ദുബൈ: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സ്വര്‍ണ വിപണിയിലുണ്ടായ വിലക്കുറവ് വീണ്ടും ശക്തമാകുന്നു. വിപണിയില്‍ സ്വര്‍ണ വില കുറയുന്ന ട്രന്റ് തുടരുകയാണ്. എന്നാല്‍, ഇന്ത്യയേക്കാള്‍ യു എ ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളാണ് ഈ വിലക്കുറവ് പരമാവധി മുതലാക്കുന്നത്. ഇവിടെ ഇന്ത്യന്‍ മാര്‍ക്കറ്റിനേക്കാളും സ്വര്‍ണത്തിന് വില കുറവാണ്.
ഒരു ഗ്രാം സ്വര്‍ണത്തിന് 287.50 ദിര്‍ഹം എന്ന നിലയിലാണ് യു എ ഇയില്‍ വെള്ളിയാഴ്ച സ്വര്‍ണ വ്യാപാരം നടന്നത്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുകയാണെങ്കില്‍ ഗ്രാമിന് 6609.94 ഉം പവന് 52879 രൂപ. കേരളത്തിലെ ഇന്നത്തെ വിലയായ 55560 ലേതിനേക്കാള്‍ 2679 രൂപ കുറവാണ് യു എ ഇയില്‍ ഒരു പവന് ഈടാക്കുന്നത്. ഇറക്കുമതി നികുതി അടക്കമുള്ള ഘടകങ്ങളാണ് യു എ ഇയേക്കാള്‍ ഇന്ത്യയിലെ വില ഉയര്‍ന്ന് നില്‍ക്കാനുള്ള പ്രധാന കാരണം.
അതേസമയം, ഈയൊരു വിലക്കുറവ് യു എ ഇയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതി കൂട്ടിയേക്കും. അനധികൃതമായി സ്വര്‍ണം കടത്തുന്ന സംഘവും ഈ വിലക്കുറവ് പരമാവധി മുതലെടുക്കാനിരിക്കുകയാണ്. ഇത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് തലവേദനയുണ്ടാക്കും. കണ്ണൂര്‍, കരിപ്പൂര്‍, കൊച്ചി വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.