കേരളത്തില്‍ കടുവകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടാവാത്തത് കുട്ടികള്‍ക്കിടയിലെ മരണനിരക്ക് കൂടുതലായതിനാല്‍
മനു റഹ്മാന്‍
കോഴിക്കോട്: കേരളത്തില്‍ കടുവകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാവാത്തത് വിവിധ കാരണങ്ങളാല്‍ മുതിരുന്നതിന് മുന്‍പേ അവ ചത്തുപോകുന്നതിനാലാണെന്ന് പ്രശസ്ത ബയോളജിസ്റ്റ് ബാലസുബ്രഹ്മണ്യം വ്യക്തമാക്കി. രോഗങ്ങള്‍, പട്ടിണി, പുലിയും ചെന്നായയും ഹൈനയുംപോലുള്ള ഇരപിടിയന്മാര്‍ തുടങ്ങിയവയെല്ലാമാണ് കടുവക്കുഞ്ഞുങ്ങളുടെ അതിജീവനം അസാധ്യമാക്കുന്നത്.
സാധാരണ മൂന്നും നാലും കുഞ്ഞുങ്ങളാണ് ഒരു പ്രസവത്തില്‍ ഉണ്ടാവാറെങ്കിലും പ്രായപൂര്‍ത്തിയാവുന്ന രണ്ടര വയസ് എത്തുന്നതിന് മുന്‍പ് തന്നെ മിക്കവയും ചത്തുപോകാറാണ് പതിവ്. അധിക കേസിലും ഒരെണ്ണം ബാക്കിയായാല്‍ ഭാഗ്യമായെന്നും ബാലസുബ്രഹ്മണ്യം.
കേരളത്തില്‍ കടുവാ സങ്കേതങ്ങളായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് പെരിയാറും പറമ്പിക്കുളവുമാണ്. എന്നാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടുവകള്‍ വസിക്കുന്നത് വയനാട് വന്യമൃഗ സങ്കേതത്തിലാണ്. പറമ്പിക്കുളത്ത് മുപ്പത് മുതല്‍ 35 വരെ കടുവകളെയാണ് കണക്കെടുപ്പില്‍ കാണാനായത്. ക്യാമറ ട്രാപ്പിലൂടെയാണ് ഇപ്പോള്‍ പ്രധാനമായും എല്ലായിടത്തും കൂടുതല്‍ ശാസ്ത്രീയമായ രീതിയില്‍ കടുവകളുടെ കണക്കെടുക്കുന്നത്. പെരിയാറില്‍ നാല്‍പതോളം കടുവകളാണുള്ളത്. എന്നാല്‍ ടൈഗര്‍ റിസര്‍വായി പ്രഖ്യാപിക്കപ്പെടാത്ത വയനാട് വന്യജീവി സങ്കേതത്തില്‍ 125 കടുവകളെയാണ് സെന്‍സസിനിടെ കണ്ടെത്താനായത്.
കടുവയായാലും ആനയായാലും പ്രശ്‌നക്കാരനായി മാറിയാല്‍ അവയെ പലപ്പോഴും ആ മേഖലയില്‍നിന്നും മാറ്റുന്ന രീതിയാണ് കണ്ടുവരുന്നത്. ഇത് ശാസ്ത്രീയമാണെന്ന് പറയാനാവില്ല. കാരണം, ഒരെണ്ണം മാറുന്നതോടെ അതുപോലുള്ള മറ്റൊരു ആനയോ, കടുവയോ ആ മേഖലയിലേക്ക് എത്തും. ആന മനുഷ്യാവാസ മേഖലയിലേക്കു കടക്കാതിരിക്കാന്‍ വൈദ്യുതവേലിയാണ് സ്ഥാപിക്കാറ്. ഇത് ഫലപ്രദമല്ലെന്നാണ് ബോധ്യപ്പെട്ടിരിക്കുന്നത്.
വേലിയുടെ കാലുകളിലും കമ്പിയില്ലാത്ത ഇടങ്ങളിലുമെല്ലാം ഷോക്കേല്‍ക്കില്ലെന്ന് ആന തന്റെ അനുഭവത്തിലൂടെ തിരിച്ചറിയുന്നതാണ് ഇതിന് കാരണം. ആനയുടെ ബുദ്ധിശക്തിയാണ് അത് സൂചിപ്പിക്കുന്നത്. വേലിയുടെ കാലുകള്‍ കമ്പിയില്‍ സ്പര്‍ശിക്കാതെ ചവിട്ടി തകര്‍ത്തും കാലുകള്‍ തുമ്പിക്കൈ ഉപയോഗിച്ച് പിഴുതെറിഞ്ഞുമെല്ലാം ആനകള്‍ കൃഷിയിടങ്ങളിലേക്കു കൂട്ടമായി പോകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.
മനുഷ്യന്‍ ആനയെ അകറ്റാന്‍ ചെയ്യുന്ന ഓരോ സൂത്രങ്ങളും ആന ഏതാനും ആഴ്ചകളോ, മാസങ്ങളോ എടുത്ത് മറികടക്കും. പ്രത്യേക രീതിയില്‍ കര്‍ഷകര്‍ കല്ലിനിടയില്‍ പടക്കം വെച്ച് ആനയെ ഓടിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ മുകളിലെ കല്ല് എടുത്തു മാറ്റിയാല്‍ പടക്കം പൊട്ടില്ലെന്ന് ആന മനസ്സിലാക്കിയെന്നും തന്റെ പതിറ്റാണ്ടുകളായുള്ള അനുഭവങ്ങള്‍ വിവരിച്ച് അദ്ദേഹം വിശദീകരിച്ചു.
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കേരള വനം വന്യജീവി വകുപ്പിലെ സാമൂഹികവല്‍ക്കരണ വിഭാഗം ഉത്തരമേഖലയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി എക്‌സ്റ്റന്‍ഷന്‍ പറമ്പിക്കുളം ടൈഗര്‍ റിസര്‍വില്‍ കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച കാടറിവ് എന്ന ദ്വിദിന പ്രകൃതി പഠന ക്യാമ്പില്‍ മാധ്യപ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് മാധ്യമപ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും ഉള്‍പ്പെട്ട 32 അംഗ സംഘം ക്യാമ്പില്‍ പങ്കെടുത്തത്. പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയരക്ടര്‍ ആര്‍ സുജിത്ത് ഐഎഫ്എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഇ പി മുഹമ്മദ് അധ്യക്ഷനായി. സോഷ്യല്‍ ഫോറസ്ട്രി കോഴിക്കോട് മേഖലാ എസിഎഫ് എ പി ഇംത്യാസ്, പ്രസ് ക്ലബ് സെക്രട്ടറി പി.കെ സജിത്, പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് റിട്ട. ഡപ്യൂട്ടി ഡയറക്ടര്‍ പി ജെ തോമസ് നെല്‍സണ്‍, കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് വിഷ്ണു സംസാരിച്ചു.
ട്രെക്കിംഗ്, പക്ഷി നിരീക്ഷണം, വൈല്‍ഡ് ലൈഫ് സഫാരി, മുളച്ചങ്ങാട യാത്ര, കന്നിമാര തേക്ക്, തൂണക്കടവ് ഡാം സന്ദര്‍ശനം, ആദിവാസികളുടെ തനത് നൃത്തം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ ക്യാംപിന്റെ ഭാഗമായി നടന്നു. വനം വകുപ്പ് ഗൈഡുമാരായ നടരാജന്‍, ശ്രീനിദാസന്‍, എം. ശെല്‍വന്‍ എന്നിവര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരായ രമേശ് കോട്ടൂളി, എം സുധീന്ദ്രകുമാര്‍, എ വി ഫിര്‍ദൗസ്, ചിക്കു ഇര്‍ഷാദ് സജീവന്‍ കല്ലേരി, എന്‍ എസ് നിസാര്‍, ഇ പി ഷെഫീഖ് നേതൃത്വം നല്‍കി. സി കെ തന്‍സീര്‍, മുജീബ് ആക്കോട്, അഫ്‌സല്‍ കോണിക്കല്‍, നിസാര്‍ കൂമണ്ണ, നവാസ്, സോഫിയാ ബിന്ദ്, വിനോദ് താമരശ്ശേരി, ബിനുരാജ്, രോഹിത്, ബിമല്‍ തമ്പി, ഷിദ ജഗത്ത്, ഹസനുല്‍ ബാരി, ഗോകുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.