Novel

വരും ജന്മം നിനക്കായ്: ഭാഗം 5

രചന: ശിവ എസ് നായർ

“ജോലിയും കൂലിയും ഇല്ലാതെ തെണ്ടി തിരിഞ്ഞു നടക്കുന്ന നിനക്ക് ഞാനെന്റെ മോളെ കെട്ടിച്ചു തരണമല്ലെ?.” വേണു മാഷ് ഉച്ചത്തിൽ ചോദിച്ചു.

“അങ്കിൾ… നിങ്ങളൊരു അദ്ധ്യാപകനല്ലേ. അതിന്റെ മാന്യത സംസാരത്തിലും ഞാൻ പ്രതീക്ഷിക്കുന്നു.” അഖിൽ ശാന്തനായി പറഞ്ഞു.

അവന്റെ മറുപടി കേട്ടതും മുഖത്തടിയേറ്റത് പോലെ വേണു മാഷ് വിളറി.

“അവൾക്കൊരു ആലോചന വന്നുവെന്നത് നേരാ… ചെറുക്കന് സർക്കാർ ഉദ്യോഗമാണ്. പക്ഷേ പഠിത്തം കഴിഞ്ഞെ നോക്കുന്നുള്ളു എന്നാ അവരോട് മറുപടി പറഞ്ഞത്. നാട്ടിൽ കുറച്ചു അന്തസ്സായി ജീവിക്കുന്നയാളാണ് ഞാൻ. നിന്റെ ചുറ്റുപാടിനെ കുറിച്ചൊക്കെ ഏകദേശം ഗായത്രി പറഞ്ഞ് എനിക്കറിയാം. എഞ്ചിനീയറിങ്ങിനു പോയിട്ട് എഴുതാതെ പോയ പേപ്പറുകൾ എഴുതി എടുത്ത് നല്ലൊരു ജോലി വാങ്ങാൻ നിനക്ക് തോന്നിയോ.

അതും പോരാഞ്ഞിട്ട് കഴുത്തിനു ചുറ്റും കടം കയറി വാടക വീട്ടിൽ കഴിയുന്നു. അങ്ങനെയുള്ള വീട്ടിലേക്ക് ഞാനെന്റെ മോളെ അയക്കുമെന്ന് നിനക്ക് തോന്നുന്നോ?

“അടുത്തയാഴ്ചയാണ് സേ എക്സാം. ഞാനത് എഴുത്തുന്നുണ്ട് അങ്കിൾ.”

“എഴുതിയാലും പാസ്സ് ആവുമെന്ന് വല്ല ഉറപ്പും ഉണ്ടോ?” വേണു മാഷ് പുച്ഛത്തോടെ ചോദിച്ചു.

“പാസ്സാവും അങ്കിൾ… നല്ലൊരു ജോലി എനിക്ക് കിട്ടുമെന്ന് ഉറപ്പുമുണ്ട്.”

“എന്നാലും കാര്യമില്ലല്ലോ അഖിലേ. നിനക്ക് സ്വന്തമായി വീടില്ല, പകരം കുറെ ബാധ്യതകൾ മാത്രം.”

“അച്ഛന്റെ ട്രീറ്റ്മെന്റിന് വേണ്ടി ഓരോരുത്തരിൽ നിന്നും കടം വാങ്ങിയും മറ്റും ചികിത്സ നടത്തിയാണ് ഞങ്ങൾക്ക് ഇത്രയും ബാധ്യതകൾ വന്നത്. എന്നിട്ടും അച്ഛനെ രക്ഷിക്കാൻ എനിക്ക് പറ്റിയില്ല.”

“അച്ഛൻ എങ്ങനെയാ മരിച്ചത്.” വേണു മാഷ് ചോദിച്ചു.

“കാൻസർ ആയിരുന്നു, അറിയാൻ വൈകി.”

“സ്വന്തമായി ഒരു വീടോ നല്ലൊരു ജോലിയോ ഇല്ലാത്ത ഒരുത്തന്റെ കൈയ്യിൽ ഞാനെങ്ങനെ എന്റെ മോളെ ധൈര്യത്തോടെ കെട്ടിച്ചു കൊടുക്കും. നിനക്കും ഉണ്ടല്ലോ ഒരു പെങ്ങൾ. അവളെ ഇതുപോലെ ഒരുത്തൻ വന്ന് ചോദിച്ചാൽ നീ സമ്മതിക്കുമോ?”

“അങ്കിൾ ഇങ്ങനെ ഇൻസൾട് ചെയ്യരുത്. പ്രേമിക്കുന്നതൊന്നും ഇന്നത്തെ കാലത്ത് അത്ര വല്യ കുറ്റമൊന്നുമല്ല. അച്ഛൻ മരിച്ച ശേഷം ഇതുവരെ പട്ടിണി അറിയിക്കാതെ ഞാൻ അമ്മയെയും പെങ്ങളെയും നോക്കുന്നുണ്ട്. താമസിക്കുന്ന വീടിന്റെ വാടക തുകയും മുടങ്ങാതെ കൊടുക്കുന്നുണ്ട്.

സ്ഥിര വരുമാനമുള്ള ഒരു ജോലി കിട്ടിയാൽ കടങ്ങൾ വീട്ടി സ്വന്തമായി ഒരു വീട് വയ്ക്കണമെന്നൊക്കെ ആഗ്രഹമുണ്ട്.”

“ഇതൊക്കെ എന്ന് നടക്കാനാ. ആട്ടെ, നിനക്ക് എത്ര ലക്ഷം രൂപേടെ കടമുണ്ട്?”

“ഏകദേശം ഇരുപത്തി അഞ്ചു ലക്ഷം വരും.”

“സപ്ലി എഴുതി എടുത്ത് പാസ്സായി എന്തെങ്കിലും ജോലി കിട്ടിയാൽ തന്നെ നിനക്ക് കിട്ടുന്ന സാലറി കൊണ്ട് നിന്റെ പ്രാരാബ്ദങ്ങൾ എന്ന് തീരാനാ. കെട്ടിച്ചു വിടാൻ ഒരു പെങ്ങളും ഇല്ലേ വീട്ടിൽ.”

“അങ്കിൾ… എനിക്ക് ഗായത്രിയെ ഒരുപാട് ഇഷ്ടമാണ്. അവൾക്ക് എന്നെയും. അങ്കിളിന്റെ മോളെ പട്ടിണിക്കിടാതെ നോക്കാമെന്നുള്ള ഉറപ്പ് തരാൻ എനിക്ക് പറ്റും. നല്ലൊരു ജോലി കിട്ടിയാൽ സാലറി മിച്ചം പിടിച്ചു ഞാൻ കടങ്ങളൊക്കെ സാവധാനം കൊടുത്തു തീർക്കും.”

“അഖിൽ… ഞാൻ തുറന്ന് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. പ്രണയത്തിനൊന്നും അത്ര എതിർപ്പുള്ള ഒരു വ്യക്തിയല്ല ഞാൻ. സ്കൂളിൽ പഠിക്കുന്ന പിള്ളേര് വരെ ഇപ്പോ പ്രേമിച്ചു നടക്കുന്നുണ്ട്. മാഷായിരുന്നത് കൊണ്ട് ഈ മരംചുറ്റി പ്രേമമൊക്കെ കുറെ കണ്ടിട്ടുള്ളതാ ഞാൻ.

പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ എന്റെ മോളെ കെട്ടുന്നവന് മിനിമം ഒരു യോഗ്യത എങ്കിലും വേണ്ടേ. കടത്തിൽ മുങ്ങി നിൽക്കുന്ന സ്വന്തമായി ഒരു വീട് പോലും ഇല്ലാത്തവന് നീ നിന്റെ പെങ്ങളെ കെട്ടിച്ചു കൊടുക്കുമോ? എന്ത് വിശ്വാസത്തിലാ അവളെ നിനക്ക് ഞാൻ കൈപിടിച്ച് തരുക? നാട്ടിലെനിക്കൊരു നിലയും വിലയും ഉണ്ടേ. വേണു മാഷിന്റെ മകൾ അഷ്ടിക്ക് ഗതിയില്ലാത്ത വീട്ടിലെ പയ്യനെ പ്രേമിച്ചു കെട്ടിയെന്ന് പറയുന്ന കേൾക്കുന്നത് എനിക്ക് കുറച്ചിലാ.

ഇനി സ്ത്രീധനം കിട്ടുന്ന തുക കൊണ്ട് നിന്റെ കടങ്ങൾ വീട്ടി ജീവിക്കാനാണ് മനസ്സിലിരിപ്പ് എങ്കിൽ ഒരു ചില്ലിക്കാശ് ഞാനെന്റെ രണ്ട് മക്കൾക്കും സ്ത്രീധനമായി കൊടുക്കില്ലെന്ന് പണ്ടേ തീരുമാനിച്ചിരുന്നതാ. ഞങ്ങളുടെ കാല ശേഷം മാത്രം എന്റെയും എന്റെ ഭാര്യയുടെയും പേരിലുള്ള സ്വത്ത്‌ വകകൾ മക്കളുടെ പേരിൽ കിട്ടുകയുള്ളൂ.” വേണു മാഷ് കസേരയിൽ ഒന്ന് നിവർന്നിരുന്നു.

“കെട്ടുന്ന പെണ്ണിന്റെ സ്വത്ത്‌ കൊണ്ട് എന്റെ ബാധ്യതകൾ തീർക്കാമെന്ന് ഞാൻ മനസ്സിൽ പോലും ചിന്തിച്ചിട്ടില്ല അങ്കിൾ.” അഖിൽ മുഷിഞ്ഞു തുടങ്ങി.

വന്ന നേരം മുതൽ അയാൾ അവനെ അപമാനിക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്.

“അച്ഛാ… പ്ലീസ്… ഇങ്ങനെയൊന്നും അഖിലേട്ടനോട് സംസാരിക്കുന്നത് ശരിയല്ല. വീട്ടിൽ കയറി വന്നവരെ അപമാനിക്കുന്നതിന് തുല്യമാണിത്.”

വേണു മാഷിന്റെയും അഖിലിന്റെയും സംഭാഷണങ്ങൾ അകത്ത് നിന്ന് ഗായത്രിയും കേൾക്കുന്നുണ്ടായിരുന്നു.
അച്ഛൻ പരിധി വിടുന്നുവെന്ന് തോന്നിയപ്പോഴാണ് അവൾ അവർക്കരികിലേക്ക് വന്നത്.

“ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പെണ്മക്കളുള്ള അച്ഛന്മാരൊക്കെ ഇങ്ങനെയെ പ്രതികരിക്കു.” വേണു മാഷ് മകളെ രൂക്ഷമായി നോക്കി.

“അങ്കിൾ… ഗായത്രിയെ കെട്ടാൻ എന്നിൽ എന്തൊക്കെ യോഗ്യത വേണമെന്നാണ് അങ്കിൾ പറയുന്നത്?”

“സ്വന്തമായി നിനക്കൊരു വീടുണ്ടായിരിക്കണം. നിന്റെയീ പ്രാരാബ്ദങ്ങളൊക്കെ തീർത്തിരിക്കണം. സർക്കാർ ജോലി വേണമെന്നൊന്നും എനിക്ക് നിർബന്ധമില്ല. നിന്റെ വിദ്യാഭ്യാസത്തിന് അനുയോജ്യമായ ജോലി ആയാൽ മതിയെന്നെ ഉള്ളു. എങ്കിൽ മാത്രം എന്റെ മോളെ നിനക്ക് കെട്ടിച്ചു തരും.” അവനെ കൊണ്ട് അതൊന്നും നടക്കില്ലെന്ന് അയാൾക്ക് ഉറപ്പായിരുന്നു.

“അങ്കിൾ എനിക്കൊരു നാല് വർഷം സമയം തരുമോ? ഗായത്രിക്കിപ്പോ ഇരുപത്തി ഒന്ന് കഴിഞ്ഞതല്ലേയുള്ളൂ. ഈ നാല് വർഷം കൊണ്ട് അങ്കിൾ ആഗ്രഹിച്ച എല്ലാ യോഗ്യതയോട് കൂടി എന്റെ അമ്മയെയും കൂട്ടി ഞാനിവിടെ വന്ന് പെണ്ണ് ചോദിച്ചോളാം. ഇവളെ അത്രയ്ക്ക് സ്നേഹിക്കുന്നുണ്ട് ഞാൻ. കൈവിട്ട് കളയാൻ മനസ്സ് വരുന്നില്ല അങ്കിൾ. ഗായത്രിക്കും അങ്ങനെ തന്നെയാണെന്നാണ് എന്റെ വിശ്വാസം.

ഇഷ്ടപ്പെട്ട ആളെ കല്യാണം കഴിച്ചാലല്ലേ സമാധാന പൂർണ്ണമായൊരു ജീവിതം ഉണ്ടാവുകയുള്ളു.” പ്രതീക്ഷയോടെ അഖിൽ വേണുവിനെ നോക്കി.

“അച്ഛാ… പ്ലീസ്…. ഒന്ന് സമ്മതിക്കച്ഛാ. അഖിലേട്ടനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ഞാനിപ്പോ പഠിക്കുകയല്ലേ. കല്യാണത്തിന് ഇനിയും ഒത്തിരി സമയം ഉണ്ടല്ലോ. ഞങ്ങൾക്ക് അച്ഛനിൽ നിന്നൊരു ഉറപ്പ് കിട്ടിയാൽ മാത്രം മതി.”

“ഈ നാല് വർഷം കൊണ്ട് നിന്റെ പ്രശ്നങ്ങൾക്കൊരു പരിഹാരം കണ്ടെത്താൻ നിനക്ക് കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ എന്റെ മോളെ നിനക്ക് തരാൻ എനിക്ക് സമ്മതക്കുറവൊന്നുമില്ല. മറിച്ചായാൽ പിന്നീട് ഈ പടി കടന്ന് വന്നേക്കരുത്. രണ്ടാളും ഈ ബന്ധവും മറന്നേക്കണം. സമ്മതമാണോ?” വേണു മാഷ് ഇരുവരോടുമായി ചോദിച്ചു.

“സമ്മതം… അങ്കിൾ നോക്കികാണുന്ന യോഗ്യതകൾ ഈ നാല് വർഷം കൊണ്ട് നേടിയെടുക്കാൻ എനിക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നീട് ഗായത്രിയെ ശല്യം ചെയ്യാൻ ഞാൻ വരില്ല അങ്കിൾ. അങ്കിളിന് അങ്കിളിന്റെ ഇഷ്ടം പോലെ ചെയ്യാം.” അഖിൽ അത് പറയുമ്പോൾ ഗായത്രി അവനെ ഞെട്ടലോടെ നോക്കി.

“അങ്ങനെയൊരു അവസ്ഥ ഉണ്ടാവില്ല ഗായു. നിന്നെ സ്വന്തമാക്കാൻ എത്ര കഷ്ടപ്പെടാനും ഞാൻ ഒരുക്കമാണ്. നീ വിഷമിക്കാതിരിക്ക്. ഇപ്പോ പഠിത്തത്തിൽ മാത്രം ശ്രദ്ധിക്ക്.” അഖിൽ അവളെ സമാധാനിപ്പിച്ചു.

“എങ്കിൽ ഞാൻ ഇറങ്ങട്ടെ അങ്കിൾ..” അവൻ യാത്ര പറഞ്ഞു പോയി.

“അതേ… അവനോട് ഞാൻ അങ്ങനെയൊക്കെ പറഞ്ഞുവെന്ന് വച്ച് നാളെ മുതൽ അവന്റെ കൂടെ പാർക്കിലും ബീച്ചിലുമൊക്കെ കറങ്ങി നടന്ന് മനുഷ്യനെ നാണം കെടുത്താൻ നിന്നേക്കരുത്.” വേണു മാഷ് മകളെ ശാസനയോടെ നോക്കി.

“ഇതുവരെ ഞങ്ങൾ അങ്ങനെയൊന്നും ചെയ്തിട്ടില്ല അച്ഛാ. ഇനി ഉണ്ടാവുകയുമില്ല.”

“അവന് നിന്നോടുള്ള സ്നേഹം ആത്മാർത്ഥമാണെങ്കിൽ ഞാൻ പറഞ്ഞത് പോലെ ചെയ്തു കാണിക്കട്ടെ. എങ്കിൽ മാത്രം നിറഞ്ഞ മനസ്സോടെ നിന്നെ അവന് കൈപിടിച്ച് കൊടുക്കും ഞാൻ. മറിച്ചായാൽ എന്റെ മോള് ആ ബന്ധം മറന്നേക്കണം. അതുകൊണ്ട് കൂടുതൽ ആഗ്രഹിക്കാൻ നിൽക്കണ്ട.”

“എനിക്ക് അഖിലേട്ടനിൽ വിശ്വാസമുണ്ട്. എല്ലാം പറഞ്ഞ് സമ്മതിച്ചിട്ട് ഒടുവിൽ അച്ഛൻ കാല് മാറാതിരുന്നാൽ മതി.”

ഗായത്രി അന്ന് പറഞ്ഞ വാക്കുകൾ അയാളുടെ കാതുകളിൽ വീണ്ടും വീണ്ടും മുഴങ്ങി കേൾക്കും പോലെ തോന്നി.

“അവസാനം നീ പറഞ്ഞത് പോലെ തന്നെ നടന്നല്ലോ മോളെ. ആദ്യമായി വേണു മാഷ് കൊടുത്ത വാക്ക് തെറ്റിച്ചത് നിന്റെ കാര്യത്തിലായിരുന്നു.” പഴയ ഓർമ്മയിൽ മാഷിന്റെ നെഞ്ച് നീറി…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button