Novel

സീതാ രാവണൻ🔥: ഭാഗം 20

[ad_1]

രചന: കുഞ്ചു

നബീലിന്റെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ 5 മണി കഴിഞ്ഞിരുന്നു. പോകാൻ നേരം ശിവാനി ഒന്നുകൂടെ ഗൗതമിനെ നോക്കി. ” നിന്റെ ഏത് തീരുമാനത്തിന് ഒപ്പവും ഞാനുണ്ട് കൂടെ ” എന്നവൻ വീണ്ടും വീണ്ടും അവളോട് പറയാതെ പറയുന്നതായി തോന്നി അവൾക്ക്.. കാറിൽ ഇരിക്കുമ്പോൾ സൂര്യയോട് എന്തൊക്കെയോ സംസാരിക്കണമെന്ന് ഉണ്ടായിരുന്നു ശിവാനിക്ക്.. എന്നാൽ തന്റെ ഒപ്പം ഇങ്ങനെ ഒരാളുണ്ട് എന്ന് പോലും ഓർക്കാതെയാണ് അവൻ ഡ്രൈവ് ചെയ്തത്.. ഇടയ്ക്കിടെ അവൾ അവന്റെ മുഖത്തേക്ക് നോക്കുന്നുണ്ടെങ്കിലും അവൻ ഒന്നും മൈൻഡ് ചെയ്യാതെ ഇരുന്നു. ഇപ്പ്രാവശ്യം കാർ സഞ്ചരിക്കുന്ന പാത ശിവാനിക്ക് ഏറെ പരിചിതമായിരുന്നു..

അവളുടെ വീടിന്റെ മുന്നിലാണ് സൂര്യയുടെ കാർ ചെന്ന് നിന്നത്. ശിവാനിയുടെ ഉള്ളിൽ നിന്നൊരു ഭയം ശരീരമാകെ അരിച്ചു കയറുന്നതായി തോന്നി അവൾക്ക്. കല്യാണം കഴിഞ്ഞ് ആദ്യമായിട്ടാണ് തന്റെ വീട്ടിലേക്കു വരുന്നത്.. അതും സൂര്യയുടെ കൂടെ.. ഇതൊരിക്കലും സംബന്ധം കൂടാനാകില്ല.. ഉള്ള ബന്ധം അറുത്തു മുറിച്ചു മാറ്റാൻ വേണ്ടി ആവും.. !! ശിവാനിയുടെ മുഖത്ത് ദേഷ്യം ഇരുണ്ടു കൂടി. അതേ നിമിഷം തന്നെ അവളുടെ മുഖത്ത് സങ്കടവും നിറഞ്ഞു. സൂര്യ തന്നെ ഉപേക്ഷിക്കുമോ..?? ഞാനില്ലെങ്കിലും അവൻ സന്തോഷവാൻ ആയിരിക്കുമോ.. !! ശിവാനി നീണ്ട ചിന്തയിൽ ആണ്ടിരുന്നു.. ” ഇറങ്ങുന്നില്ലേ, നിന്റെ വീടെത്തി.. !!”

സൂര്യയുടെ ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ട് അവൾ നിസ്സഹായതയോടെ അവനെ നോക്കി. അവന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ല.. അവൾ കാറിൽ നിന്നിറങ്ങി. പുറത്ത് കാറിന്റെ ശബ്ദം കേട്ട് അഭി പുറത്തേക് വന്നു. സൂര്യയെയും ശിവാനിയെയും കണ്ട് അഭിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. ” അളിയാ.. !! ” അഭിയെ കണ്ടതും സൂര്യ അവനെ ചെന്ന് കെട്ടിപിടിച്ചു.. തിരിച്ചു അഭിയും. ഇത് കണ്ട് ശിവാനി അന്തം വിട്ടു നിന്നു. ഇത്രയും കാലം കീരിയും പാമ്പും ആയിരുന്നവർ ഇന്നിപ്പോ ചക്കരയും ഈച്ചയെയും പോലെ കെട്ടിപിടിച്ചു നിൽക്കുന്നു, ഇമ്പോസിബ്ൾ.. !!! ശിവാനി സൂര്യയെയും അഭിയെയും മിഴിച്ചു നോക്കി. “

അച്ഛാ ഇതാ സൂര്യയും ശിവയും വന്നിട്ടുണ്ട്.. ” വിരുന്നുകാർ വന്ന വിവരം അഭി അച്ഛനെ അറിയിച്ചു. അച്ഛൻ ഉമ്മറത്തേക്ക് വന്നതും സൂര്യ അച്ഛന്റെ അടുത്തേക് ചെന്നു. അവർ പരസ്പരം സ്നേഹാലിംഗനം നടത്തുന്നത് കണ്ട് ശിവാനിയുടെ ബോധം പോകുന്നത് പോലെ തോന്നി . ജീവിതത്തിൽ ഒരിക്കലും കാണാൻ കഴിയുമെന്ന് കരുതിയതല്ല ഇങ്ങനെയൊരു കാഴ്ച.. അവളുടെ കണ്ണുകൾ ഈറനണിയാൻ തുടങ്ങി. ” എന്താ മോളെ പുറത്ത് നിന്ന് കളഞ്ഞേ.. ഇങ്ങു കേറി വായോ.. ” അച്ഛൻ അവളെ സ്നേഹത്തോടെ വിളിച്ചു. ” ഇപ്പോഴെങ്കിലും എന്നെ കണ്ടല്ലോ നിങ്ങൾ രണ്ടാളും.. ” ശിവാനി പരിഭവത്തോടെ അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

” അതെന്താ മോളെ നീ കഴിഞ്ഞല്ലേ അച്ഛന് മറ്റെന്തും ഉള്ളൂ.. ” ” അയ്യേ ഞാൻ ചുമ്മാ പറഞ്ഞതല്ലേ അച്ഛാ.. ഇതൊക്കെ ഇങ്ങനെ സീരിയസ് ആയി എടുക്കാമോ.. !! ” ശിവാനി അച്ഛനെ കളിയാക്കി ചിരിച്ചു. ” ശ്രീക്കുട്ടി, ഇതാ എന്റെ അളിയനും നിന്റെ നാത്തൂനും വന്നിട്ടുണ്ട്.. ” അഭി അകത്തേക്കു നോക്കി ശ്രേയയെ വിളിച്ചു. അത് കേട്ട് അപ്പൂസ് ആണ് ഓടി വന്നത്. സൂര്യയെ കണ്ടതും അപ്പൂസ് അവന്റെ മേലേക്ക് ചാടികയറി. മാമനെ കണ്ടപ്പോൾ അപ്പൂസിന്റെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.. സൂര്യ പോക്കറ്റിൽ നിന്ന് അപ്പൂസിന് വേണ്ടി കരുതിയ ചോക്ലേറ്റ്സ് എടുത്തു കൊടുത്തു.

അതുകൂടി കിട്ടിയപ്പോൾ അപ്പൂസ് ഭൂമിയിൽ ഒന്നുമല്ലായിരുന്നു. ശിവാനി ഇതെല്ലാം നോക്കി നിന്നു. ” ടാ നിനക്ക് മാമൻ മാത്രമല്ല മാമിയും ഉണ്ട് ” ശ്രേയ അപ്പൂസിനെ നോക്കി കണ്ണുരുട്ടി. ” ആനി.. ” ശിവാനിയെ നോക്കി കൊഞ്ചലോടെ അപ്പൂസ് വിളിച്ചു. ” ആ നീയെന്നെ സുഗിപ്പിക്കാനൊന്നും നോക്കേണ്ട.. 😎” ശിവാനിയും ജാഡ ഇട്ടു. ” മാമനും കണക്കാ മോനും കണക്കാ” അത് കേട്ട് അതാരാണെന്ന് ശിവാനി അകത്തേക്കു പാളി നോക്കി. ” അമ്മയോ..?? അമ്മ എപ്പോഴാ ഇവിടേക്ക് വന്നത്..??” ” എന്നെ വൈകുന്നേരം അഭി കൂട്ടി കൊണ്ട് വന്നതാ.. ” ശിവാനി അഭിയെ നോക്കി. ” എന്നെ നോക്കുകയൊന്നും വേണ്ട. എന്റെ അമ്മേനെ തനിച്ചാക്കി നിങ്ങൾ കെട്ട്യോനും കെട്ട്യോളും കൂടെ ടൂർ പോയിരിക്കുകയല്ലായിരുന്നോ..

പാവം എന്റെ അമ്മ.. ഞാനിങ് കൊണ്ട് വന്നു. ” അത് കേട്ട് ശിവാനി സൂര്യയെ നോക്കി. സൂര്യ അഭിയുടെ കോമഡി കേട്ട് സപ്പോർട്ട് ചെയ്തു ചിരിക്കുകയാണ്. ” മക്കൾ ഫ്രഷ് ആയിട്ട് വാ.. എന്നിട്ട് നമുക്ക് സംസാരിക്കാം ” അച്ഛൻ പറഞ്ഞപ്പോൾ ശ്രേയ സൂര്യക്ക് മുറി കാണിച്ചു കൊടുത്തു. ശിവാനി സൂര്യക്ക് മാറാൻ ഡ്രസ്സ്‌ എടുത്തു കൊടുത്തെങ്കിലും അവൻ അത് ഗൗനിക്കാതെ വേറെ ഡ്രസ്സ്‌ എടുത്ത് കുളിക്കാൻ പോയി. അവൾ അത് അവിടെ വെച്ചിട്ട് അഭിയെ തിരഞ്ഞു പോയി. അടുക്കളയിൽ ശ്രേയയോട് കിന്നാരം പറഞ്ഞിരിക്കുന്ന അഭിയെ കയ്യോടെ പൊക്കി ശിവാനി. ശിവാനി അഭിയുടെ കയ്യും പിടിച്ചു പിന്നാമ്പുറത്തേക്ക് നടന്നു.

” എന്താടി കുരിപ്പേ.. എനിക്കെന്റെ ഭാര്യയോട് ഒന്ന് സംസാരിക്കാനും പറ്റില്ലേ.. ” ” ബാക്കി ഉള്ളവരുടെ കുടുംബം തകരാൻ പോകുമ്പോഴാ അവന്റെയൊരു കിന്നാരം പറച്ചിൽ.. ” ” എന്താ.. അളിയൻ നിന്നെ ഒഴിവാക്കിയോ.. 😆” ” അളിയൻ എന്നെയല്ല അളിയനെ ഞാനാ ഒഴിവാക്കാൻ പോകുന്നത് 😡” ” എന്തുവാടി.. കാര്യം എന്താന്ന് വെച്ചാൽ തെളിച്ചു പറ.. ” ” ഇവിടെ എന്താ നടക്കുന്നത്..?? നിങ്ങളും സൂര്യയും തമ്മിൽ എങ്ങനെയാ… ” ” ആ മതി മതി മനസ്സിലായി.. എന്റെ അളിയൻ നന്നായത് നിനക്ക് ഇഷ്ട്ടായില്ലേടി..,😏” ” അതല്ല അഭീ, നമ്മുടെ ഹോം ലോൺ കുറച്ചു കാലമായി മുടങ്ങി കിടക്കുകയായിരുന്നല്ലോ, ജപ്തി നോട്ടിസും വന്നതല്ലേ,

ഇതിന്റെ പുറകിൽ സൂര്യയാണ് എന്ന് എനിക്കൊരു ഇൻഫർമേഷൻ കിട്ടി.. അതിൽ എന്തെങ്കിലും ശെരിയുണ്ടോ ഏട്ടാ..?? ” ” നിന്നോടാരാ ഇത് പറഞ്ഞത്..?? ” ” അതല്ലല്ലോ ഇവിടെ പ്രശ്നം, ഞാൻ ചോദിച്ചതിന് മറുപടി പറയ് ഏട്ടാ.. ” ” അതേ നീ അറിഞ്ഞത് ശെരിയാ. നമ്മുടെ വീടിന്റെ ജപ്തിയുമായി സൂര്യക്ക് ബന്ധമുണ്ട്.. !! ” ശിവാനിയുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറി. ” എനിക്കറിയാമായിരുന്നു എല്ലാത്തിനും പിറകിൽ സൂര്യ ആവുമെന്ന്.. ദുഷ്ടൻ.. എന്നെ എങ്ങനെയെല്ലാം തകർക്കാം എന്നോർത്ത് നടക്കുകയല്ലേ.. 😠” ” നിർത്ത് ശിവാ.. !! എല്ലാത്തിന്റെയും പുറകിൽ സൂര്യ തന്നെയാ.. പക്ഷേ അവൻ നമ്മളെ ഇല്ലാതാക്കാൻ അല്ല ശ്രമിച്ചത്.

നമ്മുടെ കുടുംബം തകരാതെ പിടിച്ചു നിർത്താനാണ് അവൻ ശ്രമിച്ചത്.. ” ശിവാനി ഒന്നും മനസ്സിലാകാതെ അഭിയുടെ മുഖത്തേക്ക് നോക്കി. ” നിങ്ങൾ രണ്ടാളും ബാംഗ്ലൂരിലേക്ക് പോകുന്ന അന്ന് രാവിലെ സൂര്യ ഇവിടേക്ക് വന്നിരുന്നു. ” ആ നിമിഷങ്ങൾ അഭിയുടെ ചിന്തയിലൂടെ നുഴഞ്ഞു പോയി. @@@@@@@@@@@@@@@@@ മുറ്റത് ശിവാനി ഓമനിച്ചു വളർത്തിയ റോസാ ചെടിക്ക് വെള്ളമൊഴിക്കുകയായിരുന്നു അഭി. അപ്പോഴാണ് ഒരു വൈറ്റ് ടസ്റ്റർ മുറ്റത് വന്നു നിന്നത്. ആരായിരിക്കുമെന്ന ആകാംഷയിൽ അഭി അങ്ങോട്ട് ചെന്നു. കാറിൽ നിന്നിറങ്ങിയ സൂര്യയെ കണ്ട് അഭി അത്ഭുതപ്പെട്ടു.

വിവാഹം കഴിഞ്ഞ് ഇതുവരെ ഇങ്ങോട്ട് വരാതിരുന്ന സൂര്യ ഇപ്പോൾ എന്തിനാകും വന്നതെന്ന ചോദ്യം അഭിയുടെ ഉൾ മനസ്സിൽ വലിഞ്ഞു മുറുകി. എന്നിരുന്നാലും അതിഥിയെ സ്വീകരിച്ചിരുത്തേണ്ടത് തന്റെ മര്യാദയാണ്.. ” ഹാ ആരിത് സൂര്യയോ.. കയറി വാടോ.. ” ഒട്ടും അമാന്തിച്ച് നില്കാതെ അഭി സൂര്യയെ ക്ഷണിച്ചിരുത്തി. സൂര്യ അല്പം പരുങ്ങലോടെയാണ് വീടിന് അകത്തേക്കു കയറിയത്. അച്ഛനും അവരുടെ അടുത്തേക് വന്നു. ” മോനോ.. എന്താ ഈ വഴിക്കൊക്കെ, വിശേഷിച്ചു എന്തെങ്കിലും.. ” ആ വൃദ്ധൻ തന്റെ വേവലാതി മറച്ചു വെച്ചില്ല. ” ഇല്ല അച്ഛാ, സോറി എനിക്ക് അങ്ങനെ വിളിക്കാമല്ലോ അല്ലേ.. ” സൂര്യ അച്ഛന്റെ മുഖത്തേക്ക് നോക്കി.

” അതിലെന്താ സംശയം, മോൻ എന്റെ മോളെ കഴുത്തിൽ താലി ചാർത്തിയപ്പോൾ തൊട്ട് എനിക്ക് രണ്ട് ആൺമക്കളാണ്.. ” അപ്പോഴേക്കും അഭി ചായയും കൊണ്ട് വന്നു. ” എന്തിനാ അഭി ഇതൊക്കെ.. ” ” ഹാ കുടിക്ക് അളിയാ.. പെണ്ണുങ്ങൾ ഇല്ലാത്ത വീടാണ് അറിയാലോ, അപ്പൊ ചായക്ക് അതിന്റെതായ രുചിക്കുറവ് ഉണ്ടാകും കേട്ടോ.. ” അഭി മുൻകൂർ ജാമ്യം എടുത്തു. “😄 അതൊന്നും സാരമില്ലടോ, ” സൂര്യ ചായ വാങ്ങി കുടിച്ചു. ” ഹ്മ്മ്.. കൊള്ളാം ” സൂര്യ അഭിനന്ദനം അറിയിക്കാൻ മറന്നില്ല. ” അച്ഛാ, ഞാനിപ്പോ വന്നത് ഒരു കാര്യം അച്ഛനെ ഏല്പിക്കാൻ വേണ്ടിയാണ്. ” അത് കേട്ട് അഭിയും അച്ഛനും മുഖത്തോട് മുഖം നോക്കി.

സൂര്യ തന്റെ ബാഗിൽ നിന്ന് ഒരു കടലാസ് എടുത്തു അച്ഛന്റെ കയ്യിൽ വെച്ച് കൊടുത്തു. ” സംശയിക്കേണ്ട അച്ഛാ.. അച്ഛന്റെ മക്കൾക്ക് വേണ്ടി അച്ഛൻ സമ്പാദിച്ച ഈ വീടിന്റെ ആധാരം തന്നെയാണ് ഇത്. ” ” ആധാരം..?? ” അച്ഛനും അഭിയും അത്ഭുതത്തോടെ സൂര്യയെ നോക്കി. ” അതേ.. ശിവാനിയുടെ പഠനത്തിനു വേണ്ടിയല്ലേ അച്ഛൻ ഇത് ബാങ്കിൽ വെച്ചത്. ” ” പക്ഷേ മോനെ അഞ്ചു ലക്ഷം രൂപ..?? !!” ആ വൃദ്ധമനസ് പിന്നെയും പിടഞ്ഞു. ” അഞ്ചു ലക്ഷമല്ലേ അത് ഞാൻ അങ്ങ് അടച്ചു. ആ ബാങ്ക് മാനേജർ എന്റെ ഫ്രണ്ടിന്റെ ഫാദർ ആണ്. ഇങ്ങനെയൊരു കാര്യമുണ്ടെന്നു എന്റെ ഫ്രണ്ട് വിളിച്ചു പറഞ്ഞപ്പോൾ ഞാൻ ബാങ്കിൽ ചെന്നിരുന്നു.

ഡീറ്റെയിൽസ് എല്ലാം എടുത്തു ക്യാഷ് തിരിച്ചടച്ചു. ” ” മോനെ.. ഇതിനെല്ലാം ഞങ്ങൾ എങ്ങനെയാ നിന്നോട് നന്ദി പറയേണ്ടത്..?? ” അച്ഛന്റെ കണ്ണുകൾ നിറഞ്ഞു. ” ഹേയ്. എന്താ അച്ഛാ ഇത്.. !! ഇതിനേക്കാൾ ഒക്കെ വലുതല്ലേ അച്ഛൻ എനിക്ക് നൽകിയത്.. അച്ഛന്റെ മോൾ.. !! അവളെക്കാൾ വലുതല്ല എനിക്ക് ഒന്നും.. അവളോളം ഞാൻ സ്നേഹിച്ചിട്ടില്ല ഒന്നിനെയും.. !! അവളില്ലാത്ത ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ കൂടെ കഴിയില്ല.. അച്ഛൻ എനിക്കൊരു സഹായം ചെയ്യണം.. എന്നെങ്കിലും അവളെന്നെ ഉപേക്ഷിക്കുകയാണെങ്കിൽ അവളുടെ തീരുമാനത്തിനു അനുകൂലിച്ച് അച്ഛൻ ഉണ്ടാകണം അവളുടെ കൂടെ.. അച്ഛൻ മാത്രമല്ല അഭിയും.. !!!

” അത് കേട്ട് അച്ഛനും അഭിയും അവനെ സംശയത്തോടെ നോക്കി. ” സൂര്യാ താനെന്താടോ പറയുന്നത്..??” അഭി സൂര്യയുടെ തോളിൽ പതിയെ കൈ വെച്ചു. ” സത്യം.. !! അഭീ, നിന്റെ പെങ്ങൾ ശെരിക്കും ഒരു മാലാഖ തന്നെയാണ്.. അവളുടെ വില മനസ്സിലാക്കാൻ ഞാൻ വൈകി. അവളെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് ഞാൻ.. പക്ഷേ അതൊന്നും അവളോടുള്ള ഇഷ്ട്ടക്കുറവ് കൊണ്ടായിരുന്നില്ല.. എന്റെ മനസ്സിൽ കൂടു കൂട്ടിയിരുന്ന അഹങ്കാരം എന്റെ സ്നേഹത്തെ അവളിൽ നിന്ന് മറച്ചു പിടിച്ചിരിക്കുകയായിരുന്നു.. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല.. അവളെന്നെ ഒരിക്കലും സ്നേഹിക്കില്ല..

അതുപോലെ എന്റെ ഒപ്പം ജീവിക്കാൻ ഇനി ഞാൻ അവളെ നിർബന്ധിക്കുകയുമില്ല.. !!! ” ” മോനെ.. !!!! ” അച്ഛന്റെ ശബ്ദം തൊണ്ടയിൽ കുടുങ്ങി കിടന്നു. ” അച്ഛൻ ഭാഗ്യവാൻ ആണ്. നന്മയുള്ള രണ്ട് മക്കളെയാണ് അച്ഛന് കിട്ടിയത്.. എന്റെ വീട്ടിൽ നിന്ന് ആട്ടിയിറക്കിയിട്ടും അവന്റെ വീട്ടിൽ വന്നപ്പോൾ ഒരു അതിഥിയെ പോലെ എന്നെ സ്വീകരിച്ചു.. മാന്യതയോടെ പെരുമാറി. വേദന മാത്രം നൽകിയിട്ടും പ്രതികരിക്കാതെ എന്റെ ഭാര്യ ക്ഷമിച്ചു നിന്നു. അതും അച്ഛനെയും കൂടെ ഓർത്ത്.. ഇങ്ങനെയുള്ള രണ്ട് മക്കളാണ് അച്ഛാ അച്ഛന്റെ ഭാഗ്യം.. ഞാൻ പറഞ്ഞത് മറക്കരുത്..

എന്നെങ്കിലും എന്റെ തണൽ വേണ്ടെന്നു വെച്ച് ശിവാനി ഇറങ്ങി വന്നാൽ അവളുടെ കൂടെ നിന്ന് അവളെ സപ്പോർട്ട് ചെയ്യണം നിങ്ങൾ രണ്ടാളും.. ഞാൻ ഇറങ്ങട്ടെ, അവൾ പിണക്കത്തിലാണ് ബാംഗ്ളൂരിലേക്ക് പോകാൻ പറ്റാത്തതിൽ. പിണക്കം മാറ്റാൻ വേണ്ടി അവളെയും കൊണ്ട് ബാംഗ്ലൂർ പോകാൻ നിൽക്കുകയാണ്.. ചെന്നിട്ട് വേണം പാക്കിങ് തുടങ്ങാൻ..” അഭിയോടും അച്ഛനോടും യാത്ര പറഞ്ഞ് സൂര്യ ഇറങ്ങി. അഭിയും അച്ഛനും അവൻ പോകുന്നത് നോക്കി നിന്നു. @@@@@@@@@@@@@@@@@

എല്ലാം കേട്ട് ശിവാനി മരവിച്ച അവസ്ഥയിൽ ആയിരുന്നു. ” പോകുന്നതിനു മുൻപ് സൂര്യ ഒന്നുകൂടെ പറഞ്ഞിരുന്നു.. ഇതൊന്നും ഒരിക്കലും നീ അറിയരുത് എന്ന്.. പക്ഷേ നിങ്ങൾ നന്നായി ജീവിക്കണമെങ്കിൽ ഇതെല്ലാം നീ അറിയണമെന്ന് എനിക്ക് തോന്നി. ” അഭി അവളുടെ അടുത്ത് ചെന്നിരുന്നു. ” മോളെ, എല്ലാം നഷ്ട്ടപ്പെടുത്താൻ എളുപ്പമാണ്.. തിരികെ നേടിയെടുക്കാനാണ് പ്രയാസം.. !! ചില ബന്ധങ്ങൾ അറ്റമില്ലാത്ത നൂല് പോലെയാണ്.. എവിടെയെങ്കിലും ഒരിടത്ത് വെച്ചത് മുറിഞ്ഞാൽ പിന്നെ പഴയത് പോലെ ആവില്ല.. കൂട്ടി കെട്ടിയത് എടുത്ത് കാണിച്ചു കൊണ്ടേയിരിക്കും..

നീ ബുദ്ധിയുള്ള കുട്ടിയല്ലേ, ഏട്ടൻ ഇതൊന്നും പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ.. ” ശിവാനി അഭിയുടെ നെഞ്ചിലേക്ക് ചാഞ്ഞു, അവളുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. ” സാരല്ല.. ഇതുവരെ ഉള്ളതെല്ലാം പോട്ടെ.. ഇനി മുതൽ നല്ല കുട്ടി ആയിരിക്കണം എന്റെ മോൾ.. നമ്മുടെ അമ്മ അച്ഛനെ സ്നേഹിച്ച പോലെ നീയും അവനെ സ്നേഹിക്കണം.. അവൻ അത് അർഹിക്കുന്നുണ്ട്.. അവൻ ആഗ്രഹിക്കുന്നുണ്ട്, നീയൊന്ന് അവനെ ഉള്ളു തുറന്ന് സ്നേഹിച്ചുവെങ്കിലെന്നു.. ” ഇപ്രാവശ്യം ശിവാനി പൊട്ടിക്കരഞ്ഞു പോയി.. ഓരോ തവണ സൂര്യ തന്നോട് അടുക്കാൻ ശ്രമിച്ചതും തന്നെ കെയർ ചെയ്തതും ബാംഗ്ളൂരിൽ വെച്ച് തന്നെ ഇമ്പ്രെസ്സ് ചെയ്യാൻ ശ്രമിച്ചതും എല്ലാം അവളുടെ മനസ്സിലേക്ക് ഓടിയെത്തി..

ഓരോ തവണ താൻ അവനെ അവോയ്ഡ് ചെയ്യുമ്പോൾ അവന്റെ മുഖത്ത് നിറഞ്ഞ വിഷമം, അവനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ അവന്റെ കണ്ണിൽ കണ്ട ഭയം എല്ലാത്തിനും ഒരേയൊരു അർത്ഥം മാത്രം.. അതേ.. രാവണൻ സീതയെ യഥാർത്ഥമായി പ്രണയിച്ചു തുടങ്ങിയിരിക്കുന്നു.. !!!! ” അതേ ആങ്ങളയുടെയും പെങ്ങളുടെയും സ്വകാര്യം പറച്ചിൽ കഴിഞ്ഞെങ്കിൽ ഭക്ഷണം കഴിക്കാമായിരുന്നു.. ” ശ്രേയ അവരെ നോക്കി വിളിച്ചു പറഞ്ഞത് കേട്ട് ശിവാനി കണ്ണൊക്കെ തുടച്ചു. അഭി ശിവാനിയെയും കൂട്ടി അകത്തേക്കു ചെന്നു.. ടേബിളിന് ചുറ്റും എല്ലാവരും ഇരിപ്പുണ്ട്..

സൂര്യയും അപ്പൂസും ഒരുമിച്ച് ഇരുന്ന് ടേബിളിൽ നിരത്തി വെച്ചിട്ടുള്ള ഫുഡിനെ നോക്കി കൊതി കൂടുകയാണ്.. അമ്മയും അച്ഛനും അടുത്ത് ഇരിപ്പുണ്ട്.. അഭിയും അവരുടെ കൂടെ ചെന്നിരുന്നു. ” ശിവേച്ചി കൂടെ ഇരിക്ക്.. ഞാൻ വിളമ്പി തരാം ” ശ്രേയ ശിവാനിയെ ഇരുത്തി അവൾക്ക് ഭക്ഷണം വിളമ്പി കൊടുത്തു. എല്ലാവർക്കും ശ്രേയ ഭക്ഷണം വിളമ്പി കൊടുത്തു. അവസാനം ശിവാനി ശ്രേയയെ അഭിയുടെ അടുത്ത് ഇരുത്തി. ” എന്റെ നാത്തൂൻ എനിക്ക് ഭക്ഷണം വിളമ്പി തന്നില്ലേ.. ഇനി നാത്തൂൻക്ക് ഞാനും വിളമ്പി തരാം.. ” ശിവാനി അവൾക്ക് ഭക്ഷണം വിളമ്പി കൊടുത്തു. ” അമ്മേ, നമ്മുടെ വീട്ടിൽ ആവുമ്പോൾ ഒരു പപ്പടം പോലും പൊരിക്കാൻ അറിയാത്ത പെണ്ണാണ്..

ഇവിടെ എത്തിയപ്പോൾ എന്തൊക്കെയാ ഉണ്ടാക്കി വെച്ചേക്കുന്നത് എന്ന് നോക്ക്.. ” സൂര്യ ശ്രേയയെ കളിയാക്കി ചിരിച്ചു. കൂട്ടിനു അപ്പൂസും.. ” അന്ന് ഇവൾ അഭിയുടെ കൂടെ ഇറങ്ങി പോയത് കൊണ്ട് ഇവൾ ഇത്രയെങ്കിലും ഉണ്ടാക്കാൻ പഠിച്ചു.. ഇപ്പൊ തോന്നുന്നില്ലേ ഇവൾ അന്ന് പോയത് നന്നായി എന്ന്.. ” അമ്മയുടെ മറുപടി കേട്ട് സൂര്യ ചിരിച്ചു. ” അത് ശെരിയാ.. അഭിയുടെ കൂടെ വന്നത് കൊണ്ട് എന്റെ പെങ്ങൾക്ക് കുറവ് ഒന്നും ഉണ്ടായിട്ടില്ല.. ” സൂര്യയുടെ തുറന്ന് പറച്ചിൽ കേട്ട് ബാക്കി എല്ലാവരും നിശബ്ദമായി..

കാരണം ഇത്തരം ഒന്ന് സൂര്യയിൽ നിന്ന് ആരും പ്രതീക്ഷിസിച്ചിരുന്നില്ല.. അപ്പോഴെല്ലാം ശിവാനി സൂര്യയെ നോക്കുകയായിരുന്നു.. പഴയ സൂര്യയല്ല അവൻ.. പഴയതിൽ നിന്നും ഒരുപാട് മാറിയിരിക്കുന്നു അവൻ ഇന്ന്.. ഈ മാറ്റം നല്ലതിന് ആകട്ടെ ഈശ്വരാ.. !!! ഭക്ഷണം കഴിച്ചു എല്ലാവരും കിടക്കാൻ തയ്യാറെടുത്തു. ആകെ മൂന്ന് മുറികളാണ് വീട്ടിലുള്ളത്. ഒന്നിൽ അച്ഛൻ കിടന്നു. ശിവാനി കിടക്കാറുള്ള മുറിയിൽ അമ്മയും കിടന്നു. ഇനിയുള്ള ഒന്ന് അഭിയുടെ മുറി ആയിരുന്നു.. വിരുന്നുകാർ വരുമ്പോൾ വീട്ടുകാർക്ക് കട്ടിലിൽ നിന്നും നിലത്തേക് ട്രാൻസ്ഫർ കിട്ടുമല്ലോ.. ഇവിടെയും അത് തന്നെ സംഭവിച്ചു 😂

അഭിയും ശ്രേയയും തറയിൽ പായ വിരിച്ചു കിടന്നു. അഭിയുടെ മുറിയിൽ ശിവാനിയും സൂര്യയും കിടന്നു.. ” നീ സൂര്യയോട് സംസാരിച്ചിരുന്നോ ” കിടക്കുമ്പോൾ അഭി ശ്രേയയോട് ചോദിച്ചു. ” ആ സംസാരിച്ചിരുന്നു.. കണ്ണേട്ടനോട്‌ സംസാരിച്ചപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി, ഒന്ന് ഉള്ളു തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നമെ അവർക്കിടയിൽ ഉള്ളുവെന്ന്.. ” ” പക്ഷേ ആരാദ്യം സംസാരിക്കും എന്നതാണ് അവർക്കിടയിലെ കൺഫ്യൂഷൻ.. ” അഭി ഇടക്ക് കയറി പറഞ്ഞു. ” അഭിയേട്ടാ, ശരിക്കും കണ്ണേട്ടന് ശിവേച്ചിയെ ഒരുപാട് ഇഷ്ട്ടാണ്.. ” ” അവൾക്കും അവനെ ഒരുപാട് ഇഷ്ട്ടാടി.. ” ” ആ അതെനിക്ക് അറിയാം.. അവരുടെ ലവ് സ്റ്റോറിയൊക്കെ ചേച്ചി എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്..

ഞാനിന്ന് കണ്ണേട്ടനോട്‌ അതെല്ലാം പറഞ്ഞു. കൂട്ടത്തിൽ ചേച്ചിക്ക് ചേട്ടൻ ഇല്ലാതെ കഴിയില്ലെന്നും, ചേച്ചി കാണിക്കുന്ന ഇഷ്ട്ടക്കേടെല്ലാം വെറും അഭിനയം ആണെന്നും പറഞ്ഞു.. ” ” അപ്പോൾ സൂര്യയുടെ റിയാക്ഷൻ എന്തായിരുന്നു..?? ” ” ഒന്നും പറഞ്ഞില്ല.. പക്ഷേ മുഖത്ത് നല്ല സന്തോഷം ഉണ്ടായിരുന്നു.. ” ” 😊 നിന്റെ സ്ഥാനത്തു ശിവാനി ആയിരുന്നുവെങ്കിൽ അതോടെ അവർ തമ്മിലുള്ള പ്രശ്നം അങ്ങ് തീർന്നേനെ.. ” ” അതും ശരിയാണ്.. 😇” അപ്പോഴാണ് അമ്മ വന്നു അപ്പൂസിനെ നിലത്തു കിടത്തേണ്ട എന്നും പറഞ്ഞ് അവനെ എടുത്തു കൊണ്ട് പോയത്.. ” ശ്രീക്കുട്ടി, അമ്മ അപ്പൂസിനെ കൊണ്ട് പോയത് എന്താണെന്ന് അറിയോ..? “

” ആ അവനെ തറയിൽ കിടത്തേണ്ട എന്ന് കരുതിയിട്ട്.. ” ” അല്ലാ.. ” ” എങ്കിൽ അമ്മ ഒറ്റക്കല്ലേ അത് കൊണ്ടാവും.. ” ” പോ പൊട്ടത്തി.. അമ്മ ഇത്രയും കാലം ഒറ്റക്ക് തന്നെയല്ലേ കിടന്നിരുന്നത്.. ” ” ശെരിയാണല്ലോ.. പിന്നെ എന്താ കാരണം..?? ” ശ്രേയ തല പുകഞ്ഞു ആലോചിച്ചു.. ” ഹോ.. നിനക്ക് അല്പമെങ്കിലും ബുദ്ധി ഉണ്ടായിരുന്നുവെങ്കിൽ നിന്നെ ഞാൻ മന്ദബുദ്ധി എന്നെങ്കിലും വിളിച്ചിരുന്നു..😡 ” ” അറിയാത്തത് കൊണ്ടല്ലേ.. പറ അഭിയേട്ടാ.. ” ശ്രേയ അവനോട് ചേർന്ന് കിടന്ന് കൊണ്ട് കൊഞ്ചി.. ” അതോ.. എത്ര കാലം അപ്പൂസ് ഇങ്ങനെ ഒറ്റക്ക് നടക്കും.. അവനൊരു കൂട്ട് വേണ്ടേ.. ” ” ങേ.. !! ആ ചെറുതിനെ ഇപ്പോഴേ കെട്ടിക്കാൻ നോക്കുകയാണോ അഭിയേട്ടൻ..??😡 ” ” നിന്റെ കുഞ്ഞമ്മേടെ നായർ.. 😡 എടി പോത്തേ.. അപ്പൂസിന് ഒരു അനിയത്തിയോ അനിയനോ വേണ്ടേ എന്നാ ഞാൻ ഉദ്ദേശിച്ചത്. !! “

” അയ്യടാ.. !!! ” ശ്രേയ അഭിയെ ഒറ്റ തള്ള് കൊടുത്തു.. ” എടി.. എന്തെടി.. 😞” ” ഒന്നുല്ലടാ.. മോൻ തല്ക്കാലം ഉറങ്ങാൻ നോക്ക്.. ” ശ്രേയ തിരിഞ്ഞ് കിടന്നു. ” കോപ്പ്.. ഇന്നിനി ഉറക്കമുളച്ചിട്ട് കാര്യമില്ല.. ” അഭി തിരിഞ്ഞു കിടന്ന് ഉറങ്ങി. ആ സമയം ശിവാനിയുടെ മുറിയിൽ സൂര്യ ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.. ശിവാനി ഇടയ്ക്കിടെ സൂര്യയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

കണ്ണാടിക്ക് മുന്നിൽ നിന്ന് മൂളിപ്പാട്ടും പാടി തന്റെ ഭംഗി ആസ്വദിക്കുന്ന തിരക്കിലായിരുന്നു അവൻ.. ” ഈ ടി ഷർട്ട്‌ നിങ്ങൾക്ക് നന്നായി ചേരുന്നുണ്ട്.. ” ശിവാനി ഇടം കണ്ണാൽ അവനെ നോക്കി പറഞ്ഞു. അത് കേട്ടതും സൂര്യ അവളെയൊന്നു നോക്കി, ” ഓ താങ്ക്സ് ലോൽ.. ” ഔദ്യോഗികമായ് ഒരു നന്ദി പറച്ചിൽ നടത്തിയിട്ട് അവൻ കിടക്കാൻ പോയി. പെട്ടെന്ന് എന്തോ ഓർത്ത പോലെ സൂര്യ എഴുന്നേറ്റു വന്നു. ബാഗിൽ നിന്ന് കുറച്ച് പേപ്പർ എടുത്ത് ശിവാനിക്ക് മുന്നിൽ വെച്ച് കൊടുത്തു. ഇതെന്താ എന്ന രീതിയിൽ ശിവാനി അത് തുറന്ന് നോക്കി. ഡിവോഴ്സ് നോട്ടീസ്.. !!!! ശിവാനിയുടെ നെഞ്ചിലൂടെയൊരു മിന്നൽ പിണർ കടന്ന് പോയി.. !! ….തുടരും…… ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button