ഐപിഎല്‍ താരങ്ങള്‍ കണ്ടുപഠിക്കണം ഈ ഗുജറാത്തുകാരനെ; വെടിക്കെട്ടിന്റെ അമിട്ട് പൊട്ടിച്ച് റെക്കോര്‍ഡ് സെഞ്ച്വറി
ഐ പി എല്ലില്‍ ആരും വാങ്ങാത്ത താരത്തിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം
ഐപിഎല്ലിനേക്കാളും മികച്ച ഇന്നിംഗ്സ് നടക്കുന്ന മുഷ്താഖ് അലി ടി20 ട്രോഫിയില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി. ഐപിഎല്ലില്‍ വിവിധ ടീമുകള്‍ ലക്ഷക്കണക്കിന് രൂപക്ക് സ്വന്തമാക്കിയ സഞ്ജു സാംസണടക്കമുള്ള താരങ്ങള്‍ ബാറ്റിംഗില്‍ പതറുമ്പോഴാണ് ഗുജറാത്തിന്റെ ഉര്‍വില്‍ പട്ടേലിന്റെ മിന്നും പ്രകടനം. വിക്കറ്റ് കീപ്പറായ ഉര്‍വില്‍ പാട്ടേല്‍ തുടര്‍ച്ചയായി രണ്ടാം റെക്കോര്‍ഡാണ് തന്റെ കരിയറിനൊപ്പം ചേര്‍ത്തത്.
ഐപിഎല്‍ ലേലത്തില്‍ ആര്‍ക്കും വേണ്ടാത്ത താരം
ത്രിപുരക്കെതിരെ 28 പന്തില്‍ നിന്ന് സെഞ്ച്വറി നേടിയ താരം ഇപ്പോഴിതാ 36 പന്തില്‍ മറ്റൊരു സെഞ്ച്വറി കൂടി നേടിയിരിക്കുന്നു. ഇതോടെ ഐ പി എല്‍ ടീം ഓണര്‍മാരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഈ യുവതാരം. ഇന്ന് നടന്ന ഗ്രൂപ്പ് മത്സരത്തില്‍ ഉത്തരാഖണ്ഡിനെതിരെയാണ് ഉര്‍വിലിന്റെ സെഞ്ച്വറി. ഉത്തരാഖണ്ഡിന്റെ 183 റണ്‍സ് വിജയലക്ഷ്യം 13.1 ഓവറില്‍ ഗുജറാത്ത് മറികടന്നതും ഉര്‍വിലിന്റെ ഞെട്ടിക്കുന്ന പ്രകടത്തിലാണ്. 41 പന്തില്‍ 115 റണ്‍സോടെ പുറത്താവാതെ നിന്ന ഉര്‍വില്‍ എട്ട് ഫോറും 11 സിക്സും അടിച്ചെടുത്തു.
ഈ പ്രകടനത്തോടെ ചരിത്ര റെക്കോഡ് സൃഷ്ടിക്കാനും ഉര്‍വിലിനായി. 40ന് താഴെ പന്തില്‍ രണ്ട് ടി20 സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് ഉര്‍വില്‍. ത്രിപുരക്കെതിരേ 156 റണ്‍സ് പിന്തുടര്ന്നിറങ്ങവെയായിരുന്നു താരത്തിന്റെ വെടിക്കെട്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള താരം റണ്‍സ് പിന്തുടരുമ്പോഴാണ് കൂടുതല്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കുന്നത്.
അതേസമയം, ഐ പി എല്ലില്‍ തന്നെ തിരഞ്ഞെടുക്കാത്തതില്‍ വിഷമമില്ലെന്നും ഇപ്പോഴത്തെ പ്രകടനത്തില്‍ താന്‍ ഹാപ്പിയാണെന്നും ഉര്‍വില്‍ വ്യക്തമാക്കി.