Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 106

രചന: റിൻസി പ്രിൻസ്

നീ ഇന്നിപ്പോൾ കൊടുക്കുമെന്നൊന്നും പറഞ്ഞിട്ടില്ലല്ലോ, നമുക്ക് പൈസ തിരിച്ചു കൊടുക്കാം. പതുക്കെ മതിയല്ലോ. ഒന്നോ രണ്ടോ ഗഡുകൾ ആയി തിരിച്ചു കൊടുക്കാം. ഇപ്പോൾ ഈ പൈസ തൽക്കാലം നമുക്ക് കൊടുക്കേണ്ട, ചേട്ടന് ഇപ്പോൾ അത്യാവശ്യം ഇല്ലല്ലോ. ഈ പൈസ കൊണ്ട് നമുക്ക് കടയിലേക്ക് കുറച്ച് സ്റ്റോക്ക് എടുത്ത് വെക്കാം,

ശ്രീജിത്തിന്റെ ആ വെളിപ്പെടുത്തലിൽ രമ്യ അമ്പരന്നു

‘ശ്രീ എന്താ പറയുന്നത്? എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല.. ശരിക്കും ആ പണം തിരിച്ച് സുധീയേട്ടന് കൊടുക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്, നിങ്ങൾക്ക് അത് സാധിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്. അതുകൊണ്ടാ ഞാൻ അത് അച്ഛനോട് വാങ്ങി. ആ പണം നിങ്ങൾക്ക് തരുന്നത്, നിങ്ങൾ അതും തിരിച്ചും മറിക്കാൻ ആണോ നോക്കുന്നത്.? എന്തൊരു സ്വഭാവ ഇത് ഇങ്ങനെ ഉത്തരവാദിത്വല്ലാതെ മുന്നോട്ട് പോയാൽ എങ്ങനെ ജീവിക്കാൻ സാധിക്കും..?

“എനിക്ക് ഉത്തരവാദിത്വമുള്ളത് കൊണ്ട് തന്നെയാണ് ഞാനിപ്പോ ഇങ്ങനെ പറയുന്നത്. ഇപ്പൊ നമുക്ക് കുറച്ച് പണം ആവശ്യമാണ്, ഞാന് അത് പലിശയ്ക്ക് എടുക്കാമെന്ന് കരുതിയത്. പക്ഷേ ഇപ്പോൾ നമ്മുടെ കയ്യിൽ പണമുണ്ടല്ലോ, ഓണമാണ് വരുന്നത് കടയിൽ സ്റ്റോക്ക് ഇറക്കി വച്ചില്ലെങ്കിൽ അത് ശരിയാവില്ല. എനിക്ക് ഉത്തരവാദിത്വമുള്ളതു കൊണ്ടു തന്നെയാണ് ഞാനിപ്പോൾ കടയുടെ കാര്യത്തിൽ ഈ പണം വിനിയോഗിക്കാം എന്ന് പറയുന്നത്.

“സ്വന്തം ഉത്തരവാദിത്വത്തോട് തന്നെയാണ് കട മുന്നോട്ടു കൊണ്ടുപോകേണ്ടത്, അല്ലാതെ വല്ലവരും സ്വന്തമായിട്ട് അധ്വാനിച്ചുണ്ടാക്കുന്ന പൈസയ്ക്ക് അല്ല,

രമ്യ ചീറി

“ഇത് വല്ലവരുടെയും പൈസയാണോ.? നിന്റെ അച്ഛൻ നിനക്ക് വല്ലവരും ആണോ..?

” എന്റെ അച്ഛൻ പണം തന്നത് നിങ്ങൾക്ക് കടയിൽ സ്റ്റോക്ക് എടുത്ത് വയ്ക്കാൻ വേണ്ടി അല്ല,

” ഏതായാലും നിന്റെ അച്ഛന് എന്നെക്കാൾ വലുത് അല്ലല്ലോ എന്റെ ഏട്ടൻ,ഇത് ഞങ്ങൾ ഏട്ടനും അനുജനും തമ്മിലുള്ള പ്രശ്നം ആണ്. അത് തീർക്കാൻ എനിക്കറിയാം, അതിനിടയിൽ നീ നിൽക്കണ്ട, എനിക്കിപ്പോൾ പണം കൊടുക്കാൻ സാധിക്കില്ലെന്ന് പറഞ്ഞാൽ മനസ്സിലാക്കാൻ ഏട്ടന് സാധിക്കും,

” നിങ്ങൾ ഏട്ടനും അനിയനും തമ്മിലുള്ള പ്രശ്നത്തിൽ ഞാൻ ഇടപെടാൻ വരുന്നില്ല. പക്ഷേ ഇപ്പോൾ നിങ്ങളുടെ കയ്യിൽ ഇരിക്കുന്നത് എന്റെ അച്ഛന്റെ പണമാണ്, അതിൽ എനിക്ക് ഇടപെടാമല്ലോ അതുകൊണ്ട് എത്രയും പെട്ടെന്ന് ആ പണം നിങ്ങൾ കൊണ്ട് തിരിച്ചു കൊടുക്കാൻ നോക്ക്.

” നിന്റെ അച്ഛന് എന്നോട് ഒരു ഡേറ്റ് പറഞ്ഞിട്ടുണ്ട് ഞാൻ അത് തിരിച്ചു കൊടുക്കേണ്ട ഡേറ്റ്, അന്ന് ഞാൻ തിരിച്ചു കൊടുക്കുക തന്നെ ചെയ്യും.

” നിങ്ങളെ ഓർത്തല്ല എന്നെ ഓർത്താ അച്ഛൻ പണം തന്നത്. അതുകൊണ്ട് ഈ നിമിഷം തന്നെ നിങ്ങളാ പണം തിരിച്ചു കൊടുക്കണം. ഇല്ലെന്നുണ്ടെങ്കിൽ ഞാൻ പ്രശ്നമുണ്ടാക്കും

ഇനി അവളെ തന്റെ വരുതിയിൽ ഒതുക്കി ഇല്ലെങ്കിൽ ശരിയാവില്ല എന്ന് ശ്രീജിത്തിന് മനസ്സിലായതോടെ അവൻ അവന്റെ രീതി ഒന്ന് മാറ്റി പിടിച്ചു ,

“എടി ഞാൻ പറയുന്നത് നീ ഒന്നു മനസ്സിലാക്ക്. വെറുതെ ഏട്ടന് വേണ്ടി കിടന്ന് സംസാരിക്കാതിരിക്കാൻ നില്കാതെ, ഞാൻ സംസാരിക്കുന്നത് നമുക്ക് വേണ്ടിയാണ്. നമ്മുടെ കട പൂട്ടി കിടക്കുന്നതാണോ അതോ ഏട്ടൻ ഇപ്പോ പുതിയൊരു കട തുടങ്ങുന്നത് ആണോ അത്യാവശ്യമെന്ന് നീ ഒന്ന് ആലോചിച്ചു നോക്കിക്കേ, ഏട്ടൻ ഇപ്പോ പുതിയൊരു കട എവിടെയാ കണ്ടുവെച്ചിരിക്കുന്നത് എന്ന് നിനക്കറിയോ..? നമ്മുടെ കവലയിൽ തന്നെ, അത്യാവശ്യം സാധനങ്ങൾ ഒക്കെ ഇറക്കിയാൽ അടിപൊളിയാക്കി വയ്ക്കാം, അങ്ങനെയാണെങ്കിൽ എന്തൊക്കെ പ്രശ്നങ്ങൾ ആയിരിക്കും, നമ്മുടെ കടയിൽ നിന്ന് ഈ കടയിലേക്ക് ഏകദേശം ഒരു കിലോമീറ്റർ ദൂരം കാണും അവിടുത്തെ ആൾക്കാർ നമ്മുടെ കസ്റ്റമേഴ്സ് ആണ്. ആ സ്ഥാനത്താണ് നീ ഇപ്പോൾ കട വാങ്ങാൻ പൈസ വാങ്ങുന്നത്, ഏട്ടൻ ബേക്കറി പോയി കണ്ടു എന്ന് മനസ്സിലായപ്പോൾ തന്നെ ഞാൻ വിചാരിച്ചത് ആണ് എങ്ങനെയെങ്കിലും മുടക്കണം അത് എന്ന്. ഇത് ബാധിക്കാൻ പോകുന്നത് നമ്മുടെ ബിസിനസിനെ ആണ്. നമ്മുടെ ബിസിനസ് നശിക്കുന്നതാണോ അതോ ഏട്ടൻ കുറച്ച് ടെൻഷൻ അടിക്കുന്നതാണോ നിനക്ക് ഇഷ്ടം.? നീ ഒന്ന് സമാധാനപ്പെടണം, ആ പൈസ തിരിച്ചു കൊടുക്കാം. പക്ഷേ കുറച്ചു സമയം എടുക്കണം. കട മറ്റാരെങ്കിലും വാങ്ങട്ടെ, അതാകുമ്പോൾ നമുക്ക് ഏട്ടനോട് മത്സരിക്കേണ്ടല്ലോ.

” ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് മോശമല്ലേ..? ശ്രീജിത്ത് നമുക്കുള്ളതാണെങ്കിൽ നമുക്ക് തന്നെ കിട്ടില്ലേ

” അതൊക്കെ വെറുതെ പറയാൻ കൊള്ളാം. എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണ് ചിന്തിക്കുന്നത്. ഇങ്ങനെ ചിന്തിച്ചില്ലെങ്കിൽ ശരിയാവില്ല, മാത്രമല്ല ഇത് നമ്മുടെ നിലനിൽപ്പിന്റെ പ്രശ്നം കൂടിയാണ്. അവിടെ എന്താണെങ്കിലും അടിപൊളിയായിട്ട് വർക്ക് ചെയ്തെടുക്കും. പിന്നെ നമുക്ക് അവിടെ ബിസിനസ് കിട്ടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..? എതിരെ വരുന്നത് ഏട്ടൻ ആണെങ്കിൽ പോലും അത് വേണ്ടെന്ന് വയ്ക്കണം.

” എനിക്കെന്തോ ഇത് അത്ര ശരിയായിട്ട് തോന്നുന്നില്ല.

” നിനക്ക് തോന്നുന്നില്ല കാരണം നിനക്ക് നമ്മുടെ ഭാവിയെ പറ്റി അല്ലല്ലോ ഏട്ടന്റെ ഭാവിയെ പറ്റിയല്ലേ ചിന്ത. ഏട്ടൻ ഇതല്ലെങ്കിൽ മറ്റൊരു ജോലി കിട്ടും, മാത്രമല്ല ഇഷ്ടംപോലെ ഗൾഫ് എക്സ്പീരിയൻസ് ഉണ്ട്. അങ്ങേർക്ക് എങ്ങനെ വേണമെങ്കിലും ജീവിക്കാം. പക്ഷേ നമ്മുടെ അവസ്ഥ അതല്ല. ഈ കട പൂട്ടിയാൽ ഞാൻ പിന്നെ ആത്മഹത്യ ചെയ്യുക അല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ല. എനിക്കിപ്പോൾ വീട്ടിൽ വന്ന് ഡയറക്റ്റ് ആയിട്ട് ഏട്ടന് കട വാങ്ങരുത് എന്ന് പറയാൻ പറ്റൂമോ.? ഇല്ല പക്ഷേ അതിനുവേണ്ടി ഇങ്ങനെയല്ലേ ചെയ്യാൻ പറ്റൂ. നീ ഇപ്പൊൾ എന്റെ കൂടെ നിൽക്കാണ് വേണ്ടത്.. കാരണം ഞാൻ എത്രത്തോളം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് നീയാണ് മനസ്സിലാക്കേണ്ടത്. ഏട്ടൻ എന്താണെങ്കിലും എന്തെങ്കിലും മറ്റൊരു മാർഗം കണ്ടുപിടിച്ചോളും, ഏട്ടൻ ഈ കട വാങ്ങിയ ഞാനും ഏട്ടനും തമ്മിൽ ഒരു ശത്രുത ഉണ്ടാവുകയെയുള്ളൂ. എന്റെ അച്ഛനെപ്പോലെയാ ഞാൻ ഏട്ടനെ കാണുന്നത്. അങ്ങനെയുള്ള ഒരാളുമായിട്ട് പിണക്കം ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് നീ ആയിട്ട് ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കരുത്. ഞാൻ അതിന്റെ പരുവത്തിന് ഈ പൈസയുടെ കാര്യം ഏട്ടനോട് പറഞ്ഞോളാം. പിന്നെഈ കാര്യം നീ അച്ഛനോടും പറയാൻ നിൽക്കണ്ട. നിന്റെ അച്ഛൻ എന്ത് കരുതും എന്നെപ്പറ്റി..? ഞാൻ ഈ പൈസ എന്താണെങ്കിലും ഏട്ടന് തിരികെ കൊടുക്കും.. മാത്രമല്ല അച്ഛൻ ചോദിച്ച നീ പറഞ്ഞാൽ മതി ആ പൈസ ഞാൻ ഏട്ടനെ തിരികെ കൊടുത്തു എന്ന്. നീ ഞാൻ പറയുന്നത് സമാധാനമായിട്ട് ഒന്ന് ആലോചിക്കുക, ശേഷം എന്നെ വിളിക്കു

അതും പറഞ്ഞു അവൻ മിണ്ടാതെ ഇരുന്നു കുറച്ചധികം സമയമായിട്ടും അവൾ എതിർത്തു ഒന്നും പറഞ്ഞില്ല എന്ന് കണ്ടപ്പോൾ അവന് അൽപം ആശ്വാസം തോന്നി. തന്റെ നമ്പർ ഏറ്റിട്ടുണ്ട് എന്ന് അവൻ മനസ്സിലായി, ഇല്ലെങ്കിൽ അവളുടെ ഭാഗത്തു നിന്നും എന്തെങ്കിലും ഒരു ദേഷ്യം നിറഞ്ഞ മറുപടി തരേണ്ടതാണ്.

ഫോൺ വെച്ചതും രമ്യ ചിന്തിച്ചത് അവൻ പറഞ്ഞ കാര്യത്തെക്കുറിച്ച് ആയിരുന്നു. സത്യമാണ് കവലയിൽ നിന്നും അധികം ദൂരെയല്ല ഏട്ടൻ പറഞ്ഞ ബേക്കറിയിലേക്ക്. ബേക്കറിയും സൂപ്പർമാർക്കറ്റും ഒരുമിച്ചു ഉള്ളതാണ് അത്. തങ്ങളുടെ കടയിലും കുറച്ചുകൂടി സൗകര്യങ്ങളും അതിലുണ്ട്. സ്വാഭാവികമായും ഏട്ടൻ ആ കട എടുക്കുകയാണെങ്കിൽ ഗുണം ഉണ്ടാവാൻ പോകുന്നത് ഏട്ടനാണ്. തങ്ങളുടെ കച്ചവടം നന്നായി തന്നെ കുറയുകയും ചെയ്യും. കച്ചവടം കുറയുകയാണെങ്കിൽ ഒരുപാട് കടബാധ്യതകൾ വരും. അതുകൊണ്ടു തന്നെ ശ്രീജിത്ത് പറഞ്ഞതു പോലെ ചിന്തിക്കുന്നതാണ് ശരി എന്ന് തോന്നി. അവളുടനെ തന്നെ അച്ഛനെ വിളിച്ച് ശ്രീജിത്ത് പറഞ്ഞ പോലെ തന്നെ പണം സുധിയ്ക്ക് നൽകി എന്ന് ഒരു കള്ളം പറഞ്ഞു..

ഈ സമയം രമ്യയുടെ വാക്ക് പ്രതീക്ഷിച്ച് പണം ലഭിക്കുമെന്ന് പ്രതീക്ഷയോടെ വിനോദിനോടൊപ്പം മറ്റുകാര്യങ്ങൾക്ക് നടക്കുകയായിരുന്നു സുധി….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button