എമ്പുരാൻ എത്താൻ 10 നാൾ; ശബരിമല ദർശനം നടത്തി നടൻ മോഹൻലാൽ

ശബരിമല ദർശനം നടത്തി നടൻ മോഹൻലാൽ. ആരാധകർ ഏറെ കാത്തിരിക്കുന്ന പൃഥ്വിരാജ്-മോഹൻലാൽ ചിത്രം എമ്പുരാൻ തീയറ്ററിൽ റിലീസ് ചെയ്യാൻ 10 ദിവസം ബാക്കിയിരിക്കെയാണ് ശബരിമല ദർശനം നടത്തിയത്. സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ദർശനം നടത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി. പമ്പയിൽ എത്തിയ മോഹൻലാലിനെ ദേവസ്വം ബോർഡ് അധികൃതർ സ്വീകരിച്ചു. ഇവിടെ നിന്ന് കെട്ടുനിറച്ചാണ് അദ്ദേഹം മലകയറിയത്.
https://x.com/editorrajesh/status/1901966160394109071
മാർച്ച് 27നാണ് മോഹൻലാൽ പ്രധാന കഥാപാത്രമായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാന്റെ റിലീസ്. ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ്, ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമ്മാണം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. അതേസമയം നിലവിൽ സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വത്തിലാണ് മോഹൻലാൽ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. എന്നാൽ എമ്പുരാന്റെ റിലീസും പ്രമോഷനും കഴിയുന്നതു വരെ മറ്റ് എല്ലാ തിരക്കുകളും മോഹൻലാൽ മാറ്റിവെച്ചതായാണ് റിപ്പോർട്ട്.
2019-ൽ റിലീസ് ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. 2023 ഒക്ടോബറിലായിരുന്നു എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത്. മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സായ് കുമാർ, സുരാജ് വെഞ്ഞാറനമൂട്, ഇന്ദ്രജിത്ത് സുമകുമാരൻ തുടങ്ങിയ മലയാള താരങ്ങൾക്കു പുറമെ ഹോളിവുഡ് ബോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്. കഴിഞ്ഞ ജനുവരി 26 നാണ് ചിത്രത്തിന്റെ ടീസർ റിലീസായത്. ഇതിനു പിന്നാലെ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റസും ആരാധകർ ഏറെ ആവേശത്തോടെയാണ് നോക്കികണ്ടത്. ഒടുവിലാണ് മാർച്ച് 27നാണ് ചിത്രം തീയറ്ററികളിൽ എത്തുന്നത്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ രാവിലെ 6 മണിക്ക് തുങ്ങുമെന്നാണ് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ ഇതിനു മുൻപ് തന്നെ ഫസ്റ്റ് ഷോ നടത്താൻ പറ്റുമോ എന്ന് നോക്കുന്നതായി നിർമാതാവായ ഗോകുലം ഗോപാലൻ പറഞ്ഞു.