കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 87
രചന: റിൻസി പ്രിൻസ്
എത്ര സമയം അങ്ങനെ നിന്നു എന്ന് അവൾക്കറിയില്ല. ഇടയ്ക്ക് എപ്പോഴോ ആശ്വാസത്തിന്റെ ചുംബനങ്ങൾ വികാരത്തിന്റെ അഗ്നിയിൽ വീണു. പിന്നെ അത് തനുവിനെ ചൂട് പിടിപ്പിക്കാൻ തുടങ്ങി. ശരീരങ്ങൾ വിയർത്തു ഒടുവിൽ ഒരു നൊമ്പരത്തോടെ അവനവളിൽ ചേർന്നു രണ്ടുപേരുടെയും വേദനകൾക്കുള്ള ഒരു പരിഹാരമായി ആ പ്രണയം ഇരുവരുടെയും ശരീരത്തിൽ ഒഴുകി ..
ആ കിടപ്പിൽ കിടന്നു തന്നെ രണ്ടുപേരും ഉറങ്ങി പോയിരുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും ഭാരം അത്രമേൽ ഉണ്ടായിരുന്നു രണ്ടുപേർക്കും. ഒരു നാലുമണിയോടെ സതിയുടെ ശബ്ദം കേട്ട് അതുകൊണ്ടാണ് മീര കണ്ണു തുറക്കുന്നത്. കണ്ണ് തുറന്നു നോക്കിയപ്പോൾ തന്നെ ചേർത്ത് പിടിച്ച് കിടന്നുറങ്ങുന്നവനെയാണ് ആദ്യം കണ്ടത്. കഴിഞ്ഞുപോയ നിമിഷങ്ങളെ കുറിച്ച് ഒരു നിമിഷം അവൾ ഓർത്തു. വലിയൊരു ഭാരം മനസ്സിൽ നിന്ന് ഇറക്കി വെച്ച സന്തോഷത്തോടെ വസ്ത്രങ്ങൾ നേരെ ഇട്ടതിനു ശേഷം അവൾ മുറി തുറന്നിരുന്നു..
നോക്കിയപ്പോൾ സതി അവിടെ നിൽപുണ്ട്. അവളുടെ മുഖത്തേക്ക് നോക്കി താല്പര്യമില്ലാതെ സതി പറഞ്ഞു.
” കെട്ടിയോൻ ഗൾഫീന്ന് വന്നപ്പോൾ തൊട്ട് ഇങ്ങനെ മുറി അടച്ചിരിക്കുന്നത് ഞാൻ ആദ്യമായിട്ട് കാണുവാ. ഇതേ ഒരു കൂട്ടുകുടുംബംആണ്.. ഇങ്ങനെ കെട്ടിയോന്റെ ചൂടും പിടിച്ചു ഏത് സമയവും മുറിയിൽ കയറിയിരിക്കുന്നത് നല്ല സ്വഭാവമല്ല. ചോറ് കഴിച്ച് കഴിഞ്ഞ് അന്നേരം മുറിക്കകത്ത് കയറിയതാണല്ലോ, ചായ കുടിക്കാൻ നേരമായപ്പോൾ ഞാൻ വന്നു വിളിച്ചു. ഇങ്ങനെ സമയാസമയം എല്ലാ കാര്യത്തിനും ഞാൻ വന്നു വിളിക്കണമായിരിക്കും. അതിനായിരിക്കുമല്ലോ വന്ന ഉടനെ അവന്റെ ചെവി കടിച്ചു പറിച്ച് അവനോട് എന്റെ ഒരു നൂറു കുറ്റങ്ങൾ പറഞ്ഞു കൊടുത്തത്. ചായ എടുത്തു വച്ചിട്ടുണ്ട് അവനെയും കൂട്ടി വാ. അത് കുടിച്ചിട്ട് വന്ന് മുറി അടച്ച് കുറച്ചുനേരം കൂടെ കെട്ടിയോനും കെട്ടിപ്പിടിച്ച് അതിനകത്ത് ഇരിക്ക്… വൈകിട്ട് കഴിക്കാറാവുമ്പോൾ ഞാൻ വന്നു വിളിക്കാം..
ദേഷ്യത്തോടെ അത്രയും പറഞ്ഞു സതി ഇറങ്ങിപ്പോയപ്പോൾ അവൾക്ക് വല്ലാഴിക തോന്നിയിരുന്നു.. മനസ്സിന്റെ വിഷമം കൊണ്ടാണ് സത്യം പറഞ്ഞാൽ മുറിയിൽ നിന്നും പുറത്തിറങ്ങാതിരുന്നത്. താൻ പറയാൻ പോകുന്നതൊക്കെ കേൾക്കുമ്പോൾ സുധി എങ്ങനെ പ്രതികരിക്കും എന്നുള്ള ഭയം എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. എങ്കിലും സധി പറഞ്ഞത് കേട്ട് അവൾ ചൂളി പോയിരുന്നു. മോശമായിപ്പോയി എന്ന് അവൾക്ക് തോന്നി. താൻ അങ്ങനെ മുറിയിൽ തന്നെ ഇരിക്കാൻ പാടില്ലായിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷം സുധിയേട്ടനെ കണ്ടപ്പോൾ ആ സാന്നിധ്യം താൻ ഒരല്പം കൊതിച്ചു എന്നത് സത്യമാണ്. അതുകൊണ്ടാണ് സുധിയേട്ടൻ നിർബന്ധിച്ചപ്പോൾ അരികിൽ തന്നെ ഇരുന്നത്. സതി പറഞ്ഞതിലും കാര്യമുണ്ടെന്ന് അവൾക്ക് തോന്നിയിരുന്നു. താൻ ചെയ്തത് മോശമാണ്. വന്നു കയറി നിമിഷം മുതൽ സുധിയേട്ടന്റ ഒപ്പം ആയിരുന്നു. ഒരു നിമിഷം മറ്റെല്ലാം താൻ മറന്നുപോയിരുന്നു. എന്നാൽ ജോലിചെയ്യാനായി അടുക്കളയിലേക്ക് ചെന്ന് തന്നോട് ദേഷ്യപ്പെട്ട് അവിടെ നിന്ന് പോകാൻ പറഞ്ഞതും സതി തന്നെയാണ്… സുധിയേട്ടൻ എന്തോ കാര്യമായി അമ്മയോട് പറഞ്ഞിട്ടുണ്ട് എന്നും അത് അവരിൽ ദേഷ്യം ഉണ്ടാക്കിയിട്ടുണ്ട് എന്നും വ്യക്തമായി തന്നെ മീരക്ക് മനസ്സിലായി. അതിന്റെ പിണക്കമാണ് തന്നോട് കാണിക്കുന്നത്… സാധാരണ തന്നോട് ഇത്രയും ദേഷ്യത്തിൽ സംസാരിക്കുന്നത് സുധി ഇല്ലാത്തപ്പോഴാണ്.. സുധിയുടെ സാന്നിധ്യത്തിൽ തന്നെ ഇത്രയും ദേഷ്യം തന്നോട് കാണിക്കണമെങ്കിൽ സുധിയേട്ടൻ കാര്യമായി എന്തോ പറഞ്ഞിട്ടുണ്ട് എന്ന് അവൾക്ക് തോന്നിയിരുന്നു.. എല്ലാ കുറ്റവും തന്റെ മുകളിലാണ് അമ്മ വയ്ക്കുന്നത്…
ബാത്റൂമിലേക്ക് പോയി മുഖം നന്നായി ഒന്ന് കഴുകി ഒപ്പം തന്നെ ദേഹവും നന്നായി ഒന്ന് കഴുകി, അത് കഴിഞ്ഞു വന്നതാണ് അവൾ സുധിയെ വിളിച്ചത്.
” സുധിയേട്ടാ എഴുന്നേറ്റേ… എന്തൊരു കിടപ്പാ ഇത്.. സമയം 4:30 ആയി. ചായ കുടിക്കാൻ നോക്ക്,
അവൾ വിളിച്ചപ്പോൾ കണ്ണ് തിരുമ്മി അവൻ എഴുന്നേറ്റു. കുറച്ചു സമയങ്ങൾക്ക് ശേഷമാണ് സ്ഥലകാലബോധം അവനു വന്നത് മുറിയിലേക്ക് ആകപ്പാടെ ഒന്ന് നോക്കി അവളുടെ മുഖത്തേക്ക് നോക്കി….
” നീ എപ്പോഴാ എഴുനേറ്റ് പോയത്, ഞാൻ അറിഞ്ഞു പോലുമില്ലല്ലോ..
” അമ്മയാ എന്നെ വന്നു വിളിച്ചത്… നാണക്കേട് ആയിപ്പോയി. ഞാൻ ഇങ്ങനെ പകല് സുധിയേട്ടന്റെ കൂടെ മുറികേറി അടച്ചിരിക്കുക എന്ന് പറഞ്ഞാൽ അത് മോശമായിപ്പോയി അല്ലേ സുധിയേട്ടാ…?
നാണത്തോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ ഒരു കുസൃതി ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു.. കതക് അടച്ചിരിക്കുകയാണെന്ന് ഉറപ്പുവരുത്തി ഒറ്റ വലിക്ക് തന്നെ അവളെ അവൻ തന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു..
” നീയല്ലാതെ പിന്നെ വേറെ ആരാ എന്റെ കൂടെ ഇവിടെ മുറിയിൽ കയറിയിരിക്കുന്നത്.. അതിലിപ്പോ എന്താ ഇത്ര നാണക്കേട്.? ഞാൻ എത്ര കാലം കൂടി വരുന്നത് ആണ്… അപ്പോൾ പിന്നെ എനിക്ക് എന്റെ ഭാര്യയും കെട്ടിപ്പിടിച്ച് ഒരു പകൽ ഉറക്കം ആഗ്രഹം ഉണ്ടാവില്ലേ.? അതൊക്കെ അമ്മയ്ക്ക് മനസ്സിലായിക്കോളും
ചിരിയോടെ അത് പറഞ്ഞ് ഏറെ പ്രണയത്തോടെ അവൻ അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകിയിരുന്നു. കണ്ണുകൾ അടച്ചാണ് അവൾ അത് സ്വീകരിച്ചത്… അവന്റെ താടി രോമങ്ങൾ മുഖത്തെ ഇക്കിളിക്കൂട്ടി, അത് പതിയെ കഴുത്തിലേക്ക് ഇറങ്ങിയപ്പോൾ അവൾ തന്നെ അവനിൽ നിന്നും അകന്നു മാറി..
” എഴുന്നേൽക്ക് സുധിയേട്ടാ സമയ ഒരുപാട് സമയം ആയി. അമ്മ വന്നട്ട് എത്ര നേരായി എന്നറിയോ.? ചായ കുടിക്കാൻ വിളിച്ചിട്ട് പോയതാ.. ചായ തണുത്ത് കാണും.. മുഖം കഴുകി ചായ കുടിക്കാൻ അങ്ങോട്ട് വാ, ഞാൻ ഇനി ഇങ്ങോട്ട് വരില്ല കേട്ടോ…
അത്രയും പറഞ്ഞ് അവന്റെ കവിളിൽ ഒരു നേർത്ത ചുംബനം നൽകി അവൾ അടുക്കളയിലേക്ക് പോയിരുന്നു. മനസ്സിൽ ഒരു വലിയ സമാധാനം വന്നതുപോലെ, അപ്രിയ സത്യങ്ങൾ ആണെങ്കിലും ചില കാര്യങ്ങൾ അറിഞ്ഞു കഴിയുമ്പോൾ മനസ്സ് അതിനെ അംഗീകരിക്കാൻ തയ്യാറാകും. അത്തരം ഒരു അവസ്ഥയിലൂടെയാണ് ഇപ്പോൾ താൻ പോകുന്നത്. കുറച്ചു മുൻപ് തന്റെ മനസ്സിൽ വളരെയധികം പ്രഹരങ്ങളായിരുന്നു ഏറ്റിരുന്നത്. എല്ലാംകൂടി ഒരുമിച്ച് കേൾക്കേണ്ടി വന്ന ഒരു സാഹചര്യം കൂടിയാണ്. എന്നാൽ ഇപ്പോൾ മനസ്സിന് കുറച്ച് ആശ്വാസം ഉണ്ട്.
കട്ടിലിൽ നിന്നും എഴുന്നേറ്റ് മുഖം നന്നായി ഒന്ന് കഴുകി സുധി നേരെ ഡൈനിങ് റൂമിലേക്ക് പോയി. അവിടെ സതി അവനെയും കാത്ത് ഇരിക്കുകയാണ്. അവനിഷ്ടപ്പെട്ട ഇലയടയും ഉണ്ടാക്കി വച്ചിട്ടുണ്ട്. അതിൽ നിന്നും ഒരു കഷണം എടുത്ത് കഴിക്കുമ്പോഴേക്കും ചൂട് ചായയും ആയി മീര വന്നിരുന്നു.
” താൻ കൂടി ഇരുന്നു കുടിക്ക്.
സുധി അത് പറഞ്ഞതും സാതിക്ക് തീരെ ഇഷ്ടമായില്ല എന്ന് അവരുടെ മുഖം കണ്ടപ്പോൾ തന്നെ മീരക്ക് മനസ്സിലായി. അത് സുധിക്കും മനസ്സിലായിരുന്നു.. എങ്കിലും അവൻ അവരെ ഗൗനിക്കാതെ അവന്റെ അരികിലുള്ള കസേര അവൾക്ക് നേരെ ഇട്ടുകൊടുത്തു… പെട്ടെന്നാണ് സുധിയത് ശ്രദ്ധിച്ചത് കഴിഞ്ഞ തവണ താൻ വന്നപ്പോൾ അമ്മയ്ക്ക് കൊടുത്ത മൂന്നു പവന്റെ മാല കഴുത്തിൽ ഇല്ല. അതിനുപകരം നേർത്ത ഒരു ചെയിനിൽ കോർത്ത മാലയാണ് ഇട്ടിരിക്കുന്നത്… അവൻ അമ്മയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു
” കഴിഞ്ഞ തവണ ഞാൻ വന്നപ്പോൾ കൊണ്ടു തന്ന മാല അമ്മ എന്ത് ചെയ്തു? ആ മലയല്ലല്ലോ ഇത്
പെട്ടെന്ന് അവരുടെ മുഖത്തും ഒരു പരിഭ്രമവും പേടിയും ഒക്കെ നിറഞ്ഞിരുന്നു.. എങ്കിലും അത് സമർത്ഥമായി മറച്ചുകൊണ്ട് അവർ പറഞ്ഞു..
” അത് പിന്നെ അന്ന് സുഗന്ധി നിന്നോട് കുറച്ചു പണം ചോദിച്ചിരുന്നില്ലേ.? നിന്റെ കയ്യില് അത് കൊടുക്കാൻ ഉണ്ടായിരുന്നില്ലല്ലോ. അവൾക്ക് ആ വീട്ടിൽ നിൽക്കേണ്ടതല്ലേ മോനെ എന്തെങ്കിലും നമ്മൾ കൊടുക്കണ്ടേ? ഞാൻ പിന്നെ ആ മാല അവൾക്ക് അങ്ങ് കൊടുത്തു. എന്റെ കയ്യിൽ ശ്രീക്കുട്ടിയുടെ ഒരു പഴയ മാല ഇരിപ്പുണ്ടായിരുന്നു അതായിത്. നീ വരുമ്പോൾ ഇത് മാറ്റി നിന്നെക്കൊണ്ട് പുതിയ ഒരെണ്ണം പിന്നീട് പൈസ ആകുമ്പോൾ വാങ്ങിപ്പിക്കാമല്ലോ എന്ന് ഓർത്തു..
. ഒരു കൂസലും ഇല്ലാതെ അവർ പറയുന്നത് കേട്ടപ്പോൾ അവന് ദേഷ്യമാണ് തോന്നിയത്
” മൂന്നു പവന്റെ മാല അവൾക്ക് കൊടുക്കുമ്പോൾ അമ്മ എന്നോട് ഒരു വാക്ക് ചോദിച്ചില്ലല്ലോ.? ഒന്നുമല്ലെങ്കിലും ഞാൻ അവിടെ കിടന്നു കഷ്ടപ്പെട്ട് ഉണ്ടാക്കിയത് അല്ലെ..?
അല്പം നീരസത്തോട് തന്നെ സുധി പറഞ്ഞിരുന്നു.. പെട്ടെന്ന് എന്തു പറയണം എന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു സതി.
” നിന്നെക്കൊണ്ട് കാശ് കൊടുക്കാൻ പറ്റിയില്ല നമ്മൾ എന്തെങ്കിലും ചെയ്തില്ലെങ്കിൽ നാളെ അവൾക്ക് അതൊരു പേര് ദോഷമല്ലേ കെട്ടിച്ച് വിട്ട വീടല്ലേ, നിനക്ക് തന്നെയാ അതിന്റെ നാണക്കേട്. നീ തന്നതാണെന്ന് പറഞ്ഞു ഞാൻ ആ മാല അവൾക്ക് അങ്ങ് കൊടുത്തു. ഇനിയിപ്പോൾ എനിക്ക് മാലയൊക്കെ എന്തിനാ, ഞാൻ ഈ നൂൽ ഇട്ടോളാം, എനിക്കിനി ഒരു പുതിയ മാല വാങ്ങിത്തരുന്നത് ഓർത്താണ് നീ ഈ കണക്ക് പറയുന്നതെങ്കിൽ അത് വേണ്ട. പ്രശ്നം തീർന്നല്ലോ
” അങ്ങനെയാണെങ്കിൽ ഒക്കെ, പ്രശ്നം തീർന്നു. ഇനി പുതിയ മാല വേണമെന്ന് അമ്മ എന്നോട് പറയരുത്. എന്റെ കൈയില് ഒരു നീക്കിയിരിപ്പും ഇല്ല..
അവന്റെ മറുപടി കേട്ട് പെട്ടെന്ന് സതി ഞെട്ടിപ്പോയിരുന്നു. അവൻ അങ്ങനെ എടുത്തടിച്ചു പറയും എന്ന് അവർ കരുതിയിരുന്നില്ല.
” പിന്നെ ഞാൻ നിന്നോട് ഒരു കാര്യം പറയാൻ ഇരിക്കുകയായിരുന്നു. ശ്രീജിത്തിന് ഒരു ആഗ്രഹം, നിന്നോട് സൂചിപ്പിക്കണമെന്ന് അവൻ പറഞ്ഞിരുന്നു. ഇപ്പോൾ നീ വന്ന സ്ഥിതിക്ക് നിന്നോട് പറയാം എന്ന് ഞാനും വിചാരിച്ചു. ശ്രീക്കുട്ടിയുടെ പഠിപ്പ് ഇക്കൊല്ലം കഴിയും പിന്നെ വേറെ ബാധ്യതകൾ ഒന്നുമില്ലല്ലോ. അപ്പൊ പിന്നെ ഈ വീട് പണയപ്പെടുത്തി കുറച്ച് കാശ് എടുക്കാമെന്ന് അവൻ പറയുന്നത്, അത് കഴിഞ്ഞ് വീട് അങ്ങ് പൊളിച്ചു പണിയാമെന്ന്. നമുക്ക് മാത്രമല്ലേ ഉള്ളൂ ഇവിടെ നല്ല വീടില്ലാത്തത്.? എന്താ നിന്റെ അഭിപ്രായം..?
പ്രതീക്ഷയോടെ സതി അവനോട് ചോദിച്ചു….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…