ട്രംപിന്റെ ആസ്തി 7.7 ബില്യണ്‍ ഡോളര്‍; ഉറങ്ങുന്നത് 58 മുറികളുള്ള മാര്‍-എ-ലാഗോയില്‍
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഡൊളാള്‍ഡ് ട്രംപ് വിജയിച്ചിരിക്കുകയാണ്. സ്വാഭാവികമായും മാധ്യമങ്ങളുടെ മുഖ്യ ശദ്ധാകേന്ദ്രമായി അദ്ദേഹം വീണ്ടും രംഗത്തുവന്നിരിക്കുകയാണ്. മുന്‍ യുഎസ് പ്രസിഡന്റുകൂടിയായ ട്രംപ് യുഎസിലെ ഏറ്റവും ധനികനായ നേതാവെന്നാണ് അറിയപ്പെടുന്നത്. 58 മുറികളുള്ള കൊട്ടാരതുല്യമായ പടുകൂറ്റന്‍ കെട്ടിടമായ മാര്‍-എ-ലാഗോയില്‍
താമസിക്കുന്ന ട്രംപിന് 6.6 ബില്യണ്‍ ഡോളറിനും 7.7 ബില്യണ്‍ ഡോളറി(5,56,57,47,00,000 – 6,49,27,18,03,950 രൂപ)നും ഇടയില്‍ സ്വത്തുണ്ടെന്നാണ് കരുതുന്നത്.
2016ല്‍ ട്രംപ് ആദ്യമായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ 4.5 ബില്യണ്‍ ഡോളര്‍ ആസ്തി ഉണ്ടായിരുന്നതായി വാര്ത്തവന്നിരുന്നെങ്കിലും അത് കുറവാണെന്നും തനിക്ക് അതിലും കൂടുതല്‍ ആസ്തിയുണ്ടെന്നും അവകാശപ്പെട്ട് ട്രംപ് തന്നെ രംഗത്തുവന്നിരുന്നു. പുതിയ ഫോബ്സ് പട്ടിക പ്രകാരം ട്രംപിന് 6.6 ബില്യണ്‍ ഡോളറിലധികം ആസ്തിയുണ്ടെന്നാണ് വാര്‍ത്ത.
പ്രസിഡന്റ് പദവി ജോണ്‍ ബൈഡന് കൈമാറി വൈറ്റ് ഹൗസ് വിട്ടശേഷം ട്രംപ് താമസിക്കുന്നത് മാര്‍-എ-ലാഗോയിലാണ്. 20 ഏക്കറില്‍ പരന്നുകിടക്കുന്ന ഈ മാളികയില്‍ 58 കിടപ്പുമുറികള്‍, സ്പാ, നീന്തല്‍ക്കുളം, ടെന്നീസ് കോര്‍ട്ട്, ഗോള്‍ഫ് കോഴ്സ് എന്നിവയെല്ലാമുണ്ട്. 1985ല്‍ ആയിരുന്നു മാര്‍-എ-ലാഗോ ട്രംപ് വാങ്ങുന്നത്. പ്രസിഡന്റായ സ്ഥിതിക്ക് ട്രംപ് അധികം വൈകാതെ വൈറ്റ് ഹൗസിലേക്കു മാറും.
മീഡിയ, ടെക്നോളജി മുതല്‍ റിയല്‍ എസ്റ്റേറ്റ് വരെ ഉള്‍പ്പെടുന്നതാണ് ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ട്രംപിന്റെ ബിസിനസ് സാമ്രാജ്യം. ഓണ്‍ലൈന്‍ മാദ്ധ്യമ സ്ഥാപനങ്ങളും സാങ്കേതികവിദ്യയുമാണ് ട്രംപിന്റെ ആസ്തിയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്നത്, ഗോള്‍ഫ് ക്ലബ്ബുകളും റിസോര്‍ട്ടുകളും ബംഗ്ലാവുകളും ഉള്‍പ്പെടെ അനവധിയായ സ്വത്തുക്കള്‍ക്ക് ഉടമയാണ് എന്നും വിവാദങ്ങളുടെ കളിത്തോഴനായ ഈ മനുഷ്യന്.
ന്യൂജേഴ്സി, ഹവായ്, കണക്റ്റിക്കട്ട്, ഇല്ലിനോയിസ്, നെവാഡ തുടങ്ങിയ അമേരിക്കന്‍ പ്രദേശങ്ങളിലെല്ലാം ട്രംപിന് വസ്തുവകകളുണ്ട്. യൂറോപ്പ്, ഏഷ്യ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലും ട്രംപിന് വിലകൂടിയ പാര്‍പ്പിട സമുച്ചയങ്ങളുമുണ്ട്. ട്രംപിന് മുംബൈയിലും സ്വന്തമായി ഒരു വസ്തുവുണ്ട്. ട്രംപ് ടവര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഫ്ളോറിഡയിലെ പാം ബീച്ചിന് തീരത്തുള്ള 10 മില്യണ്‍ ഡോളര്‍ മൂല്യമുള്ള മനോഹരമായ മാളികക്കൊപ്പം സെന്റ് മാര്‍ട്ടിനിലും ട്രംപിന് ആഡംബര ബംഗ്ലാവുണ്ട്. ഇതിനെല്ലാം പുറമെ ധാരാളം ആഡംബര സ്വത്തുക്കള്‍ ട്രംപിന് സ്വന്തമായുണ്ടെന്നാണ് പറയപ്പെടുന്നത്.