Novel

യെസ് യുവർ ഓണർ: ഭാഗം 21

[ad_1]

രചന: മുകിലിൻ തൂലിക

” കൊല്ലല്ലേ ചേട്ടാ.. ഇനി എനിക്ക് എല്ലാ പെണ്ണുങ്ങളും പെങ്ങമാരാണ്.. എന്റെ അമ്മ പോലും ഇനി എന്റെ പെങ്ങളായിരിക്കും..” കോഴി നിലത്ത് കിടന്ന് കരഞ്ഞ് കൊണ്ട് തൊഴുതു.. “ആ… അത്.. ” സായന്ത് ചൂണ്ടുവിരൽ ഉയർത്തി താക്കീത് നൽകി ഷർട്ടിന്റെ കൈ വലിച്ച് നേരെയിട്ട് തന്റെ വണ്ടി ലക്ഷ്യമാക്കി നടന്നു.. കോഴിയെ തല്ലി തിരിഞ്ഞു നടന്ന് പോകുന്ന അവനെ കല്ല്യാണി കാറിന്റെ സൈഡ് മിററിലൂടെ നോക്കി കാണുന്നുണ്ടായിരുന്നു.. ##############################

വീട്ടിലെത്തിയതും കാറിന്റെ ഡോർ ചവിട്ടി തുറന്ന് വലിയ ദേഷ്യത്തോടെയാണ് സായന്ത് മുറിയിലേക്ക് കയറി പോയത്.. റൂമിൽ കയറിയതും ദേഷ്യം സഹിക്ക വയ്യാതെ കണ്ണിൽ കണ്ടതെല്ലാം അവൻ തല്ലിപ്പൊട്ടിച്ചു.. കല്ല്യാണിയുടെ അവഗണന അവനിൽ ഒരുപോലെ ദേഷ്യവും സങ്കടവും നിരാശയും നിറച്ച് ഉന്മാദവസ്ഥയിൽ എത്തിച്ചിരുന്നു.. അവന്റെ മുറിയിലെ ബഹളം കേട്ട് സായു പേടിയോടെ അവന്റെ മുറിയിലേക്ക് പോകാൻ ഒരുങ്ങിയതും കുമാരേട്ടൻ അവളെ തടഞ്ഞു..

എന്താ കാര്യമെന്ന് അറിയാതെ സായു കുമാരേട്ടന്റെ മുഖത്തേക്ക് പകച്ച് നോക്കി നിന്നു.. ” എന്താ കുമാരേട്ടാ.. ഏട്ടനിത് എന്ത് പറ്റി.. ഇവിടുന്ന് പോകും വരെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലല്ലോ” കുമാരൻ ഹാളിലാകെ കണ്ണുകൾ കൊണ്ട് ചുറ്റും അന്വേഷണം നടത്തി ” കുട്ടികൾ എന്തേ മോളേ” “അവർ എന്റെ മുറിയിൽ ഉണ്ട്.. കാർട്ടൂൺ കാണുകയാണ്” “ഉം.. മോളിങ്ങ് പുറത്തേക്ക് വായോ.. നമ്മൾ പറയുന്നത് കുട്ടികൾ കേൾക്കണ്ട” സായന്തിന്റെ മുറിയിലേക്ക് ഒന്ന് കൂടി നോക്കി കൊണ്ട് സായു കുമാരേട്ടനൊപ്പം പുറത്തേക്ക് ഇറങ്ങി..

” എന്താ പ്രശ്നം കുമാരേട്ടാ” ” ഞങ്ങൾ ഇന്ന് കല്ല്യാണി മോളേ കണ്ടു” ” കല്ലു ചേച്ചിയേയോ.. എന്നിട്ടെന്താ കൂട്ടി കൊണ്ട് വരാതെയിരുന്നേ” ” ആ കുട്ടി മോനേ അറിയാത്തത് പോലെയാ പെരുമാറിയത്.. പേര് കല്ല്യാണി അല്ലെന്നും മോനേ അറിയില്ലെന്നൊക്കെ പറഞ്ഞു..” “ഏട്ടനെ അറിയില്ലെന്ന് പറഞ്ഞോ.. എനിക്കൊന്നും മനസ്സിലാകുന്നില്ല” “ഞങ്ങൾക്കും അതേ.. മോളിപ്പോ മോനോട് ഇതേ കുറിച്ചൊന്നും ചോദിക്കണ്ട.. ” “ഉം” സായു ഒന്ന് മൂളി.. അവളുടെ ഉള്ളിലും ഒരുപാട് സംശയങ്ങൾ മുളപ്പൊട്ടി തുടങ്ങിയിരുന്നു.. ഇതേസമയം സായന്ത് തന്റെ ദേഷ്യത്തിനും വിഷമത്തിനും ഒരു ശമനം വന്നതോടെ ബെഡിൽ ഇരുന്ന് ഗഹനമായ ചിന്തയിലായിരുന്നു..

കല്ല്യാണിയുടെ ഭാവമാറ്റം അവന്റെ മാനസികാവസ്ഥയെ അപ്പാടെ മാറ്റി മറിച്ചിരുന്നു.. ചിന്തകൾക്ക് ഇടയിലും അവന്റെ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു.. അവളെ കുറിച്ച് അറിയാൻ എന്തെങ്കിലും മാർഗം ലഭിക്കുമൊന്ന് അവൻ ഓർത്ത് കൊണ്ടേയിരുന്നു.. അപ്പോഴാണ് കല്ല്യാണിയുടെ കാറിന്റെ നമ്പർ അവന്റെ ഓർമ്മയിൽ തെളിഞ്ഞത്.. കണ്ണുകൾ തുടച്ച് സായന്ത് ഫോണെടുത്ത് തന്റെ കേസുകളിൽ സഹായിച്ചിരുന്ന സുഹൃത്ത് രാകേഷിനെ വിളിച്ചത്.. രാകേഷ് സിറ്റി ട്രാഫിക് സെക്ഷനിലെ ഉദ്യോഗസ്ഥനാണ്.. വണ്ടി നമ്പർ കൊടുത്ത് കാര്യവും പറഞ്ഞപ്പോൾ രാകേഷ് സഹായിക്കമെന്നേറ്റു.

ഒരു പത്ത് മിനിറ്റ് ശേഷം വണ്ടിയുടെ ഉടമസ്ഥനെ കുറിച്ചുള്ള ഡീറ്റെയിൽസ് നൽകാമെന്ന് അയാൾ അറിയിച്ചു.. കല്ല്യാണിയെ കുറിച്ച് എന്തെങ്കിലും വിവരം അറിയാൻ ഒരു കച്ചി തുരുമ്പ് ലഭിച്ചത്തിന്റെ നേരിയ ആശ്വാസം അവന് തോന്നിയെങ്കിലും സായന്ത് അക്ഷമനായി റൂമിലൂടെ നടക്കാൻ ആരംഭിച്ചു.. പത്ത് മിനിറ്റ് ആകും മുൻപേ രാകേഷ് തിരികെ വിളിച്ചു.. വർധിച്ച നെഞ്ചിടിപ്പോടെ ആണ് സായന്ത് ആ കോൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തത്.. “സായന്ത് താൻ പറഞ്ഞ വണ്ടിയുടെ ഡീറ്റെയിൽസ് ഞാനെടുത്തു” ” ആരുടെ പേരിലാ റെജിസ്റ്റർ ചെയ്തിരിക്കുന്നേ” സായന്ത് ഫോണുമായി ബാൽക്കണിയിലേക്ക് ഇറങ്ങി..

” അതാണ് രസം തന്റെ ശത്രുവിലെ അഡ്വക്കേറ്റ് മേനോൻ അയാളുടെ പേരിലാണ് വണ്ടി റെജിസ്റ്റർ ചെയ്തിരിക്കുന്നത്” “മേനോന്റെ പേരിലോ..?” സായന്തിന് കേട്ടത് വിശ്വസിക്കാൻ സാധിച്ചില്ല.. ” അതേടോ.. താൻ എന്തായാലും അഡ്രസ് നോട്ട് ചെയ്തോ” രാകേഷ് പറഞ്ഞ് കൊടുത്ത അഡ്രസ് സായന്ത് എഴുതി എടുത്ത് രാകേഷിനോട് നന്ദി അറിയിച്ച് കോൾ കട്ട് ചെയ്തു.. മേനോനും കല്ല്യാണിയും തമ്മിലുള്ള ബന്ധം എത്ര ആലോചിച്ചിട്ടും സായന്തിന് ഒരു പിടുത്തവും കിട്ടുന്നുണ്ടായില്ല.. മേനോന് മക്കൾ ഉള്ളതായി ഒരു അറിവും ഇല്ലാതിരുന്നു.. സായന്ത് കുറച്ചു നേരം കൂടി ബാൽക്കണിയിൽ നടന്ന് കയ്യിലെ അഡ്രസ്സിലേക്ക് ഒരു വട്ടം കൂടി നോക്കി എന്തോ തീരുമാനിച്ച് ഉറപ്പിച്ചത് പോൽ കാറിന്റെ കീയുമെടുത്ത് പുറത്തേക്ക് പാഞ്ഞു..

അവന്റെ പോക്ക് കണ്ട് സായു ഓടി വന്നെങ്കിലും കാറ് ഗേറ്റ് കടന്ന് പാഞ്ഞ് പുറത്തേക്ക് പോയിരുന്നു.. ############################## അഡ്വക്കേറ്റ് വാസുദേവ മേനോൻ.. MA LLB എന്നെഴുതിയ വീടിന് മുൻപിലായാണ് സായന്തിന്റെ കാർ പാഞ്ഞ് ചെന്ന് നിന്നത്.. ഗേറ്റ് അടഞ്ഞ് കിടക്കുകയായിരുന്നു.. കാറിന്റെ ഡോർ വേഗത്തിൽ തുറന്ന് ഗേറ്റിന് അടുത്തെത്തിയതും സെക്യൂരിറ്റി അവനെ തടഞ്ഞു.. അകത്തേക്ക് കയറ്റി വിടാൻ പറഞ്ഞിട്ടും സെക്യൂരിറ്റി അവനെ അനുവദിച്ചില്ല.. ദേഷ്യം വന്ന സായന്ത് സെക്യൂരിറ്റി യുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ഒരു വശത്തേക്ക് തള്ളി കൊണ്ട് ഗേറ്റ് ഒരൂക്കോടെ ചവിട്ടി തുറന്ന് വീടിനെ ലക്ഷ്യമാക്കി അകത്തേക്ക് പാഞ്ഞു..

വീടിന് മുന്നിൽ എത്തിയതും ” കല്ല്യാണി……….” അതൊരു അലർച്ച തന്നെയായിരുന്നു.. അത് കേട്ടതോടെ അകത്ത് തന്റെ മുറിയിൽ ആയിരുന്ന കല്ല്യാണി ഒരു വിറയലോടെ എണീറ്റു.. അതേസമയം അവന്റെ ശബ്ദം മേനോന്റെ ചെവിയിലും പതിച്ചിരുന്നു.. അയാൾ പുറത്തേക്ക് ഇറങ്ങാൻ പോയതും അയാളുടെ ഭാര്യ നിർമ്മലയും കൂടെ വരാൻ തുടങ്ങി.. കത്തുന്ന ഒരു നോട്ടത്തോടെ ആ പാവം സ്ത്രീയുടെ ആ ഒരുക്കത്തെ അയാൾ തടഞ്ഞു.. ദേഷ്യത്തോടെ വാതിൽ തുറന്ന് അയാൾ പുറത്തേക്ക് ഇറങ്ങി സായന്തിനെ പുച്ഛത്തോടെ നോക്കി കൊണ്ട് ” നിനക്കെന്താടാ എന്റെ വീട്ടിൽ കാര്യം” ” എന്റെ കല്ല്യാണി എവിടെ എനിക്ക് അവളെയാണ് കാണേണ്ടത്..

അവളെ വിളിക്ക്.. കല്ല്യാണി” അവൻ അകത്തേക്ക് എത്തി നോക്കി കൊണ്ട് വിളിച്ചു.. “നിന്റെ ആരും ഇവിടെ ഇല്ല.. ഇവിടെ ഞാനും എന്റെ ഭാര്യയും മകളും മാത്രമൊള്ളൂ.. മദ്യപിച്ച് വീട്ടിൽ കയറി വന്ന് ഗുണ്ടായിസം കാണിക്കാൻ നോക്കിയാൽ പോലീസിനെ വിളിക്കും ഞാൻ.. എന്താ ശിക്ഷയെന്ന് പ്രഗത്ഭനായ അഡ്വക്കേറ്റ് സായന്തിന് പറഞ്ഞ് തരണ്ടല്ലോ” മേനോന്റെ വാക്കുകളിലും മുഖത്തും പുച്ഛം നിറഞ്ഞ് നിൽക്കുന്നു.. “താൻ ആരേ വിളിച്ചാലും എനിക്ക് പുല്ലാണ്.. എന്ത് തന്നെ സംഭവിച്ചാലും ഞാൻ കല്ല്യാണിയെ കൂട്ടി കൊണ്ടേ പോകൂ..അവളെ വിളിക്ക്” സായന്ത് അകത്തേക്ക് കയറാൻ ഒരുങ്ങിയതും സെക്യൂരിറ്റി അവനെ വട്ടം പിടിച്ച് ഗേറ്റ് പുറത്തേക്ക് വലിച്ചു..

മേനോൻ അവനെ ദേഷ്യത്തോടെ നോക്കി കൊണ്ട് അകത്തേക്ക് കയറി പോയി.. ഇതേസമയം കല്ല്യാണി തന്റെ മുറിയിൽ മുട്ടിലേക്ക് തന്റെ മുഖം ചേർത്ത് വച്ച് ഏങ്ങലടിച്ചു കരയുകയാണ്.. “കല്ല്യാണി നീ ഇറങ്ങി വരുന്നുണ്ടോ.. നിന്നെ കണ്ടിട്ടേ ഞാൻ പോകുന്നൊള്ളൂ.. ആരൊക്കെ എന്നേ തടഞ്ഞാലും നീന്നെ കൊണ്ടേ ഞാൻ പോകൂ.. കല്ല്യാണി എനിക്കറിയാം നിനക്കെന്നെ മനസ്സിലായെന്ന്… കല്ല്യാണി” അവന്റെ ശബ്ദം ചെവിയിൽ വന്ന് പതിച്ചതും കല്ല്യാണി ചെവികൾ അമർത്തി പൊത്തിപ്പിടിച്ചു.. “കല്ല്യാണി.. ഇറങ്ങി വരാൻ.. അല്ലെങ്കിൽ വാതിൽ ചവിട്ടി പൊളിച്ച് ഞാൻ അകത്തേക്ക് വരും..”

അത് കേട്ടതോടെ കല്ല്യാണി എന്തോ തീരുമാനിച്ച് ഉറപ്പിച്ചത് പോൽ മുഖം അമർത്തി തുടച്ച് വാതിൽ തുറന്ന് താഴേക്കു ഇറങ്ങി സായന്തിന്റെ മുമ്പിലേക്ക് ചെന്നു.. അവളെ കണ്ടതും സായന്തിന്റെ മുഖം തെളിഞ്ഞു.. തന്നെ ചുറ്റിപ്പിടിച്ച സെക്യൂരിറ്റിയുടെ ഷർട്ടിൽ വലിച്ച് മുമ്പിലേക്ക് നിർത്തി ഒരു ചവിട്ടു കൊടുത്ത് അവൻ കല്ല്യാണിയുടെ അടുത്തേക്ക് പാഞ്ഞു.. ” കല്ല്യാണി വാ നമുക്ക് പോകാം” അവൻ അവളുടെ കയ്യിൽ പിടിച്ച് വലിച്ചു ” എന്റെ കയ്യിൽ നിന്ന് വിട്.. ” കല്ല്യാണിയുടെ ശബ്ദം കടുപ്പമായിരുന്നു.. സായന്ത് അവളുടെ മുഖത്തേക്ക് അമ്പരപ്പോടെ നോക്കി.. ” നിങ്ങൾ എന്ത് ബലത്തിലാ ഇവിടേക്ക് വന്നത്..

എന്നെ കൂട്ടി കൊണ്ട് പോകാനോ.. ശരിയാണ് ഞാൻ കല്ല്യാണിയാണ്.. അതിനിപ്പോൾ എന്ത് വേണം” “അത് നീ സമ്മതിച്ചില്ലേലും എനിക്ക് അറിയാം നീ എന്റെ കല്ല്യാണി ആണെന്ന്.. വായോ വീട്ടിലേക്ക് പോകാം.” പക്ഷേ അതിലൊരു തിരുത്തുണ്ട് മിസ്റ്റർ സായന്ത് ശങ്കർ.. സായന്ത് അവളുടെ ഭാവം കണ്ട് അമ്പരന്ന് നിൽക്കുകയാണ്.. ” എന്റെ പേര് അവന്തിക വാസുദേവ മേനോൻ ആണ്.. കല്ല്യാണി അത് ഞാൻ എന്റെ ഒരു കാര്യസാധ്യത്തിനായി കെട്ടിയാടിയ വേഷം മാത്രമാണ്..” കല്ല്യാണി അവനെ പുച്ഛത്തോടെ നോക്കി.. സായന്ത് അവളുടെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന പൊരുൾ മനസ്സിലാവാതെ അവളെ ഉറ്റ് നോക്കി കൊണ്ട് നിൽക്കുകയാണ്……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button