Novel

നിലാവിന്റെ തോഴൻ: ഭാഗം 41

[ad_1]

രചന: ജിഫ്‌ന നിസാർ

“വാ തുറന്നു പറയെടോ?”
കണ്മുന്നിൽ നിൽക്കുന്ന ഷാനവാസിന് അവരന്നോളം കാണാത്ത മുഖമായിരുന്നു.

വല്ലപ്പോഴും മാത്രമാണ് അയാളെങ്ങോട് വന്നിരുന്നത്. അപ്പോഴെല്ലാം ജീവനക്കാരോട് സൗമ്യമായും ശാന്തമായും ഇടപെടുന്ന ഷാനിക്കയെ അവർക്കെല്ലാം ഒരുപാട് ഇഷ്ടവുമായിരുന്നു.

“അല്ലേടാ.. അത് പിന്നെ ഞാൻ “

അത് വരെയും നിന്നലറി പൊളിച്ചിരുന്ന ഉദയബാനുവിന് അപ്പോൾ ഒട്ടും ശബ്ദമുണ്ടായിരുന്നില്ല.

അല്ലെങ്കിലും ആ സമയം.. അയാൾ അവിടെയൊരിക്കലും ഷാനവാസിനെ പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല.

ഉമ്മാക്ക് വയ്യാത്തത് കൊണ്ട് മുഴുവൻ സമയവും അയാൾ ആ കൂടെ വേണമായിരുന്നു.അത് ഉമ്മാനെക്കാൾ മകന്റെ ആഗ്രഹമായിരുന്നു എന്ന് പറയുന്നതാവും ശരി.

അവരെ നോക്കാൻ വേണ്ടി മാത്രം രണ്ട് മൂന്ന് ഹോം നേഴ്സുണ്ടെങ്കിൽ കൂടിയും.. അതൊന്നും ഒരു മകന്റെ കടമകൾ ചെയ്യുന്നതിൽ നിന്നും അയാളെ പിന്നോട്ട് വലിച്ചില്ല.

അയാളൊറ്റ മകനാണ്. കുഞ്ഞിലേ ബാപ്പ ഉപേക്ഷിച്ചു പോയിട്ടും ഉമ്മ കഷ്ടപ്പെട്ട് വളർത്തിയ ആ മകന് അങ്ങനെ ആവാനെ ആവുമായിരുന്നുള്ളു.

വയ്യാത്ത ഉമ്മയെ മറ്റൊരാൾ അനിഷ്ടത്തോടെ നോക്കുന്നതിനെ പേടിച്ചിട്ടാണ് നാല്പതോളം വയസ്സുണ്ടായിട്ടും ഇന്നും അയാൾക്കൊരു ജീവിതമില്ലാതായി പോയത്.
ആ ഉമ്മയുടെ ഏറ്റവും വലിയൊരു സങ്കടവും ആഗ്രഹവും അത് തന്നെയായിരുന്നു.

“ഞാൻ പിടിച്ചില്ലായിരുന്നുവെങ്കിൽ ഇയാളുടെ അവസ്ഥ എന്താവുമായിരുന്നു ഉദയാ .. അതോർത്തു നോക്കിയോ നീ?”

ലില്ലിയെ ചൂണ്ടി… ദേഷ്യം കൊണ്ട് ചുവന്ന മുഖത്തോടെ ഷാനിക്കാ ചോദിക്കുമ്പോൾ.. ഉദയബാനു ഒന്നും മിണ്ടിയില്ല.

“നീ മിണ്ടാതെ നിന്നത് കൊണ്ടായില്ല ഉദയാ . എനിക്കുത്തരം കിട്ടേയെ തീരൂ. മറ്റാരും പറഞ്ഞറിഞ്ഞതല്ല ഞാൻ. എന്റെ കണ്മുന്നിൽ കണ്ടതിനെ കുറിച്ചാണ് ചോദിക്കുന്നത്..”

ഷാനവാസ് വീണ്ടും ഉദയബാനുവിനെ തന്നെ നോക്കി.

അപ്പോഴും വിട്ട് മാറാത്ത വിറയലോടെ ലില്ലി തല കുനിച്ചു നിന്നു.

ആ സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരും വല്ലാത്തൊരു ആത്മനിർവൃതിയോടെ ഉദയബാനുവിനെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

അയാൾക്ക് മുന്നിൽ അനാവശ്യ കാര്യങ്ങൾ പറഞ്ഞു ചാടി കടിക്കാൻ വരുമ്പോൾ.. ഉള്ളിൽ അമർഷത്തിന്റെ ഒരു കടലും ഒതുക്കി പിടിച്ചു നിൽക്കുമ്പോൾ അവരിൽ ഒരുത്തരുത്തും കൊതിച്ചു പോയൊരു നിമിഷമാണ്..
കണ്മുന്നിൽ വിചാരിച്ചതിനേക്കാൾ ഭംഗിയായി നിർവഹിക്കപ്പെടുന്നത്.

അതിന്റെയൊരു ലഹരിയും സന്തോഷവും എല്ലാവരുടെയും മുഖത്ത് നിറഞ്ഞു നിൽക്കുന്നുണ്ട്.

ഷാനിക്ക വന്നു പിടിച്ചില്ലായിരുന്നുവെങ്കിൽ… അവർക്കത് ഓർക്കുമ്പോൾ ഉദയബാനുവിനെ രണ്ടു കൊടുക്കാനുള്ളത്ര കലിയുണ്ട്.

“ഞാനില്ലയെങ്കിലും എന്നെപോലെ.. അല്ലെങ്കിൽ എന്നേക്കാൾ നന്നായി നീ എന്റെ സ്ഥാപനം നോക്കി നടത്തുന്നുണ്ടെന്നുള്ള ഒരു അഹങ്കാരമുണ്ടായിരുന്നു ഉദയാ എനിക്ക്. ഇവിടുത്തെ കാര്യങ്ങൾ ഓർത്തിട്ട് എനിക്കൊരു ടെൻഷനുമില്ലായിരുന്നു. നീ ഉണ്ടല്ലോ എന്നാ വിശ്വാസമായിരുന്നു.പക്ഷേ.. പക്ഷേ നീയാ വിശ്വാസമാണ് തകർത്തത് “

ഉദയ ബാനുവിന് നേരെ നീണ്ട ഷാനവാസിന്റ വിരലുകൾ.. വിറക്കുന്നുണ്ടായിരുന്നു.

ആ ഏസി റൂമിൽ ആയിരുന്നിട്ട് കൂടി അയാളും വിയർക്കുന്നുണ്ട്.

“അല്ലേടാ… അത് ഞാൻ..”
ഒരക്ഷരം പോലും നാവിൻ തുമ്പിൽ വരാതെ അയാൾ വിക്കി കളിച്ചു.

“ഇപ്പോഴെന്താ നിനക്ക് ശബ്ദമില്ലേ.? അങ്ങ് ഗേറ്റ് വരെയും കേൾക്കാമായിരുന്നു ഇവരോടുള്ള നിന്റെ അലർച്ച “

ഷാനവാസ് അയാളെ കളിയാക്കി.

“എടാ.. ഞാൻ വേണമെന്ന് വെച്ചിട്ടല്ല. കൊടുക്കുന്ന ശമ്പളത്തിനുള്ള ജോലി ചെയ്യിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണല്ലോ?അതാണ്‌ ഞാൻ “

ഷാനവാസ്‌ കൂർപ്പിച്ചു നോക്കിയതോടെ ഉദയ ബാനു പറയാൻ വന്നത് വിഴുങ്ങി കളഞ്ഞു.

ആത്മാർത്ഥ സൗഹൃദം… എന്ത് നെറികെട്ട കളിക്കും കൂട്ട് നിൽക്കുമെന്നുള്ള ഉദയബാനുവിന്റെ വിശ്വാസം തിരുത്തപ്പെടുകയായിരുന്നു അവിടെ,  ആ നിമിഷം.

ന്യായമില്ലാത്ത ഒന്നിനും അന്തസ്സുള്ള.. അഭിമാനമുള്ള.. മനസാക്ഷിയുള്ള ആരും കൂടെയുണ്ടാവില്ല എന്നൊരു പുതിയ പാഠം കൂടി എഴുതി ചേർക്കപ്പെടുകയും ചെയ്തു അതേ നിമിഷം തന്നെ.

“ലില്ലി ജോയിൻ ചെയ്ത അന്ന്… അന്ന് തന്നെ ഞാൻ തന്നോടൊരു കാര്യം പറഞ്ഞിരുന്നില്ലേ.. എന്തായിരുന്നു ഉദയാ അത്?”

ഷാനവാസ് ഉദയബാനുവിന്റെ തൊട്ട് മുന്നിൽ പോയി നിന്ന് കൊണ്ട് ചോദിച്ചു.

അല്ല.. അത്.. “

“വ്യക്തമായിട്ടുള്ള ഉത്തരം വേണമെനിക്ക് “

ഷാനവാസ് സ്വരം കടുപ്പിച്ചു.

“കാലിനു വയ്യാത്ത ആളാണ്‌ ലില്ലി. വെറുതെ കാശ് കൊടുത്താൽ അവർക്കതൊരു അപമാനമായി തോന്നിയാലോ എന്ന് കരുതിയാണ് ഈ ജോലിക്ക് എടുത്തത്. അവർക്ക് ചെയ്യാവുന്ന ചെറിയ ചെറിയ ജോലികൾ കൊടുത്താൽ മാത്രം മതി. ഒരു സ്പെഷ്യൽ പരിഗണന കൊടുക്കണം.”

ഉദയബാനു പറയുന്നത് കേൾക്കെ നിറഞ്ഞു തൂവിയ കണ്ണുകളോടെ ലില്ലി ഷാനവാസിനെ നോക്കി.

മറ്റുള്ളവരുടെയും അവസ്ഥ ഏതാണ്ട് അത് പോലെ തന്നെയായിരുന്നു.

അവരെല്ലാം ആരാധനയോടെ.. സ്നേഹത്തോടെ ഷാനവാസിനെ നോട്ടം കൊണ്ട് തഴുകി തലോടി.

“ആ പരിഗണനയാവും ഞാൻ നേരത്തെ കണ്ടത്. അല്ലെ?”
വീണ്ടും അയാളുടെ സ്വരം കടുത്തു.
ഉദയബാനു മുഖം കുനിച്ചു.

“എടൊ.. ഒരു സ്ഥാപനത്തിന്റെ നട്ടെല്ല് എന്ന് പറയുന്നത്.. അതിന്റെ എംഡിയോ..ഉടമയോ ഒന്നുമല്ല.. അവിടെത്തെ ജീവനക്കാരാണ്. അവരോട് നല്ല രീതിയിൽ സഹകരിച്ചാൽ.. സ്നേഹത്തോടെ ചേർത്ത് നിർത്തിയാൽ.. അതിന്റെ ഗുണം സ്ഥാപനത്തിന്റെ വളർച്ചയിലൂടെ നമ്മളിൽ എത്തും. അല്ലാത്ത കൊടുക്കുന്ന കാശ് മുതലാക്കാൻ എന്നുള്ള വീമ്പ് പറഞ്ഞിട്ട്.. ദുഷിച്ച മനസ്സിലെ വികൃതമുഖം അവർക്ക് നേരെ കാണിച്ചാൽ.. അതാ സ്ഥാപനത്തിന്റെ നാശത്തിനാണ്.. എന്നാണ് ഇതൊക്കെ ഇനി നീ മനസ്സിലാക്കുന്നത്?”

ഷാനവാസ് പറഞ്ഞതും കൂട്ടത്തോടെ വലിയൊരു കയ്യടി അയാൾക്ക് പിന്നിൽ ഉയർന്നു കഴിഞ്ഞിരുന്നു.

ഉദയബാനു അപ്പോഴും മുഖം ഉയർത്തി നോക്കുന്നില്ല.

“അങ്ങനെ കയ്യടിച്ചു പാസാക്കാൻ വരട്ടെ. നിങ്ങളോടും എനിക്ക് ചിലത് ചോദിക്കാനുണ്ട് “
ഷാനവാസ്‌ അവർക്ക് നേരെ തിരിഞ്ഞു.

“ഈ നിൽക്കുന്ന ലില്ലിക്ക് വയ്യാത്തതാണെന് നിങ്ങൾക്കറിയില്ലേ?”
വീണ്ടും ലില്ലിയെ ചൂണ്ടി അയാളുടെ ചോദ്യം.

“അറിയാം “
അവരെല്ലാം ഒരേ ശബ്ദത്തിൽ പറഞ്ഞു.

“ഇവിടെ ഉദയൻ മുൻപും ലില്ലിക്ക് നേരെ ശബ്ദമുയർത്തുകയും അവർക്ക് ചെയ്യാവുന്നതിലും അധികമുള്ള ജോലികൾ ചെയ്യിക്കാറുമില്ലേ ?”

“ഉണ്ട് “

“നിങ്ങളത് കണ്ടിട്ടില്ലേ? “

ഇപ്രാവശ്യം പരസ്പരം ഒന്ന് നോക്കിയിട്ടാണ് അവരുടെ ഉത്തരം.

“ഉണ്ട്..”

“എന്നിട്ടെന്തേ.. ആരുമത് ചോദ്യം ചെയ്യാഞ്ഞത്.?
അത് പോട്ടെ.. എന്നോട് പറയാണെങ്കിലും നിങ്ങളിൽ ആർക്കും തോന്നാഞ്ഞത്?”

ആരും മിണ്ടുന്നില്ലയിരുന്നു.

“പരസ്പരം സഹകരണമാണ് ഏതൊരു മനുഷ്യനും ഏറ്റവും അത്യാവശ്യമായിട്ട് വേണ്ടത്. ലില്ലി നിങ്ങളിൽ ഒരാളായിരുന്നു. കൂട്ടത്തിൽ ഉള്ളവർക്ക് വേണ്ടി ഒരുമിച്ച് പോരാടി നേടണം. അങ്ങനെ പോകുന്ന ജോലി ആണെങ്കിൽ… ന്യായത്തിന് വേണ്ടി ശബ്ദമുയർത്താൻ ധൈര്യം കാണിച്ച നിങ്ങൾക്ക് വേണ്ടി ഇതിനേക്കാൾ നല്ലൊരു ജോലി തീർച്ചയായും ലഭിക്കും…”

“ഉദയബാനുവിൽ നിന്നും നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിനു നിങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു. ഇനിയൊരിക്കലും.. ഒരിക്കലും ഇവിടെ ഇങ്ങനെ ഒരു സംഭവം ഉണ്ടാവില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് തരുന്നു “

നേർത്തൊരു ചിരിയോടെ ഷാനവാസ് പറഞ്ഞു നിർത്തി.

“അത് പോലെ.. നിങ്ങളെനിക്കും ഒരു വാക്ക് തരണം “

അത്രയും പറഞ്ഞിട്ട് അയാൾ അവരെയെല്ലാം ഒന്ന് നോക്കി.

“ഇവിടെ നടക്കുന്ന ഏത് അനീതിക്കെതിരെയും നിങ്ങൾ ഒരുമിച്ച് പോരാടി ജയിക്കുമെന്ന്.. ഒരുമിച്ചു നിന്ന് പോരാടിയവരെല്ലാം ചരിത്രം കുറിച്ചവരാണ്. നിങ്ങൾക്കൊപ്പം.. ഇനി എന്തിനും ഞാനുമുണ്ടാകും “
അങ്ങേയറ്റം ആത്മാർത്ഥത നിറഞ്ഞതായിരുന്നു ഷാനവാസിന്റെ വാക്കുകൾ.

ഉദയബാനു അപ്പോഴും മുഖം ഉയർത്തി നോക്കുന്നുണ്ടായിരുന്നില്ല.

                             ❤️❤️❤️

മുന്നിലൊരു നിലാവുദിച്ചത് പോലെ… ഫാത്തിമയെ ആദ്യകാഴ്ചയിൽ ഫൈസിക്ക് അങ്ങനെയാണ് തോന്നിയത്.

അത്രയും നിഷ്കളങ്കതയുണ്ട് ആ മുഖത്ത്.

വെറുതെയല്ല ചെക്കന് അസ്ഥിക്ക് പിടിച്ചു പോയത്..

അവളെ കണ്ട നിമിഷം തന്നെ ഫൈസിക്ക് ക്രിസ്റ്റിയെ ഓർമ വന്നു.
ആ അവസ്ഥയിലും ആ ഓർമയിൽ അവന് ചിരി വന്നു.

തട്ടത്തിനുള്ളിൽ പതിനാലാംരാവ് പോലുദിച്ചു നിൽക്കുന്ന ഇവളെ അവൻ ഇത്രേം കാലം കാത്തിരുന്നത്.. അതൊരിക്കലും വെറുതെയായിട്ടില്ല.

“ഇത്രേം വർഷം.. അവളെന്നെയും ഞാൻ അവളെയും കാത്തിരുന്നുവെങ്കിൽ… അത്.. അത് സ്നേഹമല്ലാതെ മറ്റെന്താണ് “

ഫൈസിയുടെ കാതിൽ ക്രിസ്റ്റിയുടെ വാക്കുകൾ പതിധ്വനിച്ചു.

ശരിയാണ്… സ്നേഹം തന്നെയാണ്.

പക്ഷേ… അവളുടെ കണ്ണിൽ… എന്തോ സങ്കടമാണ് നിറഞ്ഞു നിൽക്കുന്നത്രയും.

“ഫാത്തിമാ.. ഇത് ഫൈസി.. ഫൈസൽ മുഹമ്മദ്‌”

ഫൈസിക്ക് മുന്നിൽ നിൽക്കുന്ന ഫാത്തിമയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടവളെ ചേർത്ത് നിർത്തി കൊണ്ട് ഷാഹിദ് അത് പറയുമ്പോൾ അസഹിഷ്ണത കൊണ്ട് അവളുടെ മുഖത്തിനൊപ്പം ഫൈസിയുടെ മുഖവും ചുളിഞ്ഞു.

“ഹായ്.”

മറ്റൊന്നും ചെയ്യാനാവാത്തത് കൊണ്ട്.. ഫൈസി പാത്തുവിനെ നോക്കി പതിയെ പറഞ്ഞു.

അവളൊന്നും മിണ്ടാതെ ഷാഹിദിന്റെ പിടിയിൽ നിന്നും രക്ഷപെടാനുള്ള വ്യഗ്രതയിലാണ്.

“നിനക്കോർമ്മയുണ്ടോ ഫൈസി ഇവളെ?”
അവളെ വിടാതെ തന്നെ ഷാഹിദ് വീണ്ടും ചോദിച്ചു.

“ഇല്ല.. ഓർമ കിട്ടുന്നില്ല “
ഫൈസി പറഞ്ഞു.

അവനാ പറഞ്ഞത് സത്യമായിരുന്നു.
അറക്കൽ തറവാട്ടിൽ ഇങ്ങനൊരാൾ എത്തിയിട്ടുണ്ടെന്ന് ക്രിസ്റ്റി പറഞ്ഞത് മുതൽ.. ഓർമയിൽ അനേകം തവണ പരതി നോക്കിയിട്ടുണ്ട്.. ഇങ്ങനൊരു പേരും മുഖവും.

സലാമിക്കയെ നേരിയ ഒരു ഓർമയുണ്ട്.

“ആറ് വയസിൽ ഇവിടെ വിട്ട് പോയതല്ലേ.. ഓർമ കാണില്ല “
പറയുന്നതിനൊപ്പം ഷാഹിദിന്റെ കൈകൾ അവളുടെ തോളിൽ മുറുകുന്നത് ഫൈസി  കാണുന്നുണ്ടായിരുന്നു.

“ഫാത്തിമ…. പഠിക്കുവാണോ?”

വീണ്ടും ഫൈസി ചോദിച്ചു.

“ആയിരുന്നു..”
പതിഞ്ഞ മറുപടി.
പിന്നെയെന്താ ചോദിക്കേണ്ടത് എന്നറിയാതെ ഫൈസി നിന്ന ആ നിമിഷം നിന്ന് പോയി.

എത്രയും പെട്ടന്ന് അവളിവിടെ തന്നെ ഉണ്ടെന്ന് ക്രിസ്റ്റീയോട് പോയി പറയാൻ അവനുള്ളം തുടിച്ചു.

“ഇനിയിപ്പോ.. ഷാഹിദിന്റെ ബീവിയാവാൻ പേടിച്ചോണ്ടിക്കുന്നു. അല്ലെ?”

മനോഹരമായൊരു ചിരിയോടെ ഫാത്തിമയോട് ചോദിച്ചിട്ട് ഷാഹിദ് ഫൈസിയെ നോക്കി.

“നടന്നത് തന്നെ..അത് നടക്കാതിരിക്കാൻ എന്റെ ചെക്കനൊപ്പം ഈ ഫൈസൽ മുഹമ്മദുമുണ്ടാകുംഏതറ്റം വരെയും .”

ഫൈസി മനസ്സിൽ പറഞ്ഞു.

ശെരിയെന്നാ… “
അതും പറഞ്ഞിട്ട് അവൻ തിരിഞ്ഞു നടന്നു.

കണ്ണിൽ നിന്ന് മറയുവോളം അവനെ നോക്കി നിന്ന ഷാഹിദ് ഗൂഢമായൊരു ചിരി ഒളിപ്പിച്ചു പിടിക്കുന്നുണ്ടായിരുന്നു.

                             ❣️❣️❣️

“എടുക്കുന്നില്ലേ?”

കൂട്ടുകാരികളുടെ ആകാംഷ നിറഞ്ഞ ചോദ്യത്തിന് മീരാ ഇല്ലെന്ന് തലയാട്ടി.

ടെൻഷൻ കൊണ്ടവളുടെ മുഖം വിളറി വെളുത്തു പോയിരുന്നു.

അന്നേരം വരെയും നിറഞ്ഞു നിന്നിരുന്ന യാത്രയുടെ രസം ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതായി പോയത് പോലെ.

രാവിലെ ഏഴ് മണിക്ക് സ്റ്റാർട്ട് ചെയ്ത് വൈകുന്നേരം ഏഴ് മണിക്ക് തിരികെ സ്കൂളിൽ എത്തുമെന്നായിരുന്നു ടൂർ പ്ലാൻ ചെയ്തപ്പോൾ തന്നെ ഉണ്ടായിരുന്ന തീരുമാനം.

പക്ഷേ പ്രതീക്ഷിക്കാതെ വണ്ടിക്ക് വന്നൊരു കംപ്ലയിന്റ് തീർത്തു കൊണ്ട് തിരികെയെത്താൻ അവരുദ്ദേശിച്ച സമയവും കടന്നു പോയിരുന്നു.

സ്കൂളിൽ നിന്നും വീട്ടിലേക്ക് കൊണ്ട് പോകാൻ ആരെങ്കിലും വിളിച്ചു പറയാൻ ബസ്സിൽ നിന്നും അജയ് സാറിന്റെ പെർമിഷൻ കിട്ടിയത് മുതൽ.. അവൾ ക്രിസ്റ്റിയെ വിളിക്കുന്നതാണ്.

ശാരിയെ വിളിച്ചറിയിച്ചതും ഇച്ഛാ വരും സ്കൂളിൽ എന്നാണ്. അല്ലെങ്കിൽ ഭയന്ന് വിറച്ചു കൊണ്ട്.. വല്ലതും വരുത്തി വെക്കും.

“ഇനി എന്തും ചെയ്യും മീരാ..”

ടീന അവളെ നോക്കി ആകുലതയോടെ ചോദിച്ചു.

“എനിക്ക്.. എനിക്കറിയില്ല “
മീരയുടെ സ്വരം വിറച്ചു തുടങ്ങിയിരുന്നു.

അവളുടെ വീട്ടിലേക്കുള്ള റൂട്ടിലേക്ക് ഒറ്റ കുട്ടിക്കലുമില്ല ആ ബസ്സിൽ.

വീണ്ടും വീണ്ടും മീരാ ക്രിസ്റ്റിയുടെ നമ്പറിൽ ട്രൈ ചെയ്തു കൊണ്ടിരുന്നു.

ബെല്ലടിയുന്നുണ്ട്. പക്ഷേ എടുക്കുന്നില്ല.

സാധാരണ ഏതു തിരക്കിൽ ആണേലും.. അവൾ വിളിച്ചാൽ എടുത്തിട്ട്… “തിരക്കാണ് പിന്നെ വിളിക്കാം മോളെ “എന്ന് പറയാനുള്ള മനസ്സ് കാണിക്കുന്നവൻ അന്ന് ഒരുപാട് പ്രാവശ്യം വിളിച്ചിട്ടും ഫോണെടുക്കുന്നില്ല എന്നതും അവളുടെ ഭയത്തെ… അതിന്റെ അങ്ങേയറ്റത്തോളം എത്തിച്ചിട്ടുണ്ട്.

                         ❣️❣️❣️

ശീതികരിച്ച മുറിയിലേക്ക് ചെല്ലുമ്പോൾ ക്രിസ്റ്റിയൊന്ന് കുളിർന്നു.

നേരമേറെ കഴിഞ്ഞിട്ടും അകത്തേക്ക് കൊണ്ട് പോയ ദിൽനയുടെ വിവരങ്ങളൊന്നും തന്നെ അറിഞ്ഞിട്ടില്ല.

സഹിക്കാൻ വയ്യാതെ ഒരു പ്രാവശ്യം അടഞ്ഞു കിടക്കുന്ന ആ വാതിൽ അവൻ മുട്ടി തുറപ്പിച്ചു.

“വിളിക്കാം..”എന്നൊരൊറ്റ മറുപടിയിൽ വീണ്ടും അത് അവന് മുന്നിൽ അടഞ്ഞു.

ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങുന്ന സമയത്തെയും പ്രാകിയിരിക്കുന്ന ഏതോ നിമിഷത്തിലാണ് ഒരു നേഴ്സ് വന്നിട്ട് ദിൽന ചെറിയാന്റെ കൂടെയുള്ള ആരാണ് ഉള്ളത് എന്ന് ചോദിക്കുന്നത്.

ഡെയ്സിക് മുന്നേ ക്രിസ്റ്റിയാണ് പിടഞ്ഞെഴുന്നേറ്റ് ചെന്നത്.

“ഡോക്ടർ വിളിക്കുന്നു..”
അത് പറഞ്ഞതും ക്രിസ്റ്റി ഡെയ്സിയെ നോക്കി.
അവന് പോവാണമെന്നുണ്ടായിട്ടും പിറകിലേക്ക് നിന്നു.
പക്ഷേ അവന്റെ മനസ്സറിഞ്ഞത് പോലെ.. ഡെയ്സി വീണ്ടും കസേരയിലേക്കിരുന്നത് കൊണ്ട്.. ക്രിസ്റ്റി അകത്തേക്ക് ചെന്നു.

“ദിൽന ചെറിയാന്റെ…”
മുന്നിൽ ഗൗരവത്തോടെയിരിക്കുന്ന ഡോക്ടർ ജയേഷിന്റെ കടുപ്പത്തിലുള്ള സ്വരം.

“ഏട്ടൻ… ഏട്ടനാണ് “
ക്രിസ്റ്റി പെട്ടന്ന്.. പറഞ്ഞു.
“ഇരിക്ക് “
ഡോക്ടർ കസേരയിലേക്ക് കണ്ണ് കാണിച്ചു.

“നിങ്ങൾ ഒരാളൊള്ളോ.. അവൾക്ക് ഏട്ടൻ?”

ഡോക്ടർ അസ്വസ്ഥതയോടെയാണ് ഇരിക്കുന്നതും ചോദിക്കുന്നതുമെല്ലാം.

വീണ്ടും ക്രിസ്റ്റിയുടെ നെഞ്ച് പതഞ്ഞു.

“അല്ല.. ഒരാൾ കൂടിയുണ്ട് എനിക്ക് താഴെ..”

“അച്ഛനില്ലേ…?”

ഉണ്ട് “

“എന്ത് ചെയ്യുന്നു.?”

“ബിസിനസ് ആണ് “

“ഇയാൾ പഠിക്കുവാണോ?”

“യെസ്..”

“ദിൽന… പത്താം ക്ലാസ്സിൽ ആണ്. അല്ലെ?”

“യെസ് “

“അവളുടെ ലൈഫിൽ നടക്കുന്നതെല്ലാം നിങ്ങൾ അറിയാറുണ്ടോ..? അറിയാൻ ശ്രമിക്കാറുണ്ടോ?”

പതിവിലും മൂർച്ചയുള്ള ചോദ്യം.

ക്രിസ്റ്റി ഉണ്ടന്നോ ഇല്ലന്നോ പറയാതെ അയാളെ മിഴിച്ചു നോക്കി.

അവന്റെ നെഞ്ച് അപായമണി പോലെ ഉറക്കെ ഉറക്കെ മിടിക്കുന്നുണ്ടായിരുന്നു.

“പതിനഞ്ച് വയസുള്ള.. നിങ്ങളുടെ ഒരേയൊരു പെങ്ങളെ ആരോ റേപ്പ് ചെയ്തിട്ടുണ്ടെന്നതും നിങ്ങളാരും അറിഞ്ഞിട്ടില്ല. അവളത് പറഞ്ഞിട്ടുമില്ല..അല്ലെ?”

പരിഹാസത്തോടെയുള്ള ആ ചോദ്യം ക്രിസ്റ്റിയുടെ കാതിൽ തുളഞ്ഞു കയറി.

നില തെറ്റിയത് പോലെ അവനൊന്നാടി കുഴഞ്ഞു………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button