Automobile

ട്യൂബ് ലെസ് അല്ലെന്ന കുറവും നികത്തി കരുത്തോടെ റോയല്‍ എന്‍ഫീല്‍ഡ്

ചെന്നൈ: റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ബൈക്കുകളെക്കുറിച്ച് കിടുവെന്ന ഒരൊറ്റ വിശേഷണമാണ് ഏവരും പറയാറ്. എന്താണ് അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കുകളെന്ന് ഇന്ത്യയിലെ യുവാക്കള്‍ക്ക് നിര്‍വചിച്ചു നല്‍കിയ വാഹനമെന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം.

411 സിസി മോഡലായ ഹിമാലയനിലൂടെ രാജ്യം വെട്ടിപ്പിടിച്ച കമ്പനി ഇന്ന് 450 സിസിയിലാണ് ഇന്നിങ്‌സ് തുടരുന്നത്. മുന്‍ഗാമിക്കുണ്ടായിരുന്ന പോരായ്മകളെല്ലാം വെട്ടിയൊതുക്കിയാണ് പുതുപുത്തന്‍ ആവര്‍ത്തനം കഴിഞ്ഞ വര്‍ഷം വിപണിയിലേക്ക് എത്തിയത്. മുന്‍ഗാമിക്കുണ്ടായിരുന്ന എല്ലാ പോരായ്മകളും നികത്തി പുതിയ പ്ലാറ്റ്ഫോമും കരുത്തുറ്റ എഞ്ചിനും ആധുനിക ഫീച്ചറുകളുമെല്ലാം നിറച്ചായിരുന്നു ഹിമാലയന്‍ 450 പതിപ്പ് വരവറിയിച്ചത്. പെര്‍ഫോമന്‍സില്‍ ആളുകളെല്ലാം ശ്ശെ. എന്നു വീണുവെങ്കിലും അന്നുമുതല്‍ ഇതുവരെ വണ്ടി ട്യൂബ്ലെസില്‍ വാങ്ങാനാവില്ലെന്ന കുറവ് അതേപടി തുടരുകയായിരുന്നു.

കഷ്ടകാലത്തിന് പഞ്ചറായാല്‍ സവാരിക്കാരന്റെ ജീവിതം തീര്‍ന്ന സ്ഥിതിയായിരുന്നു. ഭാരംകൂടിയ ബൈക്ക് തള്ളിക്കൊണ്ട് പോലും പോയാല്‍ നക്ഷത്രമെണ്ണുന്ന സ്ഥിതി. ട്യൂബ് ലെസ് ടയറുകളുടെ അഭാവം ഇനി ഹിമാലയന്‍ 450 മോഡലിനെ ബാധിക്കില്ല. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ട്യൂബ് ലെസ് ടയറുകളുമായി അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തിയിരിക്കുകയാണ്. പുതിയ 450 സിസി മോഡല്‍ പുറത്തിറക്കിയപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റായി വയര്‍-സ്പോക്ക് വീലുകളായിരുന്നു കമ്പനി സജ്ജീകരിച്ചിരുന്നത്. ഈ വയര്‍-സ്പോക്ക് വീലുകള്‍ ട്യൂബ് ലെസ് ടയറുകളുമായി പൊരുത്തപ്പെട്ടിരുന്നില്ലെന്നത് വാങ്ങാനെത്തിയവരെ നിരാശരാക്കിയിരുന്നു.

പുതിയ ഹിമാലയന്‍ 450 വാങ്ങുന്നവര്‍ക്കൊപ്പം നിലവിലുള്ള ഉടമകള്‍ക്കും ഈ പുതിയ ട്യൂബ്ലെസ് വയര്‍-സ്പോക്ക് വീലുകള്‍ സ്വന്തമാക്കാമെന്നതാണ് ഇപ്പോഴത്തെ നേട്ടം. ഇങ്ങനെ ബൈക്ക് വാങ്ങുമ്പോള്‍ 2.96 ലക്ഷം രൂപയായിരിക്കും എക്‌സ്‌ഷോറൂം വിലയെന്ന് മാത്രം. അതായത് 2.85 ലക്ഷം രൂപയില്‍ നിന്ന് വില ആരംഭിക്കുന്ന ട്യൂബ്-ടൈപ്പ് ടയര്‍ ഘടിപ്പിച്ച മോഡലിനേക്കാള്‍ 11,000 രൂപ അധികമായി മുടക്കേണ്ടി വരുമെന്ന് മാത്രം. എന്നാലും എന്‍ഫീല്‍ഡ് പ്രേമികള്‍ക്ക് വലിയ ആശ്വാസമാണ് ഇത് നല്‍കുന്നത്.

കമ്പനിയുടെ ജെനുവിന്‍ മോട്ടോര്‍സൈക്കിള്‍ ആക്സസറീസ് കാറ്റലോഗ് വഴി പുതുതായി ഹോമോലോഗ് ചെയ്തതും ലോഞ്ച് ചെയ്തതുമായ ട്യൂബ്ലെസ് വയര്‍-സ്പോക്ക് വീലുകള്‍ വാങ്ങാം. ഈ ആക്സസറിക്ക് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില 12,424 രൂപയാണ്. ട്യൂബ്ലെസ് വയര്‍-സ്പോക്ക് വീലുകള്‍ ഉണ്ടെങ്കില്‍ ഓഫ്-റോഡിംഗിലും ഓണ്‍-റോഡിലുമുള്ള യാത്രകളില്‍ റൈഡര്‍മാര്‍ക്ക് ടയര്‍ ചതിക്കുമോയെന്ന ആശങ്കയില്‍നിന്നും പൂര്‍ണമായും മോചനം നേടാം.

Related Articles

Back to top button