തീ കൊടുക്കരുതെന്ന് ഒരുപാട് തവണ പറഞ്ഞതാണ്; എന്നിട്ടും അവർ കേട്ട ഭാവം നടിച്ചില്ല
വെളിപ്പെടുത്തലുമായി പരുക്കേറ്റ പെൺകുട്ടി
നീലേശ്വരം: നൂറുകണക്കിനാളുകള്‍ക്ക് പരുക്കേറ്റ നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ക്കും വെടിക്കെട്ടിന് ചുക്കാന്‍ പിടിച്ചവര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രദേശവാസികളും പരുക്കേറ്റവരും. വെടിമരുന്നുകള്‍ സൂക്ഷിച്ചതിന്റെ തൊട്ടടുത്ത് നിന്നാണ് വെടിക്കെട്ടിന് തീ കൊടുത്തതെന്നും ഒരുപാട് തവണ അവിടെ നിന്ന് കത്തിക്കരുതെന്ന് പറഞ്ഞിരുന്നുവെന്നും പരുക്കേറ്റവര്‍ വ്യക്തമാക്കുന്നു.
‘അവരോട് നൂറ് പ്രാവശ്യം പറഞ്ഞിരുന്നു അവിടുന്ന് പൊട്ടിക്കരുതെന്ന്. പ്രായം ആയവരടക്കം അവിടെ കസേരയിട്ട് ഇരിക്കുന്നുണ്ടായിരുന്നു. കുറേതവണ പറഞ്ഞിരുന്നു പൊട്ടിക്കരുതെന്ന്. അവര്‍ കേട്ടില്ല. മുറിയില്‍ നിന്നും എടുത്ത് കൊണ്ടുപോയാണ് അവിടെ നിന്നും പൊട്ടിക്കുന്നത്.
അവിടെ നിന്നാല്‍ നന്നായി തെയ്യം കാണാന്‍ കഴിയുമല്ലോയെന്ന് കരുതിയാണ് അവിടെ നിന്നത്. പടിഞ്ഞാറ് ഭാഗത്തെ കാവില്‍ നിന്നാണ് സാധാരണ പൊട്ടിക്കാറുള്ളത്’, പരിക്കേറ്റ പെണ്‍കുട്ടി പറഞ്ഞു. റിപോര്‍ട്ടര്‍ ടിവിയുടെ മാധ്യമ പ്രവര്‍ത്തകനോടാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഏകദേശം അഞ്ച് മീറ്റര്‍ വ്യത്യാസം മാത്രമാണ് രണ്ട് സ്ഥലങ്ങളും തമ്മിലുണ്ടായിരുന്നതെന്നാണ് വിവരം. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്. തെയ്യം കാണാന്‍ ആളുകള്‍ കൂടിനില്‍ക്കുന്നതിനാല്‍ അവിടെ നിന്നും വെടിക്കെട്ടിന് തീകൊടുക്കരുതെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അതൊന്നും കേട്ടില്ലെന്നും പ്രദേശവാസികളിലൊരാള്‍ പറഞ്ഞു.
1500 ഓളം പേര്‍ സംഭവസമയത്ത് കാവിലുണ്ടായിരുന്നു എന്നാണ് വിവരം. ഓലപടക്കം പൊട്ടുന്നതിനിടെ ഉണ്ടായ തീപ്പൊരി പടക്കങ്ങള്‍ ശേഖരിച്ച കലവറയ്ക്കുള്ളിലേക്ക് വീണായിരുന്നു അപകടം. പരിക്കേറ്റ എട്ട് പേരുടെ നില ഗുരുതരവും ഒരാളുടെ നില അതീവ ഗുരുതരവുമാണ് എന്നാണ് വിവരം. സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.