2025ല്‍ കടല്‍പായല്‍ ഉല്‍പാദനം 97 ലക്ഷം ടണ്ണാക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: ഏത് രംഗത്തും പുതിയ പരീക്ഷണങ്ങളും സാങ്കേതികവിദ്യയും ഉപയോഗിക്കുന്നത് രാജ്യത്ത് വര്‍ധിച്ചുവരുന്നതിനിടെ കടല്‍പ്പായല്‍ വ്യവസായത്തില്‍ സുപ്രധാന നീക്കവുമായി ഇന്ത്യ. അടുത്ത വര്‍ഷത്തോടെ രാജ്യത്തെ കടല്‍പ്പായല്‍ ഉത്പാദനം 97 ലക്ഷം മെട്രിക് ടണ്ണിലധികമായി ഉയര്‍ത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കടല്‍പ്പായല്‍ ഉത്പാദനത്തിന് വേണ്ട വിത്തുകളും മറ്റ് വസ്തുക്കളും വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെട്ട വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.
ഗുണനിലവാരമുള്ള വിത്തുകളുടെ സ്റ്റോക്ക് കര്‍ഷകര്‍ക്ക് ഉറപ്പാക്കുന്നതിനും വിദേശത്ത് നിന്ന് ഉയര്‍ന്ന ഗുണമേന്മയുള്ള വിത്ത് ഇറക്കുമതി ചെയ്യുന്നതിനും ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും കേന്ദ്ര നയം സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ്നാട്, കര്‍ണാടക, കേരളം തുടങ്ങിയ തീരദേശ സംസ്ഥാനങ്ങളിലെ കടല്‍പ്പായല്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
’21-ാം നൂറ്റാണ്ടിലെ സിദ്ധൗഷധം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കടല്‍പ്പായലിന് വികസിത രാജ്യങ്ങളില്‍ വലിയ ഡിമാന്റാണുള്ളത്. പോഷക സമൃദ്ധവും ഏറെ ഔഷധഗുണങ്ങളുമുള്ള കടല്‍പ്പായല്‍, ഗോയിറ്റര്‍, അര്‍ബുദം, ബോണ്‍-റീപ്ലേസ്‌മെന്റ് തെറാപ്പി, ഹൃദയ ശസ്ത്രക്രിയള്‍ എന്നിവയ്ക്ക് നല്‍കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കാപ്സ്യൂളുകള്‍ നിര്‍മിക്കാനായാണ് വ്യാവസായികമായി പ്രധാനമായും വിനിയോഗിക്കുന്നത്.