തിരുവനന്തപുരം: ഇരപിടുത്തത്തിന്റെ കാര്യത്തിലും വേഗതയിലുമെല്ലാം പക്ഷികള്‍ക്കിടയിലെ താരങ്ങളാണ് പരുന്തുകള്‍. എന്നാല്‍ അവയില്‍ ഏറ്റവും വേഗത്തില്‍ പറക്കുന്ന പെരഗ്രിന് പരന്തുകള്‍ ഇരപിടിക്കാന്‍ താഴോട്ട് ഊളിയിട്ട് തിരിച്ചുപോകുന്നത് സെക്കന്റുകള്‍ക്കുള്ളില്‍ മായാക്കാഴ്ചപോലെ അവസാനിക്കും. എന്തുകൊണ്ടെന്നല്ലേ, ഇവ ഇരപിടക്കാന്‍ ലക്ഷ്യമിട്ട് താഴോട്ട് കൂപ്പുകുത്തുമ്പോള്‍ വേഗം മണിക്കൂറില്‍ പരമാവധി 389 കിലോമീറ്റര്‍ വരെയെത്തും. നമ്മുടെ റോഡിലൊന്നും ഒരു വാഹനത്തിനും ഒരുകാലത്തും ആര്‍ജിക്കാന്‍ സാധിക്കാത്ത വേഗം.
ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്കാറുകള്പോലും മണിക്കൂറില്‍ മുന്നൂറു കിലോമീറ്ററില്‍ അധികം വേഗത്തില്‍ സഞ്ചരിക്കുന്നത് അത്യപൂര്വമായിരിക്കേ ഈ മിന്നല്പക്ഷിയേ നമിച്ചേപറ്റൂ. കോഴിക്കുഞ്ഞുങ്ങളെയും മറ്റും നമ്മുടെ കണ്ണുവെട്ടിച്ച് റാഞ്ചി എടുക്കുന്ന പ്രാപിടിയന്റെ വേഗത കണ്ട് തന്നെ നമ്മുടെ കണ്ണ് തള്ളാറുണ്ട്. അതിലും വേഗതയില്‍ പറക്കുന്ന പരുന്തുകളെയും മുങ്ങകളെയും നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ പരുന്തുകളില്‍ തന്നെ ഏറ്റവും വേഗതയുള്ള പെരെഗ്രിന് ഫാല്ക്കണെപ്പറ്റി പറഞ്ഞാലൊന്നും മതിയാകില്ല.
പരുന്തുകള്‍ ഉള്‍പ്പെടുന്ന ഫാല്ക്കനിഡേ കുടുംബത്തിലെ ഒരംഗമാണ് ഈ സൂപ്പര്‍സ്റ്റാര്‍. ഒരു വലിയ കാക്കയുടെ വലിപ്പമേ ഇവയ്ക്കുള്ളൂ. നീലയും ചാരനിറവും കലര്‍ന്ന പുറം, വെളുത്ത അടിഭാഗം, കറുത്ത തല. വേട്ടയാടുന്ന സമയത്ത് മണിക്കൂറില്‍ 389 കിലോമീറ്റര്‍ വേഗംവരെ ഇവ കൈവരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ജീവി.
നാഷണല്‍ ജിയോഗ്രാഫിക് നടത്തിയ പഠനം അനുസരിച്ച് പെരെഗ്രിന് ഫാല്‍ക്കണിന്റെ ഏറ്റവും ഉയര്‍ന്ന വേഗത
മണിക്കൂറില്‍ 389 കി.മീ. ആണ്. പെണ്‍പക്ഷികള്‍ പുരുഷന്മാരേക്കാള് വലുതാണ്. അതിവേഗം കുത്തനെ വരുമ്പോള്‍ വായു മര്‍ദ്ദം കുറയ്ക്കുന്നതിലൂടെ ഈ പക്ഷിക്ക് എളുപ്പത്തില്‍ ശ്വസിക്കാന്‍ കഴിയും. വേഗത്തില്‍ പറക്കുമ്പോള്‍ കണ്ണുകളെ സംരക്ഷിക്കാന്‍, ഫാല്‍ക്കണുകള്‍ അവരുടെ നിക്റ്റിറ്റേറ്റിംഗ് മെംബ്രണുകള്‍ (മൂന്നാം കണ്പോളകള്) ഉപയോഗിച്ച് കണ്ണുനീര് പടര്‍ത്തുകയും കാഴ്ച നിലനിര്ത്തുന്നതുമായാണ് ചെയ്യുന്നതെന്ന് പഠനങ്ങളില്‍നിന്നും വ്യക്തമായിട്ടുണ്ട്.
കേരളത്തില്‍ കായല്‍പുള്ള് എന്നുകൂടി അറിയപ്പെടുന്ന പെരിഗ്രിന്റെ സാന്നിധ്യം കൊല്ലം ജില്ലയിലെ ചാത്തന്നൂരിലെ പോളച്ചിറ ഏലായില്‍ 2019ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 424 ഗ്രാം മുതല്‍ പരമാവധി 1,500 കിലോഗ്രാം വരെയാണ് തൂക്കം. പതിനഞ്ചെര വര്‍ഷമാണ് ശരാശരി ആയുര്‍ദൈര്‍ഘ്യം.