കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 123
രചന: റിൻസി പ്രിൻസ്
നിങ്ങടെ വീട്ടിൽ വല്ലതും ഉണ്ടാക്കണമെങ്കിൽ അളിയൻ പോയി അധ്വാനിക്കാൻ നോക്ക്. അല്ലാതെ ഭാര്യ വീട്ടിൽ നിന്ന് കിട്ടുന്നതെല്ലാം വാരി തിന്നാം എന്ന് കരുതിയാൽ ശരിയാവില്ല.
അത്രയും പറഞ്ഞു ശ്രീജിത്ത് അകത്തേക്ക് പോയപ്പോൾ മുഖത്ത് ഒരു അടി ഏറ്റെടുത്തത് പോലെ ആയിരുന്നു സതിക്കും അജയനും സുഗന്ധിക്കും
വിനോദിന്റെ കാർ ഒരു പ്രധാന റോഡ് കഴിഞ്ഞ് ചെറിയ കൈവഴിയിലേക്ക് കയറിയപ്പോൾ മുതൽ മീര ആ സ്ഥലം ശ്രദ്ധിക്കുക ആയിരുന്നു. വല്ലാത്തൊരു ഇഷ്ടം തോന്നിയിരുന്നു ആ സ്ഥലത്തോട് അവൾക്ക്. അത്രത്തോളം സമാധാനപരമായിരുന്നു അവിടുത്തെ അന്തരീക്ഷം. അങ്ങോട്ടുള്ള വഴികളിൽ ഒക്കെ ചെറിയ ചെറിയ വീടുകളാണ് കാണാൻ സാധിക്കുന്നത്.
വലിയൊരു വാഴത്തോപ്പും കുറച്ച് അധികം കൃഷികളും ഉള്ള ഒരു തോട്ടത്തിന് നടുവേയുള്ള പാതയിലൂടെ കാറുകൊണ്ട് ചെന്ന് നിർത്തുന്നത് വീതിയുള്ള ഒരു കുഞ്ഞു വീട്ടിലേക്ക് ആണ്. വെള്ള നിറത്തിൽ പെയിന്റടിച്ച ആ വീട് വളരെ മനോഹരമായി അവൾക്ക് തോന്നി. ഒരു പ്രത്യേക സൗന്ദര്യം ആ വീടിന് ഉണ്ട്. അതിന്റെ അരികിലായി ടർട്ടിൽ വൈനിന്റെ മൂന്നാല് ചെടികൾ ഹാങ്ങ് ചെയ്ത് ഇട്ടിട്ടുണ്ട്. ഒപ്പം തന്നെ മുറ്റത്ത് നിറയെ ചെടികളും ചെറിയ പച്ചക്കറിയും ഒക്കെയാണ്. ആരോ മനോഹരമായ സൂക്ഷിച്ച ഒരു വീടായിരുന്നു എന്ന് ഒറ്റനോട്ടത്തിൽ തന്നെ അവൾക്ക് മനസ്സിലായിരുന്നു.
“” നല്ല വീടാണല്ലോ സുധിയേട്ടാ
അവൾ സുധിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോൾ ഒരു നേരിയ പുഞ്ചിരി അവൻ അവൾക്ക് സമ്മാനിച്ചിരുന്നു.. ഉള്ളിന്റെയുള്ളിൽ എന്തൊക്കെ വേദന അവനെ അലട്ടുന്നുണ്ടെന്ന് ആ നിമിഷവും അവൻ മനസ്സിലാക്കുന്നുണ്ടായിരുന്നു..
” നല്ല വീട് ആണോന്നോ ഇത് ആർക്കും വാടകയ്ക്ക് കൊടുത്തിട്ട് പോലുമില്ലാത്ത വീടാ പ്രായമായ ഒരു അമ്മച്ചി മാത്രം താമസിച്ച വീട്.. അവർക്ക് അങ്ങനെ വീട് വാടകയ്ക്ക് കൊടുക്കാൻ ഒന്നും താല്പര്യം ഉണ്ടായിരുന്നില്ല. അമ്മച്ചി അടുത്തകാലത്ത് മരിച്ചു. മക്കളെല്ലാം യുകെയിലാ, അപ്പുറത്തു തന്നെ അവരെ സ്വന്തമായിട്ട് ഒരു വീട് വച്ചിട്ടുണ്ട്. അതൊന്ന് കാണണം കൊട്ടാരം പോലെ… പക്ഷേ അവരുടെ അമ്മച്ചിയോടും അപ്പച്ചനോട് ഉള്ള സ്നേഹത്തിന്റെ പ്രതീകമായിട്ട് ഈ വീട് പൊളിച്ചു കളയാതിരിക്കുക ആണ്. വെറുതെ പൊടി കയറി അത് നാശാമാവണ്ടാന്ന് കരുതി വാടകയ്ക്ക് കൊടുക്കാം എന്ന് കരുതിയത്. അപ്പോഴാ ഞാൻ പറഞ്ഞത് പറ്റിയ പാർട്ടി ഉണ്ടെന്ന്. ഫാമിലിക്ക് ആണെങ്കിൽ മാത്രമേ ഇത് വാടകയ്ക്ക് കൊടുക്കുന്ന് അവര് പറഞ്ഞിരുന്നു. അതുകൊണ്ട് നിങ്ങൾക്ക് തരാമെന്ന് പറഞ്ഞത്. പിന്നെ ഈ പുറത്തു നിന്ന് കാണുന്ന മോഡി പിടിപ്പിക്കൽ അല്ലാതെ അകത്ത് അത്ര വലിയ സൗകര്യങ്ങൾ ഒന്നുമില്ല. ഒരു മുറി ഒരു അടുക്കള ഒരു ഡൈനിങ് ഹാൾ പിന്നെ രണ്ടു ബാത്റൂം, പിന്നെ ഈ കാണുന്ന സ്വിറ്റ് ഔട്ട് അത്രയേ ഉള്ളൂ.
“ഞങ്ങൾക്ക് അതിന്റെ ആവശ്യമല്ലേ ഉള്ളു വിനോദേട്ടാ. അത് ശരിയാ, നമുക്ക് സമാധാനവും സന്തോഷവും ഉണ്ടെങ്കിൽ ഏത് കുടിൽ ആണെങ്കിലും അത് കൊട്ടാരം ആണ്. ഇപ്പോൾ തന്നെ ഇവിടെ എത്ര പേര് താമസിച്ചത് ആണെന്നറിയോ.? ഒരപ്പനും അമ്മയും മൂന്നു മക്കളും ഈ ഒരു വീട്ടിലാണ് ഏതാണ്ട് മുപ്പതു കൊല്ലം താമസിച്ചത്. പിന്നീട് പിള്ളാരൊക്കെ ഒരു നല്ല ഗതിയിൽ ആയതിനു ശേഷം ഈ വീട് ഒക്കെ അവര് മാറിയതും വേറെ വീട് വച്ചതും ഒക്കെ. പക്ഷേ ഇവരുടെ അമ്മച്ചി മരിക്കുന്ന കാലം വരെ ഈ വീട്ടിൽ നിന്ന് പോയിട്ടില്ല. കാരണം എന്താ..? അവരുടെ ഭർത്താവ് അത്രയ്ക്ക് കഷ്ടപ്പെട്ടാണ് ഈ വീട് ഉണ്ടാക്കിയത്. അന്നത്തെ കാലത്ത് ഒരു വലിയ വീട് തന്നെയായിരുന്നു ഇത്. ഇതിന്റെ ഫിനിഷിംഗ് വർക്കുകളും ഒക്കെ കാണുമ്പോൾ തന്നെ അറിയാമല്ലോ. ഒരു കിടപ്പ്മുറിയുണ്ടെന്ന് പറഞ്ഞാലും മുറികളെല്ലാം നല്ല മുഴുത്ത മുറികളാട്ടോ. വെറുതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കളിക്കാൻ സ്ഥലമില്ലാത്ത രീതിയിലുള്ള മുറികളല്ല.
അവൻ പറഞ്ഞപ്പോൾ മീര നന്നായെന്ന് ചിരിച്ചു. വണ്ടി നിർത്തിയതും സാധനങ്ങൾ എല്ലാം എടുക്കാൻ സുധിയും വിനോദും ഒന്നിച്ച് ഉണ്ടായിരുന്നു. മീരയുടെ കൈകളിലേക്ക് വിനോദ് താക്കോൽ കൊടുത്തു. ഒന്ന് പ്രാർത്ഥിച്ചതിനു ശേഷം അവൾ താക്കോൽ വാങ്ങി. സാധനങ്ങൾ എല്ലാം അവരെടുക്കാൻ തുടങ്ങി.
“തുറന്നു അകത്ത് ഇരിക്ക്. താൻ വീട് കണ്ടിട്ട് ഇല്ലല്ലോ. അപ്പോഴത്തെ ധൃതിയിലെ തന്നെ ഒന്ന് കൊണ്ടുവന്ന് കാണിക്കുന്ന കാര്യം ഞാനും മറന്നു. ഈ സാധനങ്ങളൊക്കെ ഞങ്ങൾ അറേഞ്ച് ചെയ്യട്ടെ.
സുധി പറഞ്ഞു
മീര അപ്പോഴേക്കും വീട് തുറന്നു അകത്തേക്ക് കയറി. സുധി പറഞ്ഞപ്പോൾ അവൾ ഈശ്വരന്മാരെ മനസ്സിൽ വിചാരിച്ച് താക്കോലിട്ട് വീട് തുറന്നു. ശേഷം വലതുകാൽ വച്ച് തന്നെ അവൾ അകത്തേക്ക് കയറി. വിനോദ് പറഞ്ഞതുപോലെ ഇനി ഇവിടെ നിന്ന് വേണം ഒന്ന് എന്ന് തുടങ്ങാൻ. പൂജ്യത്തിൽ നിന്നുമുള്ള ഒരു യാത്രയാണ് ഇനി ആരംഭിക്കുന്നത്. പുതിയൊരു തുടക്കത്തിന് ഈ വീടും ഒരു കാരണമാവണം. അകത്തേക്ക് കയറിയപ്പോൾ പറഞ്ഞതുപോലെ തന്നെ പഴമയെ വിളിച്ചു ഓതുന്ന കാഴ്ചകൾ ആയിരുന്നു അവിടെ അവളെ കാത്തിരുന്നത്. എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. ഭിത്തി അലമാരിയും റെഡോക്സൈഡ് പാകിയ തറയും ഒക്കെ അവൾക്ക് നല്ല വളരെ ഇഷ്ടമായി. അടുക്കളയിലേക്ക് കയറിയപ്പോഴും കാണാമായിരുന്നു ഒരുപാട് പഴമയുടെ അവശേഷിപ്പുകൾ. അടുക്കള വാതിൽ തുറക്കുന്നത് ഒരു ചെറിയ ഇളംതിണ്ണയിലേക്കാണ്. അവിടെ അരകല്ലും ആട്ടുകല്ലും ഇട്ടിട്ടുണ്ട്.
അവിടെ നിന്നും പുറത്തേക്ക് നോക്കുമ്പോൾ ഒരു പുഴയാണ് കാണാൻ സാധിക്കുന്നത്. പുഴ ഒഴുകുന്ന ഇരമ്പൽ വളരെ വ്യക്തമായി തന്നെ കേൾക്കാം. അവിടെ കുറെ നേരം അവൾ നിന്നിരുന്നു. ശേഷം പോയത് ബെഡ്റൂമിലേക്ക് ആണ്. അവിടെ അടുത്തകാലത്ത് എങ്ങോ ഉണ്ടാക്കിയതുപോലെ ഒരു ബാത്റൂം കാണാൻ സാധിച്ചിരുന്നു. ആ ബാത്റൂം നവീകരിച്ച ഒന്നാണെന്ന് അവൾക്ക് പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിച്ചു. കാരണം ഷവർ അടക്കമുള്ള കാര്യങ്ങൾ അവിടെയുണ്ടായിരുന്നു. ഒരു പക്ഷേ അമ്മച്ചിക്ക് വേണ്ടി മക്കൾ ഉണ്ടാക്കിയതാവാം. കുറച്ചുകൂടി മാറി ഹോളിലേക്ക് ഇറങ്ങിയപ്പോൾ അവിടെ ഈശോയുടെ ഒരു ക്രൂശിതരൂപവും. അതിനു മുൻപിൽ ഒരു വറ്റി തുടങ്ങിയ തിരിയും കാണാൻ സാധിച്ചിരുന്നു. ആരോ മെഴുകുതിരി കൃത്യമായി കത്തിച്ചു കൊണ്ടിരുന്നതാണ്. അമ്മച്ചി ആയിരിക്കാം. അവരുടെ മരണശേഷം അതിന് മുടക്കം വന്നിരിക്കുന്നു. അത് കാണെ അവൾക്ക് വല്ലാത്തൊരു വേദന തോന്നി. അവൾ പെട്ടെന്ന് അവിടെ ഇരുന്ന തീപ്പെട്ടി ഒന്ന് കത്തിച്ചു. ഈശോയോട് രൂപത്തിന് ഒരു പ്രത്യേക തെളിച്ചം വന്നതുപോലെ. മെഴുകുതിരി നാളത്തിനു മുൻപിൽ കൈകൾ കൂപ്പി അവൾ കുറച്ചുനേരം കണ്ണടച്ചു നിന്നു. ഇനി ഈ വെളിച്ചം തന്റെ ജീവിതത്തിൽ കൂടി വരേണ്ടതാണ്. തന്റെ ഹാൻഡ് ബാഗ് തുറന്നു അവൾ കൃഷ്ണന്റെ ഒരു മനോഹരമായ രൂപം എടുത്ത് അവിടെവച്ചു. ഒപ്പം ചെറിയൊരു വിളക്കും. അവിടെത്തന്നെ തിരി കത്തിക്കാമെന്ന് അവൾ ഓർത്തു. മരണപ്പെട്ടുവെങ്കിലും അമ്മച്ചിയുടെ ആത്മാവ് ഉണ്ടാകും. ദിവസവും തിരി കത്തിക്കണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടാവും. രണ്ട് തിരികളും ഒരുമിച്ച് കത്തിക്കാം എന്ന് കരുതി. മെഴുകുതിരിക്കൊപ്പം കൃഷ്ണന്റെ മുൻപിൽ ഇരുന്ന കുഞ്ഞു നിലവിളക്ക് കൂടി അവള് കത്തിച്ചു.
വെളിച്ചം അവിടെ പടരുകയായിരുന്നു തന്റെ ജീവിതത്തിന്റെ വെളിച്ചമാണ് അതെന്ന് അവൾ ചിന്തിച്ചു…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…