പഴയ കത്തുകൾ കൊണ്ടുവന്ന് കോൺഗ്രസിനെ ദുർബലപ്പെടുത്താമെന്ന് കരുതേണ്ട: ചെന്നിത്തല
പഴയ കാലത്തെ കത്തുകൾ എടുത്തുകൊണ്ടുവന്ന് കോൺഗ്രസിനെ ദുർബലപ്പെടുത്താമെന്നൊന്നും ആരും കരുതേണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫും കോൺഗ്രസും ഒറ്റക്കെട്ടായി പാലക്കാട്ടും ചേലക്കരയിലും വയനാട്ടിലും പ്രവർത്തിക്കുകയാണ്. ഈ മൂന്നു സീറ്റും നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് വിശ്വാസം. കത്ത് ഉണ്ടോ ഇല്ലയോ എന്ന് തനിക്ക് അറിയില്ല.
കത്ത് കൊടുത്തിട്ടുണ്ടെങ്കിൽ തെറ്റൊന്നുമില്ല. സ്ഥാനാർഥി നിർണയത്തിന് മുൻപ് ഡിസിസി കൊടുത്ത കത്ത് എന്നാണ് താൻ കരുതുന്നത്. സ്ഥാനാർഥിയെ ഹൈക്കമാൻഡ് പ്രഖ്യാപിച്ച് കഴിഞ്ഞാൽ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. പിന്നെ അവിടെ ഒരു അഭിപ്രായ വ്യത്യാസങ്ങൾക്കും സ്ഥാനമില്ല. കെ മുരളീധരൻ പ്രചാരണ രംഗത്തുണ്ടാകും. യുഡിഎഫ് ഒറ്റക്കെട്ടായാണ് പോരാടുന്നത്.
കാലാകാലങ്ങളായി വർഗീയതയെ താലോലിക്കുന്ന സമീപനമാണ് സിപിഎമ്മിന്റേതെന്ന് പി ജയരാജന്റെ പുസ്തകത്തെക്കുറിച്ചുള്ള ചോദ്യത്തിന് ചെന്നിത്തല മറുപടി പറഞ്ഞു. ഒരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗ്ഗീയതയെയും മാറിമാറി താലോലിക്കുകയാണ് സിപിഎമ്മെന്നും ചെന്നിത്തല പറഞ്ഞു