
ഷാര്‍ജ: 2024ല്‍ ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 136 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയതായി ഷാര്‍ജ കസ്റ്റംസ് വെളിപ്പെടുത്തി. ഇരുപതിനായിരം മയക്കുമരുന്ന് ഗുളികകളും മയക്കുമരുന്ന് അടങ്ങിയ കണ്ടെയ്‌നറുകളും മറ്റുമാണ് വിമാനത്താവളം കേന്ദ്രീകരിച്ച് രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയതെന്ന് ഷാര്‍ജ കസ്റ്റംസ് ആന്‍ഡ് ഫ്രീ സോണ്‍ അതോറിറ്റി വ്യക്തമാക്കി.
പിടിച്ചെടുത്ത വസ്തുക്കള്‍ നിയമ നടപടികളുടെ ഭാഗമായി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ നികാന്ത ജാഗ്രതയും നൂതനമായ ശാസ്ത്രീയ പരിശോധനകളുമാണ് മയക്കുമരുന്നുകള്‍ പിടികൂടുന്നതിലേക്ക് നയിച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരെയും ഒപ്പം ലഗേജും പാര്‍സലുകളും എല്ലാം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ശാസ്ത്രീയമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിശോധിച്ചാണ് മയക്കുമരുന്ന് കണ്ടെത്തുന്നത്.
കള്ളക്കടത്ത് സംഘങ്ങളോട് കടുത്ത യാതൊരു ദാക്ഷിണ്യവുമില്ലാത്ത നിലപാടാണ് ഷാര്‍ജ ഭരണകൂടത്തിനുള്ളത്, പ്രത്യേകിച്ചും മയക്കുമരുന്ന് കടത്തുന്ന സംഘങ്ങളോട്. ബാഗുകള്‍, യന്ത്രങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയവയില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് മിക്കപ്പോഴും കടത്താന്‍ ശ്രമിക്കുന്നത്. ഒക്ടോബറില്‍ ഷാര്‍ജ പോലീസ് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഏഷ്യക്കാരായ ആറു പേരാണ് അന്ന് പിടിയിലായത്. ഇവരില്‍ നിന്നും എ ഫോര്‍ സൈസ് പേപ്പറിന്റെ രൂപത്തില്‍ നാലു കിലോഗ്രാം സ്‌പൈസ് എന്ന മയക്കുമരുന്നാണ് പിടികൂടിയത്. മറ്റൊരു സംഭവത്തില്‍ ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 8.716 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ മാര്‍ബിള്‍ കല്ലുകള്‍ കൊണ്ടുപോകുന്നതിന്റെ മറവില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമവും ഷാര്‍ജ പോലീസ് വിഗദഗ്ധമായി പിടികൂടയതും അധികൃതര്‍ അനുസ്മരിച്ചു.