National

തീര്‍ഥ പാനീയമെന്ന് കരുതി ഭക്തര്‍ കുടിച്ചത് എ സി വെള്ളം; വിവാദം, വിമര്‍ശം, പരിഹാസം

സംഭവം ഉത്തര്‍ പ്രദേശിലെ വൃദ്ധാവനില്‍

ലക്‌നോ: ദൈവിക സാന്നിധ്യമുള്ള തീര്‍ഥ പാനീയമെന്ന് കരുതി ഭക്തി മത്സരിച്ച് കുടിക്കുകയും സേവിക്കുകയും ചെയ്ത വെള്ളം എയര്‍ കണ്ടീഷനില്‍ നിന്ന് ഒഴുകിയെത്തിയ വെള്ളമാണെന്ന് വ്യക്തമായി. ഇത് സംബന്ധമായി ക്ഷേത്ര ഭാരവാഹികള്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി. ഇതോടെ ദിവസങ്ങളായി ഭക്തര്‍ കുടിക്കാനും ശരീരമാസകലം സേവിക്കാനുമായി ഉപയോഗിച്ച വെള്ളം ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുള്ള വെള്ളമാണെന്ന വിശദീകരണമാണ് വിദഗ്ധര്‍ നല്‍കുന്നത്.

ഉത്തര്‍പ്രദേശിലെ വൃന്ദാവനിലെ ശ്രീ ബങ്കെ ബിഹാരി മന്ദിറിന്റെ ചുമരില്‍ ഉണ്ടായിരുന്ന ഒരു ആനയുടെ ശില്പത്തില്‍ നിന്നും ഇറ്റുവീണിരുന്ന വെള്ളം ശ്രീകൃഷ്ണന്റെ പാദങ്ങളില്‍ നിന്നുള്ള പുണ്യജലമായ ‘ചരണ്‍ അമൃത്’ ആണെന്ന് കരുതി ഭക്തര്‍ കുടിക്കുകയായിരുന്നു.

എന്നാല്‍ പിന്നിട് ഇത് ക്ഷേത്രത്തിലെ ഏസിയില്‍ നിന്നുള്ള വെള്ളമാണെന്ന് തിരിച്ചറിഞ്ഞു. ഭക്തര്‍ ആനയുടെ ശില്പത്തില്‍ നിന്നും ഇറ്റുവീഴുന്ന വെള്ളത്തിനായി ക്യൂ നില്‍ക്കുന്നതും. ഏറെ നേരം നിന്ന് കൈകുമ്പിളിലേക്ക് വീഴുന്ന ജലം കുടിക്കുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. വീഡിയോ ഇതിനകം 42 ലക്ഷം പേരാണ് കണ്ടത്.

വീഡിയോ വൈറല്‍സോറോ എന്ന എക്‌സ് ഹാന്റില്‍ നിന്നും വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു, ”ഗൗരവമായ വിദ്യാഭ്യാസം 100% ആവശ്യമാണ്. ദൈവത്തിന്റെ പാദങ്ങളില്‍ നിന്നുള്ള ‘ചരണാമൃതം’ ആണെന്ന് കരുതി ആളുകള്‍ എസി വെള്ളം കുടിക്കുന്നു ”. വീഡിയോയില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കം നിരവധി പേര്‍ ‘പുണ്യ ജല’ത്തിനായി കൂട്ടം കൂടി നില്‍ക്കുന്നത് കാണാം. ചിലര്‍ കൈകുമ്പിളില്‍ വെള്ളം ശേഖരിക്കുമ്പോള്‍ മറ്റ് ചില ഭക്തര്‍ പേപ്പര്‍ ഗ്ലാസുകളില്‍ ശേഖരിച്ച വെള്ളം കുടിക്കുന്നതും കാണാം. മറ്റ് ചിലര്‍ വെള്ളം മൂര്‍ദ്ധാവില്‍ വയ്ക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പകര്‍ത്തുന്നയാള്‍ ഒരു സ്ത്രീയോട് അത് ശ്രീകൃഷ്ണന്റെ പാദങ്ങളില്‍ നിന്നുള്ള പുണ്യ ജലമല്ലെന്നും എസില്‍ നിന്നുള്ള വെള്ളമാണെന്നും പുരോഹിതന്മാര്‍ അത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും പറയുന്നുണ്ടെങ്കിലും അവര്‍ വെള്ളം കുടിച്ച ശേഷം ചിരിച്ച് കൊണ്ട് നടന്ന് നീങ്ങുന്നതും വീഡിയോയില്‍ കാണാം.

അതേസമയം, സംഭവത്തില്‍ ശക്തമായ രോഷവുമായി ഭക്തര്‍ രംഗത്തെത്തി. പുണ്യ ജലമാണെന്ന് തോന്നുംവിധത്തിലാണ് എ സി വെള്ളം പുറത്തേക്ക് ഒഴുക്കിയതെന്നും ജനങ്ങള്‍ നടക്കുന്ന വഴിയില്‍ യാതൊരു സുരക്ഷയും ഒരുക്കാതെയാണ് ഇത് ചെയ്തതെന്നും ഭക്തര്‍ വിശദീകരിച്ചു.

Related Articles

Back to top button