സന്ദീപ് വാര്യരുടെ സിപിഎം പ്രവേശനം പാർട്ടി പരിശോധിച്ച് തള്ളിക്കളഞ്ഞതാണെന്ന് എഎ റഹീം
സന്ദീപ് വാര്യരുടെ സിപിഎം പ്രവേശനം പാർട്ടി പരിശോധിച്ച് തള്ളിയതെന്ന് എ എ റഹീം എം പി. പാർട്ടി തലത്തിൽ പരിശോധനകൾ നടന്നുവെന്ന് എ എ റഹീം എം പി പറഞ്ഞു. ഇത്രയധികം വിദ്വേഷ പ്രസംഗങ്ങൾ നടത്തിയത് കൊണ്ടാകാം പരിശോധന നടന്നത്. വിഷയത്തിൽ ആധികാരികമായി പറയേണ്ടത് നേതൃത്വമാണെന്നും റഹീം പറഞ്ഞു.
അതേസമയം ഗാന്ധിജിയെ ചെറുതായൊന്ന് വെടിവെച്ച് കൊന്നിട്ടല്ലേ ഉള്ളൂ എന്ന് പറഞ്ഞ സന്ദീപ് വാര്യരെയാണ് കോൺഗ്രസ് പാർട്ടി മാലയിട്ട് സ്വീകരിച്ചത് എന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പരിഹസിച്ചു. കാശ്മീരിന്റെ പ്രത്യക പദവി എടുത്ത് കളഞ്ഞ വേളയിൽ പ്രക്ഷോഭം നടത്തുന്ന മനുഷ്യരുടെ കഴുത്തിൽ ടയറിട്ട് കത്തിച്ച് ചുട്ടു കൊല്ലണമെന്ന് ഫെയ്സ് ബുക്കിൽ എഴുതിയയാൾക്ക് ഒടുവിൽ പറ്റിയ തട്ടകം തന്നെയാണ് ഇപ്പോഴത്തെ സതീശ സുധാകര ഷാഫി കോൺഗ്രസ് എന്നും സനോജ് പ്രതികരിച്ചു.
കേരള ബിജെപിയുടെ കച്ചവട കുഴൽപണ രാഷ്ട്രീയത്തിനിടയിൽ ഹിന്ദുത്വ രാഷ്ട്രീയം വേണ്ടത്ര വേഗതയിൽ നടക്കാത്തത് കൊണ്ട് അതിനേക്കാൾ നല്ലത് ഇന്നത്തെ കോൺഗ്രസാണ് എന്ന് സന്ദീപ് വാര്യർ മനസിലാക്കിയിരിക്കുന്നു. ഇന്നലെ വരെ ഒന്നിച്ച് പ്രവർത്തിച്ച ഡോക്ടർ സരിന് കല്യാണ വീട്ടിൽ വച്ച് മുഖാമുഖം കണ്ടപ്പോ കൈ കൊടുക്കാത്ത ഷാഫി മാങ്കൂട്ടങ്ങൾആർ എസ് എസിനെ തള്ളിപ്പറയാത്ത സന്ദീപ് വാര്യരെ കെട്ടി പുണരുന്നുവെന്നും വി കെ സനോജ് പറഞ്ഞു.