നവവരന്റെ മുന്നില്‍ യുവതിക്ക് ദാരുണാന്ത്യം; നിക്കാഹ് കഴിഞ്ഞത് ഞായറാഴ്ച
അപകടം സ്‌കൂട്ടറില്‍ ക്രെയിനിടിച്ച്

സ്‌കൂട്ടറില്‍ ക്രെയിനിടിച്ച് നവവരന്റെ കണ്‍മുന്നില്‍വെച്ച് ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.
പെരിന്തല്‍മണ്ണ പാണമ്പി സ്വദേശി പുളിക്കല്‍ നജീബിന്റെയും ഫജീലയുടെയും മകള്‍ നേഹയാണ് (21) മരിച്ചത്. നേഹയെ നിക്കാഹ് കഴിച്ച മലപ്പുറം പൂക്കോട്ടൂരിലെ പാറഞ്ചേരി വീട്ടില്‍ അഷര്‍ ഫൈസലിന്റെ മുന്നില്‍വെച്ചായിരുന്നു നേഹയുടെ അപകടം.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പെരിന്തല്‍മണ്ണ കോഴിക്കോട് റോഡില്‍ ജൂബിലി റോഡ് ജങ്ഷനിലാണ് അപകടമുണ്ടായത്.
അപകടം നടന്ന ഭാഗത്ത് ഡിവൈഡറുള്ളതിനാല്‍ വേഗംകുറച്ച് തിരിക്കാനിരിക്കെയാണ് പിന്നില്‍ അമിതവേഗത്തിലെത്തിയ ക്രെയിന്‍ സ്‌കൂട്ടറിലിടിച്ചത്. റോഡില്‍ തെറിച്ചുവീണ നേഹ ക്രെയിനിന്റെ അടിയില്‍പെടുകയായിരുന്നു. അഷര്‍ ഫൈസല്‍ മറുഭാഗത്തേക്കും വീണു. ഗുരുതര പരിക്കേറ്റ നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും മിനിറ്റുകള്‍ക്കകം മരിക്കുകയായിരുന്നു.
അല്‍ഷിഫ നഴ്‌സിങ് കോളജില്‍ മൂന്നാം വര്‍ഷ ബി.എസ് സി നഴ്സിങ് വിദ്യാര്‍ഥിനിയായ നേഹയെ, അഷര്‍ ഫൈസല്‍ കോളജിലെത്തി കൂട്ടിക്കൊണ്ടുപോയി സല്‍ക്കാരം കഴിഞ്ഞ് കോളജില്‍തന്നെ കൊണ്ടുവിടാനെത്തിയപ്പോഴാണ് അപകടം.
അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.