Gulf
ഹോസ്പിറ്റാലിറ്റി മേഖലയില്‍ സഊദി 22 ശതമാനം ഫീസ് ഇളവ് നല്‍കും
റിയാദ്: വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹോസ്പിറ്റാലിറ്റി മേഖലയില്‍ സര്‍ക്കാര്‍ ഫീസുകളില്‍ 22 ശതമാനം ഇളവ് നല്‍കുമെന്ന് സഊദി. വിനോദസഞ്ചാര മന്ത്രി അഹമ്മദ് അല്‍ ഖാത്തിബാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അല്‍ ഖാസിം മേഖലയില്‍ ടൂറിസം ഇന്‍വെസ്റ്റ്മെന്റ് എനേബ്ളേഴ്സ് പ്രൊഗ്രാമില് നിക്ഷേപകരുമായും സംരംഭകരുമായും സംസാരിക്കവേയാണ് മന്ത്രി സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര മേഖലകളില്‍ ഒന്നാണ് അല്‍ ഖാസിം മേഖല. ചരിത്രപരമായും പൈതൃകപരമായും പ്രകൃതി വൈവിധ്യങ്ങളാലും വിനോദസഞ്ചാര ഭൂപടത്തില്‍ ഇടംനേടിയ പ്രദേശമാണിവിടം. ടൂറിസം രംഗത്ത് സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം വര്‍ധിപ്പിച്ച് മുന്നേറാനുള്ള സഊദി സര്‍ക്കാരിന്റെ താല്പര്യമാണ് ഫീസ് കുറക്കുന്നതില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.