" "
Novel

യെസ് യുവർ ഓണർ: ഭാഗം 11

[ad_1]

രചന: മുകിലിൻ തൂലിക

പുറകിൽ നിൽക്കുന്ന കുറച്ചു പ്രായം ചെന്ന സ്ത്രീയോടായി മൂപ്പൻ പറഞ്ഞു.. മൂപ്പന് കല്ല്യാണിയേയും സായന്തിനേയും ബോധിച്ചിരിക്കുന്നു.. മല്ലി ഇരുവരേയും ആരത്തിയുഴഞ്ഞ് കല്ല്യാണിയുടെ സിന്ദൂര രേഖയിൽ കുങ്കുമം തൊട്ടു കൊടുത്തു.. ആ നിമിഷം കല്ല്യാണിയിലൂടെ ഒരു മിന്നൽ കടന്ന് പോയി.. അവൾ ഞെട്ടി സായന്തിനെ നോക്കി.. അവന്റെ മുഖത്തും ഒരു ഞെട്ടൽ പ്രകടമായി..അങ്ങനെ ഒന്ന് ഇരുവരും പ്രതീക്ഷിച്ചിരുന്നില്ല… എങ്കിലും കല്ല്യാണിയെ നോക്കി സാരമില്ലെന്ന മട്ടിൽ കണ്ണടച്ചു കാട്ടി അവളെയും കൂട്ടി മൂപ്പന്റേയും കൂട്ടരുടെയും പിന്നാലെ നടപ്പാരംഭിച്ചു..

മൂപ്പൻ അവരേയും കൂട്ടി കൊണ്ട് പോയത് ആ ഊരിന് ഒത്ത നടുവിലായി നിൽക്കുന്ന വലിയൊരു ആഞ്ഞിലി മരത്തിന് അടുത്തേക്കായിരുന്നു.. വാനംമുട്ടെ വളർന്ന് നിൽക്കുന്ന വൃക്ഷരാജാവ് ആഞ്ഞിലി.. “ആദ്യമായി ഞങ്ങളുടെ ഊരിലേക്ക് വരുന്നവർ അല്ലേ.. ഞങ്ങളുടെ തേവരെ തൊഴുത്തിട്ടാകാം ബാക്കി കാര്യങ്ങൾ” മൂപ്പൻ കൈകൂപ്പി ആഞ്ഞിലി മരത്തിന് അഭിമുഖമായി നിന്ന് കണ്ണുകൾ അടച്ച് പ്രാർത്ഥിക്കാൻ തുടങ്ങി..

സായന്തും കല്ല്യാണിയും ഒറ്റത്തടിയായി മാനം മുട്ടെ വളർന്നു നിൽക്കുന്ന ആഞ്ഞിലിയെ നോക്കി.. അതിന്റെ കീഴിലായി മഞ്ഞപ്പട്ട് ചുറ്റിയ ചെറിയൊരു കല്ല് പ്രതിഷ്ഠിച്ചിരുന്നു.. അതിന് മുമ്പിലായി പഴങ്ങളും പൂക്കളും കാണിക്കയായി സമർപ്പിച്ചിരുന്നു.. ആ കൂട്ടത്തിൽ കൗതുകമായി തോന്നുന്ന ഒന്ന് കൂടി ഉണ്ടായിരുന്നു.. ഒരു പിടി വെള്ളാരം കല്ലുകൾ.. സായന്തും കല്ല്യാണിയും അത് എന്തിനാകുമെന്നുള്ള സംശയം നിലനിർത്തി കൊണ്ട് തന്നെ തേവരെ തൊഴുതു..

മൂപ്പൻ അവരെ നോക്കി ചിരിച്ച് കുടിയിലേക്ക് നടക്കാനൊരുങ്ങിയതും കല്ല്യാണിക്ക് ആ വെള്ളാരം കല്ലുകൾ എന്തിനാന്നുള്ള ആകാംഷ അടക്കാൻ സാധിക്കാതെ ” മൂപ്പാ.. ആ വെള്ളാരം കല്ലുകൾ… അത് എന്തിനാ തേവർക്ക് സമർപ്പിച്ചിരിക്കുന്നേ??” മൂപ്പൻ വെള്ളാരം കല്ലുകളിൽ തന്റെ ദൃഷ്ടി പതിപ്പിച്ച് കറുത്ത വരണ്ട ചുണ്ടിൽ ചിരി നിറച്ച് ” അത് ഇവിടുത്തെ പ്രധാനപ്പെട്ട കാണിക്കയാണ് മോളേ.. കല്ല്യാണം പ്രായമായ പെൺകുട്ടികൾ തങ്ങൾ ആഗ്രഹിക്കുന്ന പുരുഷനെ തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച് സമർപ്പിക്കുന്ന കാണിക്ക”

“ഈ വഴിപാട് എല്ലാവരും ചെയ്യുമോ.. എങ്ങനെയാ ചെയ്യുന്നത്.. ” കല്ല്യാണി ക്ക് ചോദ്യങ്ങൾ ചോദിച്ച് തീരുന്നില്ലായിരുന്നു.. ” ഈ വഴിപാട് നടത്താൻ ആഗ്രഹിക്കുന്ന കന്യകകൾ ഒരു ദിവസം ജലപാനമില്ലാതെ വൃതം അനുഷ്ഠിക്കണം.. പിറ്റേന്ന് നേരം പുലരും മുമ്പേ ഇവിടുന്ന് കിഴക്ക് ദിശ ലക്ഷ്യമാക്കി രണ്ട് കാതം നടന്ന് ഈ കാടിന്റെ ജീവനാഡിയായ കാദംബരി പുഴയിൽ മൂന്ന് തവണ മുങ്ങി നിവർന്ന് ഒരുപിടി വെള്ളാരം കല്ലുകൾ പുഴയുടെ അടിത്തട്ടിൽ നിന്ന് വാരി തേവർക്ക് സമർപ്പിച്ച് ഇഷ്ട പുരുഷനെ വരമായും വരനായും നൽകാൻ പ്രാർത്ഥിക്കണം,..

പിന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഒറ്റയ്ക്ക് വേണം ഇതെല്ലാം ചെയ്യാൻ.. അതും സൂര്യൻ കിഴക്കുദിക്കും മുന്പേ” മൂപ്പൻ കൃത്യമായി വിവരങ്ങൾ വിവരിച്ചു നൽകീ.. കല്ല്യാണി അതെല്ലാം സാകൂതതോടെ കേട്ട് ആ വെള്ളാരം കല്ലുകൾ ഒന്ന് കൂടി നോക്കി മൂപ്പന് പിന്നാലെ നടന്നു നീങ്ങി.. ആ ഊരിൽ ആകെ കുറച്ച് വീടുകളെ ഉണ്ടായിരുന്നൊള്ളൂ.. പരിചയമില്ലാത്തവർ മൂപ്പനോടൊപ്പം ഊരിലേക്ക് പ്രവേശിക്കുന്നത് കണ്ട് കുടിലിൽ നിന്നും ഊരുവാസികൾ പുറത്തേക്ക് ഇറങ്ങി നിൽക്കാൻ തുടങ്ങി..

മൂപ്പനോടുള്ള ആദരസൂചകമായി എല്ലാവരും മൂപ്പനെ നോക്കി തലകുനിച്ച് വിധേയത്വംവും ബഹുമാനവും പ്രകടിപ്പിക്കുന്നുണ്ട്.. കാർമേഘത്തിന്റെ നിറമണിഞ്ഞവിടുതെ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഉയരം കുറഞ്ഞ് കുറുകിയവർ ആയിരുന്നു.. നന്നായി ഇരുട്ട് പരന്നു തുടങ്ങിയതിനാൽ ആരുടേയും മുഖം വ്യക്തമല്ല… കല്ല്യാണി ഓരോ വീടുകളിലേക്കും തന്റെ കണ്ണുകൾ പായിച്ചു നടന്നു.. ഓരോ കുടിലുകളും ഒരു പോലെ വൃത്താകൃതിയിൽ ചുമര് കെട്ടി പൊക്കി വൈക്കോലും ചില കുടിലുകളിൽ പനയോലയും മേൽക്കൂരയായി ഉപയോഗിച്ചിരിക്കുന്നു..

കല്ല്യാണി അവയെല്ലാം സാകൂതം വീക്ഷിച്ചു നടക്കുമ്പോഴാണ് അത്ര സുഖകരമല്ലാത്ത ചില കാഴ്ചകൾ കണ്ണിലുടക്കിയത്.. കുടിലിന് പുറത്തേക്ക് ഇറങ്ങി നിന്നിരുന്ന യുവതരുണിമകൾ അവർ ഇരുവരെയും പ്രത്യേകിച്ച് സായന്തിനെ നോക്കി അടക്കം പറഞ്ഞ് ചിരിക്കുന്നു.. അതിലൊരു ശൃംഗാര ഭാവം തോന്നുന്നില്ലേ.. ഉവ്വ്.. അവരുടെ ഭാവങ്ങൾ വ്യക്തമല്ലാത്തതിനാൽ കല്ല്യാണി നെറ്റി ചുളിച്ച് അവരുടെ ഭാവങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കാൻ തുടങ്ങി…

യൗവന തീഷ്ണതയിൽ എത്തി നിൽക്കുന്ന അവിടുതെ എണ്ണ കറുമ്പി സുന്ദരികൾ സായന്തിനെ പ്രേമപുരസരം തങ്ങളുടെ മിഴിയമ്പുകൾ തൊടുത്ത് വിടുന്നുണ്ട്… കാരണം മറ്റൊന്നുമല്ല അവിടുത്തെ ആണുങ്ങളെക്കാൾ ആരോഗ്യദൃഡഗാത്രനും സുന്ദരനുമാണ് നമ്മുടെ വക്കീൽ.. സായന്ത് അവരുടെ പ്രേമബാണങ്ങൾ തന്റെ മേൽ പതിക്കുന്നത് അറിയുന്നില്ലെങ്കിലും കല്ല്യാണിക്ക് അവയെല്ലാം നല്ല പോലെ കൊള്ളുന്നുണ്ട്.. അവൾക്ക് ഒരു കുഞ്ഞി കുശുമ്പ് തോന്നാതെയിരുന്നില്ല..

അവനെ അവരുടെ നോട്ടങ്ങളിൽ നിന്ന് മറച്ച് പിടിക്കും വിധത്തിൽ കല്ല്യാണി അവനെ മറഞ്ഞ് നടക്കുന്നുണ്ട്.. പക്ഷേ തെങ്ങും കടയ്ക്കൽ വാഴ വെച്ചോണമാണ് സായന്തും കല്ല്യാണിയും..അവൾ എത്രയൊക്കെ മറച്ച് പിടിക്കാൻ ശ്രമിക്കുന്നോ അവൻ പിന്നെയും തലയെടുപ്പോടെ നടന്ന് പോവുകയാണ്.. കല്ല്യാണി തന്റെ ശ്രമം കൈവിടാൻ തയ്യാറല്ലായിരുന്നു.. അവന്റെ വയറിലൂടെ ചുറ്റിപിടിച്ചു അവളവനെ ഒട്ടി നടന്നു..

അവളുടെ ആ പ്രവർത്തി സായന്തിന്റെ കണ്ണിൽ അമ്പരപ്പും അവനെ നോക്കി നിന്നിരുന്ന യുവതരുണി മണികൾക്കിടയിൽ ഒരു നിരാശയുമാണ് ഉണ്ടാക്കിയത്.. കല്ല്യാണിക്ക് തന്റെ ആ ഉദ്യമം ഫലം കണ്ടതിൽ അതിയായ സന്തോഷം തോന്നി..അവനെ പറ്റി ചേർന്ന് തന്നെ നടന്നവൾ മൂപ്പന്റെ കുടിലിനു മുമ്പിലെത്തി.. മൂപ്പന്റെ കുടിയായത് കൊണ്ടാണെന്നു തോന്നുന്നു മറ്റുള്ള കുടിലുകളിൽ നിന്നും വലുതും തറപ്പൊക്കവും കൂടുതലായിരുന്നു ആ കുടിലിന്..

ചുറ്റും ഇല്ലി മുളകൊണ്ട് വേലി തീർത്തിരുന്നു.. വേലിമേൽ മജന്തയും മഞ്ഞയും നിറത്തിലുള്ള പൂക്കൾ വിരിഞ്ഞ വള്ളിച്ചെടികൾ പടർന്നുകയറിയിരിക്കുന്നു.. ആ മുറ്റത്ത് നിന്നും നോക്കിയാൽ ബാക്കിയുള്ള എല്ലാ കുടിലുകളും കാണാൻ സാധിക്കും.. കുടിലിനു മുന്പിൽ ചെറിയ മരതടി രണ്ട് വലിയ പാറക്കല്ലുകൾക്ക് മുകളിൽ കയറ്റി വെച്ച് ഇരിപ്പിടം ഒരുക്കിയിരുന്നു.. മൂപ്പൻ പറഞ്ഞതനുസരിച്ച് സായന്തും കല്ല്യാണിയും അവിടെ ഇരുന്നു..

കല്ല്യാണി അപ്പോഴും ഒരു ജിജ്ഞാസുവിനെ പോലെ ചുറ്റും നോക്കി കൊണ്ടിരിക്കുകയാണ്.. “രണ്ട് പേരും ഒന്നും കഴിച്ചിട്ടില്ലാലോ.. മല്ലി ഇവർക്ക് എന്തെങ്കിലും കഴിക്കാൻ എടുക്ക്” മൂപ്പൻ മല്ലിയെ നോക്കി പറഞ്ഞു.. ഭക്ഷണത്തിന്റെ കാര്യം പറഞ്ഞതും ഇരുവരിലും വിശപ്പ് പഴയതിലും ഉച്ചത്തിൽ മുറവിളി കൂട്ടാൻ തുടങ്ങി.. മൂപ്പൻ അവരെ നോക്കി ചിരിച്ച് കൊണ്ട് “ആ പോയതാണ് എന്റെ ഭാര്യ മല്ലി.. ഈ നിൽക്കുന്നത് എന്റെ മകൾ തത്ത.. അത് എന്റെ അനന്തിരവൻ മുത്തു…

ആട്ടേ…നിങ്ങൾ കല്ല്യാണം കഴിഞ്ഞിട്ട് എത്ര നാളായി” “ഒരു… കൊല്ലം.. അല്ലേ കല്ലു” “ആ.. അതേ” കല്ല്യാണി അവന്റെ വിളിയിൽ ഒന്ന് അമ്പരന്നെങ്കിലും പെട്ടെന്ന് തന്നെ മറുപടി പറഞ്ഞു.. അപ്പോഴേക്കും ഭക്ഷണവുമായി മല്ലി തിരികെയെത്തിയിരുന്നു.. അവർക്ക് മുന്പിൽ ചെറിയ മേശ പോലെ ഒന്നിൽ വിഭവങ്ങൾ എല്ലാം എടുത്ത് വച്ചു.. മുളയരി കഞ്ഞിയും പയറും മറ്റ് എന്തോ ചേർത്തൊരു പുഴുക്ക് പോലൊരു കറിയും..

പിന്നെ കുറച്ച് പഴങ്ങളുമായിരുന്നു അവർക്ക് കഴിക്കാനായി കൊടുത്തത്.. കല്ല്യാണിക്ക് അത് കണ്ടപ്പോൾ ആഹാരം കിട്ടിയ സന്തോഷവും സായന്തിന് ഇതൊക്കെ എന്താ എങ്ങനെയാ കഴിക്കാന്നുള്ള ആശങ്കയുമാണ് മുഖത്ത് തെളിഞ്ഞത്.. “രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ലലോ.. കഴിക്ക് മക്കളെ” മൂപ്പൻ ആത്ഥിത്യമര്യാദ പാലിക്കുന്നതിൽ വ്യഗ്രതകാട്ടി.. കല്ല്യാണി അത് കേൾക്കേണ്ട താമസം ചൂടുള്ള മുളയരി കഞ്ഞിയിൽ കുറച്ച് പുഴുക്ക് എടുത്തിട്ട് നന്നായി ഒന്ന് ഇളക്കി യോജിപ്പിച്ച് മരതവികൊണ്ട് കോരി ഊതി ഊതി കുടിക്കാൻ തുടങ്ങി..

സായന്തിന് അവളുടെ പ്രവർത്തിയിൽ ആശ്ചര്യം തോന്നി.. അവളെ തന്നെ നോക്കി ഇരിക്കുന്ന സായന്തിനെ കുറച്ച് കഴിഞ്ഞാണ് കല്ല്യാണി കാണുന്നത്.. വായിൽ നിറച്ച് വെച്ചിരുന്ന കഞ്ഞി അവനെ നോക്കി വേഗത്തിൽ ചവച്ചിറക്കി നല്ലൊരു ഇളി പാസ്സാക്കി കണ്ണുകൾ കൊണ്ട് സൂപ്പറാ കഴിക്കാൻ പറഞ്ഞു.. സായന്ത് ഒന്ന് മടിച്ചെങ്കിലും പിന്നീട് കയ്യിലേക്ക് മരപാത്രമെടുത്ത് ഒരു തവി കഞ്ഞി കോരി വായിലേക്ക് വെച്ചു..

സായന്തിന്റെ നാവിലെ രസമുകുളങ്ങൾക്ക് പുതിയൊരു രുചിക്കൂട്ടായിരുന്നു ആ കഞ്ഞിയും പുഴുക്കും.. അവന്റെ മുഖത്തെ ആശങ്കകൾ ആ രുചിയിൽ അലിഞ്ഞു ഇല്ലാത്തായി തുടങ്ങി..ആ പുതുരുചിയുടെ സംതൃപ്തി അവന്റെ മുഖത്ത് തെളിഞ്ഞു.. കല്ല്യാണിയെ പോലെ അവനും വേഗത്തിൽ കഞ്ഞി കോരി കുടിച്ചു.. ഇടയ്ക്ക് അവളെ നോക്കിയപ്പോൾ അവൾ തന്റെ കഞ്ഞി ഫിനിഷ് ചെയ്ത് ഒരു പേരയക്കയുമായി മൽപിടുത്തം ആരംഭിച്ചിരുന്നു.. “ഇതൊക്കെ എവിടേക്ക് പോകുന്നേടി എരുമേ” സായന്ത് മൂപ്പനെ നോക്കി ചിരിച്ച് അവൾക്ക് കേൾക്കാൻ പാകത്തിന് പിറുപിറുത്തു.. കല്ല്യാണി അവനെ നോക്കി കൊണ്ട് തന്നെ അവനോടുള്ള ദേഷ്യമെല്ലാം പേരയ്ക്ക കടിച്ച് തിന്നു തീർത്തു..

വയറ് നിറഞ്ഞു കഴിഞ്ഞപ്പോൾ ഇരുവരും എണീറ്റ് പോയി കൈകഴുകി.. സായന്ത് കൈ തുടയ്ക്കാൻ ടവ്വലൊന്നും ഇല്ലാത്തതിനാൽ ചുറ്റും നോക്കി മറ്റൊന്നും ആലോചിക്കാതെ തനിക്ക് അരികിലായി കൈകഴുകി നിന്നിരുന്ന കല്ല്യാണിയുടെ പാവാട തുമ്പ് ഉയർത്തി തന്റെ കൈയ്യും മുഖവും തുടയ്ക്കാൻ ശ്രമിച്ചു.. കല്ല്യാണി ഒരു ഞെട്ടലോടെ ചാടി അവളുടെ പാവാട അവന്റേ കയ്യിൽ നിന്നും വലിച്ചെടുത്തു “നിങ്ങൾ എന്തോന്ന കള്ള് വണ്ടി കാണിക്കുന്നേ..എന്റെ പാവാട വലിച്ച് ഊരേ”

സായന്തിനും താൻ ചെയ്യാൻ പോയത് എന്താന്ന് അപ്പോഴാണ് വെളിവ് വന്നത്.. എങ്കിലും ആ ചമ്മൽ ഒളിപ്പിച്ച് വെച്ച് ” എന്താന്ന് നീ കണ്ടില്ലേ.. എന്റെ കൈയ്യും മുഖവും തുടയ്ക്കാൻ മറ്റൊന്നും കണ്ടില്ല” “അതിനു എന്റെ പാവടയാണോ കിട്ടിയേ മനുഷ്യ” “ഞാൻ തുടയ്ക്കും ഇവിടുന്ന് പോകും വരേയ്ക്കും നീ എന്റെ ടെപററി കെട്ടിയോളാണ്..അപ്പോ എനിക്ക് എന്തും ആകാടീ എരുമേ” അതും പറഞ്ഞ് സായന്ത് അവളെ ഒരു വലിക്ക് തന്റെ നെഞ്ചിലേക്കിട്ട് തിരിച്ചു നിർത്തി അവളുടെ വയറിൽ ഒരു കയ്യാൽ ചുറ്റി പിടിച്ച് വെള്ളം പറ്റിയിരുന്ന അവന്റെ മുഖം കല്ല്യാണി യുടെ ചുമലിൽ അമർത്തി തുടച്ചു..

അവന്റെ നിശ്വാസം പിൻകഴുത്തീൽ പതിഞ്ഞതും കല്ല്യാണി ഒരു വിറയലോടെ പെരുവിരൽ കുത്തി പൊന്തി അവനെ തട്ടി മാറ്റി നീങ്ങി നിന്നു.. താൻ ചെയ്ത കാര്യത്തിൽ ഒരു കൂസലില്ലാതെ അവളെ നോക്കി നിൽക്കുകയാണവൻ… “ദേ.. കുടിച്ച് വെളിവില്ലാതെ എന്റെ ദേഹത്ത് തൊട്ടു ഇത് പോലെ ഓരോന്ന് ചെയ്താൽ ഉണ്ടല്ലോ” കല്ല്യാണി ഒരു താക്കീതെന്നോണം തന്റെ ചൂണ്ടുവിരൽ ഉയർത്തി കാട്ടി യതും.. “ചെയ്താൽ നീ എന്ത് ചെയ്യും..

അല്ലാ നീയെന്നെ നേരത്തെ കെട്ടിപ്പിടിച്ച് വന്നല്ലോ.. അപ്പോ നീ കുടിച്ച് വെളിവില്ലാതെ നിൽക്കായിരുന്നോ” സായന്ത് അവൾ നീട്ടിപ്പിടിച്ച ചൂണ്ടുവിരൽ തന്റെ ഒരു വിരലാൽ താഴ്ത്തി “അത് പിന്നെ.. ഞാൻ.. ഞാൻ..നമ്മൾ എന്തായാലും അഭിനയിക്കുകയാണ് വിശ്വാസ്യത കൂടിക്കോട്ടെന്ന് വച്ച് ചെയ്തതാണ്” സായന്തിന്റെ മുഖത്ത് നോക്കാതെ മനസ്സിൽ തോന്നിയ കള്ളം അവൾ പറഞ്ഞു.. “അല്ലാതെ ആ പെൺകുട്ടികൾ എന്നെ നോക്കിയ കുശുമ്പ് കൊണ്ടല്ലലേടി എരുമേ” സായന്ത് ഒന്ന് കുനിഞ്ഞ് തലകുനിച്ചു നിൽക്കുന്ന കല്ല്യാണിയുടെ മുഖത്തേക്ക് നോക്കി ഒരു പുരികമുയർത്തി.. “പിന്നേ… ഒരു അഴകിയ രാവണൻ.. പെൺകുട്ടികൾ നോക്കാനും അത് കണ്ട് ഞാൻ കുശുമ്പ് കാട്ടാനും” കല്ല്യാണി പുച്ഛത്തോടെ മുഖം തിരിച്ചു..

“നിനക്കേ കല്ല്യാണി എന്ന പേരല്ല യോജിക്ക.. കള്ളിറാണി എന്ന പേരാ കൂടുതൽ ചേരാ.. ഒരു ഉളുപ്പുമില്ലാതെ അല്ലേ കള്ളം പറയണേ.. അതും എംഎ സൈക്കോളജിയും, ക്രിമനോളജിയും പഠിച്ച് എൽ എൽ ബി എടുത്ത് ക്രിമിനൽ കേസുകൾ മാത്രം കൈകാര്യം ചെയ്യുന്ന ഈ എന്നോട്” അവനെ തുറിച്ചു നോക്കി കവിൾ വീർപ്പിച്ചു ചുണ്ട് കൂർപ്പിച്ചു നിന്നിരുന്ന കല്ല്യാണിയുടെ കവിളിൽ സായന്ത് ഒരു വിരലാൽ ഒരു കുത്ത് കൊടുത്തു.. “നിങ്ങളുടെ പ്രണയ വിവാഹം ആയിരുന്നോ..” ചോദ്യം ചോദിച്ച ആൾക്കായി ഇരുവരും തിരിഞ്ഞു നോക്കി.. അവരെ നോക്കി പുഞ്ചിരി തൂകി അടുത്ത് വരുന്ന മൂപ്പൻ.

. “ആ.. അതേ.. ഞങ്ങൾ ഒരു എട്ട് വർഷം പ്രണയത്തിൽ ആയിരുന്നു.. എന്നിട്ടാണ് ഒന്നിച്ചത്.. അല്ലേ കല്ലു” സായന്ത് നേരത്തെ കവിളിൽ കുത്തിയ കുത്തിൽ കാറ്റ് പോയ ബലൂൺ പോലെ നിന്ന കല്ല്യാണിയെ തന്റെ അടുത്തേക്ക് വലിച്ച് ചേർത്ത് നിർത്തി കൊണ്ടാണ് മറുപടി പറഞ്ഞത്.. “നിങ്ങളെ കണ്ടപ്പോഴേ തോന്നിയെനിക്ക്” “മൂപ്പനോട് സംസാരിച്ചപ്പോൾ തൊട്ടു ഒരുകാര്യം ചോദിക്കുണമെന്ന് കരുതിയതാണ്..” മൂപ്പനും കല്ല്യാണിയും ചോദ്യഭാവത്തിൽ സായന്തിനെ നോക്കി

“മൂപ്പൻ ഞങ്ങൾ സംസാരിക്കുന്നത് പോലെ തന്നെയാണ് സംസാരിക്കുന്നത്.. ഞാൻ ഉദ്ദേശിച്ചത് മലയാളം.. മറ്റ് ഊരുവാസികൾ സംസാരിക്കുന്നത് പോലെ തമിഴ്ചുവ്വ തീരെ കാണാനില്ല..” സായന്തിന്റെ ചോദ്യം ശരിവയ്ക്കുന്ന ഭാവമാണ് കല്ല്യാണിയുടെ മുഖത്തും.. മൂപ്പൻ ഒരിക്കലും മറക്കരുതെന്ന് കരുതി തന്റെ ഓർമ്മചെപ്പിൽ ഭദ്രമായി പൂട്ടി വെച്ചിരുന്ന പഴയ ഓർമ്മകൾ പൊടി തട്ടിയെടുത്ത് അവിടെ നിന്നിരുന്ന വലിയൊരു പാറക്കല്ലിലേക്ക് ഇരുന്നു.. സായന്തും കല്ല്യാണിയും മൂപ്പന്റെ മറുപടിയ്ക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ്..

” ഞാനൊരു ആദ്യവാസിയല്ല മക്കളെ .. നിങ്ങളെ പോലെയൊക്കെ തന്നെ നഗരത്തിൽ നിന്നും വന്നതാണ്.. ” “അപ്പോ പിന്നെ ഇവിടെ എങ്ങനെയെത്തി.. ഇവിടുത്തെ മൂപ്പനായി..”ആ ചോദ്യത്തിന്റെ ഉറവിടം കല്ല്യാണിയാണ് മൂപ്പൻ ദീർഘനിശ്വാസം വിട്ട് “ഞാനൊരു പാരലൽ കോളേജ് അധ്യാപകനായിരുന്നു.. അധ്യാപനതോടൊപ്പം കുറച്ച് സാമൂഹ്യ സേവനവും പരിസ്ഥിതി സംരക്ഷണ പ്രവർത്തകനുമായിരുന്നു.. ഞാൻ നേരത്തെ സൂചിപ്പിച്ച കാദംബരി പുഴയുടെ സംരക്ഷണത്തിന്റെ ഭാഗമായി ചെറിയൊരു ഉപവാസ സത്യാഗ്രഹം നടത്താൻ ഈ വനത്തിലേക്ക് എത്തിയതാണ് ഞാനടങ്ങുന്ന പതിനഞ്ചംഗ സംഘം.. കുറച്ചധികം ദിവസം ഞങ്ങൾക്കീവിടെ താമസിക്കേണ്ടതായി വന്നു..

അതിനിടയിലാണ് മൂപ്പന്റെ മകളായ മല്ലിയുമായി ഇഷ്ടത്തിലാകുന്നത്” “എന്നിട്ട്” ഇരുവരും ആകാംഷയോടെ ഉറ്റു നോക്കി കൊണ്ട് നിൽക്കുകയാണ്.. ” സത്യാഗ്രഹ പരിപാടി കഴിഞ്ഞിട്ടും ഞാൻ എന്റെ മല്ലിയെ കാണാനായി മിക്ക ദിവസങ്ങളിലും ഇവിടേക്ക് വന്നിരുന്നു.. ഞങ്ങളുടെ രഹസ്യസമാഗമം മൂപ്പനും മറ്റ് ചിലരും കൂടി പിടിച്ചു.. സംഭവം വഷളായി… എനിക്കെന്റെ മല്ലിയെ നഷ്ടപ്പെടുത്താൻ സാധിക്കില്ലായിരുന്നു.. ഞാൻ ആദ്യമായി പ്രണയിച്ചതും മനസ്സ് കൊടുത്തതും എന്റെ മല്ലിക്ക് മാത്രമായിരുന്നു…

എന്റെ വാക്കുകളിലൂടെ ഞാൻ അവൾക്ക് നൽകിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഞാൻ ബാധ്യസ്ഥനാണ്.. അത് തന്നെയാണല്ലോ നട്ടെല്ലുള്ള ആണിന്റെ ലക്ഷണവും.. വാക്ക് കൊടുത്ത പെണ്ണിനെ ഏത് പ്രതിസന്ധിയിലും കൈവിടാതെ ഇരിക്കാന്നുള്ളത്.. വാക്ക് കൊടുത്ത് സ്നേഹം കാണിച്ച് പറ്റിക്കാതെ ഇരിക്കാന്നുള്ളത്..” മൂപ്പന്റെ അവസാന വാക്കുകൾ സായന്തിലൊരു ഞെട്ടലുണ്ടാക്കി.. അവന്റെ മുഖത്തൊരു കുറ്റബോധം നിഴലിച്ചു.. അവൻ ഇടംകണ്ണിട്ട് അവളെ നോക്കിയപ്പോൾ കല്ല്യാണി തന്റെ കൺകോണിൽ നനവ് പടർത്തി അവനെ നോക്കി നിൽക്കുകയായിരുന്നു..

അവളുടെ നോട്ടതെ നേരിടാനാകാതെ സായന്ത് കണ്ണുകൾ മൂപ്പനിലേക്ക് പറിച്ച് നട്ടു..മൂപ്പൻ തന്റേ പഴയ പ്രണയ ഓർമ്മകളിൽ വാചാലനായി തുടരുകയാണ് ” മല്ലിക്ക് ഊര് വിലക്ക് കൽപിക്കുമെന്ന സ്ഥിതിയിൽ എത്തുമെന്നായപ്പോൾ അവളുടെ അപ്പന്റെ മുന്നിൽ ചെന്ന് മല്ലിയെ ഞാൻ വിവാഹം കഴിച്ചു കൊള്ളം.. അതിനായി എന്തിനും തയ്യാറാണെന്ന് പറഞ്ഞു.. അതിനായി അദ്ദേഹം പറഞ്ഞത് ഒരേ ഒരു കാര്യമാണ്.. ഞാൻ എന്റെ നാട് ഉപേക്ഷിച്ച് ഇവിടെ ഈ കാട്ടിൽ ഇവരോടൊപ്പം താമസിക്കുക എന്നതായിരുന്നു.. ഞാനത് അനുസരിച്ചു.. മല്ലിയെ വിവാഹം കഴിച്ച് ഇപ്പോ പതിനെട്ട് വർഷം ആയിരിക്കുന്നു നാട്ടിൽ പോയിട്ട്..

മല്ലിയുടെ അപ്പന്റെ മരണ ശേഷം മൂപ്പനായി എന്നെ തിരഞ്ഞെടുത്തു.. ഇനി അവസാന ശ്വാസം വരെ എന്റെ മല്ലിയേയും ഈ കാടിനേയും വിട്ട് എങ്ങോട്ടുമില്ല” മൂപ്പൻ തന്റെ കണ്ണുകളിൽ ദൃഢനിശ്ചയം തെളിയിച്ച് കൊണ്ട് ഒരു പുഞ്ചിരിയോടെ പറഞ്ഞു നിർത്തി.. സായന്തും കല്ല്യാണിയും അപ്പോഴും മൂപ്പനെ ഉറ്റ് നോക്കി കൊണ്ട് നിൽക്കുകയാണ്.. “നേരം ഒരുപാടായി മക്കളെ.. മോള് വയറ്റുകണ്ണിയല്ലേ.. അധികനേരം ഇവിടെ നിൽക്കുന്നത് അത്ര നല്ലത് അല്ല.. പിന്നെ മഞ്ഞ് വീഴാൻ തുടങ്ങും.. നിങ്ങൾക്ക് കിടക്കാൻ മല്ലി ഏറ്മാടത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.. മക്കൾ വായോ.. ” മൂപ്പൻ അത് പറഞ്ഞ് തിരിഞ്ഞു നടന്നു…

ഓർമ്മകൾ വേട്ടയാടി ചിന്താഭാരമേറിയ തങ്ങളുടെ മനസ്സുകൾ കൊണ്ട് കല്ല്യാണിയും സായന്തും മൂപ്പന് പിന്നാലെ നടന്നു.. ############################## അത്ര ഉയരമില്ലാത്തൊരു മരത്തിൽ രണ്ടാൾക്ക് മാത്രം താമസിക്കാൻ സൗകര്യമുള്ള ആ ഏറുമാടത്തിൽ ചെറിയ ഒരു പനമ്പ് നെയ്യ്ത് തീർത്ത കട്ടിലാണ് ഇട്ടിരുന്നത്.. ഏറുമാടത്തിൽ എത്തിയിട്ടും ഇരുവർക്കിടയിൽ ഒരു നിശബ്ദ തളം കെട്ടി നിന്നിരുന്നു.. ഏറുമാടത്തിന്റെ കൈവരിയിൽ കൈകൾ ഊന്നീ രാവിന്റെ ഇരുളിമയിലേക്ക് കണ്ണുകൾ പായിച്ച് ദീർഘ ചിന്തയിലാണ്ട് നിൽക്കുന്ന സായന്തിലേക്ക് കല്ല്യാണിയുടെ കണ്ണുകൾ ഇടയ്ക്കിടെ തേടി ചെല്ലുന്നുണ്ട്..

മൂപ്പന്റെ കഥ കേട്ടതിനു ശേഷം സായന്ത് ഒന്നും മിണ്ടുന്നില്ല.. അവൾക്കെന്തോ വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു.. കല്ല്യാണി എന്ത് ചെയ്യണമെന്നറിയാതെ കുറേയേറെ നേരം അങ്ങനെ ഇരുന്നു… ഇതേസമയം സായന്ത് മൂപ്പന്റെ വാക്കുകൾ അവന്റെ മനസ്സിലുണ്ടാക്കിയ കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് അസ്വസ്ഥനായി നിൽക്കുകയാണ്.. വാക്ക് കൊടുത്ത് സ്നേഹം കാണിച്ച് പറ്റിക്കുക.. നട്ടെല്ലുള്ള ആണുങ്ങൾക്ക് ചേർന്ന പണിയല്ല.. അവന് വല്ലാത്ത കുറ്റബോധം തോന്നി..

ആ നീറ്റലിലാണ് അവന് കല്ല്യാണിയെ ഓർമ്മവന്നത്.. ഇത്ര നേരമായിട്ടും അവളവിടെ ഉള്ള കാര്യം അവൻ വിസ്മരിച്ചിരുന്നു.. സായന്ത് ധൃതിയിൽ തിരിഞ്ഞു കല്ല്യാണിക്കായി തന്റെ കണ്ണുകൾ കൊണ്ട് അന്വേഷണം ആരംഭിച്ചു.. ഏറുമാടത്തിന്റെ മൂലയിൽ ചുരുട്ടി വച്ചിരുന്ന പുൽപായ താഴെ വിരിച്ച് കിടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അപ്പോഴവൾ.. “താഴെ കിടക്കണ്ട.. ഡേറ്റ് ആയിരിക്കല്ലേ” അവൻ അവളെ നോക്കാതെ അവളുടെ കയ്യിലെ പായ വാങ്ങി താഴെ വിരിച്ച് ഇട്ടിരുന്ന ബനിയൻ ഊരി അടുത്ത് വച്ച് പായയിലേക്ക് കിടന്ന് ഒരു കയ്യെടുത്ത് നെറ്റിയിലേക്ക് കയറ്റി വെച്ച് ഉറങ്ങാൻ ശ്രമിച്ചു..

അവന്റെ മൗനം കല്ല്യാണിയെ പൊള്ളിക്കുന്നുണ്ടായിരുന്നു.. അവനിത് എന്ത്പറ്റിയെന്നുള്ള ചിന്തയിലാണ്ട് തന്നെ കല്ല്യാണി അവനെ നോക്കി കൊണ്ട് കട്ടിലിലേക്ക് കിടന്നു.. രാവിലെതെ അലച്ചിന്റെ ക്ഷീണം കാരണം ഇരുവരേയും നിദ്ര വേഗത്തിൽ കടാക്ഷിച്ചു.. ############################## സായന്തിന്റെ വേദനയോടുള്ള മുക്കലും മുരളലും കേട്ടിട്ടാണ് കല്ല്യാണി കണ്ണു തുറന്നത്.. തിരി താഴ്ത്തി വെച്ചിരുന്ന റാന്തൽ വിളക്കിന്റെ തിരി കയറ്റി വെച്ച് കല്ല്യാണി അവനെ നോക്കി.. വേദനയോടെ നെറ്റി ചുളിച്ച് കണ്ണുകൾ തുറക്കാതെ തിരിഞ്ഞു മറിഞ്ഞും കിടക്കുന്ന സായന്തിന്റെ അരികിലേക്കവൾ ആദിയോടെ ചെന്നു..

പുറം തിരിഞ്ഞ് കിടന്നിരുന്ന അവന്റെ മുഖത്തേക്ക് നോക്കിയപ്പോഴാണ് പുറത്തെ മുറിവിലേക്കവൾ ശ്രദ്ധിച്ചത്.. അത് പഴുത് തുടങ്ങിയിരിക്കുന്നു.. മുറിവ് പറ്റിയ ഇടം നീര് വെച്ച് വീങ്ങി വീർത്തിരിക്കുന്നു.. ആ നിമിഷം അവളിലൂടൊരു വേദന കടന്ന് പോയി.. സായന്തിന്റെ മുറവിലേക്ക് കൈ നീട്ടി പതിയെ തടവി.. വേദനയോടെ അവൻ ഞെരുങ്ങി ഷോൾഡർ വെട്ടിച്ചു.. അവൻ അനുഭവിക്കുന്ന വേദനയുടെ ആഴം അവന്റെ വലിഞ്ഞ് മുറുകിയ മുഖത്ത് നിന്ന് വായിച്ചെടുക്കാം.. ആ വേദന ഇപ്പോൾ കല്ല്യാണിയിലേക്കും പടർന്നിട്ടുണ്ട്… അവൾ വർധിച്ച നെഞ്ചിടിപ്പോടെ അവന്റെ മുഖത്ത് തലോടിയതും പൊള്ളുന്ന ചൂട് തട്ടി അവൾ കൈ വലിച്ചു.

. വെപ്രാളത്തോടെ അവന്റെ കഴുത്തിലും നെറ്റിയിലും മാറി മാറി തൊട്ടു നോക്കി.. ” ഈശ്വരാ നന്നായി പനിക്കുന്നുണ്ടല്ലോ” എന്തോ ഓർത്തത് പോൽ കല്ല്യാണി തട്ടി പിടഞ്ഞ് എണീറ്റ് രാവിലെ അവൻ തന്ന ചുവന്ന ബാഗ് തുറന്ന് അതിൽ നിന്ന് ഫസ്റ്റ് എയ്ഡ് ബോക്സും മൂലയിൽ ഇരുന്ന കൂജയിൽ നിന്ന് ഒരു ഗ്ലാസ് വെള്ളവുമെടുത്ത് ധൃതിയിൽ അവനരികിലേക്ക് ഇരുന്നു.. ഫസ്റ്റ് എയ്ഡ് ബോക്സിൽ നിന്നും മുറിവിനുള്ള ഓയിൻമെന്റ് എടുത്ത് അവന്റെ മുറിവിൽ പുരട്ടി കൊടുത്ത്..

അവളുടെ വിരലുകൾ കൊള്ളുന്ന വേദനയിൽ അവൻ ഞെളിപിരി കൊണ്ട് കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്നുണ്ട്.. അവന്റെ മുഖത്തേക്ക് ആദിയോടെ നോക്കിയവൾ അവനെ പതിയെ പൊക്കി തന്റെ വലതു ചുമലാൽ താങ്ങി നിർത്തി പനി മൂലം വരണ്ട അവന്റെ ചുണ്ടുകൾ വിരലുകളാൽ വിടർത്തി പിടിച്ചുകൊണ്ട് ഗുളികയും വെള്ളവും കൊടുത്തു.. പനി ചൂടിന്റെ നല്ല ദാഹം തോന്നിയതിനാൽ ആകണം സായന്ത് വേഗത്തിൽ ഇറക്കി…

കല്ല്യാണി അവന്റെ നെറ്റിയിൽ പതിയെ തടവി താഴെ കിടത്തി.. പനി കുറയുന്നത് വരെ അവനരികിൽ ഇരുന്നു.. പനി ചൂട് വിടകന്ന് തുടങ്ങിയതും കല്ല്യാണി അവനെ ഒരിക്കൽ കൂടി തൊട്ടു നോക്കി ബോധ്യപ്പെട്ട് കിടക്കാനായി എണീറ്റതും സായന്ത് അവളെ വലിച്ച് അടുത്ത് കിടത്തി അവളുടെ വയറിലൂടെ കയ്യിട്ട് നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ച് അവളുടെ മാറിലേക്ക് അവന്റെ മുഖം പൂഴ്ത്തിയിരുന്നു.. പെട്ടെന്നുള്ള സായന്തിന്റെ പ്രവർത്തിയിൽ കല്ല്യാണി വിറച്ച് കുതറി മാറാൻ ശ്രമിച്ചു..

അവൾ കുതറുംതോറും അവന്റേ പിടി മുറുകി അവളിലേക്ക് പറ്റി ചേരാണ് ചെയ്യ്തത്.. തണുത്തുറഞ്ഞ് തുടങ്ങിയ അവന്റെ ശരീരം അവളിലെ ചൂട് തേടി പരക്കം പായാൻ തുടങ്ങി.. കല്ല്യാണി വെപ്രാളത്തോടെ മുഖമുയർത്തി അവനെ നോക്കി അവൻ ഉറക്കത്തിൽ തന്നെയാണ്..അവന്റെ ബലിഷ്ടമായ കൈകൾ അവളെ ശ്വാസം മുട്ടിക്കുന്നുണ്ടെങ്കിലും അതിലൊരു പ്രത്യേക സംരക്ഷണം അവൾക്ക് അനുഭവപ്പെട്ടു..അവന്റെ പിടി അഴയില്ലെന്ന് കണ്ട കല്ല്യാണി ഒരു പുഞ്ചിരിയോടെ അവന്റെ മുടിയിൽ തന്റെ നനുത്ത വിരലുകളാൽ തഴുകി.. ആ നിമിഷം സായന്തിന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞുരുന്നു.. ഒരു കുറുകലോടവൻ അവളുടെ മാറിലേക്ക് പിന്നെയും പറ്റി ചേർന്നു കിടന്നു……….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
"
"