World

എവറസ്റ്റ് കൊടുമുടി വേഗത്തില്‍ വളരുന്നതിന്റെ ഉത്തരം നല്‍കി ചൈനീസ് ശാസ്ത്രജ്ഞന്‍

ബീജിങ്: സമുദ്രനിരപ്പില്‍ നിന്ന് 5.5 മൈല്‍ (8.85 കി.മീ) ഉയരമുള്ള ലോകത്തിലെ ഏറ്റവും പൊക്കമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണെന്ന് ശാസ്ത്രലോകം. എവറസ്റ്റ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ വളരുകയാണെന്നും അതിനുള്ള കാരണം കണ്ടെത്തിയെന്നും ചൈനീസ് ശാസ്ത്രജ്ഞര്‍ പറയുന്നു. സമീപത്തുള്ള രണ്ട് നദീതടങ്ങളുടെ സംഗമവുമായി ബന്ധപ്പെട്ടാണ് എവറസ്റ്റിന്റെ വളര്‍ച്ചയുടെ വേഗമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

89,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോസി നദി അരുണ്‍ നദിയുമായി ലയിച്ചതോടെ എവറസ്റ്റിന് ഏകദേശം 49-164 അടി (1,550 മീറ്റര്‍) ഉയരം ലഭിച്ചുവെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. നദികള്‍ കാലക്രമേണ ഗതി മാറിയതിനാല്‍ കോസി അരുണിനെ കീഴടക്കുകയും ത്വരിതഗതിയിലുള്ള മണ്ണൊലിപ്പിന് കാരണമാകുകയും ചെയ്തു.

ഓരോ വര്‍ഷവും ഏകദേശം 0.01-0.02 ഇഞ്ച് (0.20.5 മില്ലിമീറ്റര്‍) എന്ന തോതില്‍ എവറസ്റ്റ് വളരുകയാണ്. ഈ ഭൂമിശാസ്ത്രപരമായ പ്രക്രിയയെ ഐസോസ്റ്റാറ്റിക് റീബൗണ്ട് എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. ഈ പ്രക്രിയ എവറസ്റ്റിനടുത്തുള്ള പ്രദേശത്തെ ഭാരം കുറയാന്‍ കാരണമായെന്നാണ് ബീജിംഗിലെ ചൈന യൂണിവേഴ്സിറ്റി ഓഫ് ജിയോസയന്‍സസിലെ ജിയോ സയന്റിസ്റ്റ് ജിന്‍-ജെന്‍ ഡായ് പറയുന്നത്. ഭൗമോപരിതലത്തില്‍ നിന്ന് ഐസോ അല്ലെങ്കില്‍ ഉരുകിയ പാറകള്‍പോലുള്ള കനത്ത ഭാരം നീക്കം ചെയ്യുമ്പോള്‍ അതിനടിയിലുള്ള ഭൂമി പതുക്കെ ഉയരുമെന്നും ഡായ് കൂട്ടിച്ചേര്‍ത്തു.

എവറസ്റ്റിന്റെ വാര്‍ഷിക ഉയര്‍ച്ച നിരക്കിന്റെ ഏകദേശം 10% ഐസോസ്റ്റാറ്റിക് റീബൗണ്ട് ആണെന്ന് കണക്കാക്കുന്നു. മണ്ണൊലിപ്പ് തുടരുന്നതിനാല്‍, ഐസോസ്റ്റാറ്റിക് റീബൗണ്ട് കാരണമുള്ള എവറസ്റ്റിന്റെ ഉയര്‍ച്ച നിരക്ക് ഇനിയും വര്‍ധിച്ചേക്കാം. ഇന്ത്യന്‍ ഉപഭൂഖണ്ഡം ഏകദേശം 50 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് യുറേഷ്യയുമായി കൂട്ടിയിടിച്ചപ്പോഴാണ് എവറസ്റ്റ് ഉള്‍പ്പെടുന്ന ഹിമാലയന്‍ പര്‍വതനിരകള്‍ ജന്മമെടുത്തത്.

Related Articles

Back to top button