Novel

തണൽ തേടി: ഭാഗം 1

എഴുത്തുകാരി: റിൻസി പ്രിൻസ്‌

കോട്ടയം , കോട്ടയം …. .,

കണ്ടക്ടർ വിഷ്ണു നിന്ന് കാര്യമായിട്ട് വിളിച്ചു പറയുന്നുണ്ട്.

വൈകുന്നേരത്തെ കോളേജ് വിട്ട് വന്ന കുറച്ച് അധികം പെൺകുട്ടികൾ ബസ്സിൽ കയറാൻ ഉണ്ട്. അവരെ കാണിക്കുവാൻ വേണ്ടിയാണ് അവന്റെ ഈ ഒരു പ്രകടനം. അത് മനസ്സിലായത് കൊണ്ട് തന്നെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി സെബാസ്റ്റ്യൻ അവന്റെ അരികിലായി വന്നു നിന്നു..

” നീയെന്താടാ ലേലം വിളിക്കാണോ..? രാവിലെയും വൈകുന്നേരവും മാത്രമേ നിനക്ക് ഈ ശുഷ്കാന്തി കാണാറുള്ളല്ലോ. അല്ലാത്തപ്പോൾ ഇത്രയും പഞ്ച് ഇല്ലല്ലോ വിളിക്ക്.,

ഷർട്ടിന്റെ കൈ മടക്കി അവൻ പറഞ്ഞു

” എന്റെ പൊന്നു ഇച്ചായ വീട്ടിലെ പ്രാരാബ്ദങ്ങളും പ്രശ്നങ്ങളും ഒക്കെയായിട്ട് ആണ് വണ്ടിയിൽ കയറുന്നത്. ഇതിനിടയിൽ ആകെയുള്ള ആശ്വാസം ഈ പെൺപിള്ളേരെ ഇങ്ങനെ കാണുന്നത് ആണ്…

അതുകൂടി ഇല്ലാതാക്കല്ലേ. വിഷ്ണു തൊഴുതു കൊണ്ട് സെബാസ്റ്റ്യനോടായി പറഞ്ഞു.

” ഈ പ്രാരാബ്ധങ്ങൾക്കിടയിലും ഒരു മൂന്നാല് പ്രേമം നിനക്കുണ്ടല്ലോ. അതിൽനിന്ന് ആശ്വാസം കിട്ടാഞ്ഞ് ആയിരിക്കും ഇതു കൂടി നോക്കുന്നത്.

സെബാസ്റ്റ്യൻ തോളിൽ കിടന്ന തോർത്ത് എടുത്ത് മുഖം തുടച്ചുകൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

” അതിപ്പോ ഇച്ചായനെ പോലെ എല്ലാവർക്കും ഇത്രയും ഗ്ലാമർ ആണോ.? ഞാനൊക്കെ എത്ര ബുദ്ധിമുട്ടിയ ഒരു പെങ്കൊച്ചിനെ വളക്കുന്നത്. ഇച്ചായൻ ആണെങ്കിലും ഇങ്ങോട്ട് വരല്ലേ ഇഷ്ടം പോലെ, നിങ്ങൾക്ക് വേണ്ടല്ലോ.. നമ്മുടെ പാറപ്പള്ളിയുടെ സ്റ്റോപ്പിന്ന് കയറുന്ന ആ പ്ലസ്ടുവിന് പഠിക്കുന്ന കൊച്ചിന് ഇച്ചായന്റെ മുഖത്തൂന്നു കണ്ണെടുക്കാൻ നേരമില്ല. അത് കൃത്യമായിട്ട് വന്നു പെട്ടിപ്പുറത്ത് ഇരിക്കുന്നത് എന്നാത്തിനാന്നാ ഇച്ചായൻ വിചാരിക്കുന്നെ.? ഇച്ചായനെ കാണാൻ വേണ്ടി തന്നെ. കേറുമ്പോൾ തൊട്ട് ഇറങ്ങുന്നവരെ അതിന്റെ നോട്ടം ഇച്ചായന്റെ മുഖത്താ ഇച്ചായൻ ആണെങ്കിൽ ഒന്ന് തിരിഞ്ഞു പോലും നോക്കില്ല.

” മോനെ ചിരിക്കുന്ന പെണ്ണിന്റെ പുറകെ പോയാൽ അതിനുമാത്രമേ സമയം കാണു, ഈ പ്രാരാബ്ധവും ബുദ്ധിമുട്ടും ഒക്കെയായിട്ട് നടക്കുന്ന നമുക്കൊന്നും പറഞ്ഞിട്ടുള്ള കാര്യമില്ല ഒരു പെണ്ണിനെ പ്രേമിച്ച് കെട്ടി കൂടെ പൊറുപ്പിക്കാന്ന് പറയുന്ന കാര്യം. പിന്നെ നിന്നെപ്പോലെ ഈ പെമ്പിള്ളേരെ ചുമ്മാ പറ്റിക്കുന്ന പരിപാടി എനിക്കിഷ്ടമല്ല. പ്രേമിക്കുവാൻ മിന്നുംകെട്ടി അവളെ കൂടെ കൂട്ടാനുള്ള തന്റേടം ഉണ്ടാവണം. ഇല്ലെങ്കിൽ പിന്നെ ആ പരിപാടിക്ക് നിക്കരുതെന്നാണ് ഞാൻ പഠിച്ചിരിക്കുന്നത്. അതുകൊണ്ട് നമ്മളെ ആ പരിപാടിക്ക് കിട്ടില്ല മോനെ.

” നമ്മുടെ കിളി സുനിയോട് ആ പെൺകൊച്ച് ഇച്ചായന്റെ നമ്പർ ചോദിച്ചിട്ടുണ്ടെന്ന് പറഞ്ഞത്. ആ പെൺകൊച്ച് നമ്പരും എടുത്ത് വിളിച്ചാൽ ഈ പ്രാരാബ്ദവും ബുദ്ധിമുട്ടും ഒന്നും പറയാൻ നിന്നേക്കല്ലേ..? പൊതുവേ നമ്മുടെ കോളേജ് പെമ്പിള്ളാരുടെയും സ്കൂൾ പിള്ളേരുടെയും ഇടയിൽ ഒക്കെ ഒരു സംസാരം ഉണ്ട്

” എന്ത് സംസാരം…

” നമ്മുടെ സെന്റ് മേരി ഓടിക്കുന്ന ആ സുന്ദരൻ ഡ്രൈവറെ ഒരു വായിനോക്കിയല്ലെന്ന്..

“മോനെ വിഷ്ണു അത് അങ്ങ് സുഖിച്ചു കേട്ടോ..! നീ നിന്ന് സംസാരിക്കാതെ വല്ലവരും ഉണ്ടെങ്കിൽ കയറ്റാൻ നോക്ക്. സമയം പോകുന്നു…

താല്പര്യമില്ലാതെ സെബാസ്റ്റ്യൻ പറഞ്ഞു..

” അല്ലേലും എറിയാൻ അറിയാവുന്നവന്റെ കയ്യിലെ ദൈവം വടി കൊടുക്കില്ല എന്ന് പറയുന്നത് എത്ര കറക്റ്റ് ആണ്.
കഴിഞ്ഞ ദിവസം കൂടി ആ സി എം എസിൽ പഠിക്കുന്ന അഞ്ജന എന്നോട് ചോദിച്ചതെ ഉള്ളൂ ഇച്ചായൻ സിംഗിൾ ആണോ എന്ന്. പിന്നെ വീട്ടിൽ ആരൊക്കെയുണ്ട് എന്നൊക്കെ

” എന്റെ പൊന്നു വിഷ്ണു നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു നമ്മുടെ ബസ്സിൽ കയറുന്ന എല്ലാ പെൺപിള്ളാരുടെയും പേര് നിനക്ക് കൃത്യമായിട്ട് അറിയാമല്ലോ.

” ഒന്നും വേണ്ട നിങ്ങളെ നോക്കുന്ന പെൺപിള്ളേരെ നോക്കി നിങ്ങൾക്ക് ഒന്ന് ചിരിച്ചു കൂടെ മനുഷ്യ, ഒന്നുമല്ലെങ്കിലും അവർക്ക് ഒരു സമാധാനം കിട്ടില്ലേ..?

കണ്ട പെണ്ണുങ്ങടെ മുഖത്ത് നോക്കി വണ്ടി ഓടിക്കാൻ എന്നെ കിട്ടില്ല, ആ ബസിന് ഉള്ളിൽ ഇരിക്കുന്ന പത്തു നാല്പത് പേരുടെ ജീവൻ എന്റെ കൈയിൽ ആണെന്നുള്ള വിശ്വാസം എനിക്കുണ്ട്.

” നിങ്ങളിത് എന്തോന്ന് മനുഷ്യ..

വിഷ്ണു അമ്പരപ്പോടെ ചോദിച്ചു

” സെബാനേ..

അപ്പുറത്തുനിന്നും മരിയ ബസിന്റെ ഡ്രൈവർ ശിവൻ വിളിച്ചപ്പോഴേക്കും അവൻ അങ്ങോട്ട് പോയിരുന്നു. വിഷ്ണു അപ്പോഴും ലേലം വിളി തുടരുകയാണ്.

” അണ്ണൻ ഇന്ന് നേരത്തെ വന്നോ..?

ശിവന്റെ അടുത്തേക്ക് ചെന്നുകൊണ്ട് സെബാസ്റ്റ്യൻ ചോദിച്ചു.

” കുറച്ചു നേരത്തെ പോന്നടാ ആ കെഎസ്ആർടിസി ബസ്സിന്റെ മുന്നിൽ കയറണം എന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് വിട്ടടിച്ചു പോന്നു.

“നിനക്ക് പോകാൻ ഇനി സമയം ഉണ്ടല്ലോ, അവൻ എന്തിനാ ഇത്രയും പരാക്രമം കാണിക്കുന്നേ ?

വിഷ്ണുവിനെ നോക്കി ശിവൻ ചോദിച്ചു

” അത് സമയമായിട്ടൊന്നുമല്ല. അവിടെ നിൽക്കുന്ന പെൺപിള്ളേരെ കാണിക്കാൻ വേണ്ടി. ഇനി ഉണ്ട് 10 മിനിറ്റിനു മുകളിൽ.

സെബാസ്റ്റ്യന്റെ വർത്തമാനം കേട്ട് ശിവൻ ഒന്ന് ചിരിച്ചു.

” അണ്ണാ ഞാൻ പറഞ്ഞ കാര്യം എന്തായി.?

ശിവനോടായി സെബാസ്റ്റ്യൻ ചോദിച്ചു

” ഭയങ്കര ടൈറ്റിലാടാ പുള്ളി, ഞാൻ ചോദിച്ചിട്ടുണ്ട് ചിലപ്പോൾ നാളത്തേക്ക് ശരിയാക്കി തരാമെന്ന് പറഞ്ഞത്. ഉറപ്പില്ലാത്ത കൊണ്ട് ഞാൻ നിന്നോട് പറയാതിരുന്നത്.

“ശോ… പെങ്ങള് കൊച്ച് വീട്ടിൽ വന്ന് നിൽക്കാൻ തുടങ്ങിയിട്ട് മാസം മൂന്നായി. നാളെ അതിനെ കെട്ടിയോന്റെ വീട്ടിലേക്ക് കൊണ്ടു വിടണം. പ്രസവം കഴിഞ്ഞ് മൂന്നാം മാസം കെട്ടിയവന്റെ വീട്ടിൽ കൊണ്ട് വിടണം എന്നാണല്ലോ. ഇതുവരെ നമ്മൾ ഒന്നും കുഞ്ഞിന് ഒന്നും കൊടുത്തിട്ടില്ല. അമ്മച്ചി ഒരു അരഞ്ഞാണം മേടിക്കാൻ എങ്ങനെയോ കുറച്ചു പൈസ ഒപ്പിച്ചു വെച്ചിട്ടുണ്ട്. ബാക്കി ഞാനും കൂടി ഇട്ടാൽ അല്ലേ കൊടുക്കാൻ പറ്റൂ. നമ്മുടെ കൊച്ചിന് അവരുടെ വീട്ടിൽ ചെല്ലുമ്പോൾ ഒരു ക്ഷീണം ഉണ്ടാവാൻ പാടില്ലല്ലോ.

” എനിക്കറിയാം, അതുകൊണ്ട് ഞാൻ പുള്ളിയോട് പൈസ ചോദിച്ചു വച്ചിരിക്കുന്നത്. നമ്മൾ ബസുകാർക്ക് മാത്രം ചിട്ടി കൊടുക്കുന്ന ഒരു തമിഴ്നാ അയാൾ. നോക്കട്ടെ എന്ന് പറഞ്ഞാൽ കാര്യം നടക്കും. ഞാൻ വൈകിട്ട് ഒന്നുകൂടി വിളിക്കാം. എന്നിട്ട് നാളെ രാവിലതേക്ക് പൈസ സെറ്റ് ആക്കാം. ഇല്ലെന്ന് ഉണ്ടെങ്കിൽ സന്ധ്യയുടെ ഒരു വള പണയം വച്ച് നിനക്ക് ഞാൻ പൈസ തരാം. നീ പതുക്കെ എടുത്ത് തന്നാൽ മതി.

” അത് അണ്ണന് ബുദ്ധിമുട്ടാവില്ലേ..? അതൊന്നും വേണ്ട,

“സാരമില്ലടാ അത്യാവശ്യം നടക്കട്ടെ, നീ പറഞ്ഞ കാര്യം എനിക്ക് മനസ്സിലാവും. രണ്ടെണ്ണത്തിനെ കെട്ടിച്ചു വിട്ടതല്ലേ ഞാനും,

“ഒന്നും തികയുന്നില്ല അണ്ണാ, ഈ കഷ്ടപ്പാടൊക്കെ ഒന്ന് മാറിക്കിട്ടിയാൽ മതിയായിരുന്നു,

” അതിന് ലോട്ടറി അടിക്കണം,

ശിവൻ പറഞ്ഞു

” സ്ഥിരമായിട്ട് എടുക്കുന്നുണ്ട്. ഇടയ്ക്ക് അടിയുണ്ട്. കഴിഞ്ഞ മാസം ഒരു 5000 അടിച്ചു.

” നീ എടുക്കടാ, വല്ല ഓണമോ ക്രിസ്മസ് ബമ്പറോ അടിച്ചാൽ നീ മാത്രമല്ല ഞാനും കൂടി രക്ഷപ്പെട്ടില്ലേ,നീ ചായ കുടിച്ചോ..?

” ഇല്ല അണ്ണാ, ഇപ്പോ പോണം

” ആ ബസ്റ്റോപ്പിൽ നിൽക്കുന്ന പെങ്കൊച്ച് നിന്നെ തന്നെയാണല്ലോ നോക്കുന്നത്…

ശിവൻ പറഞ്ഞപ്പോൾ പെട്ടെന്ന് അവൻ അവിടേക്ക് തിരിഞ്ഞു നോക്കി. കോളേജിൽ പഠിക്കുന്ന കുട്ടിയാണ് ഇതിനോടകം പലതവണ അവൾ തന്നെ നോക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ബസ്സിൽ കയറുമ്പോഴും തന്റെ മുഖത്തേക്ക് തന്നെയാണ് അവളുടെ നോട്ടം. പലപ്പോഴും ആ നോട്ടത്തെ അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്.

” ഇതൊക്കെ നോക്കാൻ നിന്നാൽ ഇതിനെ നേരം കാണു, ഇത്രയും പ്രശ്നങ്ങൾക്കിടയിൽ ഇനി അതിന്റെ കുറവേ ഉള്ളു.

ചിരിയോടെ സെബാസ്റ്റ്യൻ പറഞ്ഞപ്പോൾ, ശിവനും നന്നായി ഒന്ന് ചിരിച്ചിരുന്നു.

” വിഷ്ണു പറയുന്നത് എനിക്ക് ഭയങ്കര ലേഡീസ് ഫാൻസ് ആണെന്ന് ആണ്..

സെബാസ്റ്റ്യൻ ചിരിയോടെ ശിവനോട് പറഞ്ഞു.

” ഞാനും കേട്ടു. സത്യമാണോടാ

” ചുമ്മാ പെൺപിള്ളേരുടെ നേരം പോക്ക്, ബസ്സിൽ കയറുമ്പോൾ അവർക്ക് എന്തെങ്കിലും എന്റർടൈൻമെന്റ് വേണ്ട..?

ചിരിയോടെ അവനത് പറഞ്ഞപ്പോൾ ശിവനും ചിരിച്ചിരുന്നു.

സെബാസ്റ്റ്യൻ വാച്ച് നോക്കി ബസ്സിലേക്ക് കയറിയിരുന്നു അവൻ ഒന്ന് ഓൺ അടിച്ചു ഇപ്പോൾ പോകുമെന്ന് എല്ലാവരെയും അറിയിച്ചു. അപ്പോഴേക്കും ബസ്റ്റോപ്പിൽ നിന്ന പെൺകുട്ടികളെല്ലാം ബസ്സിലേക്ക് കയറിയിരുന്നു. ആള് നിറഞ്ഞു എന്ന് മനസ്സിലായതോടെ വണ്ടി സ്റ്റാർട്ട് ചെയ്തു. പെട്ടിപ്പുറത്ത് സെബാസ്റ്റിനെ കാണാൻ വേണ്ടി മാത്രം വന്നിരിക്കുന്ന ചില പെൺകുട്ടികൾ ഉണ്ട്. അവരുടെ നോട്ടം അവനെ തന്നെയാണ്.

നല്ല കട്ടിമീശയും താടിയും അവന്റെ വെളുത്ത മുഖത്തിന്‌ അഴക് കൂട്ടി. വൈൻ റെഡ് നിറത്തിലെ ചുണ്ടുകളും നെറ്റിയിലെക്ക് ചേർന്ന് കിടക്കുന്ന നീളൻ മുടിയും കാക്കി ഷർട്ടിന്റെ ബട്ടണെ വകഞ്ഞു മാറ്റി പുറത്തേക്ക് എത്തിനോക്കുന്ന നെഞ്ചിലെ രോമരാജികളും അതിൽ ചേർന്ന് കിടക്കുന്ന വെള്ളി മാലയും കറുത്ത ചരട് കൊന്തയും വളയം പിടിക്കുന്ന ആ കരുത്തുറ്റ രോമങ്ങൾ നിറഞ്ഞ കൈകളും അതിൽ ചേർന്ന് കിടക്കുന്ന വീതിയുള്ള വെള്ളി നിറത്തിലുള്ള വാച്ചും, അങ്ങനെ ആകെ മൊത്തത്തിൽ ഏത് പെണ്ണിനേയും മോഹിപ്പിക്കുന്ന ആണോരുത്തൻ.!

സമയം സന്ധ്യയോട് അടുത്തു തുടങ്ങിയിരിക്കുന്നു ഇതിനോടകം തന്നെ ബസ്സിൽ നിന്നും പലരും ഇറങ്ങി കഴിഞ്ഞു. ബസ് ഏകദേശം ശൂന്യമായി തുടങ്ങി. സ്റ്റാൻഡിലേക്ക് കയറിയപ്പോൾ ബാക്കിയുണ്ടായിരുന്ന രണ്ടുമൂന്നു പേരും കൂടി ഇറങ്ങിയിരുന്നു. വണ്ടി സ്റ്റാൻഡിൽ കൊണ്ടുപോയി ഒതുക്കി ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് നന്നായി ഒന്നു മൂരി നിവർത്തി സെബാസ്റ്റ്യൻ. വിഷ്ണുവും സുനിയും പെട്ടിപ്പുറത്ത് വന്നിരുന്നു. അന്നത്തെ കളക്ഷൻ എണ്ണുകയാണ് വിഷ്ണു

സെബാസ്റ്റ്യൻ ഫോൺ അടിച്ചപ്പോഴേക്കും അത് എടുത്തിരുന്നു ശിവനാണ്

” എടാ പുള്ളി പൈസ തരാം എന്ന് പറഞ്ഞു. ഞാൻ നിന്റെ ഗൂഗിൾ പേ നമ്പർ കൊടുത്തിട്ടുണ്ട്. 20000 രൂപ പുള്ളി ഇടും. പതിനായിരം രൂപയ്ക്ക് 500 രൂപ വച്ച് ആണ്, കൃത്യമായിട്ട് കൊടുത്തേക്കണം.

” ശരി അണ്ണാ കൊടുത്തേക്കാം,

വലിയ സമാധാനത്തോടെ അവൻ ഫോൺ പോക്കറ്റിലേക്ക് വച്ചു

” ഇച്ചായ സുനിയുടെ പാർട്ടി ഉണ്ട്,

വിഷ്ണു പറഞ്ഞു

” ഇന്നിനി ഒരു പാർട്ടിക്കും ഇല്ലടാ, രാവിലെ തൊട്ട് ഭയങ്കര ദേഹത്ത് വേദന. പനിക്കാനുള്ള ലക്ഷണമാണെന്ന് തോന്നുന്നത്. അതുകൊണ്ട് ഞാൻ വീട്ടിൽ പോവാ.

“എങ്കിൽ ഞങ്ങൾ വിടുവാണേ, കുപ്പി എടുക്കണം,

വിഷ്ണു പറഞ്ഞു

” ആഹ് പൊക്കോ,

വിഷ്ണുവും സുനിയും ഇറങ്ങി.

ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് അവൻ കണ്ണാടിയിലൂടെ ഏറ്റവും പുറകിലായിരിക്കുന്ന ഒരു പെൺകുട്ടിയെ കണ്ടത്.

” ഇറങ്ങാൻ ആൾ ഉണ്ടല്ലോ

അവൻ സ്വയം പറഞ്ഞു

ഒരു പെൺകുട്ടി ഏറ്റവും പുറകിലത്തെ സീറ്റിൽ ജനലിന്റെ അരികിലായി ചാരി ഉറക്കമാണ്. ഉറങ്ങിപ്പോയതാണെന്ന് തോന്നുന്നു.

വിഷ്ണു ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി ബസ്സിനകത്തേക്ക് കയറി പുറകിലേക്ക് നടന്നു

അടുത്തേക്ക് ചെന്നപ്പോഴാണ് അവളുടെ കണ്ണുകൾ തുറന്നിരിക്കുന്നത് അവൻ ശ്രദ്ധിച്ചത്. അവൾ ഉറക്കമല്ല മറ്റെന്തോ ആലോചനയിലാണ്.

കറുപ്പും വെള്ളയും ഇടകലർന്ന ഒരു കോട്ടൺ ചുരിദാർ ആണ് വേഷം ദുപ്പട്ട തലയിലൂടെ തട്ടം പോലെ ഇട്ടിരിക്കുന്നു. ഇളം ചുവപ്പു നിറത്തിലുള്ള ചുണ്ടുകൾ അവളുടെ വെളുത്ത മുഖത്തിന് കൂടുതൽ സൗന്ദര്യം പകർന്നു. മഷി പടരാത്ത മിഴികളിൽ നനവ് ബാക്കിയാണ്. കരഞ്ഞപോലെ കവിളുകളും മൂക്കിൻ തുമ്പും ചുവന്നു കിടക്കുന്നു. അവൾ ഇവിടെ അല്ലെന്ന് തോന്നുന്നു. മറ്റൊരു ലോകത്തിൽ എന്നത് പോലെ എന്തോ ചിന്തിച്ചു കൊണ്ടിരിക്കുകയാണ്.

തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!