ജയരാജന്റെ മഅ്ദനി പരാമര്‍ശം: നോട്ടിന് വേണ്ടിയോ വോട്ടിന് വേണ്ടിയോ
മഅ്ദനിയെ അപമാനിച്ചിട്ടില്ലെന്ന് പി ജയരാജന്‍
കോഴിക്കോട്: പാലക്കാട്ടും ചേലക്കരയും നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി പി ജയരാജന്റെ പുസ്തകം ഇറങ്ങുന്നു. മഅ്ദനിയുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം പുസ്തകത്തിലുണ്ടെന്ന് പ്രകാശനത്തിന് മുമ്പ് തന്നെ വാര്‍ത്ത വരുന്നു. പ്രകാശനം കഴിഞ്ഞ് അതേകുറിച്ച് സംസാരിക്കാമെന്ന് ജയരാജന്‍ പറയുന്നു. ഒരു കാലത്ത് പി ഡി പിയുമായി തിരഞ്ഞെടുപ്പില്‍ സഖ്യ ധാരണയുണ്ടാക്കിയ സി പി എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ മഅ്ദനിയെ കുറിച്ച് ആര്‍ എസ് എസ് കാലങ്ങളായി ആരോപിക്കുന്ന അതേ ആരോപണം ഉന്നയിക്കുന്നു. ഇതിന്റെയൊക്കെ പിന്നില്‍ രണ്ടേ രണ്ട് കാരണങ്ങള്‍ മാത്രമാണുള്ളത്. ഒന്നുകില്‍ വോട്ട് അല്ലെങ്കില്‍ നോട്ട്.
പുസ്തകത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് പറയുമ്പോള്‍ അത് വാങ്ങാനും വിറ്റഴിക്കപ്പെടാനും സാധ്യത കൂടുതലാണ്. അങ്ങനെ മാതൃഭൂമി ബുക്‌സിന്റെ പുസ്തകത്തിന് കൂടുതല്‍ മാര്‍ക്കറ്റുണ്ടാകാന്‍ വേണ്ടിയാണോ ഇത്തരമൊരു വിവാദം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാതൃഭൂമിയുടെ ഓണ്‍ലൈനിലാണ് പുസ്തകവുമായി ബന്ധപ്പെട്ട വിവാദം ആദ്യമായി പുറത്തുവന്നതെന്നത് ഈ സംശയത്തെ ബലപ്പെടുത്തുന്നു.
അല്ലെങ്കില്‍ മറ്റൊരു സാധ്യത ഉപതിരഞ്ഞെടുപ്പില്‍ ഹൈന്ദവ വോട്ടാണ്. മഅ്ദനിയോട് വെറുപ്പ് കാണിക്കുന്ന വിഭാഗങ്ങളെ സന്തോഷിപ്പിക്കുന്ന പരാമര്‍ശം നടത്തിയാല്‍ പാലക്കാട്ടും ചേലക്കരയിലും കുറച്ച് വോട്ടുകള്‍ കിട്ടുമെന്ന പ്രതീക്ഷയായിരിക്കാം സി പി എം നേതൃത്വത്തിന്. പ്രത്യേകിച്ച് സി പി എമ്മിനും എല്‍ ഡി എഫ് സര്‍ക്കാറിനുമെതിരെ ശക്തമായ പൊതു വികാരം ഉണ്ടായിരിക്കെ ഇത്തരമൊരു സാധ്യത വളരെ കൂടുതലാണ്. ‘കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിലാണ് മഅ്ദനിക്കെതിരെ പി ജയരാജന്‍ വിവാദമായ പരാമര്‍ശം നടത്തിയത്. മഅ്ദനി തീവ്രവാദത്തിലേക്ക് യുവാക്കളെ ആകര്‍ഷിപ്പിച്ചുവെന്നും കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചെന്നുമൊക്കെയുള്ള പരാമര്‍ശമാണ് അദ്ദേഹം പുസ്‌കത്തില്‍ എഴുതിയത്.
എന്നാല്‍, മഅ്ദനിയെ അപമാനിച്ചിട്ടില്ലെന്നും ആരോപണം കണ്ണുകാണാത്തയാള്‍ ആനയെ കുറിച്ച് പറയുന്നത് പോലെയാണെന്നും പി ജയരാന്‍ പ്രകാശന ചടങ്ങില്‍ വ്യക്തമാക്കി. ആരോപണം ആദ്യമായി പുറത്തുവിട്ട ചാനലിന്റെയും ഓണ്‍ലൈന്‍ മീഡയയുടെയും തട്ടകത്തില്‍ നിന്നാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് എന്നതാണ് മറ്റൊരു രസകരമായ വസ്തുത. അഥവാ വിവാദം കൃത്യമായ പ്ലാനിംഗ് ആണെന്ന് വ്യക്തം.