റഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് നാളെ വീണ്ടും പരിഗണിക്കും; പ്രതീക്ഷയോടെ കുടുംബം
സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി നാളെ വീണ്ടും പരിഗണിക്കും. നാളെ ഉച്ചയ്ക്ക് സൗദി സമയം 12.30നാണ് കേസ് പരിഗമിക്കുന്നത്. ജയിൽമോചന ഉത്തരവ് നാളെയോടെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് റഹീമും കുടുംബവും നിയമസഹായ സമിതിയും.
കഴിഞ്ഞ രണ്ട് തവണയും അബ്ദുറഹീമിന്റെ കേസ് റിയാദിലെ ക്രിമിനൽ കോടതി മാറ്റിവെച്ചിരുന്നു. റഹീമും അഭിഭാഷകനും കോടതിയിൽ നേരിട്ട് ഹാജരാകുമെന്നാണ് കരുതുന്നത്. ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയെങ്കിലും ജയിൽ മോചനം സാങ്കേതിക കാരണങ്ങളാൽ വൈകുകയാണ്. പബ്ലിക് ഒഫൻസുമായി ബന്ധപ്പെട്ട കേസ് തീർപ്പാകാത്തതാണ് ഇതിന് കാരണമെന്നാണ് സൂചന
2006 അവസാനമാണ് സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ഫറോക്ക് സ്വദേശി അബ്ദുറഹീം ജയിലിൽ ആകുന്നത്. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് 15 മില്യൺ റിയാൽ നഷ്ടപരിഹാരം നൽകിയതോടെ മാപ്പ് ലഭിക്കുകയും വധശിക്ഷ കോടതി റദ്ദാക്കുകയുമായിരുന്നു.