4 മാസംക്കൊണ്ട് ഒരു ലക്ഷത്തെ 670 കോടിയാക്കിയ എല്‍സിഡ് ഇന്‍വെസ്റ്റ്മെന്റ് എന്ന അത്ഭുത ഓഹരി
മുംബൈ: കേള്‍ക്കുമ്പോള്‍ ഏറെ അവിശ്വസനീയം, ഒരു പക്ഷേ അലാവുദ്ധീന്റെ അത്ഭുതവിളക്കിനുപോലും സാധിക്കാത്ത കാര്യമാണ് നാലു മാസം കൊണ്ട് ഒരു ലക്ഷം രൂപയുടെ നിക്ഷേപം 670 കോടിയാക്കി മാറ്റിയെന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ മികച്ച നേട്ടം നല്കിയ ഓഹരികളുടെ നിരവധി കഥകള്‍ ഇതിനകം കേട്ടിട്ടുണ്ടാകും. പക്ഷേ കണ്ണടച്ച് തുറക്കുമ്പോഴേക്കും നിക്ഷേപകരെ ഇതുപോലെ അതിസമ്പന്നരാക്കി മാറ്റിയ ഓഹരി വേറെ ഉണ്ടാവാന്‍ വഴിയില്ല.
എല്‍സിഡ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് എന്ന ഓഹരിയുടെ നേട്ടക്കണക്കില്‍ ഏവരും അത്ഭുതപ്പെടുമെന്നതില്‍ തര്‍ക്കമില്ല. നാലു മാസത്തില്‍ ഈ കമ്പനി ഓഹരി ഉടമകള്‍ക്ക് നല്‍കിയത് 67,00,000 ശതമാനം നേട്ടമാണ്. ഇതോടെ പെന്നി ഓഹരിയില്‍ നിന്നും എംആര്എഫിനേയും കടത്തിവെട്ടി രാജ്യത്തെ ഏറ്റവും വിപണി വിലയുള്ള ഓഹരിയായും അതു മാറി.
ഇപ്പോഴത്തെ ഓഹരിയുടെ വില ഏകദേശം 2.36 ലക്ഷമാണ്. കഴിഞ്ഞ ദിവസം ബോംബെ സ്റ്റോക്ക് എക്്സ്ചേഞ്ചില്‍ അരങ്ങേറിയ പ്രത്യേക ഓഹരി വില നിര്‍ണയ നടപടി അഥവാ സ്പെഷ്യല്‍ കോള്‍ ഓക്ഷന് മുഖേനയാണ് എല്‍സിഡ് ഇന്‍വെസ്റ്റ്മെന്റ് ഓഹരിയില്‍ അതിശയിപ്പിക്കുന്ന കുതിപ്പുണ്ടായത്. ഒക്ടോബര്‍ 28 വരെ കേവലം 3.53 രൂപ വിപണി വില രേഖപ്പെടുത്തിയിരുന്ന ഈ എന്‍ബിഎഫ്സി ഓഹരി, സ്പെഷ്യല്‍ കോള്‍ ഓക്ഷന് പൂര്‍ത്തിയായതോടെ ഒറ്റയടിക്ക് 2,36,250 രൂപയിലേക്ക് കത്തിക്കയറുകയായിരുന്നു. ഒറ്റദിനം കൊണ്ട് ഓഹരിയുടെ വിലയില്‍ 66,92,535 ശതമാനം വര്‍ധന കൈവരിച്ചു. അതായത് ഒക്ടോബര്‍ 28 വരെ എല്‍സിഡ് ഇന്‍വെസ്റ്റ്മെന്റ് ഓഹരിയിലുണ്ടായിരുന്ന ഒരു ലക്ഷം രൂപയുടെ നിക്ഷേപമൂല്യം ഇപ്പോള്‍ 670 കോടി രൂപയായി പെരുകിയെന്ന് സാരം.
റിസര്‍വ് ബാങ്കിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബാങ്കിതര ധനകാര്യ സേവന സ്ഥാപനമാണ് (എന്‍ബിഎഫ്സി) എല്‍സിഡ് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡ്. മുംബൈ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനം. ഓഹരി, മ്യൂച്വല്‍ഫണ്ട്, കടപ്പത്രം തുടങ്ങിയ വിവിധ ധന ആസ്തികളില്‍ നിക്ഷേപം നടത്തുന്ന കമ്പനിയാണിത്. രാജ്യത്തെ ഏറ്റവും വലിയ പെയിന്റ് കമ്പനികളിലൊന്നായ ഏഷ്യന്‍ പെയിന്റ്സിന്റെ പ്രൊമോട്ടര്‍മാരുടെ കൈവശമാണ് എല്‍സിഡ് ഇന്‍വെസ്റ്റ്മെന്റ്സിന്റെ 75 ശതമാനം ഓഹരികളും ഉള്ളത്. ബാക്കിയുള്ളതില്‍ 9.04 ശതമാനം ഓഹരികള്‍ ഹൈഡ്ര ട്രേഡിങ്ങിന്റേയും 3.34 ശതമാനം ഓഹരി വിഹിതം 3എ ക്യാപിറ്റല്‍ സര്‍വീസസിന്റേയും പക്കലുമാണുള്ളത്. മുരാഹാര് ഇന്‍വെസ്റ്റ്മെന്റ്സ് ആന്റ് ട്രേഡിങ് കമ്പനി, സപ്തസ്വാര് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ട്രേഡിങ് കമ്പനി എന്നിവ എല്‍സിഡ് ഇന്‍വെസ്റ്റ്മെന്റ്സിന്റെ രണ്ട് ഉപകമ്പനികളാണ്. കമ്പനിക്ക് പറയത്തക്ക കടബാധ്യതകളുമില്ലെന്നതും നേട്ടത്തിലേക്ക് നയിച്ച ഘടകമാണ്. ഇതൊക്കെയാണെങ്കിലും ഈ ഓഹരി വാങ്ങാനാവില്ല. കഴിഞ്ഞ കുറേക്കാലമായി ഓഹരി ഉടമകളൊന്നും വില്ക്കാന് തയാറാവാത്തിതിനാല് ഓഹരിയുടെ വില്പന അത്യപൂര്‍വമാണ്.