ചാമ്പ്യന്‍സ് ട്രോഫിയിലെ ഹൈബ്രിഡ് മോഡല്‍; മാറ്റങ്ങള്‍ എന്തൊക്കെ: പാകിസ്ഥാന്റെ മനംമാറ്റത്തിന് പിന്നിലെന്ത്
ഐസിസി ചാമ്പ്യന്‍സ്ട്രോഫിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ക്ക് ഏറെക്കുറെ വിരാമമായി. പാകിസ്ഥാനിലാണ് ഇത്തവണ ടൂര്‍ണമെന്റ് നടക്കേണ്ടത്. എന്നാല്‍ ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്നായിരുന്നു ബിസിസിഐയുടെ നിലപാട്. ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ ടീമിനെ അയക്കില്ലെന്ന് ബിസിസിഐ ആഴ്ചകൾക്ക് മുമ്പ് ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിരുന്നു. തുടര്‍ന്ന് ഹൈബ്രിഡ് മോഡലിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി.
ആദ്യം എതിര്‍പ്പ്, പിന്നെ മനംമാറ്റം
എന്നാല്‍ ഹൈബ്രിഡ് മോഡലിനെ ആദ്യം മുതല്‍ തന്നെ എതിര്‍ക്കുന്ന സമീപനമായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡിന്റേത് (പിസിബി). ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറില്‍ നടത്താമെന്നായിരുന്നു പിസിബി മുന്നോട്ട് വച്ച ഓപ്ഷന്. ഒടുവില്‍ ഐസിസിയുടെ നേതൃത്വത്തില്‍ നടന്ന ആദ്യഘട്ട ചര്‍ച്ചയും വഴിമുട്ടി. ഏതാണ്ട് 20 മിനിറ്റോളം മാത്രം നീണ്ടുനിന്ന ചര്‍ച്ചയില്‍ ബിസിസിഐയുടെ ‘ഹൈബ്രിഡ് മോഡല്‍’ എന്ന ആശയം മിക്ക ക്രിക്കറ്റ് അസോസിയേഷനുകളും പിന്തുണയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു പിസിബി.
ടൂര്‍ണമെന്റിന്റെ ആതിഥേയത്വ അവകാശം പാകിസ്ഥാന് നഷ്ടപ്പെടുന്ന സാഹചര്യങ്ങളിലേക്ക് വരെ കാര്യങ്ങളെത്തി. തുടര്‍ന്നാണ് ഹൈബ്രിഡ് മോഡലിനെ ഒടുവില്‍ പിസിബിയും പിന്തുണച്ചത്. ഒന്നുകില്‍ ഹൈബ്രിഡ് മോഡല്‍ പിന്തുണയ്ക്കുക, അല്ലെങ്കില്‍ ആതിഥേയത്വത്തില്‍ നിന്ന് പിന്മാറുക എന്നീ രണ്ട് ഓപ്ഷനുകളാണ് പിസിബിക്ക് മുന്നിലുണ്ടായിരുന്നത്.
എന്നാല്‍ ആതിഥേയത്വത്തില്‍ നിന്ന് പിന്മാറിയാല് വന്‍ സാമ്പത്തിക നഷ്ടമടക്കം നേരിടേണ്ടി വരും. ഈ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയാണ് പിസിബിയുടെ മനം മാറ്റം. എന്നാല്‍ ചില ഉപാധികള്‍ മുന്നോട്ടുവച്ചാണ് പിസിബി ഹൈബ്രിഡ് മോഡല്‍ അംഗീകരിച്ചത്.
ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍
ഹൈബ്രിഡ് മോഡല്‍ പ്രകാരം ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലും, മറ്റ് മത്സരങ്ങള്‍ പാകിസ്ഥാനിലും നടക്കും. കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പ് ക്രിക്കറ്റിലും ഹൈബ്രിഡ് മോഡല്‍ ഉപയോഗിച്ചിരുന്നു. മൂന്ന് ലീഗ് മത്സരങ്ങളും ഒരു സൂപ്പർ ഫോർ മത്സരവും പാകിസ്ഥാനിൽ നടന്നപ്പോൾ ബാക്കിയുള്ള മത്സരങ്ങൾ ശ്രീലങ്കയിലാണ് നടന്നത്. പാകിസ്ഥാനില്‍ നിലവില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ കൂടി കണക്കിലെടുത്താണ് ചാമ്പ്യന്‍സ് ട്രോഫിക്ക് ഹൈബ്രിഡ് മോഡലിന് ഐസിസിയും താല്പര്യം പ്രകടിപ്പിച്ചത്.
“എനിക്ക് അധികം അഭിപ്രായം പറയാൻ താൽപ്പര്യമില്ല. കാരണം അത് കാര്യങ്ങൾ നശിപ്പിക്കും. ഞങ്ങൾ ഞങ്ങളുടെ കാഴ്ചപ്പാട് ഐസിസിയെ അറിയിച്ചു. ഇന്ത്യ അവരുടെ നിലപാടും അറിയിച്ചു.എല്ലാവരുടെയും വിജയം ഉറപ്പാക്കാനാണ് ശ്രമം. ക്രിക്കറ്റ് വിജയിക്കണം. അതാണ് ഏറ്റവും പ്രധാനം. ക്രിക്കറ്റിന് ഏറ്റവും മികച്ചത് ഞങ്ങൾ ചെയ്യാൻ പോകുന്നു”-പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി ദുബായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത് ഇപ്രകാരമായിരുന്നു.
പാകിസ്ഥാന്റെ ഉപാധി
2031 വരെ ഇന്ത്യയിൽ നടക്കുന്ന എല്ലാ ഐസിസി ടൂർണമെൻ്റുകൾക്കും ഹൈബ്രിഡ് മോഡൽ നടപ്പാക്കണമെന്നാണ് പിസിബിയുടെ ഒരു ആവശ്യം. 2031 വരെ ഇന്ത്യയില്‍ നടക്കുന്ന ഒരു മത്സരങ്ങള്‍ക്കും പാക് ടീമിനെ അയക്കില്ലെന്നും, പകരം വേദി ഏര്‍പ്പെടുത്തണമെന്നും പിസിബി ഐസിസിയെ അറിയിച്ചു. ഈ തീരുമാനം അംഗീകരിക്കപ്പെട്ടാല്‍ 2025ലെ വനിതാ ലോകകപ്പ്, 2026ലെ ടി20 ലോകകപ്പ്, 2029ലെ ചാമ്പ്യന്‍സ് ട്രോഫി, 2031ലെ ലോകകപ്പ് എന്നിവയ്ക്കായി പാക് ടീം ഇന്ത്യയിലേക്ക് എത്തില്ല.
നഷ്ടപരിഹാരമായി ഐസിസി വരുമാനത്തിൻ്റെ വലിയൊരു പങ്ക് പിസിബിയും ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യ സെമി ഫൈനലിന് മുമ്പ് പുറത്തായാല്‍, തുടര്‍ന്നുള്ള മത്സരങ്ങള്‍ പാകിസ്ഥാനില്‍ നടത്തണമെന്നും പിസിബി ആവശ്യപ്പെട്ടെന്നാണ് സൂചന.
ഷെഡ്യൂള്‍, അന്തിമ തീരുമാനം
തിങ്കളാഴ്ച ഐസിസി നിര്‍ണായക യോഗം ചേരും. ഈ യോഗത്തില്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്ക് ഒരു സ്ഥിരീകരണമുണ്ടാകും. മാത്രമല്ല, നവംബര്‍ 11ന് നടത്തേണ്ടിയിരുന്ന ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍ പ്രഖ്യാപനവും ഐസിസിക്ക് എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇനിയും ഷെഡ്യൂള്‍ പ്രഖ്യാപനം നീണ്ടാല്‍ ബ്രോഡ്കാസ്റ്റര്മാരില് നിന്നടക്കം സമ്മര്‍ദ്ദമേറും.