World

ബെര്‍ത്ത എന്നാല്‍ മെഴ്‌സിഡസ് ബെന്‍സിനെ രക്ഷിച്ച വനിത

വ്യൂട്ടണ്‍ബെര്‍ഗ്(ജര്‍മനി): ആഢംബര കാറുകളില്‍ പകരംവെക്കാനില്ലാത്ത നാമമാണ് മെഴ്‌സിഡന്‍സ് ബെന്‍സ് എന്ന ജര്‍മന്‍ കമ്പനി. ലോകം മുഴുവനുമുളള കാര്‍ പ്രേമികള്‍ തങ്ങള്‍ക്കും ഒരു വണ്ടി വേണമെന്ന് ആഗ്രഹിക്കുന്ന ബ്രാന്റ്. ഡെയിംലര്‍ എജിയെന്ന ഓട്ടോമൊബൈല്‍ കമ്പനിയുടെ ആഢംബര കാറുകളുടെ നിര്‍മാണത്തിന് മാത്രമായുള്ള ഉപ സ്ഥാപനമാണ് മെഴ്‌സിഡസ് ബെന്‍സ്. എന്നാല്‍ കമ്പനിയെ ഇന്നത്തെ നിലയിലേയ്ക്ക് ഉയര്‍ത്തിയതിന്റെ പിന്നില്‍ ഒരു പെണ്‍കരമാണ് ഉള്ളതെന്നു അധികമാര്‍ക്കും അറിയണമെന്നില്ല.

ബെര്‍ത്ത ബെന്‍സ് എന്ന ആ വനിതയില്ലെങ്കില്‍ മെഴ്‌സിഡസ് ബെന്‍സ് ഇന്നത്തെ നിലയില്‍ എത്തില്ലായിരുന്നൂവെന്നാണ് ഈ കമ്പനിയുടെ ചരിത്രം അറിയുന്നവര്‍ ആണയിടുന്നത്. എന്തിന് ഒരുപക്ഷേ അങ്ങനെ ഒരു ബ്രാന്‍ഡ് തന്നെ ഉണ്ടാവുമായിരുന്നില്ലെന്ന് പറയുന്നവരുമുണ്ട്. അപ്പോള്‍ കമ്പനിയുടെ അതിജീവനത്തില്‍ അവര്‍ക്കുള്ള സ്ഥാനം ഇനി കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ.

ജര്‍മ്മന്‍ ഓട്ടോമൊബൈല്‍ രംഗത്തിന്റെ ഉപജ്ഞാതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന കാള്‍ ഫ്രെഡറിക് ബെന്‍സിന്റെ ഭാര്യയാണ് ബെര്‍ത്ത. ലോകത്ത് ആദ്യമായി കാറുകള്‍ പരിചയപ്പെടുത്തിയ വ്യക്തിയായിരുന്നു പ്രൊഫഷണല്‍ ഓട്ടോമോട്ടീവ് എന്‍ജിനീയറും എന്‍ജിന്‍ ഡിസൈനറുമായിരുന്ന കാള്‍ ഫ്രെഡറിക്. ഇരുവരും വാഹന ലോകത്തിനു നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവില്ല.

ഒരു മോട്ടോര്‍ വാഹനം നീണ്ടദൂരം ഓടിക്കുന്ന ആദ്യ വ്യക്തിയും, വനിതയുമാണ് ബെര്‍ത്ത. 1885 ലാണ് ഇരുവരും ചേര്‍ന്ന് ബെന്‍സ് പേറ്റന്റ് മോട്ടോര്‍വാഗണ്‍ സൃഷ്ടിക്കുന്നത്. ഇതു ലോകത്തെ ആദ്യത്തെ ഓട്ടോമൊബൈല്‍ ആയിരുന്നു. എന്നാല്‍ റോഡിലുള്ള വാഹനത്തിന്റെ സാന്നിധ്യത്തെ കുറിച്ച് കാള്‍ ആശങ്കപ്പെട്ടു. കാളിന് തന്റെ കാറിനെക്കുറിച്ച് സംശയമുണ്ടായിരുന്നെങ്കിലും, ഭാര്യ ബെര്‍ത്ത ബെന്‍സിന് അതില്‍ പൂര്‍ണ വിശ്വാസമായിരുന്നു. ആ വിശ്വാസമായിരുന്നു കാള്‍ അറിയാതെ തങ്ങളുടെ വാഹനം റോഡില്‍ ഓടിക്കാന്‍ അവളെ പ്രചോദിപ്പിച്ചത്.

കാള്‍ സൃഷ്ടിച്ച കാറുകള്‍ മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ആരും വാങ്ങാന്‍ മുന്നോട്ട് വരാതിരുന്നതാണ് ബെര്‍ത്തയെ ഈ തീരുമാനത്തിലേയ്ക്ക് എത്തിച്ചത്. 1888ലെ ഒരു സുപ്രഭാതത്തില്‍, ബെര്‍ത്ത ഉറക്കമുണര്‍ന്ന് കാള്‍ ബെന്‍സിനെ അറിയിക്കാതെ തന്റെ രണ്ട് മക്കളായ യൂജെന്‍, റിച്ചാര്‍ഡ് എന്നിവരോടൊപ്പം ഒരു ചരിത്ര യാത്ര നടത്തി. കാളിന്റെയും, ബെര്‍ത്തയുടെയും മുച്ചക്ര വാഹനം നിരത്തുകളില്‍ കണ്ട ആളുകള്‍ അമ്പരന്നു. ബെര്‍ത്ത വാഹനം ഓടിക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ക്ക് ആവേശമായി. ഒരു സ്ത്രീയാണ് കാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആ ,സവിശേഷ വാഹനം ഓടിച്ചതെന്നു പലര്‍ക്കും വിശ്വസിക്കാനായില്ല.

ബെര്‍ത്ത ബെന്‍സ് മാന്‍ഹൈമില്‍ നിന്ന് പ്ഫോര്‍ഷൈമിലേക്കായിരുന്നു വാഹനം ഓടിച്ചത്. ഏകദേശം 106 കിലോമീറ്റര്‍ ബെന്‍സ് പേറ്റന്റ് മോട്ടോര്‍വാഗനില്‍ ഓടിച്ചു. ഇതിനു മുമ്പ് ഈ വാഹനം പരീക്ഷണാടിസ്ഥാനത്തില്‍ ചെറിയ ഓട്ടം മാത്രമായിരുന്നു നടത്തിയിരുന്നത്. ബെര്‍ത്തയുടെ ഈ യാത്ര ലോകശ്രദ്ധ പിടിച്ചുപറ്റി. അങ്ങനെയാണ് കമ്പനിക്ക് വില്‍പ്പന ഓര്‍ഡറുകള്‍ ലഭിച്ചു തുടങ്ങുന്നത്.

ബെര്‍ത്തയുടെ ആ കാര്‍ യാത്ര അത്ര സുഖമമായിരുന്നില്ല. ധാരാളം പ്രതിസന്ധികളെ മറികടന്നായിരുന്നു അവര്‍ ആ ചരിത്രനേട്ടം കൈപ്പിടിയിലൊതുക്കിയത്. യാത്രക്കിടെ കാര്‍ സാങ്കേതിക പ്രശ്നങ്ങളാല്‍ നിന്നുപോകുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ അവര്‍ക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അവ ബെര്‍ത്ത സ്വയം പരിഹരിച്ചു. ഒരുതവണ കാറില്‍ ഇന്ധനം തീര്‍ന്നു. അന്ന് വാഹനത്തിന്റെ ഇന്ധനം വളരെ സുലഭമായിരുന്നില്ല. ഒടുവില്‍ ഇന്ധനത്തിനായി അവള്‍ വൈസ്ലോക്കിലെ ഒരു രസതന്ത്രജ്ഞനെ സന്ദര്‍ശിക്കേണ്ടി വന്നു. ഇതോടെ ഈ രാസശാല ലോകത്തിലെ ആദ്യത്തെ ഇന്ധന സ്റ്റേഷനായി അംഗീകരിക്കപ്പെട്ടെന്നതും കാറുകളുടെ ലോകത്തെ രോമാഞ്ചജനകമായ ചരിത്രം.

Related Articles

Back to top button