Kerala

താന്‍ മതസ്പര്‍ധ ഉണ്ടാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല; ജനങ്ങള്‍ പ്രതികരിച്ചതിന് പിന്നില്‍ താനല്ല: മനാഫ്

കോഴിക്കോട്: മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍ ഓടിച്ച ലോറിയുടെ ഉടമ മനാഫ്. സൈബര്‍ അതിക്രമത്തിനെതിരെഅര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയില്‍ മനാഫിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വൈകാരികമായിട്ടായിരുന്നു മനാഫിന്റെ പ്രതികരണം

അര്‍ജുന്റെ കുടുംബത്തിനെതിരെ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് മനാഫ് പറഞ്ഞു. കേസില്‍ കുടുക്കിയാലും ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നില്‍ക്കും. ജനങ്ങളുടെ വികാരം തന്റെ നിയന്ത്രണത്തിലല്ല. അര്‍ജുന്റെ കുടുംബത്തെ ആക്രമിക്കരുതെന്നാണ് സമൂഹത്തോട് ആവശ്യപ്പെട്ടത്. അര്‍ജുനെ കാണാതായത് മുതല്‍ കുടുംബത്തിന് അനുകൂലമായാണ് നില്‍ക്കുന്നത്. തനിക്കെതിരെ കേസെടുത്ത് ജയിലിലടച്ചാലും കുടുംബത്തിനൊപ്പം നില്‍ക്കും. ഇപ്പോള്‍ കേസെടുത്തിരിക്കുന്നത് എന്തിനാണെന്ന് വ്യക്തമല്ല. അര്‍ജുന്റെ മൃതദേഹം കിട്ടിയതോടെ സമാധാനം ലഭിക്കുമെന്ന് വിചാരിച്ചു. എന്നാല്‍ പ്രശ്‌നങ്ങള്‍ തുടരുകയാണെന്നും മനാഫ് പറഞ്ഞു.

അര്‍ജുന്റെ സഹോദരി അഞ്ജുവിന്റെ പരാതിയില്‍ ചേവായൂര്‍ പൊലീസാണ് മനാഫിനെതിരെ കേസെടുത്തത്. അര്‍ജുന്റെ ചിത്രം ഉപയോഗിച്ച് ‘ലോറി ഉടമ മനാഫ്’ എന്ന പേരില്‍ യുട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ഇതുവഴി അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. കുടുംബം വാര്‍ത്താസമ്മേളനം നടത്തിയതിനു പിന്നാലെ സൈബറാക്രമണം രൂക്ഷമായെന്നും സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്താന്‍ മനാഫ് കാരണക്കാരനായെന്നും പരാതിയില്‍ പറയുന്നു.

Related Articles

Back to top button