National

നടന്‍ രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനി അതീവ സുന്ദരി മാത്രമല്ല; സ്വത്തിന്റെ കാര്യത്തിലും താരത്തിനും മേലെ

ഹൈദരാബാദ്: തെലുങ്കിലെ സൂപ്പര്‍താരവും ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന നടന്‍മാരില്‍ ഒരാളുമായ രാം ചരണിന്റെ ജീവിത പങ്കാളി ഉപാസന കാമിനേനി ബോളിവുഡ് നടിമാര്‍ അടിയറവ് പറയുന്ന സൗന്ദര്യത്തിന് ഉടമ മാത്രമല്ല; സമ്പത്തിന്റെ കാര്യത്തിലും താരത്തിനും മുകളിലാണെന്നതാണ് യാഥാര്‍ഥ്യം.

ചിരഞ്ജീവിയുടെ മകനെന്നതിനപ്പുറം രാം ചരണിന് തെന്നിന്ത്യയില്‍ ഒരുപാട് ആരാധകരുണ്ടെന്നതും ഏവര്‍ക്കും അറിയുന്ന കാര്യമാണ്. ഒരു സിനിമയ്ക്ക് 100 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന രാം ചരണ്‍ തെലുങ്ക് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ്. എന്നാല്‍ രാം ചരണിനോളമോ, അദ്ദേഹത്തിനേക്കാള്‍ ഏറെയോ ആസ്തിയുള്ള ഒരാളാണ് അദ്ദേഹത്തിന്റെ ഭാര്യ എന്നത് അധികമാര്‍ക്കും അറിയണമെന്നില്ല.

രാം ചരണും ഉപാസന കാമിനേനിയുമായുള്ള വിവാഹം 2012 ല്‍ ആയിരുന്നു നടന്നത്. രാജ്യത്തെ പ്രമുഖമായ ഒരു ബിസിനസ് കുടുംബത്തില്‍നിന്നു വരുന്നൂവെന്നത് തന്നെയാണ് ഉപാസന പ്രശസ്തയാക്കുന്നത്. അപ്പോളോ ഹോസ്പിറ്റല്‍സിന്റെ ചെയര്‍മാന്‍ പ്രതാപ് സി റെഡ്ഡിയുടെ ചെറുമകളാണ് ഉപാസന കാമിനേനിയെന്നറിയുമ്പോള്‍ അവരുടെ ആസ്തിയെക്കുറിച്ച് അറിയാനുള്ള താല്‍പര്യം വര്‍ധിക്കും. മുത്തച്ഛന്‍ പ്രതാപ് സി റെഡ്ഡിയുടെ ആസ്തി 22,000 കോടി രൂപയോളം വരുമെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 77,000 കോടി രൂപയാണ് അപ്പോളോ ആശുപത്രികളുടെ ഏകദേശ വിപണി മൂലധനമായി കണക്കാക്കുന്നത്. ഇന്ത്യയിലെ മികച്ച 100 ശതകോടീശ്വരന്മാരില്‍ ഒരാള്‍ കൂടിയാണ് അപ്പോളോ ഉടമ.

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സെലിബ്രിറ്റി ദമ്പതിമാരില്‍ പ്രമുഖരാണ് ഇവര്‍. താരദമ്പതികളുടെ മൊത്തം ആസ്തി ഏകദേശം 2,500 കോടി രൂപയാണ്. ഉപാസനയുടെ വ്യക്തിഗത ആസ്തി ഏകദേശം 1,130 കോടി രൂപയും രാം ചരണിന്റെ ആസ്തി 1,370 കോടി രൂപയുമാണ് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകളില്‍നിന്നും ബോധ്യപ്പെടുന്നത്.

ഉപാസനയ്ക്കും രാം ചരണിനും കഴിഞ്ഞ വര്‍ഷം ഒരു പെണ്‍കുഞ്ഞ് പിറന്നത് മാധ്യമങ്ങള്‍ ആഘോഷിച്ച വാര്‍ത്തയായിരുന്നു, പ്രത്യേകിച്ചും തെലുങ്ക് മാധ്യമലോകം.
അപ്പോളോ ഹോസ്പിറ്റല്‍സിന്റെ വൈസ് പ്രസിഡന്റാണ് ഉപാസന. അമ്മ ശോഭന കാമിനേനി എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണുമാണ്.

ഉപാസനയുടെ പിതാവ് അനില്‍ കാമിനേനി കെഇഐ ഗ്രൂപ്പിന്റെ സ്ഥാപകനാണ്. 1989 ജൂലൈ 20 ന് ഹൈദരാബാദിലായിരുന്നു ഉപാസന കാമിനേനിയുടെ ജനനം. പുന്‍ഷ് കാമിനേനി, അനുഷ്പാല കാമിനേനി എന്നിവര്‍ സഹോദരങ്ങളാണ്.

അപ്പോളോയുടെ ചുമതലകള്‍ക്കൊപ്പം ബി പോസിറ്റീവ് മാസികയുടെ എഡിറ്റര്‍-ഇന്‍-ചീഫും ഫാമിലി ഹെല്‍ത്ത് പ്ലാന്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ടിപിഎയുടെ മാനേജിംഗ് ഡയറക്ടര്‍ പദവിയുമെല്ലാം വഹിക്കുന്ന ഇവരുടെ ജീവിതം ഏറെ തിരക്കുപിടിച്ചതാണ്. ഇന്റര്‍നാഷണല്‍ ബിസിനസ് മാര്‍ക്കറ്റിംഗ് ആന്‍ഡ് മാനേജ്‌മെന്റില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഉപാസന ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം മുത്തച്ഛന്റെ ബിസിനസില്‍ ഒപ്പം ചേരുകയായിരുന്നു.

Related Articles

Back to top button