സെപ്റ്റംബറില്‍ ഏറ്റവും അധികം വിറ്റ എംപിവിയെന്ന പദവി എര്‍ട്ടിഗക്ക് സ്വന്തം
ന്യൂഡല്‍ഹി: കഴിഞ്ഞ മാസം എംപിവി വിഭാഗത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട കാര്‍ എന്ന പദവിക്ക് ്ര്‍ഹമായിരിക്കുകയാണ് മാരുതി സുസുക്കിയുടെ എര്‍ട്ടിഗ. ഏറെ കാലമായി ഈ സെഗ്മെന്റില്‍ എര്‍ട്ടിഗയുടെ തേരോട്ടമാണ് നടക്കുന്നത്. വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മാരുതി സുസുക്കി എര്‍ട്ടിഗയുടെ ഡിമാന്‍ഡില്‍ ശ്രദ്ധേയമായ വളര്‍ച്ചയാണ് കാണാനാകുക.
വാഹനത്തില്‍ ധാരാളം ഇടം വേണമെന്നതിനൊപ്പം സുഖസൗകര്യങ്ങള്‍, മൈലേജ്, താങ്ങാനാവുന്ന വില എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന ഉപഭോക്താക്കള്‍ക്ക് പറ്റിയ ഏറ്റവും മികച്ച ഓപ്ഷനുകളില്‍ ഒന്നാണ് എര്‍ട്ടിഗ. 2023 സെപ്റ്റംബറില്‍ 13,528 യൂണിറ്റ് എര്‍ട്ടിഗ മാത്രമായിരുന്നു ഇന്തോ-ജാപ്പനീസ് വാഹന നിമാതാക്കള്‍ക്ക് വില്‍ക്കാന്‍ സാധിച്ചിരുന്നതെങ്കില്‍ 2024 സെപ്റ്റംബറില്‍ 29 ശതമാനം വളര്‍ച്ചയോടെ വില്‍പ്പന 17,441 യൂണിറ്റായി ഉയര്‍ന്നൂവെന്നതും ജനപ്രീതിയുടെ തെളിവാണ്.
ടാറ്റ പഞ്ച്, ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ബ്രെസ എന്നീ ജനപ്രിയ എസ്യുവികളോടും മാരുതിയുടെതന്നെ ജനപ്രിയ ഹാച്ച്ബാക്കുകളോടും പടവെട്ടിയാണ് എര്‍ട്ടിഗ ഇന്ത്യയിലെ നമ്പര്‍ 1 കാറായി മാറിയിരിക്കുന്നതെന്നത് എടുത്തുപറയേണ്ടതുണ്ട്. 2022 മാര്‍ച്ച് 15-നാണ് മാരുതി സുസുക്കി പുതുമകളുമായി എര്‍ട്ടിഗയെ രാജ്യത്ത് അവതരിപ്പിച്ചത്.
7 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാമെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ചെറിയ കുടുംബങ്ങള്‍ ആണെങ്കില്‍ രണ്ട് കുടുംബങ്ങള്‍ക്ക് സുഖമായി പോകാനാവും. വിശാലമായ ഇരിപ്പിടങ്ങള്‍ കൂടാതെ ഉദാരമായ ലഗേജ് സ്്പെയ്സും ഇത് നല്‍കുന്നു. 209 ലിറ്ററാണ് ഇതിന്റെ ബൂട്ട് സപെയ്സ്. മൂന്നാം നിര സീറ്റുകള്‍ മടക്കിയാല്‍ അത് 550 ലിറ്ററായി ഉയര്‍ത്താം. യാത്രക്കാര്‍ക്കൊപ്പം ധാരാളം ലഗേജും കൊണ്ടുപോകേണ്ട കുടുംബങ്ങള്‍ക്ക് ഇത് സൗകര്യപ്രദമായ ഒരു ഓപ്ഷനാണെന്നതില്‍ തര്‍ക്കമില്ല.
പേള്‍ മെറ്റാലിക് ഓട്ടം റെഡ്, ഡിഗ്‌നിറ്റി ബ്രൗണ്‍, മെറ്റാലിക് മാഗ്മ ഗ്രേ, പേള്‍ മെറ്റാലിക് ഓക്‌സ്‌ഫോര്‍ഡ് ബ്ലൂ, പേള്‍ ആര്‍ട്ടിക് വൈറ്റ്, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, പേള്‍ മിഡ്നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ ഏഴ് നിറങ്ങളില്‍ എല്‍എക്‌സ് ഐ, വിഎക്‌സ്‌ഐ, സെഡ്എക്‌സ്‌ഐ, സെഡ്എക്‌സ്‌ഐ പ്ലസ് എന്നിങ്ങനെ നാല് വേരിയന്റുകളില്‍ എംപിവി വാങ്ങാനാവും.
ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, രണ്ടാം നിര യാത്രക്കാര്‍ക്കുള്ള എസി വെന്റുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു.
സിഎന്‍ജി ഓപ്ഷനിലും എര്‍ട്ടിഗ വാങ്ങാന്‍ സാധിക്കും. മൈലേജിന്റെ കാര്യത്തിലും എര്‍ട്ടിഗ മികച്ചുനില്‍ക്കുന്നു. 7 സീറ്റര്‍ എംപിവിയുടെ പെട്രോള്‍/മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. അതേസമയം ലിറ്ററിന് 20.30 കിലോമീറ്ററാണ് പെട്രോള്‍/ഓട്ടോമാറ്റിക് വേരിയന്റുകളുടെ ക്ലെയിംഡ് മൈലേജ്. ലിറ്ററിന് 26.11 കിലോമീറ്ററാണ് എര്‍ട്ടിഗ സിഎന്‍ജിയുടെ മൈലേജ്. 8.69 ലക്ഷം രൂപ മുതല്‍ 13.03 ലക്ഷം രൂപ വരെയാണ് എര്‍ട്ടിഗയുടെ എക്സ്-ഷോറൂം വിലയെന്നതും ആകര്‍ഷകമായ ഘടകം തന്നെ.