കർണാടക നിയമസഭയിൽ ആർഎസ്എസ് ഗാനം ആലപിച്ച് ഡികെ ശിവകുമാർ; കയ്യടിച്ച് ബിജെപി എംഎൽഎമാർ

കർണാടക നിയമസഭയിൽ ആർഎസ്എസ് ഗാനം ആലപിച്ച് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ നിയമസഭയിൽ നടന്ന ചർച്ചക്കിടെയാണ് സംഭവം. നമസ്‌തേ സദാ വത്സലേ മാതൃഭൂമി എന്ന് തുടങ്ങുന്ന ഗാനമാണ് ശിവകുമാർ ആലപിച്ചത്
ദുരന്തത്തിൽ ശിവകുമാറും കാരണക്കാരനാണെന്നും ആർസിബി ടീമിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ശിവകുമാറും പോയെന്നും യാത്രയിലൂടനീളമുണ്ടായിരുന്നുവെന്നും ബിജെപി അംഗങ്ങൾ ആരോപിച്ചിരുന്നു. ശിവകുമാർ ഒരിക്കൽ ആർഎസ്എസ് വേഷം ധരിച്ചെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിന് മറുപടിയായാണ് ആർഎസ്എസ് ഗാനം ആലപിച്ചത്
ശിവകുമാർ പാട്ട് പാടുമ്പോൾ ബിജെപി എംഎൽഎമാർ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ശിവകുമാർ രംഗത്തുവന്നു. താൻ നടത്തിയത് ഒളിഞ്ഞും തെളിഞ്ഞും ആർക്കെതിരെയുമുള്ള സന്ദേശമല്ലെന്നും ജന്മനാ കോൺഗ്രസുകാരനാണെന്നും ശിവകുമാർ പറഞ്ഞു. എന്നാൽ എല്ലാ പാർട്ടികളെ കുറിച്ചും ഗവേഷണം നടത്തിയതായും ശിവകുമാർ വ്യക്തമാക്കി