
അല്‍ ഐന്‍: യുഎഇയുടെ ചില ഭാഗങ്ങളില്‍ ഇന്ന് മഴക്ക് സാധ്യതയുണ്ടെന്നും പൊതുവില്‍ മേഘാവൃതമായതോ, ഭാഗികമായി മൂടിക്കെട്ടിയതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ ദ്വീപ് ഉള്‍പ്പെട്ട പ്രദേശങ്ങളിലും ചില തീരപ്രദേശങ്ങളിലും വടക്കന്‍ മേഖലയിലായിലുമായിരിക്കും നേരിയതോതില്‍ മഴയുണ്ടാവുക.
രാജ്യത്ത് തെക്കു കിഴക്കന്‍ കാറ്റും വടക്കു കിഴക്കന്‍ കാറ്റും ഉണ്ടായേക്കാം. വെള്ളിയാഴ്ച രാവിലെ പടിഞ്ഞാറ് ദിശയില്‍ ആയിരിക്കും കാറ്റിന്റെ ഗതി. മണിക്കൂറില്‍ 10 കിലോമീറ്റര്‍ മുതല്‍ 25 കിലോമീറ്റര്‍ വരെ ആയിരിക്കും പൊതുവില്‍ കാറ്റിന്റെ വേഗമെങ്കിലും ചിലപ്പോള്‍ ഇത് 40 കിലോമീറ്റര്‍ വരെ വേഗം കൈവരിച്ചേക്കാം. അറേബ്യന്‍ ഗള്‍ഫും ഒമാന്‍ കടലും നേരിയതോതിലോ, മിതമായ തോതിലോ പ്രക്ഷുബ്ധമാവാം.
ഇന്ന് അബുദാബിയില്‍ പരമാവധി 32 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും താപനില. കുറഞ്ഞ താപനില രാത്രിയിലാണ് അനുഭവപ്പെടുക ഇത് 16 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്‌ന്നേക്കാം. ദുബായില്‍ താപനില 33 ഡിഗ്രി സെല്‍ഷ്യസിനും 19 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. ഷാര്‍ജയിലും ദുബായിക്ക് സമാനമായ താപനിലയാവും അനുഭവപ്പെടുകയെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.