ഫലസ്തീന്‍ ബാഗ് വിവാദത്തില്‍ വായടപ്പന്‍ മറുപടിയുമായി പ്രിയങ്ക; എനിക്ക് ഇഷ്ടമുള്ളത് ഞാനിടും
മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് രൂക്ഷമായ പ്രതികരണം
താങ്കള്‍ എന്തിനാണ് ഫലസ്തീനെ അനുകൂലിക്കുന്നത്.. ഈ ബാഗ് എന്തിനാണ് ഇടുന്നത്..ലോക്‌സഭയില്‍ നിന്ന് ഇറങ്ങി കാറിലേക്ക് കയറവേ പ്രിയങ്കാ ഗാന്ധിയുടെ അടുക്കലേക്ക് ഓടി വന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്റെ രീതി ഇങ്ങനെയായിരുന്നു. എന്നാല്‍, ഒട്ടും പതറാതെ രൂക്ഷമായ ഭാഷയില്‍ തന്നെ പ്രിയങ്കാ ഗാന്ധി ചോദ്യങ്ങളെ നേരിട്ടു.
തനിക്ക് ഇഷ്ടമുള്ളത് താന്‍ ധരിക്കും. ഏത് ധരിക്കണം ഏത് ധരിക്കേണ്ടയെന്ന് തീരുമാനിക്കുന്നത് അവനവനാണ്. മറിച്ചുള്ള നിലപാടുകള്‍ കേവലം കപട ദേശീയതയാണ്. പ്രിയങ്ക പറഞ്ഞു.
ലോക്‌സഭയില്‍ ഫല്‌സതീനെ അനുകൂലിക്കുന്ന ബാഗ് ധരിച്ചെത്തിയ പ്രിയങ്കക്കെതിരെ പരിഹാസ വര്‍ഷമാണ് ബി ജെ പി നടത്തിയത്. രാഹുല്‍ ഗാന്ധിയേക്കാളും വലിയ ദുരന്തമാണ് പ്രിയങ്കയെന്ന് ബി ജെ പി വക്താവ് അമിത് മാളവിയ പ്രതികരിച്ചു.
എന്നാല്‍, പ്രിയങ്കയെ അനുകൂലിച്ച് നിഷ്പക്ഷരും മതനിരപേക്ഷകരുമായ നിരവധി പേര്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലും പ്രിയങ്കയുടെ വാക്കുകളും ഫലസ്തീന്‍ ബാഗും വൈറലായിക്കൊണ്ടിരിക്കുകയാണ്.