പ്രകോപനം തുടര്‍ന്ന് ബംഗ്ലാദേശ്; 63 സന്യാസിമാരെ തടഞ്ഞുവെച്ചു; രൂക്ഷ വിമര്‍ശവുമായി ഇന്ത്യ
ലോകവ്യാപക പ്രക്ഷോഭം
അയല്‍രാജ്യമായ ഇന്ത്യയെ പ്രകോപിപ്പിക്കുന്ന നടപടിയുമായി വീണ്ടും ബംഗ്ലാദേശ്. ഇന്ത്യയിലേക്ക് യാത്ര തിരിച്ച 63 ഇസ്‌കോണ്‍ സന്യാസിമാരെ ബംഗ്ലാദേശ് അധികൃതര്‍ അതിര്‍ത്തിയില്‍ തടഞ്ഞുവെച്ചു. ബെനാപോള്‍ ബോര്‍ഡര്‍ ചെക്ക് പോയിന്റില്‍ വച്ചാണ് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ്(ഇസ്‌കോണ്‍) സന്യാസിമാരെ തടഞ്ഞത്. വിസയടക്കമുള്ള മതിയായ യാത്രാരേഖകള്‍ ഉണ്ടായിട്ടും ഇവരെ ഇന്ത്യയിലേക്ക് കടക്കാന്‍ അനുവദിച്ചില്ല.
ഇന്ത്യയില്‍ നടക്കുന്ന മതപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന സന്യാസിമാരെയാണ് അതിര്‍ത്തിയില്‍ നിന്ന് തിരിച്ചയച്ചത്.
ഇസ്‌കോണ്‍ മുന്‍ നേതാവ് ചിന്മയ് കൃഷ്ണ ദാസിനെ രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബര്‍ 25ന് ചാത്തോഗ്രാമില്‍ നടന്ന റാലിയില്‍ ബംഗ്ലാദേശ് ദേശീയ പതാകയ്ക്ക് മുകളില്‍ കാവി പതാക ഉയര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
അതിനിടെ, സന്യാസിമാര്‍ക്കെതിരെ ബംഗ്ലാദേശ് സ്വീകരിക്കുന്ന നിലപാടിനെ നയതന്ത്രപരമായും രാഷ്ട്രീയുമായും നേരിടാനാണ് ഇന്ത്യ തീരുമാനിച്ചത്. ബംഗ്ലാദേശ് നടപടി അങ്ങേയറ്റം വേദനാജനകമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.