്കുന്നതാവും നല്ലത്… ഓരോന്ന് ഉണ്ടാക്കി വെച്ചിട്ട് നിനക്ക് ഒന്നും അറിയണ്ടല്ലോ അല്ലെ.. ഗൗതമിന്റെ വാക്കുകളിൽ നീരസം കലർന്നിരുന്നു..

📞നീ തെളിച്ചു പറയുന്നുണ്ടോ… ഇല്ലങ്കിലെ മനുഷ്യൻ ഇവിടെ ഭ്രാന്തു പിടിച്ചു നിൽക്കുവാ..

📞ആണോ.. എന്നാൽ ഇത് കേൾക്കുമ്പോൾ മുഴു ഭ്രാന്ത് ആയിക്കോളും.. നിന്റെ ഭാര്യയെ ഇന്നലെ ഇവിടെ എല്ലാരും കൂടി നിർത്തി പൊരിച്ചു.. എന്തിനാന്നറിയോ ഇല്ലാത്ത ഗർഭം ഉണ്ടെന്ന് പറഞ്ഞതിന്.. ആ സരോജിനി മുത്തശ്ശി എല്ലാരുടെ മുന്നിൽ വെച്ചും പറഞ്ഞു ശിവാനി ഗർഭിണി അല്ലെന്നും നിങ്ങൾ കള്ളം പറഞ്ഞത് ആണെന്നും നിങ്ങൾ സംസാരിക്കുന്നത് അവർ കേട്ടിരുന്നുവെന്നും..ഇതോടെ എല്ലാരും ശിവാനിയുടെ നേരെ തിരിഞ്ഞു ചോദ്യം ചെയ്യാൻ തുടങ്ങി..അവൾ അന്നേരം അത് നിഷേധിച്ചില്ല…നിനക്കറിയാല്ലോ കള്ളം പറഞ്ഞാൽ മുത്തശ്ശി പൊറുക്കില്ലെന്ന്…. എല്ലാരും കുറ്റപെടുത്തിയപ്പോഴും ആ പാവം ഒരക്ഷരം മിണ്ടാതെ എല്ലാം കേട്ട് നിന്നു.. എന്നിട്ടും നിന്നെ വാക്ക് കൊണ്ടു പോലും അവൾ കുറ്റപ്പെടുത്തിയില്ല.. നിനക്കറിയോ ഇതുവരെ ആയിട്ടും അവൾ ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല… മാളു കുറെ നിർബന്ധിച്ചു എങ്കിലും കഴിക്കാൻ കൂട്ടാക്കിയില്ല. നിന്നെ കാണണം എന്നും പറഞ്ഞു ഒരൊറ്റ കരച്ചിൽ ആണ്.. ഇപ്പൊ എന്തൊക്കെയോ പറഞ്ഞു മാളു സമാധാനിപ്പിച്ചു നിർത്തിയിരിക്കുവാ.. വെള്ളം മാത്രം കുടിച്ചു എന്നല്ലാതെ ഒന്നും കഴിക്കാൻ കൂട്ടാക്കുന്നില്ല… നീയൊന്നു സംസാരിച്ചേ… ഞാൻ ഫോൺ കൊടുക്കാം..ഗൗതം പറയുന്നത് കേട്ടതുംകുറ്റബോധം കാരണം ലക്ഷ്ന്റെ കണ്ണ് നിറഞ്ഞു..

ഗൗതം വേണ്ട…. ഇപ്പൊ എന്റെ ശബ്ദം കേട്ടാൽ അവൾ കൂടുതൽ കരയുകയേ ഉള്ളൂ.. അത് വേണ്ട.. ഞാൻ പെട്ടെന്ന് വരാം.. അച്ഛനും അമ്മയും അവര്.. അവര് എന്ത് പറഞ്ഞു..

അവര് എല്ലാം കേട്ട് നിന്നു എന്നല്ലാതെ ഒന്നും പറഞ്ഞില്ല.. രണ്ടു പേർക്കും നല്ല വിഷമം ആയി.. ആന്റി മുറിയിൽ പോയി ശിവാനിയെ സമാധാനിപ്പിക്കുന്നത് കണ്ടിരുന്നു… പിന്നേ ഒന്നും എനിക്ക് അറിയില്ല.. ഗൗതം പറയുന്നത് കേട്ടതും ലക്ഷ് അമർത്തി മൂളി ഫോൺ ഡിസ്കണക്ട് ചെയ്ത്..

ഇനി മുന്നോട്ടുള്ള ജീവിതത്തിൽ എന്തർത്ഥമാണ് ഉള്ളത് എന്നു കരുതി ഹൃദയം നുറുങ്ങുന്ന വേദനയുമായി ലക്ഷ് നാട്ടിലേക്ക് തിരിച്ചു……….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button