ഒരിടവേളക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു. രണ്ട് ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്നും നാളെയും വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.