ശിശിരം: ഭാഗം 115

രചന: മിത്ര വിന്ദ
ഒരാഴ്ച്ചയ്ക്ക് ശേഷം, ഒരു വൈകുന്നേരം..
നകുലൻ, അമ്മുവിന് കുടിക്കുവാനായി ഒരു ചായ ഉണ്ടാക്കുകയായിരുന്നു.
മൂന്നു മണിയായപ്പോൾ അവൾ ഇത്തിരി ചായയും രണ്ട് ബിസ്കറ്റും ഒക്കെ കഴിച്ചതാണ്. കുറച്ചു കഴിഞ്ഞപ്പോൾ കിടന്നുറങ്ങി, എഴുന്നേറ്റ് ശേഷം എന്തോ ക്ഷീണം ഉണ്ടെന്നു പറഞ്ഞു, അവനോട് കുറച്ച് ചായ ഉണ്ടാക്കുവാൻ അവൾ ആവശ്യപ്പെടുകയായിരുന്നു.
അന്ന് ഒരു ശനിയാഴ്ച ആയതിനാൽ നകുലന് ജോലിത്തിരക്കുകൾ ഒന്നുംതന്നെ ഇല്ലായിരുന്നു..
ഇടയ്ക്ക് ഒരു മണിക്കൂർ എന്തോ പെന്റിംഗ് വർക്ക് കമ്പ്ലീറ്റ് ചെയ്യണമായിരുന്നു. അത് വേഗം തീർത്ത ശേഷം അവൻ പതിയെ ഫുഡ് ഒക്കെ ഉണ്ടാക്കുകയായിരുന്നു.
അമ്മുവും അവനോടൊപ്പം സഹായത്തിനുണ്ട്. എന്നാലും അവൾ വലിയ വയറും താങ്ങിപ്പിടിച്ച് ഓരോന്നൊക്കെ എടുക്കുന്നത് കാണുമ്പോൾ അവനനു സങ്കടമാണ്..
അടുക്കളയിൽ ഒരു കസേരയിൽ അവളെ ഇരുത്തിയശേഷം, എന്തെങ്കിലുമൊക്കെ വിശേഷങ്ങൾ പറഞ്ഞ്കൊണ്ട് അവൻ അങ്ങനെ ജോലികൾ ചെയ്യും..
വിവാഹത്തിനുമുമ്പും നകുലൻ ഇങ്ങനെ ഒറ്റയ്ക്ക് താമസിക്കുന്നതിനാൽ അത്യാവശ്യം കുക്കിംഗ് ഒക്കെ അവന് വശം ഉണ്ടായിരുന്നു.
ഇതിപ്പോ മിക്കവാറും ദിവസങ്ങളിൽ അമ്മുവിന് വറ്റൽ മുളകും ഉള്ളിയും,വാളൻപുളിയും കല്ലുപ്പും ഒക്കെക്കൂട്ടിയുള്ള ചമ്മന്തിയാണ് ഇഷ്ട്ടം..ചോറിന്റെ കൂടെ
അത് മാത്രമാണ് അവൾ ഇപ്പോൾ കൂടുതലും കഴിക്കുന്നത്.
ഒരുപാട് കഴിച്ചാൽ ചീത്തയാണെന്ന് പറഞ്ഞ് നകുലൻ അവളെ വഴക്ക് പറയുമെങ്കിലും ഒരു രക്ഷയുമില്ല, ഇത് കൂട്ടി കഴിക്കുമ്പോൾ നാവിൽ അല്പം രുചി ഉണ്ടെന്നും,മറ്റുള്ള കറികളൊക്കെ കാണുമ്പോൾ വൊമീറ്റ് ചെയ്യാൻ തോന്നും എന്നും പറഞ്ഞ് അമ്മു അത് കഴിക്കും.
അങ്ങനെ അന്നും, അവൾക്ക്വേണ്ടി ഉള്ളി മുളക് ചതച്ചു വെച്ചിട്ടുണ്ട് നകുലൻ. അപ്പോഴാണ് അമ്മുവിന് ചെറിയ ക്ഷീണം പോലെ തോന്നിയത്.
ഹോസ്പിറ്റലിൽ പോകാമെന്ന് പറഞ്ഞപ്പോൾ, വേറെ പ്രശ്നം ഒന്നുമില്ല, ഒരു ചൂട് ചായ കുടിക്കുമ്പോൾ എല്ലാം മാറും എന്ന് അവൾ പറയുകയായിരുന്നു.
പക്ഷേ ചായ കുടിച്ചു കഴിഞ്ഞപ്പോഴേക്കും അവൾക്ക് വയറ്റിൽ കൊളുത്തി പിടിക്കും പോലെ വേദന അനുഭവപ്പെടാൻ തുടങ്ങി.
ആദ്യമൊന്നും അവൾ അത് അത്ര കാര്യമാക്കിയില്ല.
ഇടയ്ക്കിടയ്ക്ക് യൂറിൻ പാസ് ചെയ്യണമെന്ന് പറഞ്ഞ് ടോയ്‌ലറ്റിലേക്ക് ഓടിയപ്പോൾ നകുലിന് എന്തൊക്കെയോ പേടി പോലെ തോന്നി.
ചുളിഞ്ഞ നെറ്റിയോട് കൂടി അവൾ ഇറങ്ങി വന്നപ്പോൾ, നകുലൻ ബാഗോക്കെയെടുത്ത് വെളിയിലേക്ക് വെച്ച് കഴിഞ്ഞിരുന്നു
അമ്മു ഇനി ഇങ്ങനെ ഇരുന്നാൽ പറ്റില്ല നമുക്ക് ഹോസ്പിറ്റലിൽ പോകാം..
അല്പംകൂടി നോക്കിയിട്ട് പോരെ നകുലേട്ടാ..
പറ്റില്ല… നാളെ സൺഡേയാണ്, ഡോക്ടർസ് ഒന്നും കാണില്ല.ഇന്നിപ്പോ നമുക്ക് പോയിട്ട്, വിശേഷം ഒന്നുമില്ലെങ്കിൽ രാത്രിയിൽ ഇങ്ങട് തിരിച്ചു പോരാന്നേ..
ഹോസ്പിറ്റലിലേക്ക് പോകാനുള്ള പേടി കാരണം അമ്മു വീണ്ടും അവനെ നിരുത്സാഹപ്പെടുത്തുവാൻ ശ്രമിച്ചു.
പക്ഷെ
നകുലൻ സമ്മതിച്ചില്ല..
അവൾക്ക് മാറി ധരിക്കുവാനായി ഒരു ലൂസ് ടോപ്പും, പലാസോ പാന്റ് എടുത്തുകൊണ്ട് അവൻ ഇറങ്ങിവന്നു.
ഡ്രസ്സ് മാറിയ്ക്കെ അമ്മു, ഇങ്ങനെയിരുന്നാൽ പറ്റില്ല കേട്ടോ.,,, അവൻ വീണ്ടും പറഞ്ഞു.
എനിക്കെന്തോ പേടിയാവുന്ന നകുലേട്ടാ,,,, ടൈം ആയതു ആണോ ആവോ..
ആയെങ്കിൽ എന്താ…. നമുക്ക് കുഞ്ഞുവാവയെ പെട്ടെന്ന് കാണത്തില്ലേടാ…
അവൻ അവളുടെ ഇട്ടിരുന്ന ടോപ്പ് ഊരി മാറ്റുവാൻ സഹായിച്ചു കൊണ്ട് പറഞ്ഞു.
ഈശ്വരാ ഒരുപാട് വേദനയെടുക്കുമോ ആവോ… ആകെക്കൂടി എനിക്ക് എന്തോ വല്ലായ്മ പോലെ.
പേടിക്കേണ്ടന്നേ…എല്ലാം പെട്ടെന്ന് കഴിഞ്ഞോളും.. നീ വാ പെണ്ണേ.
അവൻ അമ്മുവിനെ പിടിച്ചു എഴുന്നേൽപ്പിച്ചു.
എന്നിട്ട് നിലവിളക്ക് വയ്ക്കുന്ന ഭാഗത്തേക്ക് അവളുമായിട്ട് ചെന്നു.
കൃഷ്ണ വിഗ്രഹത്തിന്റെ മുൻപിൽ പ്രാർത്ഥിച്ചപ്പോൾ പാവം അമ്മു കരഞ്ഞു പോയിരുന്നു. അത് കണ്ടപ്പോൾ തന്റെ ചങ്ക് പൊട്ടും പോലെ തോന്നി. എന്നാലും അവളുടെ മുൻപിൽ പിടിച്ചുനിന്നേ പറ്റൂ .
അമ്മു… നീ ഇങ്ങനെ വിഷമിച്ചാൽ നമ്മുടെ കുഞ്ഞുവാവയ്ക്ക് സങ്കടാവും കേട്ടോ. നമ്മളെ രണ്ടാളെയും കാണുവാൻ വേണ്ടിയല്ലേ വാവയിങ്ങനെ ബഹളം കൂട്ടുന്നത്… ആളിന് വരട്ടെടി, എത്ര മാസമായിട്ട് നമ്മൾ കാത്തിരിക്കുന്നതാന്നേ
അമ്മുവിനെ ചേർത്തുപിടിച്ച് പറഞ്ഞപ്പോൾ അവൾ ഒരു വരണ്ട ചിരി ചിരിച്ചു.
അമ്മായിയോട് ഒന്ന് വിളിച്ചു പറയേണ്ടെ ഏട്ടാ.
ഹമ്.. ഹോസ്പിറ്റലിൽ ചെന്നിട്ട് ഡോക്ടർ എന്താണ് പറയുന്നത് എന്ന് നോക്കാം. എന്നിട്ട് അമ്മയെ വിളിക്കാം. എന്തായാലും അമ്മയ്ക്ക് വരവൊന്നും നടക്കില്ല,
എന്നാലും സാരമില്ല പറഞ്ഞേക്കാം ഏട്ടാ.. അമ്മായിയുടെ അവസ്ഥ നമുക്കറിയാല്ലോ.
ഹമ്… നീ വാ.. സമയം 6 മണി കഴിഞ്ഞു.
അങ്ങനെ പ്രാർത്ഥനയൊക്കെ കഴിഞ്ഞു താമസിയാതെ അമ്മുവും നകുലനും കൂടി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു…
വണ്ടിയിൽ കയറുന്ന നേരത്തൊക്കെയും അമ്മുവിന് തന്റെ കൊളുത്തിപിടിക്കൽ കൂടിക്കൂടി വരുന്ന പോലെ തോന്നിയിരുന്നു.
എന്താടാ… ഒട്ടും വയ്യേ
ഇടയ്ക്ക് അവൾ ഒന്ന് ശ്വാസം എടുത്തു വലിച്ചപ്പോൾ നകുലൻ അമ്മുനെ നോക്കി ചോദിച്ചു
ദേ ഇവിടെ ഞണ്ട് ഇറുക്കുന്നതുപോലെ തോന്നുവാ,
അവൾ തന്റെ അടിവയറ്റിലേക്ക് വിരൽ ചൂണ്ടി അവനോട് പറഞ്ഞു.
സാരമില്ല,, മാറിക്കോളുന്നേ.
കൺട്രാക്ഷൻ ആണെന്ന് തോന്നുന്നു അല്ലെ നാകുലേട്ടാ..,.
ആഹ്, നമ്മളിപ്പോൾ ഹോസ്പിറ്റലിൽ എത്തുല്ലോ, അവരെ നോക്കിയിട്ട് പറയും… നീ ടെൻഷൻ ആവണ്ട കേട്ടോ.
ഹമ്… ഇനി ഒരാഴ്ച കൂടി സമയമുണ്ടായിരുന്നല്ലെ ഏട്ടാ ..
കഴിഞ്ഞദിവസം ചെന്നപ്പോൾ, എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ ഉടനെ വരാൻ അല്ലേ ഡോക്ടർ പറഞ്ഞത്..
ഹമ്…അതേ…
ആഹ്.. അപ്പോ ഇനി കുഞ്ഞുവാവയുമായിട്ട് മടങ്ങാം അല്ലേ അമ്മുസേ ..
അവനത് ചോദിക്കുമ്പോൾ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. പക്ഷെ അതിൽ വിഷാദം നിഴലിച്ചു നിന്നിരുന്നു..ഒപ്പം വല്ലാത്ത ഭയവും
ശോ, ഈ അമ്മകുട്ടിയ്ക്ക് ഭയങ്കര പേടിയാണല്ലോ വാവേ.. പെട്ടന്ന് ഇങ്ങു വന്നോണം കേട്ടോ.. അച്ഛനിവിടെ കാത്തിരിപ്പുണ്ട്…
പറയുകയും ഇടം കൈ കൊണ്ട് അവളുടെ വയറിൽ മെല്ലെയൊന്നു അവൻ തലോടി..
അമ്മുവിന്റെ വയറു വല്ലാതെ മുറുകിയിരിയ്ക്കുകയായിരുന്നു അപ്പോളും…..തുടരും………