Movies

ഇനി 117 ദിവസം; എമ്പുരാൻ ഷൂട്ടിങ് പൂർത്തിയായി: ആരാധകർക്കിനി കാത്തിരിപ്പിന്‍റെ നാളുകൾ

റിലീസ് തീയതി പ്രഖ്യാപിച്ച് ആരാധകരെ ആവേശത്തിലാക്കിയതിനു പിന്നാലെ എമ്പുരാൻ ഷൂട്ടിങ് പൂർത്തിയാക്കിയതായി അറിയിച്ച് സംവിധായകനായ പൃഥ്വിരാജ് സുകുമാരൻ. തന്‍റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പൃഥ്വിരാജ് വിവരം അറിയിച്ചത്. കൂടെ ഒരു പുതിയ പോസ്റ്ററും പങ്കു വച്ചു. മലയാള സിനിമ കണ്ട ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയാണ് മോഹൻലാൽ നായകനായെത്തുന്ന ‘എമ്പുരാൻ’.

‘ഇന്ന് പുലർച്ചെ 5:35 ന്, മലമ്പുഴ റിസർവോയറിന്‍റെ തീരത്ത് എമ്പുരാന്റെ അവസാനത്തെ ഷോട്ട് ഞങ്ങൾ പൂർത്തിയാക്കി. 117 ദിവസങ്ങൾക്കുള്ളിൽ തിയേറ്ററുകളിൽ കാണാം’, എന്നാണ് പൃഥ്വിരാജിന്റെ പോസ്റ്റ്.

ലൂസിഫർ ഫ്രാഞ്ചൈസിലെ രണ്ടാമത്തെ ചിത്രമായ എമ്പുരാൻ 2025 മാർച്ച് 27 നാണ് തിയറ്ററുകളിൽ എത്തുക. മോഹൻലാലും ചിത്രത്തിന്റെ ഷൂട്ട് അവസാനിച്ചതായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. യുഎസ്, യുകെ, യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ 8 സംസ്ഥാനങ്ങളിലൂടെയുമുള്ള 14 മാസത്തെ യാത്രയായിരുന്നു എമ്പുരാൻ.

സ്റ്റീഫൻ നെടുമ്പള്ളി അഥവാ അബ്രഹാം ഖുറേഷി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ ഖുറേഷിയുടെ വലംകൈ ആയ സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

Related Articles

Back to top button
error: Content is protected !!