വരും ജന്മം നിനക്കായ്: ഭാഗം 7
രചന: ശിവ എസ് നായർ
“ഇന്ന് നിന്നെ ഉറക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല…” ആത്മഗതത്തോടെ ശിവപ്രസാദ് ഗായത്രിക്കരികിലായി ചേർന്ന് കിടന്ന് അവളെ കെട്ടിപ്പുണർന്നു.
ശരീരത്തിലെന്തോ അമരുന്നത് പോലെ തോന്നിയതും ഗായത്രി ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. തന്നെ വരിഞ്ഞു മുറുക്കുന്ന കരങ്ങളെ അറപ്പോടെ തട്ടി മാറ്റി അവൾ ചാടി എഴുന്നേറ്റു.
“ശിവേട്ടാ… എന്തായീ കാണിക്കുന്നത്?” ക്രോധത്തോടെ ബെഡിൽ നിന്ന് എഴുന്നേറ്റ് മാറി ഗായത്രി.
“എന്താ എനിക്ക് നിന്നെ കെട്ടിപ്പിടിച്ചൂടെ?” ശിവപ്രസാദ് എഴുന്നേറ്റ് അവൾക്കടുത്തേക്ക് വന്നു.
“എന്റെ സമ്മതമില്ലാതെ എന്നെ തൊടാൻ നിങ്ങൾക്കെങ്ങനെ മനസ്സ് വന്നു?”
“നീയെന്റെ ഭാര്യയല്ലേ? അല്ലാതെ അന്യസ്ത്രീ ഒന്നുമല്ലല്ലോ സമ്മതം ചോദിക്കാൻ?” അവനിൽ പരിഹാസം നിറഞ്ഞു.
“താലി കെട്ടിയ അധികാരത്തിൽ എന്റെ സമ്മതമില്ലാതെ എന്നെ തൊടാൻ ശ്രമിക്കുന്നത് എനിക്കിഷ്ടമല്ല. ഈ കല്യാണം തന്നെ എന്റെ ഇഷ്ടത്തോടെ നടന്നതല്ല… പിന്നെ എങ്ങനെയാ നിങ്ങളെ ഞാൻ ഇഷ്ടപ്പെടുക? ഇഷ്ടമില്ലാത്ത ഒരു പുരുഷൻ തന്റെ ശരീരത്തിൽ തൊടുന്നത് ഏത് പെണ്ണിന ഇഷ്ടപ്പെടുക?” ഗായത്രി പൊട്ടിത്തെറിച്ചു.
“നിന്റെ മനസ്സിൽ ഏതവൻ ആണെങ്കിലും അതങ്ങ് മറന്നേക്ക്. ഇന്ന് മുതൽ നീ എന്റെ ഭാര്യയാണ്. എന്നെ അനുസരിച്ചു ജീവിക്കേണ്ടവൾ. നിന്ന് കഥാപ്രസംഗം നടത്താതെ ഇങ്ങോട്ട് വന്ന് കിടക്കെടി.” ശിവപ്രസാദ് ദേഷ്യത്തോടെ മുരണ്ടു.
ഭയന്ന് പോയ ഗായത്രി പേടിച്ചു വിറച്ച് ഭിത്തിയിലേക്ക് ചേർന്ന് നിന്നു. അത് കണ്ടതും കലിയോടെ ശിവപ്രസാദ് അവളെ പിടിച്ചു വലിച്ച് ബെഡിലേക്ക് ഇട്ടു.
“ഇന്ന് നമ്മുടെ ആദ്യരാത്രിയാണെന്ന കാര്യം നീ മറന്നോ ഗായത്രി? ഇങ്ങനെയാണോ ഈ ദിവസം എന്നോട് നീ പെരുമാറേണ്ടത്?”
“എനിക്ക് നിങ്ങളെ പേടിയാ… പ്ലീസ്… എന്നെയൊന്നും ചെയ്യരുത്.” ഗായത്രി അവന് മുന്നിൽ കൈകൂപ്പി കേണു.
“ഗായത്രി… ഞാൻ നിന്റെ ഭർത്താവാണ്. എന്നെ പേടിക്കേണ്ട എന്ത് കാര്യമാ നിനക്കുള്ളത്. ഈ ദിവസം എല്ലാ ഭാര്യാ ഭർത്താക്കന്മാരും ചെയ്യുന്നതേ നമ്മളും ചെയ്യുന്നുള്ളൂ. അതിന് നീയിങ്ങനെ എന്നെ പേടിക്കേണ്ട കാര്യമെന്താ?” അവളെങ്ങാനും ഒച്ച വച്ചേക്കുമോ എന്ന് ഭയന്ന് ശിവപ്രസാദ് ഒന്ന് മയപ്പെട്ടു.
“നിങ്ങളുമായും ഈ വീടുമായും പൊരുത്തപ്പെടാൻ എനിക്ക് സമയം വേണം.”
“അതിന് നീ എത്ര സമയം വേണോ എടുത്തോ. അതിന്റെ പേരിൽ ഞാനെന്റെ ആഗ്രഹങ്ങൾ വേണ്ടെന്ന് വയ്ക്കേണ്ട ആവശ്യമെന്താ. എനിക്ക് നിന്നെ വേണം എല്ലാ രീതിയിലും. അതെന്റെ അവകാശമാണ്.” അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് അവൻ പറഞ്ഞു.
“എനിക്ക് പീരിയഡ്സാണ് ശിവേട്ടാ… ഒന്ന് മനസ്സിലാക്ക് നിങ്ങൾ.” ശിവപ്രസാദിന്റെ മുഖം തള്ളി മാറ്റി ബെഡിന് ഓരത്തേക്ക് നീങ്ങിയിരുന്ന് ഗായത്രി വിതുമ്പി.
“ഓഹ്… ഷിറ്റ്…” ദേഷ്യത്തോടെ അവൻ എഴുന്നേറ്റു. മേശപ്പുറത്തു പൊട്ടിച്ചു വച്ചേക്കുന്ന വിസ്പർ ന്റെ പാക്കറ്റ് കൂടി കണ്ടപ്പോൾ അവൾ പറഞ്ഞത് സത്യമാണെന്ന് ശിവപ്രസാദിന് തോന്നി.
മനസ്സിൽ പടുത്തുയർത്തിയ ചീട്ട് കൊട്ടാരം ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞതിന്റെ നിരാശയോടെ അവൻ അവളെയൊന്ന് നോക്കി.
“പീരിയഡ്സാണെന്ന് വച്ച് നിന്നെ ഞാൻ തൊട്ടെന്ന് പറഞ്ഞ് നിനക്കൊന്നും സംഭവിക്കാൻ പോണില്ലല്ലോ.” നിരാശ മറച്ചവൻ കൊതിയോടെ അവളെ നോക്കുമ്പോൾ ഗായത്രി വെറുപ്പോടെ മുഖം വെട്ടിച്ചു.
“എനിക്ക് നല്ല ബോഡി പെയിൻ ഉണ്ട്. ഒന്ന് കിടക്കണം, ഉപദ്രവിക്കരുത്.. പ്ലീസ്… അപേക്ഷയാണ്. അത്രയ്ക്ക് മനസ്സ് തകർന്നിരിക്കുകയാണ് ഞാൻ. ഇനിയും എന്റെ ക്ഷമ പരീക്ഷിക്കരുത്.” ഗായത്രി അൽപ്പം ദേഷ്യത്തിൽ അങ്ങനെ പറഞ്ഞപ്പോൾ ശിവപ്രസാദ് ഒന്ന് വിരണ്ട പോലെ തോന്നി.
അവന് മുഖം കൊടുക്കാതെ ഉള്ളിലെ ഭയം മറച്ച് ഗായത്രി ഒരു വശത്തേക്ക് ഒതുങ്ങി കിടന്നു. കുറച്ചു സമയം അവൾ കിടക്കുന്നതും നോക്കി ഇരുന്ന ശേഷം നിരാശയോടെ അവനും കിടന്നു. മനസ്സിൽ പ്ലാൻ ചെയ്ത് വന്നതൊന്നും നടക്കാതെ പോയതിന്റെ നഷ്ടബോധം ശിവപ്രസാദിന് നല്ലോണം ഉണ്ടായിരുന്നു.
“ഇന്ന് നീ ജയിച്ചെന്ന് കരുതണ്ട ഗായത്രി. രണ്ട് മൂന്ന് ദിവസത്തെ കാര്യമല്ലേ ഉള്ളു. അതുകഴിഞ്ഞു ഈ ശിവപ്രസാദ് ആരാണെന്ന് നിന്നെ ഞാൻ അറിയിക്കുന്നുണ്ട്. അവളുടെ ഒരു നാടക ഡയലോഗും പൂങ്കണ്ണീരും തീർത്തു കൊടുക്കുന്നുണ്ട് ഞാൻ.” എന്തൊക്കെയോ സ്വയം പിറു പിറുത്തു അമർഷമടക്കി അവൻ കിടന്നു.
ഗായത്രിക്കും പിന്നീട് ഉറങ്ങാൻ കഴിഞ്ഞില്ല. ശിവപ്രസാദിനെ ഭയന്നാണ് ആ രാത്രി അവൾ കഴിച്ചു കൂട്ടിയത്. താനുറങ്ങിപോയാൽ അവൻ വീണ്ടും ഉപദ്രവിക്കാൻ ശ്രമിക്കുമോ എന്നായിരുന്നു ഗായത്രിയുടെ പേടി.
എന്തായാലും പിന്നീട് ശിവപ്രസാദിന്റെ ഭാഗത്ത് നിന്നും പ്രശ്നങ്ങളൊന്നും ഉണ്ടാവാതിരുന്നപ്പോ അവൾക്ക് നേരിയ ആശ്വാസം തോന്നി. എത്ര ദിവസം അവനെ ഇങ്ങനെ അകറ്റി നിർത്താൻ പറ്റുമെന്ന് ഓർത്ത് ഗായത്രി വിഷമിച്ചു.
ശിവപ്രസാദിന്റെ തന്നോടുള്ള പെരുമാറ്റത്തിൽ നിന്നും ആളത്ര വെടിപ്പല്ല എന്നൊരു തോന്നലായിരുന്നു അവളുടെ ഉള്ളിൽ. ഭാര്യമാർ എന്നാൽ ഭർത്താക്കന്മാരുടെ ചൊല്പടിക്ക് നിൽക്കുന്നവരാണെന്ന ധാരണ വച്ച് പുലർത്തുന്നവനാണ് ശിവപ്രസാദ് എന്ന് ഗായത്രി ഊഹിച്ചു. അങ്ങനെ ആദ്യരാത്രി കാളരാത്രിയായി മാറി അവൾക്ക്.
കുറച്ചുസമയം കഴിഞ്ഞപ്പോൾ അവൻ എഴുന്നേറ്റ് ബാൽക്കണിയിലേക്ക് പോകുന്നതും സിഗരറ്റ് വലിച്ചുകൊണ്ട് അവിടെ കിടന്ന ചാരുകസേരയിലേക്ക് ഇരിക്കുന്നതും ഗായത്രി കണ്ടു. അതോടെ അവൾക്ക് ഇത്തിരി ആശ്വാസം തോന്നി.
മൊബൈൽ എടുത്ത് നോക്കിയപ്പോൾ സമയം വെളുപ്പിന് മൂന്ന് മണി. ക്ഷീണത്തോടെ ഗായത്രി കണ്ണുകൾ അടച്ച് കിടന്നു. ഉറങ്ങണമെന്ന് വിചാരിച്ചല്ല അവൾ അങ്ങനെ കിടന്നതെങ്കിലും ആ കിടത്തിൽ ഗായത്രി അറിയാതെ ഉറങ്ങിപ്പോയി.
🍁🍁🍁🍁🍁
നേരം പുലർന്ന് ഏഴുമണിയായപ്പോൾ തന്നെ ഗൗരിയും വിഷ്ണുവും കുളിച്ചൊരുങ്ങി അമ്പലത്തിൽ പോകാൻ തയ്യാറായി വന്ന് നിന്നത് കണ്ടപ്പോൾ ഊർമിളയുടെ മുഖം വിടർന്നു.
“നിന്റെ ചേച്ചി എവിടെപോയി കണ്ടില്ലല്ലോ?” ഊർമിളയുടെ നോട്ടം മുകളിലേക്കായിരുന്നു.
“അമ്മ നോക്കിയിട്ട് കാര്യമൊന്നുമില്ല. ചേച്ചി ഇതുവരെ എഴുന്നേറ്റിട്ടില്ല. ഞാൻ കുറെ വിളിച്ചു നോക്കിയിട്ടും വാതിൽ തുറന്നില്ല.” ഗൗരി വിനയം നടിച്ചു.
“ഇന്ന് രാവിലെ അമ്പലത്തിൽ പോണമെന്ന് അവളോട് നീ പറഞ്ഞില്ലായിരുന്നോ?” ഊർമിള ചോദിച്ചു.
പിറ്റേന്ന് അമ്പലത്തിൽ പോകുന്ന കാര്യം ഗായത്രിയോട് കൂടി പറയണമെന്നും അതുകൊണ്ട് രാവിലെ നേരത്തെ എഴുന്നേൽക്കണമെന്നും പ്രത്യേകം പറയാൻ പറഞ്ഞതാണ് ഊർമിള ഗൗരിയോട്. റിസപ്ഷൻ കഴിഞ്ഞു വന്ന ക്ഷീണത്തിൽ അവളത് മറക്കുകയും ചെയ്തു. രാവിലെ എണീറ്റപാടെ അവരുടെ മുറിയുടെ വാതിൽക്കൽ വരെ വിളിക്കാൻ ചെന്നെങ്കിലും പിന്നെ മടിയോടെ തിരിച്ചു പോന്നു. ചേച്ചി ഉണരുമ്പോൾ എണീക്കട്ടെ എന്ന് ഗൗരി വിചാരിച്ചു.
“ഞാൻ പറഞ്ഞതാ അമ്മേ. ചേച്ചി ഇന്നലെത്തെ ക്ഷീണത്തിൽ ഉറങ്ങിപ്പോയി കാണും.”
“അതെന്താ അവൾക്ക് മാത്രേ ക്ഷീണമുള്ളു. നിനക്കും ക്ഷീണം ആവാലോ. എന്നിട്ട് നീ എഴുന്നേറ്റു വന്നെങ്കിൽ അവൾക്കും ആവാലോ.”
“എന്താന്ന് എനിക്കറിയില്ല അമ്മേ. ഞാൻ വിളിച്ചിട്ട് ഉണരാത്തോണ്ട് ശല്യപ്പെടുത്തണ്ട എന്ന് കരുതി.” ഗൗരി നിഷ്കളങ്കതയോടെ പറഞ്ഞു.
“നിങ്ങൾ എന്തായാലും ഒരുങ്ങി വന്നതല്ലേ. നേരം വൈകിക്കാതെ വേഗം ഇറങ്ങാൻ നോക്ക്. അവരെ വിളിച്ചുണർത്തി അമ്പലത്തിൽ വിടുന്ന കാര്യം ഞാനേറ്റു.” സാരിതുമ്പ് എളിയിൽ തിരുകി ഊർമിള സ്റ്റെപ്പുകൾ കയറി.
🍁🍁🍁🍁🍁
വാതിലിൽ തുടരെ തുടരെ ആഞ്ഞടിക്കുന്ന ശബ്ദം കേട്ടാണ് ഗായത്രി ഞെട്ടി ഉണരുന്നത്.
“ശിവാ… ശിവാ..” പുറത്ത് നിന്നും ഊർമിളയുടെ ശബ്ദമാണ് കേൾക്കുന്നതെന്ന് തിരിച്ചറിഞ്ഞതും അവൾ പിടഞ്ഞെണീറ്റു. അരികിൽ ശിവപ്രസാദിനെ കാണാത്തോണ്ട് അവൻ ബാൽക്കണിയിൽ തന്നെ ഉണ്ടാവുമെന്ന് അവളോർത്തു.
സമയം നോക്കിയപ്പോൾ ഏഴേകാൽ.
ഡോറിൽ പിന്നെയും തട്ടുന്ന ശബ്ദം കേട്ടതും അഴിഞ്ഞുലഞ്ഞ മുടി വാരി കെട്ടികൊണ്ട് ഗായത്രി പെട്ടെന്ന് ചെന്ന് വാതിൽ തുറന്നു. അവളെ അടിമുടി ഒന്നുഴിഞ്ഞു കൊണ്ട് അകത്തേക്ക് എത്തി നോക്കിയ ഊർമിള കാണുന്നത് വെളുത്ത വിരിയിൽ പടർന്ന ചോരക്കറയാണ്…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…