Gulf

ഖത്തര്‍ ഫോട്ടോഗ്രഫി മത്സരം വിജയിയെ കാത്തിരിക്കുന്നത് 69 ലക്ഷം

ദോഹ: ഖത്തര്‍ ഫോട്ടോഗ്രഫി മത്സരത്തില്‍ വിജയിയാവുന്ന മുതിര്‍ന്ന വ്യക്തിയെ കാത്തിരിക്കുന്നത് മൂന്നു ലക്ഷം റിയാല്‍(69 ലക്ഷം രൂപയോളം). ഖത്തറിലെ ഫോട്ടോഗ്രാഫര്‍മാരുടെ പ്രതിഭയെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം മത്സരം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം അവസാനിച്ച ദോഹ ഫോട്ടോഗ്രഫി ഫെസ്റ്റിവലിലാണ് മന്ത്രാലയം പ്രഥമ അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.

18 വയസിന് താഴെ പ്രായമുള്ളവര്‍ക്കും അതിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്നവര്‍ക്കുമായി രണ്ട് മത്സരങ്ങളാണ് ഒരുക്കുന്നത്. 23 ലക്ഷം റിയാല്‍(അഞ്ചരക്കോടിയോളം ഇന്ത്യന്‍ രൂപ)വരെയാണ് മത്സരത്തില്‍ മൊത്തം സമ്മാനമായി വിജയികള്‍ക്ക് ലഭിക്കുക. 18 വയസിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ ഒന്നാമതായി എത്തുന്നയാള്‍ക്ക് 30,000 റിയാലാവും ലഭിക്കുക. രണ്ടാം സ്ഥാനക്കാരന് 20,000, മൂന്നാം സ്ഥാനക്കാരന് 10,000 എന്നിങ്ങനെയാണ് പുരസ്‌കാരത്തുക. ഈ വിഭാഗത്തില്‍ ഇഷ്ടമുള്ള പ്രമേയത്തില്‍ ഫോട്ടോ അയക്കാം.

മുതിര്‍ന്നവരുടെ മത്സരത്തിന് ഖത്തര്‍ എന്നതാണ് വിഷയം. ഖത്തറിന്റെ സൗന്ദര്യം പകര്‍ത്തുന്നതാണ് മാറ്റുരക്കുക. ഈ വിഭാഗത്തില്‍ ഒന്നാമന് മൂന്നു ലക്ഷം റിയാല്‍ സമ്മാനമായി ലഭിക്കുമ്പോള്‍ രണ്ടാം സ്ഥാനം ലഭിക്കുന്ന ആള്‍ക്ക് രണ്ടു ലക്ഷം റിയാലും മൂന്നാം സ്ഥാനത്ത് എത്തുന്നയാള്‍ക്ക് ഒരു ലക്ഷം റിയാലുമാണ് സമ്മാനത്തുക. ഇതോടൊപ്പം സ്‌പെഷല്‍ കാറ്റഗറിയില്‍ വേറെയും പുരസ്‌കാരങ്ങള്‍ മത്സരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button