പത്തനംതിട്ട പീഡനക്കേസിൽ ആകെ 58 പ്രതികൾ, 43 പേർ അറസ്റ്റിൽ; പെൺകുട്ടി 5 തവണ കൂട്ടബലാത്സംഗത്തിന് ഇരയായി
പത്തനംതിട്ടയിൽ കായിക താരമായ ദളിത് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ആകെ 58 പ്രതികളെന്ന് പത്തനംതിട്ട എസ് പി വി.ജി വിനോദ് കുമാർ. കേസിലെ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു. 42 പേർ പ്രതികളായ സൂര്യനെല്ലി പീഡനക്കേസിനേക്കാൾ വലിയ കുറ്റകൃത്യമാണ് പത്തനംതിട്ടയിൽ നടന്നത്.
പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, പന്തളം പോലീസ് സ്‌റ്റേഷനുകളിലായി 29 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ 43 പ്രതികൾ ഇതിനോടകം അറസ്റ്റിലായി. പ്രതികളിലൊരാൾ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കുമെന്നും കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നും എസ് പി അറിയിച്ചു
പെൺകുട്ടി അഞ്ച് തവണ കൂട്ടബലാത്സംഗത്തിന് ഇരയായെന്നും കണ്ടെത്തി. റാന്നി മന്ദിരംപടി പി ദീപുവിന്റെ ഇടപെടലാണ് ഒരു വർഷം മുമ്പുണ്ടായ രണ്ട് കൂട്ടബലാത്സംഗങ്ങൾക്ക് വഴിവെച്ചത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇയാളും രണ്ട് സുഹൃത്തുക്കളും പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയി. മന്ദിരംപടിയിലെ റബർ തോട്ടത്തിന് സമീപം നിർത്തിയിട്ട കാറിൽ വെച്ച് ഇവർ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു
ഇതിന് ശേഷം ഓട്ടോറിക്ഷയിലെത്തിയ രണ്ട് പേർക്ക് പെൺകുട്ടിയെ കൈമാറി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വെച്ചും പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ഇതിൽ നാല് പേരാണ് പ്രതികൾ. മറ്റൊരു ദിവസം പ്രക്കാനം തോട്ടുപുറത്തെ അടച്ചിട്ട കടയ്ക്ക് സമീപം വാഹനം നിർത്തിയിട്ടാണ് ഇവർ പെൺകുട്ടിയെ പീഡിപ്പിച്ചത്