തീരുവ ചർച്ചകളിൽ തീരുമാനമാകും വരെ ഇന്ത്യയുമായി തുടർ വ്യാപാര ചർച്ചകളില്ലെന്ന് ട്രംപ്

തീരുവ ചർച്ചകളിൽ തീരുമാനമാകും വരെ ഇന്ത്യയുമായി തുടർ വ്യാപാര ചർച്ചകളില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് പ്രതികരണം. ഓഗസ്റ്റ് അവസാന വാരം അമേരിക്കൻ സംഘം വ്യാപാര ചർച്ചകൾക്കായി എത്താനായിരുന്നു ധാരണ.
ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും തമ്മിൽ അടുത്തയാഴ്ച യു എ ഇയിൽ കൂടിക്കാഴ്ച നടത്തും. യുക്രൈൻ വെടിനിർത്തലിനായി ട്രംപ് റഷ്യക്ക് അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കെയാണ് കൂടിക്കാഴ്ച. പുടിന്റെ വിദേശകാര്യ ഉപദേശകൻ യൂറി ഉഷ്‌കോവ് ആണ് കൂടിക്കാഴ്ചയുടെ വിവരം സ്ഥിരീകരിച്ചത്. ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് കഴിഞ്ഞ ദിവസം പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം ഇരട്ട തീരുവ ചുമത്താനുള്ള അമേരിക്കയുടെ നീക്കങ്ങൾക്കിടയിലും, റഷ്യയുടെ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരും. ആവശ്യമായ എല്ലാ നടപടികളും ഇക്കാര്യത്തിൽ ഇന്ത്യ സ്വീകരിക്കും. അധിക തീരുവ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ 40 മുതൽ 50 ശതമാനം വരെ ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.