Novel

പൗർണമി തിങ്കൾ: ഭാഗം 45

രചന: മിത്ര വിന്ദ

പൗർണമിയാണെങ്കിൽ തനിക്ക് കോഫി വേണ്ടെന്ന് ഒരുപാട് പറഞ്ഞെങ്കിലും അലോഷി യുടെ മമ്മിയും പപ്പയും കൂടി അവളെ നിർബന്ധിച്ച് കോഫിഷോപ്പിലേക്ക്  കൊണ്ടുപോയി.

ആ ഒരു സമയമായതിനാൽ അവിടെ അധികം തിരക്കൊന്നുമില്ലായിരുന്നു. നാലുപേരും കൂടി  അവിടെ കിടന്നിരുന്ന ചേയറിൽ ഇരുന്നു.

സംസാരം മുഴുവൻ കാത്തുവിനെ കുറിച്ചാണ്. ഹെലൻ ആണെങ്കിൽ ഒരു 100 തവണയെങ്കിലും അനുജത്തിയുടെ വിവരം അറിയാനായി വിളിച്ചിരുന്നു. എത്ര പറഞ്ഞിട്ടും സമ്മതിക്കുന്നില്ലെന്നും ഈ ഞായറാഴ്ച ഹെലൻ  കാത്തുവിനെ കാണുവാനായി നാട്ടിലേക്ക് വരുന്നുണ്ടെന്നും ഒക്കെ അലോഷ്യയോട് പപ്പ പറഞ്ഞു.

അവളോട് തിടുക്കപ്പെട്ട് വരണ്ട എന്ന് പപ്പാ പറയു ,കാത്തൂനു ഇപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ..

ഞാനും ഇവളും ഒരുപാട് പറഞ്ഞു നോക്കിയതാ. അവൾ സമ്മതിക്കേണ്ടേ ഒരേ വാശിയിലാ… വന്നു കണ്ടിട്ട് അവൾക്ക് സമാധാനമാകുവൊള്ളൂ എന്നാണ് പറയുന്നത്.

എന്നാൽ പിന്നെ അവൾ വരുവാണെങ്കിൽ വരട്ടെ പപ്പാ, കുറച്ചായില്ലേ അവളെ നമ്മളും കണ്ടിട്ടൊക്കെ… ഞാനും  ഈ സൺഡേ വരാമെന്നാണ് കാത്തുവിനോട് പറഞ്ഞത്.

ഹമ്…. നിങ്ങടെയൊക്കെ ഇഷ്ടം പോലെ ചെയ്യ്, അല്ലാണ്ട് ഞാനിപ്പോ എന്തു പറയാനാ..

മോളെ പൗർണമി,,,
മോൾക്ക് ഉറക്കം വരുന്നുണ്ടോ. നമുക്ക് റൂമിലേക്ക് പോയി റസ്റ്റ് എടുക്കാ കെട്ടോ

കുഴപ്പമില്ല ആന്റി…

ആന്റിയല്ല.. ഞാൻ പറഞ്ഞു കേട്ടോ.
അലോഷ്യയുടെ മമ്മി പൗർണമിയെ നോക്കി കണ്ണുരുട്ടി കാണിച്ചു .

എടി കൊച്ചെ, നമ്മള് പാലാക്കാർക്ക് നേരെ വാ നേരെ പോ എന്നുള്ള സ്വഭാവമാണ്,അതുകൊണ്ട് വളച്ചു കെട്ടില്ലാതെ ഞാൻ പറയട്ടെ, എന്റെ കൊച്ചന് നിന്നെ ഒരുപാട് ബോധിച്ച മട്ടാണ്.  കാര്യം നമ്മളൊക്കെ രണ്ട് സഭയാണ്. ഞങ്ങളുടെ കുടുംബത്തിൽ ഇതുവരെയായിട്ടും ഒരു ഇന്റർ കാസ്റ്റ് മാരേജ് നടന്നിട്ട് പോലുമില്ല അതുകൊണ്ട് എതിർപ്പുകൾ ഏറെ വരും,,,, ഒക്കെ നല്ല വ്യക്തമായിട്ട് എനിക്കും ഇവൾക്കും പിന്നെ ഈ ഇരിക്കുന്ന ഞങ്ങള്ടെ മകനും അറിയാം. പക്ഷേ ഇന്നേവരെക്കും എന്റെ മക്കളുടെ ഒരാഗ്രഹത്തിനും ഞാൻ എതിർന്നിട്ടില്ല, അതങ്ങനെ ആയിപ്പോയി കൊച്ചെ… പിന്നെ എന്റെ മക്കൾക്കാർക്കും അങ്ങനെ ഒരു ദുരാഗ്രഹം ഒന്നുമില്ലായിരുന്നു കേട്ടോ.
ഇതിപ്പോ അലോഷിക്ക് മോളെ ഒരുപാട് ഇഷ്ടമായ സ്ഥിതിക്ക് മോളുടെ വീട്ടിൽ ചെന്നിട്ട് ഞാനും ഇവളും വിവാഹമലോചിക്കമെന്ന് കരുതിയാണ്. മോൾ ഇവനോട് ഇതേ വരെയായിട്ടും മറുപടിയൊന്നും പറഞ്ഞിട്ടില്ലന്നുള്ളതും പപ്പയ്ക്ക് അറിയാം..  കുറെനാൾ പ്രേമിച്ചു നടന്നു നാട്ടുകാരെ കൊണ്ടൊക്കെ വേണ്ടാതീനം പറയിപ്പിച്ചു ഒടുവിൽ വീട്ടുകാരുടെ എതിർപ്പൊക്കെ നേടി എങ്ങോട്ടെങ്കിലും ഒളിച്ചോടിപ്പോയി കല്യാണം കഴിക്കുന്ന രീതിയോടൊന്നും എനിക്ക് താല്പര്യമില്ല കൊച്ചേ..
അതുകൊണ്ട് മോൾക്ക് സമ്മതമാണെങ്കിൽ മോളുടെ വീട്ടുകാരോട് ഞങ്ങൾ പോയി ഈ വിവരം സംസാരിക്കാം,  എന്നിട്ട് വേണം എനിക്ക് എന്റെ കുടുംബക്കാരോടൊക്കെ പറയാനും, പള്ളിയും പട്ടക്കാരും ഒക്കെയുള്ള കുടുംബമാണ് ആരും പെട്ടെന്നൊന്നും അടുക്കത്തില്ല.  അത് 100% വ്യക്തമായ കാര്യമാണ് പക്ഷേ ഒന്നിച്ച് താമസിക്കേണ്ടത് നിങ്ങളാണ്.  നിങ്ങൾ പരസ്പര വിശ്വാസത്തോടും സ്നേഹത്തോടും ഒക്കെ വേണം കഴിയാന്… പണ്ടത്തെ കാലം പോലെ ഒന്നും അല്ല ഇന്നത്തെ തലമുറയിൽ ഇതൊക്കെ സർവ്വസാധാരണമാണ്.അതുകൊണ്ട് പൗർണമി ആലോചിച്ച് ഒരു മറുപടി അലോഷിയോട്  പറയണം. എന്നിട്ട് വേണം എനിക്ക് ബാക്കി കാര്യങ്ങളൊക്കെ നടത്താന്.

അയാൾ പറയുന്നത് കേട്ട്  പൗർണമി തരിച്ചിരിക്കുകയാണ് ഇത്രത്തോളം കാര്യങ്ങളൊക്കെ എത്തിയോ എന്നുള്ളത് അവൾക്കു പോലും അറിയില്ലായിരുന്നു.

പൗർണമി… മോള് നന്നായിട്ട് ആലോചിച്ചു പറഞ്ഞാൽ മതിന്നേ.. പപ്പാ പറയുന്ന കേട്ട് ടെൻഷനൊന്നും ആവണ്ട കേട്ടോ.. പിന്നെ മോൾടെ റിപ്ലൈ പോസിറ്റീവ് ആകുന്നതാണ് ഞങ്ങൾക്ക് സന്തോഷം….

മമ്മി അവളുടെ കൈത്തണ്ടയിൽ ഒന്ന് തലോടി.

ഈ കൊച്ചു വിചാരിക്കുന്നത്, മകന് പ്രണയിക്കാൻ വേണ്ടി ഒത്താശ പാടുന്ന അപ്പനും അമ്മേം ആണല്ലോ ഇതെന്നാണ് കേട്ടോടി..

ഹമ്…  ഈ അലോഷിയ്ക്ക് ഒരു പ്രണയമുണ്ടാകുമെന്ന് ഞാനും സ്വപ്നത്തിൽ പോലും കരുതിയതല്ല..പഠിച്ചോണ്ടിരുന്നപ്പോൾ സൺ‌ഡേ ക്ലാസ്സിൽ ഓരോ പിള്ളേര് ഇവനെ ഇഷ്ടമാണെന്ന് കാത്തുനോടും ഹെലനോടും പറഞ്ഞു വിടും.. അവളുമാർ അതിവന്റെ അടുത്തെത്തിയ്ക്കും, ഇവൻ കാപ്പിവടിയുമായിട്ട് ഇറങ്ങും പിന്നാലെ…

പിന്നെ കാത്തു പറഞ്ഞു പറഞ്ഞു മോളെ ഞങ്ങൾക്കെല്ലാവർക്കും നല്ലോണം അറിയാം..ഒരുപാട് ഇഷ്ട്ടമാണ്, എന്റെ മകന്റെ ഭാര്യയായി മോള് വരുന്നതിൽ ഞങ്ങൾക്കൊക്കെ സന്തോഷം മാത്രമുള്ളു..
പോളും ഭാര്യയും വാ തോരാതെ ഓരോന്ന് പറഞ്ഞുകൊണ്ടേയിരുന്നപ്പോൾ അലോഷി തന്റെ അരികിൽഇരുന്നവളെ ഒളികണ്ണാൽ നോക്കുന്നുണ്ട്.

റൂമിലേക്ക് പോകാം, ഇവൻ ഇത്തിരിനേരം കിടക്കട്ടെ.വണ്ടിയൊടിച്ചു അത്ര ദൂരം പോകേണ്ടതല്ലേ..

പോള് പറഞ്ഞപ്പോൾ എല്ലാവരും എഴുന്നേറ്റു….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!