അര്‍ബുദം ബാധിച്ച് മരണത്തിന് കീഴടങ്ങിയ 24കാരി ടിക്ടോക് ഇന്‍ഫ്ളൂവന്‍സറുടെ അവസാന വീഡിയോ ലോകത്തിന്റെ വേദനയാവുന്നു
കാന്‍ബറ: ഗുരുതരമായ അര്‍ബുദ ബാധയില്‍ ഭൂമിയിലെ ദിനങ്ങള്‍ അവസാനിക്കാനിരിക്കേ 24 വയസ്സുമാത്രം പ്രായമുള്ള കാന്‍സര്‍ ബാധിതയായ ഒരു പെണ്‍കുട്ടി തന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങള്‍ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത വീഡിയോ ലോകത്തിന്റെ വേദനയായി മാറുന്നു. തന്റെ മരണം തൊട്ടരുകിലെത്തിയെന്ന് തിരിച്ചറിഞ്ഞാണ് പെണ്‍കുട്ടി അവസാന വീഡിയോ ചിത്രീകരിച്ചത്.
കഴിഞ്ഞ ഒക്ടോബര്‍ 15ന് ആയിരുന്നു ടിക്ടോക് ഇന്‍ഫ്ളുവന്‍സര്‍ ആയ ഓസ്ട്രേലിയന്‍ വംശജ ബെല്ല ബ്രാഡ്ഫോഡ് മരണത്തിന് കീഴടങ്ങിയത്. റാബ്ഡോമിയോസര്‍കോമ എന്ന അസ്ഥികളോട് ചേര്‍ന്ന മാംസപേശികളെ കാര്‍ന്നുതിന്നു അര്‍ബുദമായിരുന്നു ഇവരുടെ താടിയെല്ലിനെ ബാധിച്ചത്. ഈ അപൂര്‍വ കാന്‍സര്‍ രോഗത്തെ തുടര്‍ന്നായിരുന്നു ആ ദാരുണ മരണം. എന്നാല്‍ മരണത്തിന് ആഴ്ചകള്‍ക്ക് ശേഷം ബെല്ലയുടെ സോഷ്യല്‍ മീഡിയയില്‍ പുതിയൊരു ‘ഗെറ്റ് റെഡി വിത്ത് മി’ വീഡിയോ കൂടി പ്രത്യക്ഷപ്പെടുകയായിരുന്നു.
‘എനിക്ക് ഗുരുതരമായ അര്‍ബുദ ബാധയുണ്ട്. നിര്‍ഭാഗ്യവശാല്‍ എന്റെ ജീവിതം അവസാനിക്കുകയാണ്. ഞാന്‍ മരണത്തിന് കീഴടങ്ങുകയാണ്. അവസാനമായി ഒരു വീഡിയോ ചെയ്യുകയാണ്. കാരണം ഞാന്‍ അത് അങ്ങേയറ്റം ഇഷ്ടപ്പെടുന്നു. ഫാഷനെ ഏറെ ഇഷ്ടപ്പെടുന്നു. ഈ മനോഹരമായ യാത്രയില്‍ എന്റെയൊപ്പം നിന്നതിനും പിന്തുണച്ചതിനും നന്ദി.
നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ എന്റെ പഴയ വീഡിയോ കാണുകയും അതുവഴി സന്തോഷം കണ്ടെത്തുകയും ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നു’- എന്നുപറഞ്ഞാണ് ബെല്ല തന്റെ അവസാന വീഡിയോ പങ്കുവെച്ചത്. സ്വന്തം മരണം ആരുടേയും നെഞ്ചു തകര്‍ക്കുന്ന വികാരവായ്പോടെയാണ് ഈ പെണ്‍കുട്ടി പങ്കിട്ടിരിക്കുന്നത് എന്നത് തന്നെയാണ് അത് ലോകത്തിന്റെ കണ്ണീരായി മാറാന്‍ ഇടയാക്കിയിരിക്കുന്നത്.