Novel

മംഗല്യ താലി: ഭാഗം 31

രചന: കാശിനാഥൻ

ഹരി വരുന്നതു കണ്ടതും ഭദ്ര അവനെ ഉറ്റുനോക്കി നിൽക്കുകയാണ്.

അവൻ വന്നിട്ട് അവളുടെ കൈത്തണ്ടയിൽ പിടിച്ചു.

ഭദ്ര… നിന്നെ ഈ വീട്ടിൽ ആരും അംഗീകരിക്കാത്തടത്തോളം എനിക്കും വേണ്ട ഈ വീടും കുടുംബവും.. അതുകൊണ്ട് നമ്മൾ രണ്ടാളും ഈ വീട് വിട്ട് ഇറങ്ങുകയാണ്, ഇനിമുതൽ ഹരി എവിടെയാണോ ഉള്ളത് അവിടെയാണ് നീയും. മംഗലത്ത് വീട്ടിലെ പണവും പ്രതാപവും ഒന്നും നമുക്ക് വേണ്ട, അല്പം സ്വസ്ഥതയും സമാധാനവും മാത്രം മതി, തുടർന്നങ്ങോട്ട് ജീവിക്കുവാനുള്ള ആസ്ത്തി ഒക്കെ അത്യാവശ്യം എനിക്കുണ്ട്, , ഞാൻ നോക്കി നടത്തുന്ന രണ്ട് കമ്പനികളിൽ നിന്നും അത്യാവശ്യം ജീവിച്ചു പോകുവാനുള്ള സാമ്പത്തിക സ്ഥിതി ഒക്കെ കിട്ടും, അതുമതി നമുക്ക് രണ്ടാൾക്കും, അതുകൊണ്ട് എത്രയും പെട്ടെന്ന് ഇവിടുന്ന് ഇറങ്ങണം, താൻ വരൂ…

ഹരി പറയുന്നത് കേട്ട് എല്ലാവരും അന്തിച്ചു നിൽക്കുകയാണ്. അനിരുദ്ധൻ മഹാലക്ഷ്മിയെ നോക്കിയപ്പോൾ ആ മുഖത്ത് വെറും പുച്ഛഭാവം ആയിരുന്നു..

ഹരി നീ ഇത് എന്തൊക്കെയാണ് ഈ പറയുന്നത്, വീട് വിട്ടു പോകുവാണേന്നോ… അതൊന്നും ശരിയാവില്ല, അമ്മയ്ക്ക് എന്തോ അഭിപ്രായവ്യത്യാസം ഉണ്ടെന്നു കരുതി, ഇങ്ങനെയൊക്കെയാണോ നീ ചിന്തിക്കുന്നത്.

അനിരുദ്ധൻ വന്ന് ഹരിയുടെ തോളിൽ പിടിച്ചു.

അങ്ങനെ നിസ്സാരമട്ടിലുള്ള അഭിപ്രായവ്യത്യാസം ഒന്നുമല്ല അനിയേട്ടാ,ഏകദേശം കാര്യങ്ങളുടെ കിടപ്പൊക്കെ ഏട്ടനും വ്യക്തമായതല്ലേ, അമ്മയ്ക്ക് ആകെ ഒരു ഡിമാൻഡ് മാത്രമേയുള്ളൂ, ഞാൻ ഭദ്രയെ ഉപേക്ഷിച്ച്, മൃദുലയെ വിവാഹം കഴിക്കണം, എന്നിട്ട് അമ്മാവന്റെ സ്വത്തും കൂടി എന്റെ പേർക്ക് ആക്കണം,അതിനുവേണ്ടിയുള്ള ഓരോ നാടകങ്ങൾ അല്ലേ ഈ കാണിച്ചുകൂട്ടിയതൊക്കെ, അതിന്റെ ഇടയ്ക്ക് ഒരു ജാതക ദോഷം കൂടി കടന്നു വന്നിരിക്കുന്നു, എന്നിട്ട് ഈ പാവത്തിനെ ബലിയാടാക്കി, അമ്മയുടെ വ്യാമോഹങ്ങൾ ഒന്നും ഒരിക്കലും പൂവണിയാൻ പോകുന്നില്ല, അതും ഈ ഹരി ജീവിച്ചിരിക്കുമ്പോൾ..

അവൻ മഹാലക്ഷ്മിയെ വെല്ലുവിളിക്കും പോലെ പറയുകയാണ്.

മഹാലക്ഷ്മി അവനെ നോക്കി ഒന്ന് പൊട്ടിച്ചിരിച്ചു,,,, നീ ഇവളെ ഉപേക്ഷിക്കും, കറിവേപ്പില പോലെ എടുത്ത് കളഞ്ഞിട്ട്, നീ തിരിച്ചു വരുമോനെ ഇവിടെ ഈ മഹാലക്ഷ്മിയുടെ കാൽകീഴിൽ… അതിനുള്ള വഴിയൊക്കെ ഈ അമ്മയ്ക്ക് വ്യക്തമായിട്ട് അറിയാം,,,,,, പണ്ടാരോ പറഞ്ഞതുപോലെ, നിന്നെക്കാൾ പത്തിരുത്തിയഞ്ച് ഓണം കൂടുതൽ ഉണ്ടാവളാടാ ഈ മഹാലക്ഷ്മി, അതുകൊണ്ട് എന്റെ അടുത്ത് നിന്റെ കളിയൊന്നും വേണ്ട…

അവരും വിട്ടുകൊടുക്കുവാനുള്ള ഭാവത്തിൽ അല്ലായിരുന്നു.

ഹ്മ്മ്…… കേട്ടില്ലേ അനിയേട്ടാ അമ്മയുടെ അഹങ്കാരത്തോടെയുള്ള വർത്താനം. ഇത്രയൊക്കെ കാട്ടിക്കൂട്ടിയിട്ടും അമ്മയുടെ അഹമ്മതിയ്ക്ക് എന്തെങ്കിലും കുറവുണ്ടോ….. ഇപ്പോഴും പറയുന്നത് കേട്ടില്ലേ ഭദ്രയെ കറിവേപ്പില പോലെ എടുത്തു കളയൂന്നു…

ഹരിയെ ക്ഷോഭം കൊണ്ട് വിറച്ചു..

അതെടാ….. നിന്റെ അമ്മയ്ക്ക് അഹങ്കാരവും അഹമതിയും ധിക്കാരവും ഒക്കെയുണ്ട്, അതിന് നിനക്കെന്താടാ, ഈ മംഗലത്ത് വീട്ടിലെ മഹാലക്ഷ്മിയുടെ മുന്നിൽനിന്ന് ഇങ്ങനെയൊക്കെ പറയുവാൻ നിനക്ക് നാണമില്ലേടാ…. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും മാറ്റം വരുമോ എന്നുള്ളത് ഒരാഴ്ചയ്ക്കുള്ളിൽ നമുക്കറിയാം, എന്തായാലും നീ ഇവിടെ വിളിച്ചുകൊണ്ട് പോകുവാൻ അല്ലേ ഇപ്പോൾ ഇറങ്ങിത്തിരിച്ചത് അതങ്ങനെ തന്നെ നടക്കട്ടെ, ഒരു വഴിക്ക് പോകാൻ ഇറങ്ങിയെങ്കിൽ, പോകുന്നത് തന്നെയാണ് നല്ലത്.അതുകൊണ്ട് ഇപ്പോ രാഹുകാലം കഴിഞ്ഞ നേരമാണ്, രണ്ടാളും കൂടി ഐശ്വര്യമായിട്ട് അങ്ങ് ഇറങ്ങിക്കോളുക.. എനിക്ക് ദൈവം കൊണ്ടുവന്ന് തന്ന നല്ലയൊരു മരുമകളുണ്ട്, ഈ കുടുംബത്തിന്റെ നിലയ്ക്കും വിലയ്ക്കും ഒക്കെ ചേർന്നവൾ.. റിസപ്ഷനുവേണ്ടി അണിഞ്ഞോരുങ്ങി സുന്ദരിയായി വന്നു നിൽക്കുന്ന ഐശ്വര്യയുടെ അടുത്തേക്ക് ചേർന്നുനിന്നുകൊണ്ട് മഹാലക്ഷ്മി പറഞ്ഞു.

നിങ്ങൾ രണ്ടാളും ഇങ്ങനെ തുടങ്ങിയാൽ എന്താ ചെയ്യുക, ഹരി ഞാൻ പറയുന്നത് ഒന്ന് കേൾക്ക്, ഭദ്രയെയും വിളിച്ചുകൊണ്ട് അകത്തേക്ക് പോടാ.,,, അമ്മ ഇങ്ങോട്ട് വന്നേ അമ്മയോട് എനിക്ക് ഇത്തിരി സംസാരിക്കാൻ ഉണ്ട്.

അനിരുദ്ധൻ മഹാലക്ഷ്മിയുടെ അടുത്തേക്ക് വന്നു.

എനിക്ക് ആരോടും ഇനി ഒന്നും സംസാരിക്കാൻ ഇല്ല, അനിക്കുട്ടാ സമയം പോകുന്നു, നമുക്ക് കൺവെൻഷൻ സെന്ററിലേക്ക് പോകണ്ടേ, ആളുകളൊക്കെ എത്തിത്തുടങ്ങുമ്പോൾ, നമ്മളാരും ഇല്ലെങ്കിൽ നാണക്കേടാണ്. എന്റെ 2 ലക്ഷം രൂപയുടെ സാരിയും,അതിനോട് മാച്ച് ചെയ്യുന്ന ഓർണമെൻസും ആണ് ഇവൻ കത്തിച്ചു കളഞ്ഞത്, അതും എന്നെ തോൽപ്പിക്കാനായി, പക്ഷേ ഈ വിവരം കെട്ടവന് അറിയില്ലല്ലോ, ഇതുപോലെത്തെ ഒരായിരം സാരികൾ വാങ്ങുവാൻ, ആസ്തിയുള്ളവളാണ് ഈ മഹാലക്ഷ്മിയെന്ന്.

ഹരിയെ നോക്കി അവർ ദേഷ്യപ്പെട്ടു.

അനിരുദ്ധൻ ആണെങ്കിൽ ഹരിയോട് ഒരുപാട് പറഞ്ഞു നോക്കി വീടുവിട്ട് ഇറങ്ങി പോകരുതെന്ന്.പക്ഷെ അവൻ കേട്ടില്ല.

ഇല്ല അനിയേട്ട, ഏട്ടന് ഇന്നോളം ധിക്കരിച്ചിട്ടുള്ളവനല്ല ഈ ഹരി, പക്ഷേ ഇനി വീട്ടിൽ തുടരുന്നത് ശരിയല്ല, അതും രാക്ഷസീരൂപം പൂണ്ട എന്റെ അമ്മയോടൊപ്പം, ഈ പാവം പെൺകുട്ടിയുടെ രക്തം ഊറ്റി കുടിക്കുവാൻ വേണ്ടി നിൽക്കുകയാണ് ഇവർ. ഇവളെ ഇപ്പോൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം എനിക്കുള്ളതാണ്. അതുകൊണ്ട് ഞാൻ പോകുകയാണ്,,,,

ഭദ്രയുടെ കയ്യും പിടിച്ച് അവൻ ഉമ്മറത്തേക്ക് ഇറങ്ങി.

ഹരി ഒരു മിനിറ്റ്.. ഒരു കാര്യം മറന്നല്ലോ.
അവർ മകന്റെ അടുത്തേക്ക് വന്നു.
ദേ ഇവളുടെ ഈ കൈയിലും കഴുത്തിലും ഒക്കെ കിടക്കുന്ന ആഭരണങ്ങളെ ഞാൻ വാങ്ങിക്കൊടുത്തതായിരുന്നു, അത് ഇങ്ങോട്ട് ഊരി വെച്ചിട്ട് പൊയ്ക്കോളൂ…

അവർ നോക്കി പറഞ്ഞപ്പോൾ അവൾ പെട്ടെന്ന് തന്നെ തന്റെ വളകളും മാലയും ഒക്കെ ഊരിയെടുത്തു കഴിഞ്ഞിരുന്നു.

ദേ ആ കമ്മലും കൂടി,അതും ഞാൻ വാങ്ങി കൊടുത്തതാണന്നാണ് എന്റെ ഓർമ്മ,…

അങ്ങനെ മഹാലക്ഷ്മി കൊടുത്തിരുന്ന മുഴുവൻ സ്വർണവും ഭദ്ര അഴിച്ചു മാറ്റിവെച്ചു

നേരത്തെ ഇവൾ എന്നോട് പറഞ്ഞതായിരുന്നു ഇവൾക്ക് ഇതൊന്നും വേണ്ടെന്ന്,ഊരി തവണ തന്നതുമാ.. അതങ്ങ് കേട്ടാൽ മതിയായിരുന്നു. ചെ
….. ഇടയ്ക്കൊക്കെ എന്റെ നാവിലും ഗുളികൻ വരുമെന്നേ.. അപ്പോഴോ മറ്റോ പറഞ്ഞതാണ് ഇവളോട് ഇത് ഇട്ടോളാൻ,,,,, ആഹ് സാരമില്ല, എന്തായാലും ഇവൻ കത്തിച്ചു കളഞ്ഞ വസ്തുവകകൾ ഈടാക്കുവാനുള്ളത് എനിക്ക് കിട്ടി, തൽക്കാലം അത് മതി.

ഭദ്ര അഴിച്ചു വച്ചിരുന്ന ആഭരണങ്ങളൊക്കെ തന്റെ ഉള്ളം കയ്യിലേക്ക് ഒന്ന് പൊക്കി ഇട്ടുകൊണ്ട് അതിന്റെ തൂക്കം നോക്കിക്കൊണ്ട് പറയുകയാണ് അവർ..

ഹരി എന്തോ പറയുവാൻ തുടങ്ങിയതും ഭദ്ര അവനെ ദയനീയമായി നോക്കി.

പിന്നീട് ഒരു വാക്കുപോലു ഉരിയാടാതെ അവൻ നേരെ ചെന്നിട്ട് തന്റെ വണ്ടി എടുത്തു.

അയ്യോ… ഹരി പോകാൻ വരട്ടെ, ഒരു മിനിറ്റ്…. ഒരു കാര്യം കൂടി മറന്നു….

ഈ കാറ് നിന്റെ ലാസ്റ്റ് ബർത്ത്ഡേക്ക് ഞാൻ വാങ്ങി തന്നതല്ലേ,ഇതിന്റെ കീയ് ഇങ്ങു തന്നേക്കു മോനെ…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുക.ൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button