ഗൾഫിൽ നിന്നെത്തി ഭാര്യയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവം; പ്രതിയുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ചു
കണ്ണൂർ പയ്യന്നൂരിലെ ലോഡ്ജിൽ യുവതിയെ നഗ്നയായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. അഴീക്കൽ സ്വദേശിക്ക് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി ശരിവെച്ചത്. അതേസമയം ഗാർഹിക പീഡനക്കുറ്റം കോടതി ഒഴിവാക്കി. പ്രതിയുടെ അമ്മയെ വെറുതെ വിടുകയും ചെയ്തു.
2010 ജനുവരി 22നാണ് യുവതിയെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന യുവാവിനെയും കുഞ്ഞിനെയും കാണാതായിരുന്നു. കൊലപാതക സൂചനകളുണ്ടെങ്കിലും ആത്മഹത്യയെന്ന വാദം തള്ളാനാകില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യയിൽ ഒരു വനിതയും നഗ്നയായി ആത്മഹത്യ ചെയ്യില്ലെന്ന പോലീസ് സർജന്റെ റിപ്പോർട്ടാണ് കോടതി ഗൗരവത്തിലെടുത്തത്
തന്റെ 33 വർഷത്തെ സർവീസ് പരിചയത്തിന്റെ അടിസ്ഥാനത്തിൽ ഇതുവരെ ഒരു സ്ത്രീയും നഗ്നമായ രീതിയിൽ ജീവനൊടുക്കിയിട്ടില്ലെന്ന് പോലീസ് സർജൻ കോടതിയിൽ വ്യക്തമാക്കി. ഇതോടെയാണ് കേസ് കൊലപാതകമെന്ന രീതിയിലേക്ക് മാറിയത്. ഗൾഫിൽ ജോലി ചെയ്തിരുന്ന പ്രതിക്ക് ഭാര്യയെ സംശമുണ്ടായിരുന്നു. കൃത്യം നടത്തുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രതി നാട്ടിലെത്തുകയും ചെയ്തു
രഹസ്യമായാണ് ഗൾഫിൽ നിന്നെത്തിയത്. തുടർന്ന് പയ്യന്നൂരിലെ ലോഡ്ജിൽ മുറിയെടുത്ത ശേഷം ഭാര്യയെ ഇങ്ങോട്ടേക്ക് എത്തിച്ചു. മദ്യം നൽകി മയക്കിയ ശേഷം ഭാര്യയെ കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു. ഇതിന് ശേഷം ഗൾഫിലേക്ക് കടന്ന പ്രതിയെ തിരിച്ചെത്തിച്ചാണ് അറസ്റ്റ് ചെയ്ത്.