കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 104
രചന: റിൻസി പ്രിൻസ്
ഇതിനാണോ ഈ ആന മറിക്കുന്ന കാര്യങ്ങളൊക്കെ നീ ചെയ്തു എന്ന് പറയുന്നത്.. നിന്റെ 5 ലക്ഷം ഉലുവ എങ്ങനെയാണെങ്കിലും ഞാൻ തിരിച്ചു തരും..
അത്രയും പറഞ്ഞ് അവർ പോയപ്പോൾ വല്ലാത്തൊരു അവസ്ഥയിലായിരുന്നു സുധി. ആ പണം നഷ്ടപ്പെട്ടതിനേക്കാൾ കൂടുതൽ അവനെ വേദനിപ്പിച്ചിരുന്നത് അവരുടെ ആ വാക്കുകളായിരുന്നു.
സുധി അവിടെ നിശ്ചലമായി നിൽക്കുകയായിരുന്നു. എന്ത് ചെയ്യണം എന്ന് പോലും അറിയാത്ത ഒരു അവസ്ഥ, അവൻ പാടെ തകർന്നുപോയി എന്ന് ആ നിമിഷം അവൾക്ക് തോന്നിയിരുന്നു..അമ്മയിൽ നിന്നും ഇത്തരമൊരു പ്രവർത്തി അവൻ പ്രതീക്ഷിച്ചിരുന്നില്ല എന്ന് അവന്റെ സംസാരരീതിയിൽ നിന്നും ഉണ്ടായ അമ്പരപ്പിൽ നിന്നും അവൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു..
” സുധിയേട്ടാ ഭക്ഷണം കഴിക്കുന്നില്ലേ.?
അല്പം മടിയോടെയാണെങ്കിലും അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു..
” ഇനിയിപ്പോൾ ഞാൻ എന്തിനാ ഭക്ഷണം കഴിക്കുന്നത്..? വയറ് നന്നായിട്ട് നിറഞ്ഞു. അല്ലെങ്കിലും കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഏതൊരാൾക്കും അവസാനം കേൾക്കേണ്ടി വരുന്നത് ഇങ്ങനെയുള്ള ചില വാക്കുകൾ മാത്രം ആണ്.. ഞാൻ ഈ വീടിനു വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഒക്കെ എന്റെ കടമയായിരുന്നു എന്ന്. അതില് അമ്മയുടെ ഉത്തരവാദിത്വം എല്ലാം തീർന്നല്ലോ. അവന്റെ കണ്ണിൽ നിന്നും കണ്ണുനീരിറ്റു വീഴുന്ന കാഴ്ച അവളുടെ ഹൃദയം തകർക്കുന്നതായിരുന്നു. ഇത്രത്തോളം അവൻ വേദനയോടെ നിൽക്കുന്നത് കണ്ടിട്ടില്ല..
കണ്ണുകൾ തുടച്ചുകൊണ്ട് അവൻ മുറിയിലേക്ക് പിന്മാറിയപ്പോൾ അവൾ അവനെ അനുഗമിച്ചിരുന്നു. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന രമ്യക്കും വല്ലായ്മ തോന്നിയിരുന്നു.
താൻ കാരണമാണോ അവന്റെ കണ്ണുകൾ നിറഞ്ഞത് എന്ന ഒരു വേദന അവളിൽ നിറഞ്ഞുന്നു. അകത്തെ മുറിയിലേക്ക് അവൾ ചെന്നപ്പോൾ സതി അവിടെ യാതൊരു കൂസലുമില്ലാതെ ഇരിക്കുകയാണ്. അത് കണ്ടപ്പോൾ വല്ലാത്തൊരു ദേഷ്യം തന്നെയാണ് ഒരു നിമിഷം അവൾക്ക് തോന്നിയത്.
സുധി പറഞ്ഞ ഓരോ കാര്യങ്ങളും ശരിയാണ് എന്ന് അവൾക്ക് പല കുറി തോന്നിയിട്ടുണ്ടായിരുന്നു. സുധിയുടെ കാര്യത്തിൽ വലിയ പ്രാധാന്യമൊന്നും സതി നൽകിയിട്ടില്ല. അതുകൊണ്ടു തന്നെയാണ് തന്റെ സുഹൃത്തിന് സുധിയെ ആലോചിച്ചതും അവൾ വിവാഹബന്ധം ഉപേക്ഷിച്ച് നിൽക്കുന്ന സമയത്ത് അവൾക്കൊരു നല്ല ജീവിതം ഉണ്ടാവണമെന്ന് താൻ ആഗ്രഹിച്ചിരുന്നു. തന്റെ അരികിൽ തന്നെ അവൾ ഉണ്ടെങ്കിൽ അത് വലിയ സന്തോഷമായിരുന്നു. അതുകൊണ്ടു തന്നെയാണ് സതിയോട് പറഞ്ഞു സുധിയുടെ കാര്യം ഉറപ്പിച്ചത്. സതി വഴക്ക് പറയും എന്നാണ് കരുതിയിരുന്നത്. പക്ഷേ അവർക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. അവർ പ്രാധാന്യം നൽകിയത് പണത്തിന് ആണെന്ന് അന്നുതന്നെ മനസ്സിലാക്കാൻ സാധിച്ചതാണ്.
ഇപ്പോൾ സ്വന്തം മകനോട് ഇത്രയും കാര്യങ്ങൾ പറയുമ്പോൾ പോലും അവർക്ക് യാതൊരു വേദനയും തോന്നുന്നില്ല എന്നത് ഒരു അമ്പരപ്പിക്കുന്ന കാര്യം തന്നെയായിരുന്നു.
” ഏട്ടനോട് അമ്മയ്ക്ക് അങ്ങനെയൊക്കെ പറയാൻ എങ്ങനെയാ തോന്നിയത്..?
അവരുടെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചപ്പോൾ അവർക്ക് ദേഷ്യം വന്നിരുന്നു.
” ഞാൻ അങ്ങനെയൊക്കെ പറയാൻ കാരണം നിന്റെ ഭർത്താവ് ആണ്. അവൻ സമയത്ത് പൈസ തന്നിരുന്നെങ്കിൽ എനിക്കിപ്പോൾ സുധിയോട് മുഷിഞ്ഞു സംസാരിക്കേണ്ടി വരുമായിരുന്നില്ല.
” അമ്മയുടെ സ്വന്തം മോനല്ലേ..? ഇങ്ങനെയൊക്കെ പറയുന്ന ആളുകളെ ഞാൻ ആദ്യമായിട്ടാ കാണുന്നേ,
” ആദ്യായിട്ട് നീ കണ്ടല്ലോ..? അത് മതി.ഞാൻ നിന്നോട് വന്നു പറഞ്ഞതല്ലേ നിന്റെ അച്ഛനോട് ഒന്ന് ചോദിക്കാമെന്ന് കുറച്ചു പൈസ തന്നു സഹായിക്കുമോ എന്ന്, അപ്പോൾ ഒന്നും നിനക്ക് വയ്യായിരുന്നല്ലോ. എന്നിട്ട് ഇപ്പോൾ ഞാൻ മാത്രം കുറ്റക്കാരി..
” അമ്മയ്ക്ക് എന്നോട് ഇങ്ങനെ സംസാരിക്കാൻ നാണമില്ലേ..? ഞാൻ അറിയാൻ മേലാഞ്ഞ് ചോദിക്കാ അമ്മയുടെ മോൻ വെറുതെ കളഞ്ഞ പൈസയ്ക്ക് ഞാനാണോ പരിഹാരം കാണേണ്ടത്..? അല്ലെങ്കിൽ എന്റെ അച്ഛനാണോ ആ പൈസ തരേണ്ടത്..? ഇത്രയും പ്രായമായിട്ടും അമ്മ എന്തിനാ പണത്തിനോട് ഇത്രയും ആർത്തി കാണിക്കുന്നേ..?എന്റെ അച്ഛൻ അവിടെ കിടന്ന് കഷ്ടപ്പെടുന്നത് എന്റെ അമ്മയ്ക്കും പിന്നെ എനിക്കും ഒക്കെ വേണ്ടിയാണ്. അല്ലാതെ മരുമോന് വേണ്ടിയല്ല. മക്കളുടെയും മരുമക്കളുടെയും അവരുടെ വീട്ടിലുള്ളതും എല്ലാം കൂടെ വേണം എന്ന് വിചാരിക്കുന്നത് അത്ര നല്ല ശീലമല്ല. സുധിയേട്ടൻ ആയതു കൊണ്ട് ഇത്രയേ പറഞ്ഞുള്ളൂ. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ശരിക്ക് വല്ലതും പറഞ്ഞേനെ. ഏതായാലും കുറച്ചു ദിവസത്തേക്ക് എങ്കിലും അമ്മ സുധിയേട്ടന്റെ അരികിൽ പോകണ്ട, അത്രയ്ക്ക് വിഷമിച്ച അങ്ങേര് മുറിയിലേക്ക് പോയത്. ഈ കുടുംബത്തിന് വേണ്ടി അത്രത്തോളം കഷ്ടപ്പെട്ട ഒരു മനുഷ്യനല്ലേ, വളരെ കുറച്ച് നാളെ ആയിട്ടുള്ളൂ ഇവിടെ വന്നിട്ടെങ്കിലും എനിക്കത് പറഞ്ഞാൽ മനസ്സിലാവും. കാരണം ഞാൻ അത് വ്യക്തമായിട്ട് കണ്ടിട്ടുണ്ട്. അമ്മയ്ക്ക് പിന്നെ അമ്മയുടെ മക്കളോട് ഒന്നും വലിയ സ്നേഹമില്ലെന്ന് എനിക്ക് മനസ്സിലായി. ആകെ ഇഷ്ടമുള്ളത് സ്വന്തം മോളോട് മാത്രം. പെൺമക്കളോടും ആൺമക്കളോടും ഒരേപോലെ സ്നേഹം കാണിക്കണം. ഇല്ലെങ്കിൽ അത് പ്രശ്നമാകും.
” നീയെന്താടി കിട്ടിയ സമയത്ത് എന്നെ ചട്ടം പഠിപ്പിക്കാൻ വരുവാണോ.?
” ഞാനെന്തു പഠിപ്പിക്കാൻ ഞാൻ പഠിപ്പിച്ച അമ്മ ഇപ്പോൾ നന്നാവും. സ്വന്തം മോനോട് ഇല്ലാത്ത ആത്മാർത്ഥത അമ്മ എന്നോട് കാണിക്കൂമോ.? എനിക്ക് അങ്ങനെയുള്ള ഒരു തെറ്റിദ്ധാരണയും ഇല്ല. വളരെ കുറച്ച് സമയം കൊണ്ട് തന്നെ എനിക്ക് അമ്മയെ നല്ല വൃത്തിക്ക് മനസ്സിലായത് ആണ്. സുധിയേട്ടൻ ഗൾഫിലായിരുന്ന സമയത്ത് അമ്മയ്ക്ക് സുധിയേട്ടനെ വലിയ ഇഷ്ടമായിരുന്നു. അല്ല ഇഷ്ടമായിരുന്നു എന്ന് അമ്മ അഭിനയിക്കുകയായിരുന്നു. ആ സമയത്ത് സുധിയേട്ടന്റെ കയ്യിലെ ഇഷ്ടം പോലെ പൈസയുണ്ടായിരുന്നു. പൈസ ഒക്കെ അമ്മയ്ക്ക് വേണമായിരുന്നല്ലോ, പിന്നെ സുധിയേട്ടൻ കല്യാണം കഴിച്ചപ്പോൾ കാര്യമായിട്ടൊന്നും കിട്ടാത്തതുകൊണ്ട് ആ പെൺകൊച്ചിനെ അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. അമ്മയുടെ സ്വഭാവം നന്നായി മനസ്സിലാക്കി സുധിയേട്ടൻ പിന്നീട് പൈസ മുഴുവൻ അവളുടെ അക്കൗണ്ടിലോട്ട് ഇട്ടു കൊടുത്തു. അതോടെ അമ്മയ്ക്ക് അവളെ ഇഷ്ടമല്ല, സുധിയേട്ടന്റെ വരുമാനം ഒന്നും കിട്ടില്ല എന്ന് ആയപ്പോൾ സുധിയെട്ടനെ ഇഷ്ടമല്ല. പിന്നെ ശ്രീജിത്തിനോട് അമ്മ ഇത്തിരിയെങ്കിലും സ്നേഹം കാണിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ ആൾ അമ്മയെ നോക്കണന്നുള്ള ഉദ്ദേശം ആണെന്ന് എനിക്ക് നന്നായിട്ടറിയാം. അല്ലാതെ ഒരിക്കലും അമ്മ അങ്ങേരോട് ആത്മാർത്ഥത ഒന്നും കാണിക്കില്ല. അമ്മയ്ക്ക് ഈ ലോകത്തിൽ വച്ച് ആകെ ഇഷ്ടമുള്ളത് അമ്മയുടെ മോളെ മാത്രം ആണ്. എല്ലാം അമ്മ മനസ്സിലാക്കാൻ കിടക്കുന്നതേയുള്ളൂ. സുധിയേട്ടന്റെ കണ്ണിൽ നിന്ന് വീണ ഈ കണ്ണുനീരിന്റെ ശാപം അമ്മയ്ക്ക് കിട്ടാതിരിക്കട്ടെ, പിന്നെ അമ്മ ഇനിയുള്ള കാലം മുഴുവൻ ജീവിക്കാൻ ആഗ്രഹിക്കുന്നത് ശ്രീജിത്തിന്റെ കൂടെ ആണെങ്കിൽ എന്നോട് ഉള്ള ഈ മുഷിക്ക് സ്വഭാവം മാറ്റിവയ്ക്കുന്നത് ആണ് നല്ലത്. ഇല്ലെങ്കിൽ ഞാൻ എന്റെ പാട്ടിനു പോകും, അമ്മയുടെ അതേ ഫോട്ടോ കോപ്പിയായുള്ള പൈസയോടെ അത്യാഗ്രഹം ഉള്ള അമ്മയുടെ മോൻ എന്റെ പുറകെ വരും, അതുകൊണ്ട് അമ്മ കുറച്ചൊക്കെ ഒതുങ്ങുന്നത് നല്ലതാ.. പ്രായം ആകുമ്പോൾ പ്രായമായവരെ പോലെ ജീവിക്കുന്നത് ആണ് നല്ലത്. അല്ലാതെ പ്രായമായാലും മറ്റുള്ളവരുടെ മേലെ ജീവിക്കണം എന്ന് പറയുന്നത് അത്ര നല്ല സ്വഭാവം അല്ല.
അത്രയും പറഞ്ഞ് അവൾ അപ്പുറത്തേക്ക് പോയപ്പോൾ മുഖത്ത് ഒരു ഒരു അടി ഏറ്റത് പോലെയാണ് അവർക്ക് തോന്നിയത്. മരുമകളുടെ മുൻപിൽ ഇത്രത്തോളം താഴ്ന്നു പോയതും തന്റെ മനസ്സിലുള്ള ചിന്തകളൊക്കെ ഒരു വാക്കുപോലും വിടാതെ അവൾ തുറന്നു പറഞ്ഞതുമാണ് അവരെ ചൊടിപ്പിച്ചത്. താൻ സുധിയെ കറവപ്പശു ആക്കുകയായിരുന്നു എന്ന് അവൾ പറഞ്ഞപ്പോൾ താൻ കൊച്ചായി പോകുന്നത് പോലെ അവർക്ക് തോന്നി. താൻ ഇത്രയും കാലം ചെയ്തിരുന്നത് അതുതന്നെയായിരുന്നു എന്ന് ഒരു നിമിഷം അവർ ആലോചിച്ചു. പക്ഷേ അതിൽ തെല്ലും കുറ്റബോധം ആ നിമിഷവും അവർക്ക് തോന്നിയിരുന്നില്ല. എന്നാൽ ആ സത്യങ്ങളൊക്കെ തുറന്ന് അവൾ പറഞ്ഞ നിമിഷം അവർക്ക് വല്ലാത്ത ഒരു ദേഷ്യവും തോന്നിയിരുന്നു. അവൾ പറഞ്ഞതൊക്കെ സത്യമാണെങ്കിലും ഇങ്ങനെ തുറന്നു പറയുന്നത് അവർക്ക് ഇഷ്ടമായിരുന്നില്ല.
മുറിയിലേക്ക് ചെന്ന ഉടനെ അവൾ ഫോൺ എടുത്ത് അച്ഛനെ വിളിക്കുകയാണ് ചെയ്തത്.
” എന്താണ് മോളെ ഈ സമയത്ത് പതിവില്ലാതെ..?
വീട്ടിൽ നടന്ന സംഭവങ്ങൾ ഒക്കെയും ഒരു വാക്കുപോലും വിടാതെ അവൾ അച്ഛനോട് പറയുകയും ചെയ്തു.
” ഇതൊന്നും നിയെന്താ നേരത്തെ പറയാഞ്ഞത്. അവൻ എന്തെങ്കിലും ആവശ്യമുണ്ടായിരുന്നെങ്കിൽ എന്നോട് ചോദിച്ചാൽ പോരായിരുന്നോ..?അല്ലാതെ ആ പണം എടുക്കേണ്ട കാര്യമുണ്ടായിരുന്നോ മ്?ആ ചെറുപ്പക്കാരൻ എത്രകാലം അവിടെ കിടന്ന് കഷ്ടപ്പെട്ടതായിരിക്കാം, അത് നമുക്ക് ശരിയാവില്ല. എത്രയും പെട്ടെന്ന് ആ പണം തിരിച്ചു കൊടുക്കാൻ അവനോട് പറ.
” തിരിച്ചുകൊടുക്കാൻ അതൊന്നും ശ്രീജിത്തിന്റെ കയ്യിൽ ഇല്ല,
” അങ്ങനെ പറഞ്ഞാൽ പറ്റുമോ.? അവൻ എത്ര കാലം കിടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയതായിരിക്കും ആ പൈസ, അവൻ കരഞ്ഞാൽ ആ ശാപം കിട്ടുന്നത് നിന്റെ കുഞ്ഞിന് കൂടിയാ, അതുകൊണ്ട് നീ എത്രയും പെട്ടെന്ന് ആ പൈസ തിരിച്ചു കൊടുക്കാൻ ശ്രീജത്തിനോട് പറഞ്ഞേ പറ്റൂ..
” ഞാൻ പറഞ്ഞില്ലേ അച്ഛാ ശ്രീജിത്തിന്റെ കയ്യിലേങ്ങും ഒരു രൂപ പോലും ഇല്ല. പിന്നെ ഞാൻ എവിടെ നിന്ന് ഈ പൈസ തിരിച്ചു കൊടുക്കാൻ ആണ് പറയുന്നത്.
” കുഴപ്പമില്ല ആ പൈസ ഞാൻ കൊടുക്കാം, നീ പിന്നീട് ശ്രീജിത്തിനോട് അത് എനിക്ക് തന്നാൽ മതി എന്ന് പറഞ്ഞാൽ മതി. അങ്ങനെ തന്നെ നീ പറയണം, നിനക്ക് പണം തരാൻ ബുദ്ധിമുട്ട് ഉണ്ടായിട്ടല്ല. അവൻ ഒരു ഇത്തിരി ഉത്തരവാദിത്വം ഉണ്ടാവണമെങ്കിൽ ഈ പൈസ കടമായിട്ട് കൊടുക്കുന്നതാണെന്ന് പറയണം.. മാത്രമല്ല നാളെ രാവിലെ തന്നെ വീട്ടിലേക്ക് വരാൻ പറ, ഞാൻ അഞ്ചുലക്ഷം രൂപ അവന് ഏൽപ്പിച്ചേക്കാം.
” ഞാനല്ലെങ്കിലും അച്ഛനോട് ആ കാര്യം പറയാൻ വേണ്ടിയാ വിളിച്ചത്. ഞാൻ ശ്രീജിത്തിനോട് പറഞ്ഞേക്കാം നാളെത്തന്നെ വന്ന് പണം വാങ്ങാൻ. കൊടുത്തില്ലെങ്കിൽ അച്ഛൻ പറഞ്ഞപോലെ എനിക്കും ഒരു സമാധാനം ഉണ്ടാവില്ല. ഈ വീട്ടിൽ കുറച്ചെങ്കിലും മനസാക്ഷി ഉള്ളത് ആ മനുഷ്യന് മാത്രമാണ്. അങ്ങേരെ പിഴിഞ്ഞാ ഈ വീട്ടിലുള്ള സകല എണ്ണവും ജീവിക്കുന്നത് എന്തിന് അധിക പറയുന്നു എന്റെ ഭർത്താവ് അടക്കം ജീവിക്കുന്നത്….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…